💕ദൈവം വാഴുന്നിടം💕
Story written by Sarath Lourd Mount
അമ്മയുടെ നിർബന്ധപ്രകാരമാണ് വലിയ വിശ്വാസം ഒന്നുമില്ലെങ്കിലും അവൻ അന്ന് ആ അമ്പലത്തിലേക്ക് പോകാൻ തീരുമാനിച്ചത് , അവിടുത്തെ ദേവി വലിയ ശക്തി ഉള്ളത് ആണെന്നും നമ്മുടെ കഷ്ടപ്പാടുകളിൽ സഹായിക്കുമെന്നും ഒക്കെയുള്ള അമ്മയുടെ നിർത്താതെയുള്ള വാക്കുകൾക്ക് പോലും അവന്റെ ഉള്ളിൽ അടിഞ്ഞു കൂടിയ ദൈവങ്ങളോടുള്ള അകൽച്ചയെ മാറ്റാൻ കഴിഞ്ഞിരുന്നില്ല ,
എങ്കിലും അമ്മയുടെ വാക്കുകൾ തട്ടി കളയാൻ ദേവന് കഴിയുമായിരുന്നില്ല എന്നത് കൊണ്ട് മാത്രം കുളി കഴിഞ്ഞ് അലക്ഷ്യമായി കിടക്കുന്ന മുടിയും അവിടെ അവിടെയായി ഉടവ് വീണ ഷർട്ടും ധരിച്ച് പുറത്തേക്ക് നടക്കുമ്പോൾ നിനക്കൊന്ന് വൃത്തിയിൽ പൊക്കൂടെ മോനെ എന്നുള്ള അമ്മയുടെ പിൻവിളി അവൻ മനപ്പൂർവം കേട്ടില്ലെന്ന് നടിച്ചു.
ക്ഷേത്രത്തോടു ചേർന്നുള്ള ആൽത്തറയ്ക്ക് അരികിൽ തന്റെ വണ്ടി ഒതുക്കി മുന്നോട്ട് നടന്നപ്പോൾ തന്നെ അമ്പലത്തിൽ നിന്നുള്ള കീർത്തനങ്ങൾ മുഴങ്ങിക്കേട്ടു, അമ്പലത്തിലേക്ക് പോകുന്നവരും തൊഴുത് തിരികെ വരുന്നവരുമായ നിരവധി ആളുകൾക്ക് ഇടയിലൂടെ ദേവനും ആ സന്നിധി ലക്ഷ്യമാക്കി നടന്നു.
ഏകദേശം ക്ഷേത്ര നടയോട് അടുത്ത് എത്തിയപ്പോളാണ് ആ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങിയത്.
അശ്രീകരം….. ഈ ക്ഷേത്രം ആശുദ്ധമാക്കിയില്ലേ നീ…. വസ്ത്രധാരണത്തിൽ പൂജാരി എന്ന് തോന്നിപ്പിക്കുന്ന മനുഷ്യൻ ആരോടോ അലറുകയാണ്… ഒരു നിമിഷം ദേവന്റെ കണ്ണുകൾ അങ്ങോട്ട് നീങ്ങി. ആ മനുഷ്യന്റെ മുന്നിൽ നിറകണ്ണുകളോടെ അവിടെ അവിടെ കീറിയ വസ്ത്രങ്ങൾ ധരിച്ച ഒരു കുഞ്ഞ്, ഏകദേശം പത്തുവയസ്സിനോട് അടുത്ത് പ്രായം ഉണ്ടാകണം..അവന്റെ കൈകൾ അവിടെ നൈവേദ്യമോ മറ്റോ വിളമ്പുന്നതിന് നേർക്ക് നീണ്ടിരിക്കുകയാണ്, പൂജാരിയുടെ വാക്കുകൾക്ക് മുന്നിൽ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോളും പ്രതീക്ഷയോടെ അവന്റെ കുഞ്ഞിക്കണ്ണുകൾ മുന്നിലെ പാത്രത്തിലേക്ക് തന്നെ നീണ്ടിരിക്കുകയാണ്, ആ മുഖം കണ്ടപ്പോൾ തന്നെ അവന്റെ ഉള്ളിൽ അലയടിക്കുന്ന വികാരം വിശപ്പ് ഒന്നു മാത്രമാണെന്ന് ദേവന് മനസ്സിലായി.
അവൻ അവിടേക്ക് നടന്നെത്തുന്നതിന് മുൻപ് തന്നെ പൂജാരി ആ കുഞ്ഞിനെ പുറകിലേക്ക് തuള്ളിയിരുന്നു,.നിലത്ത് വീണ് കൈ മുട്ടുകൾ പൊiട്ടിയ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭക്തർ എന്ന ഒരു വിഭാഗം ദൈവത്തെ കാണാൻ തിരക്ക് കൂട്ടുന്നത് കണ്ടപ്പോൾ ദേവന് പുച്ഛം തോന്നി.
തന്റെ ഇടപെടൽ കൊണ്ട് ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടോ എന്തോ നിശബ്ദമായി ആ കുഞ്ഞിനരികിലേക്ക് നടന്ന ദേവൻ അവനെ നിലത്ത് നിന്ന് പിടിച്ചുയർത്തി,
അപ്പോളും ആ കുഞ്ഞിക്കണ്ണുകൾ ആ ഭക്ഷണത്തിലേക്ക് നീളുന്നത് കണ്ടപ്പോൾ ദേവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം നിറഞ്ഞു. ആ കുരുന്നിൽ അവൻ അവനെ തന്നെ കാണുകയായിരുന്നു ആ നിമിഷം, ആ കുരുന്നിനെ ചേർത്ത് പിടിച്ച് ക്ഷേത്ര പരിസരത്ത് നിന്ന് അവൻ പുറത്തേക്ക് നടന്നു.
കുറച്ചുമാറിയുള്ള തട്ടുകടയിൽ നിന്ന് അവന്റെ വിശപ്പിനുള്ള ആഹാരം വാങ്ങി നൽകുമ്പോൾ അത് കഴിക്കാതെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ആ കുരുന്നിനെ അവൻ കൗതുകത്തോടെ നോക്കി.
എനിക്കല്ല, എന്റെ അനിയത്തിക്ക് വേണ്ടിയാ ഞാൻ!!….വാക്കുകൾ മുഴുവിക്കാൻ കഴിയാതെ വിതുമ്പിയ ആ കുരുന്നിന്റെ കൈവിരലുകൾ നീണ്ടിടത്തേക്ക് ദേവന്റെ കണ്ണുകൾ നീണ്ടു.
കുറച്ചുമാറി ആ ക്ഷേത്രമുറ്റത്തേക്ക് നീണ്ട കണ്ണുകളുമായി ഒരു പെൺകുഞ്ഞ്….
നിങ്ങടെ അച്ഛനും അമ്മയും???
ഞങ്ങൾക്ക് ആരുമില്ല..
ഭാവ വ്യത്യാസമില്ലാതെ ആ കുഞ്ഞ് പറഞ്ഞ വാക്കുകൾക് ദേവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
ആ കടയിൽ നിന്ന് തന്നെ ഒരു പൊതി കൂടി വാങ്ങി ആ പെൺകുട്ടിക്കടുത്തേക്ക് നടന്ന ദേവൻ തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആ വണ്ടിയുടെ പുറകിൽ കെട്ടുപോയ നാളെയുടെ പ്രതീക്ഷകൾ മിന്നുന്ന നാല് കണ്ണുകൾ കൂടി ഉണ്ടായിരുന്നു.
ഇതേ സമയം അഭിഷേകങ്ങളോ ആർച്ചനകളോ സ്വീകരിക്കാതെ ഒരു ദേവീ രൂപവും ആ ക്ഷേത്രത്തിന്റെ മുറ്റം താണ്ടി ആരെയോ നോക്കി എന്ന പോലെ നീങ്ങിക്കൊണ്ടിരുന്നു…….
( എന്റെ അക്ഷരങ്ങൾ ഒരു മതത്തെയും അവഹേളിക്കാൻ അല്ല …സ്നേഹമെന്നത് ഉള്ളിൽ ഇല്ലാതെ ദൈവം എന്ന പേരു ചൊല്ലി ഓടുന്ന ഓരോ മനുഷ്യനും എതിരെ മാത്രമാണ് എന്റെ ഈ കഥ, അത് ഹിന്ദു ആയാലും ,ക്രിസ്ത്യാനി ആയാലും,മുസ്‌ലിം ആയാലും ,ഇനി മതമേതായാലും……)