സഫലമാകാത്ത സ്വപ്ങ്ങളെയോർത്തു ആകാശം നോക്കികിടക്കാൻ നല്ല രസാണ് അല്ലെങ്കിലും…

by pranayamazha.com
7 views

രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ

::::::::::::::::::::

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ അവഗണിച്ചുകൊണ്ടേയിരുന്നു. മനസുമുഴുവൻ അവളുടെ മുഖംമായിരുന്നു. ഒരുപക്ഷേ അതിലും അപ്പുറം അവളുടെ നിസ്സഹായാവസ്ഥയായിരുന്നു.

ഞാൻ എണീറ്റു റൂമിലെ ലൈറ്റ് ഇട്ടു. തുറന്നിട്ട് ജനവാതിലിലൂടെ തണുത്തകാറ്റ് അനുവാദം ചോദിക്കാതെ അകത്തേക്ക് കയറിവരുന്നുണ്ട്. പക്ഷേ ഉള്ളു അപ്പോഴും ചുട്ടു പൊള്ളുന്നു.

ഞാൻ ജനാലയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ജനൽ പടിയിലേക്കു കാലുകൾ കയറ്റിവെച്ചു നിലാവെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന വെള്ള മന്ദാരത്തിലേക്കു നോക്കി ഇരിക്കുമ്പോഴും മനസു നിറയെ അവളുടെ ഓർമകൾ ആയിരുന്നു.

ഒറ്റക്കുള്ള ജീവിതത്തിനു ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയപ്പോഴാണ് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തത്. ഇഷ്ട്ടപെട്ട മുഖങ്ങൾ തിരയുന്നതിനിടയിലാണ് സെറ്റ് സാരി ഉടുത്ത നിൽക്കുന്ന അവളുടെ ഫോട്ടോയിൽ കണ്ണുടക്കിയത്. അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുത്തപ്പോൾ അവർക്കും ഇഷ്ട്ടായി. വിളിച്ചു നോക്കിയപ്പോൾ വന്നു കാണാൻ പറഞ്ഞു.

പിന്നെ ഒന്നുടെ പറഞ്ഞു അവൾക്കു അച്ഛൻ ഇല്ല, ചെറുപ്പത്തിലേ വല്യച്ഛന്റെ വീട്ടിലാണ് നിൽക്കുന്നത്. അതൊന്നും കുഴപ്പമില്ലെങ്കിൽ വന്നോളൂ…സത്യത്തിൽ അതുംകൂടി കേട്ടപ്പോൾ നേരിട്ടു കാണുംമുൻപ് തന്നെ മനസുകൊണ്ട് ഇഷ്ട്ടം തോന്നിയിട്ട് തന്നെയാണ് പെണ്ണു കാണാൻ പോയത്.

അല്ലെങ്കിലും നമ്മള് കഷ്ട്ടപെട്ടു ജീവിക്കുന്നവർക്കേ കഷ്ടപെടുന്നവരുടെ വില അറിയൂ അല്ലേ…?

പ്രതീക്ഷിക്കപ്പുറമായിരുന്നു അവിടെ ചെന്നപ്പോൾ…പെണ്ണുകാണൽ അറേൻജ് ചെയ്തു തന്ന ആ മാട്രിമോണി പെൺകുട്ടിയെ അപ്പൊ മുന്നിൽ കിട്ടിയെങ്കിൽ ഞാൻ കൊന്നേനെ…

മിഡിൽ ക്ലാസ്സ്‌ ഫാമിലി എന്നൊക്കെ പറഞ്ഞിട്ട് അപ്പർ മിഡിൽ ക്ലാസ്സ്‌ സെറ്റപ്പ്…വലിയ വീട്…എന്തായാലും ചെന്നു പെട്ടതല്ലേ, ഇറങ്ങി പോരാൻ പറ്റില്ലാലോ…അങ്ങിനെ കണ്ടു.

ഫോട്ടോയിൽ കണ്ടതിനേക്കാൾ ഐശ്വര്യം. തിരിച്ചു വീട്ടിലേക്കുള്ള ഡ്രൈവിൽ എവിടൊക്കെയോ തോറ്റു പോയൊരു ഫീൽ. മനസ്സിലേക്ക് അവളെക്കാൾ കൂടുതൽ കയറി പറ്റിയ ഒരു മുഖം ഉണ്ടായിരുന്നു. ആ വലിയ വീട്ടിൽ നിസഹായാവസ്ഥയിൽ ചുവരിൽ ചാരി നിന്നിരുന്ന അവളുടെ അമ്മയുടെ മുഖം.

ആക്‌സിലേറ്ററിൽ കാലു അറിയാതെ അമർന്നു കൊണ്ടിരുന്നു. ടാ പതുക്കെ പോടാ എന്ന് അമ്മ തോളിൽ തട്ടി പറഞ്ഞപ്പോഴാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയത്. എന്താ പറയാ എന്നറിയില്ല…വീട്ടിൽ ചെന്നു.

അമ്മയെയും അച്ചനെയും ഇറക്കി ഞാൻ പുറത്തേക്കു ഇറങ്ങി. ഇറങ്ങാൻ നേരം അച്ഛൻ പറഞ്ഞു നീ അവരെ ഇനി വിളിക്കാൻ നിക്കണ്ട, വെറുതേ ഒരു വാക്കുകളയണ്ട…എന്നിട്ടും ഞാൻ വിളിച്ചു. വിളിക്കാതിരിക്കാൻ പറ്റിയില്ല…പക്ഷേ എന്തോ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു ഞാൻ ഫോൺ വെച്ചു.

മനസിലുള്ള വാക്കുകൾ പുറത്തേക്കു വന്നില്ല. ചിലതൊക്കെ മനസ്സിൽ തന്നെ എഴുതി സൂക്ഷിക്കാണ് നല്ലതു അല്ലേ…?

അല്ലെങ്കിലും സങ്കല്പങ്ങളിൽ നെയ്തെടുത്ത സ്വപ്ങ്ങൾക്കെല്ലാം സ്വർണ ശോഭയാണ്. യാഥാർഥ്യങ്ങളോട് മത്സരിക്കുമ്പോൾ അതിന്റെ നിറം മങ്ങുന്നതായി കാണാറുണ്ട്.

സഫലമാകാത്ത സ്വപ്ങ്ങളെയോർത്തു ആകാശം നോക്കികിടക്കാൻ നല്ല രസാണ് അല്ലെങ്കിലും…

കണ്ണന്റെ മുൻപിൽ താലി ചാർത്തി തുളസി മാലയിട്ടു അവളുടെ കരം ചേർത്തു പിടിച്ചപ്പോൾ മനസ്സിൽ മഴവില്ല് വിരിയുന്ന അനുഭൂതി ആയിരുന്നു.

അവളുടെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ പറയാതെ പറഞ്ഞിരുന്നു, ഒരിക്കലും ഇനി മകളെ ഓർത്തു ഈ അമ്മക്ക് സങ്കടപെടേണ്ടി വരില്ലാന്ന്…

കാലിൽ വീണു അനുഗ്രഹം വാങ്ങിക്കുമ്പോൾ മനസുകൊണ്ട് ഒന്നുടെ ഞാൻ ഉറപ്പിച്ചിരുന്നു. മരുമകനല്ല ഇനി അമ്മക്ക് മകൻ തന്നെയാണെന്ന്…ആവണം എന്ന്…

അമ്മേടെ കണ്ണിലെ മാഞ്ഞു പോയ തിളക്കം എനിക്കു സ്നേഹം കൊണ്ടു തിരിച്ചു കൊണ്ടുവരണം എന്ന്…

നാളെ നമുക്ക് ഗുരുവായൂർ പോവാം അമ്മേ എന്നും പറഞ്ഞു അമ്മേടെ കയ്യിൽ നിറമുള്ള ഒരു സാരി വെച്ചു കൊടുത്തു, നേരത്തെ വിളിക്കണട്ടോ അമ്മേ എന്നും പറഞ്ഞു മുറിയിലേക്കു നടക്കുമ്പോൾ…അമ്മേടെ നിറം മങ്ങിയ ഭൂതകാലം ഇനി മാറാൻ പോവാ എന്നുകൂടെ അർത്ഥമുണ്ടായിരുന്നു.

അവിടെ ഞങ്ങൾക്ക് വേണ്ടി കണ്ണടച്ചു പ്രാർത്ഥിക്കുന്ന അമ്മയെ കണ്ടു എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞിരുന്നു. തൊഴുതിറങ്ങി അമ്മേടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ എന്നോ നഷ്ട്ടപെട്ടുപോയ കണ്ണുകളിലെ തിളക്കം തിരിച്ചുവന്നത് പോലെ എനിക്കു തോന്നി.

അടുക്കളയിൽ പണിയെടുക്കുമ്പോൾ ഇന്നു ഞാൻ ഉണ്ടാക്കാം അമ്മ പറഞ്ഞു തന്നാൽ മതിയെന്ന് പറഞ്ഞു. എന്തൊക്കെയോ കാട്ടി കൂട്ടുമ്പോൾ ഈ കുട്ടിയെ കൊണ്ടു തോറ്റു എന്ന ഭാവത്തിൽ ഇരിക്കുന്ന അമ്മയെ കണ്ടു ഞാൻ മനസുകൊണ്ട് സന്തോഷിക്കുകയായിരുന്നു.

അമ്മേടെ കുടുംബക്ഷേത്രത്തിൽ കൂടെ പോവുമ്പോൾ പരിചയക്കാര് മരുമകനാണ് അല്ലേ എന്ന് ചോദിക്കുമ്പോൾ, അല്ല മകനാണ് എന്ന് കയ്യിലു പിടിച്ചു പറയുമ്പോൾ ഞാൻ ആ വാത്സല്യത്തിൽ അലിഞ്ഞില്ലാതാവുകയായിരുന്നു.

സാലറി കിട്ടുമ്പോൾ അവളെയും കൂട്ടി അമ്മക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി കേറി ചെല്ലുമ്പോൾ എന്തിനാ മോനെ ഇതൊക്കെ എന്ന് കണ്ണു നിറച്ചു ചോദിക്കുമ്പോൾ ആ കവിളത്തു പിടിച്ചു പറയണം…നിന്നു കണ്ണു നിറക്കാതെ ചോറെടുത്തു തന്നെ, വിശന്നിട്ടു വയ്യാന്നു…

അമ്മേടെ സാമ്പാറു സൂപ്പർ ആണെന്ന് പറഞ്ഞു പിന്നേം പിന്നേം വാങ്ങി കഴിക്കുമ്പോൾ, ഇവളൊന്നും തരണില്ല എന്ന് ചുമ്മാ അവളെ രണ്ടു കുറ്റവും പറഞ്ഞു…മൂക്ക്മുട്ടെ കഴിക്കണം.

കഴിച്ചു കഴിഞ്ഞു കൈ തുടക്കാൻ തരുന്ന തോർത്ത്‌ മാറ്റി വെച്ചു. അമ്മേടെ ആ കോട്ടൺ സാരിയിൽ കയ്യും മുഖവും തുടക്കണം. ഞങ്ങളു വരുമ്പോൾ മാത്രം അമ്മേടെ ഈ ചിരികണ്ടാൽ പോരാ എനിക്കു…ഇനി ഇവിടെ നിന്നു വീർപ്പുമുട്ടണ്ട ഞാൻ കൊണ്ടുപോവാ എന്റെ വീട്ടിലേക്കു…

ഇനി നമ്മളെല്ലാവരും അവിടെയാ നിക്കാൻ പോണേ അതാ നമ്മുടെ വീടെന്ന്…അമ്മ എതിർത്തൊന്നും പറയരുത് കൂടെ വന്നാൽ മാത്രം മതി. “അമ്മയെ പോലെ അല്ല എനിക്കു അമ്മ തന്നെയാണ് ” അവളു പോലും പ്രതീക്ഷിക്കാതെ പറഞ്ഞപ്പോൾ അതു കേട്ടു കണ്ണു നിറഞ്ഞു നിൽക്കുന്ന അവളുടെ മുഖത്ത് നോക്കി ഞാനൊരു കള്ളചിരി ചിരിച്ചു.

അത്രമേൽ ഹൃദയോത്തോട് ചേർത്തു നിർത്തണം എനിക്കു ആ പാവം അമ്മയെ…ഇനിയൊരിക്കലും കണ്ണു നിറയാതെ…

എന്നിലൂടെ അവളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞു കാണുമ്പോൾ…അവൾക്കു കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതു മാത്രം മതിയെനിക്ക്…സ്നേഹത്തിന്റെ വസന്തകാലം തീർക്കാൻ…

പറയാതെ കാത്തുവെച്ച വാക്കുകളാണ്…അക്ഷരങ്ങളിലൂടെ പുനർജനിക്കുന്നത്…

You may also like

Leave a Comment