കൈലാസ ഗോപുരം – ഭാഗം 44, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
48 views

തന്റെ സങ്കടം തീരില്ലെന്ന് അറിയാം, എങ്കിലും ചായാനൊരിടവും, ചേർത്തു പിടിക്കാൻ രണ്ട് കൈകളും അവൾക്ക് അപ്പോൾ ആവശ്യമായിരുന്നു..

അത് അവനും മനസിലായിരുന്നു.

എന്റെ അച്ഛനും അമ്മയും ഈ അവിവേകം കാട്ടിയത് കൊണ്ട് അല്ലെ, ഇന്ന് എനിക്ക് എല്ലാവരുടെയും മുന്നിൽ തല കുനിക്കേണ്ടി വന്നത്..എന്നെ ഒന്ന് ഓർക്കുകപോലും ചെയ്തില്ലലോ കാശിയേട്ടാ അവര്.. രണ്ടാളും കൂടി എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്തു കളഞ്ഞത്,,എനിക്ക് ആരും ഇല്ലാതെ ആയി പോയില്ലേഎന്റെ സങ്കടം ഒന്ന് പങ്ക് വെയ്ക്കാനോ ഒരു ആശ്വാസവാക്കു പറയാനോ ഒന്നും എനിക്ക് ആരും ഇല്ലാ….. എല്ലാവരുടെയും കുത്തു വാക്കുകൾ മാത്രം കേൾക്കാൻ ആണ് എന്റെ വിധി….

അവൾ അവന്റെ നെഞ്ചിലേക്ക് കിടന്നു വിങ്ങി കരഞ്ഞു.

ഞാൻ പറഞ്ഞത് അല്ലേ പോയ്കോളാമെന്നു….എവിടെയ്ക്ക് എങ്കിലും പോയി എന്തെങ്കിലും ഒരു ജോലി ചെയ്തു ഞാൻ ജീവിച്ചോളാമായിരുന്നു… കാശിയേട്ടനും കൂടി എനിക്ക് വേണ്ടി എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കുക അല്ലേ…….

പിന്നെയും എന്തൊക്കെയോ പതം പെറുക്കി കൊണ്ട് അവൾ വീണ്ടും വീണ്ടും കരഞ്ഞു.

അതിനൊക്കെ ഉള്ള സാന്ത്വനം എന്ന വണ്ണം കാശി അവളുടെ തോളിൽ മെല്ലെ താളം പിടിച്ചു..
എന്നിട്ട് അവളുടെ നെറുകയിൽ ഒരു നനുത്ത ചുംബനം നൽകി..

എന്നിട്ട് അല്പം കൂടി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് റൂമിലേക്ക് കയറി പോയി.
അവളെ കൊണ്ട് പോയി ബെഡിൽ ഇരുത്തിയ ശേഷം അവനും ഒപ്പം ഇരുന്നു.

തോളോട് തോൾ ചേർത്തു ഇരുത്തിയ ശേഷം, അവളുടെ പൂവിതൾ പോലുള്ള വിരലുകളിലേക്ക് അവൻ തന്റെ വിരൽ കോർത്തു പിടിച്ചതും പാറു ഒന്ന് വിറച്ചു.

എന്റെ പാറുട്ടൻ ഇത്രമാത്രം വിഷമിക്കാനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ….. അമ്മയും ഏടത്തി യും ഒക്കെ പറയുന്നത് കേട്ട് കൊണ്ട് കരയാൻ നിന്നാലേ പിന്നെ അതിനല്ലേ നേരം ഒള്ളു….

എന്റെ പാറുട്ടൻ….

അവന്റെ വിളിയൊച്ച കേട്ടതും അവൾ തരളിതയായി..

അച്ഛനും അമ്മയും ഒക്കെ പോയതിൽ നിനക്ക് ഒരുപാട് വിഷമം ഉണ്ടന്ന് എനിക്ക് അറിയാടാ,പക്ഷെ പോയവർ ഒരിക്കലും തിരിച്ചു വരാത്ത അത്രയും അകലത്തിൽ ആയ സ്ഥിതിക്ക് ഇനി അതോർത്തുകൊണ്ട് എത്ര നാള് നീ കണ്ണീർ വാർക്കും പെണ്ണേ….

കഴിഞ്ഞത് ഒക്കെ കഴിഞ്ഞു… ഇനി മുന്നോട്ട് ഉള്ള ജീവിതം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന് ചിന്തിക്കുക…. അല്ലാതെ പോയവരെ കുറിച്ച് ദുഖിക്കാൻ പോയാൽ അതിനല്ലേ പാറുട്ടാ നേരം…

അവളുടെ വിരലുകളിൽ തന്റെ വിരലുകൾ കോർത്തും അഴിച്ചും അവൻ അങ്ങനെ ഇരുന്നു കൊണ്ട് അവളോട് പറയുകയാണ്…

ഇവിടെ നിനക്ക് അധികം പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാടാ,,,, അതുകൊണ്ട് ആണ് എത്രയും പെട്ടന്ന് മാറിയേക്കാം എന്ന് ഞാനും കരുതിയെ,, ഫ്ലാറ്റ് ഒക്കെ നിനക്ക് ഇഷ്ടം ആവും പാറുവേ,,പിന്നെ എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ് വിത്ത്‌ ഫാമിലി ആയിട്ട് അവിടെ ആണ് താമസം… അതുകൊണ്ട് നമ്മൾക്ക് എൻജോയ് ചെയ്ത് അങ്ങ് കൂടാം…

പിന്നെ ഓഫീസ് ഒക്കെ നിനക്ക് പെരുത്തു ഇഷ്ടം ആയില്ലേ…പിന്നേ നിനക്ക് നേരം പോക്കിനയി നല്ല ചുള്ളൻ ചെക്കൻമാരും ഒരുപാട് ഉണ്ടല്ലോ അവിടെ…

എന്ന് പറഞ്ഞു കൊണ്ട് അവൻ മുഖം തിരിച്ചു അവളെ നോക്കി.

പക്ഷെ അവൾ അപ്പോളും അവന്റെ തോളിലേക്ക് തല ചേർത്തു ഇരിക്കുകയാണ്.

പാറുട്ടാ…..

ഹ്മ്മ്….

നിനക്ക് മുന്നിൽ വലിയൊരു ലോകം ആണ് കാത്തിരിക്കുന്നത്… നമ്മൾക്ക് രണ്ടാൾക്കും കൂടി ചേർന്നുകൊണ്ട് നമ്മുടെ ബിസിനസ് ഒക്കെ മെച്ചപ്പെടുത്തണം. എന്നിട്ട് നിന്നേ ആക്ഷേപിച്ചവരുടെ മുന്നിൽ,കുത്തു വാക്കുകൾ പറഞ്ഞവരുടെ മുന്നിൽ പാർവതി മിടുക്കിയാണന്നു പറയിപ്പിക്കണം  നീയ്..നിന്റെ ഒപ്പം ഞാനുണ്ടെടാ…പിന്നെന്താ കുഴപ്പം….

അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ആ മുഖം കൈകുമ്പിളിൽ എടുക്കുമ്പോൾ കാശിയുടെ പുതിയൊരു ഭാവം നോക്കി കാണുകയായിരുന്നു പാറു…

ഇങ്ങനെ ഒക്കെ സംസാരിക്കാനറിയാമോ ഏട്ടന്… അല്ലെങ്കിൽ എപ്പോളും ദേഷ്യവും, ശാസനയും, വഴക്ക് പറച്ചിലും മാത്രം..അത്ഭുതം തോന്നുന്നു… ഈ ഒരു കരുതൽ, സ്നേഹം, പരിഗണന,ഇതൊക്കെ അല്ലേ തനിക്ക് വേണ്ടത്….. അപ്പൊ ഈയാൾക്ക് എന്നെ ശരിക്കും ഇഷ്ടം ഉണ്ടല്ലേ..

“മ്മ്… എന്താണ് ഇങ്ങനെ നോക്കുന്നെ,താൻ എന്നെ ആദ്യമായിട്ടാ കാണുന്നെ “

തന്റെ മുഖത്തേക്ക് കണ്ണ് നട്ടു ഇരീക്കുന്നവളെ കണ്ടതും കാശി ചോദിച്ചു പോയി.

മ്മ്ച്ചും… അവൻ ചോദിച്ചതും പാറു അല്ലെന്ന് ചുമൽ ചലിപ്പിച്ചു.

“എന്നാൽ കിടന്നാലോ നമ്മുക്ക്, നേരം ഒരുപാട് ആയി,. നാളെ ഓഫീസിൽ പോയിട്ട് വേണം പുതിയ വീട്ടിലേക്ക് പോകാൻ.. നീ കണ്ടിട്ടില്ലാലോ നമ്മുടെ വീട്.. ഇനി ഉള്ള കാലം നമ്മൾ രണ്ടാളും അവിടെ ആണ് ഉള്ളത് കേട്ടോ പാറു “

പെട്ടന്ന് അവൻ, അവളെ നീയെന്നും താനെന്നും ഒക്കെ വിളിച്ചപ്പോൾ പാറുനു ഇത്തിരി സങ്കടം ഒക്കെ വന്നു…

കാശിയുടെ അടുത്തായി കിടന്നു കൊണ്ട് അവൾ അവനെ ഒന്ന് പാളി നോക്കി..

പെട്ടന്ന് അവൻ മുഖം ചെരിച്ചതും പാറു അല്പം വല്ലാതെ ആകുന്നത് ആ മുറിയിലെ അരണ്ട വെളിച്ചതിലും അവൻ കണ്ടു….

കാശി തന്റെ വലത് കരം നീട്ടി അവളുടെ പിൻ കഴുത്തിലൂടെ ചേർത്തതും പെണ്ണൊരു പൂച്ച കുട്ടിയേ പോലെ അവന്റെ അടുത്തേയ്ക്ക് പതുങ്ങി കിടന്നു.. ചെറുപ്പത്തിലേ അച്ഛൻ പെങ്ങളുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു കുറിഞ്ഞിപൂച്ച ഉണ്ടായിരുന്നു…ഊണും കഴിഞ്ഞു ഉച്ച മയക്കത്തിനായി കിടക്കുമ്പോൾ ആ കുറിഞ്ഞിയും ഇതുപോലെ ചുരുണ്ടുകൂടുന്നത് അവൻ ഓർത്തു.

എങ്കിലും തന്റെ ദേഹമൊന്നും അവ്നിൽ സ്പർശിക്കാതെ സൂക്ഷിച്ചു ഒക്കെ ആണ് കക്ഷി യുടെ കിടപ്പ്. അത് കണ്ടതും കാശിക്ക് ഉള്ളാലെ ചിരി പൊട്ടി..

ശോ.. ഒന്നൂടെ അങ്ങനെ ഒന്ന് വിളിയ്ക്കുവായിരുന്നു എങ്കിൽ…. പാറു പിന്നെയും പിന്നെയും അതാണ് ചിന്തിച്ചത്..

എന്ത് രസമാ ആ വിളി കേൾക്കുവാൻ…..

ഇതിനു മുന്നേ അച്ഛനും അമ്മയും ഒക്കെ വിളിക്കുന്നത് പാറുക്കുട്ടി എന്നായിരുന്നു..

ഇതിപ്പോ  ..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്നതും, പാറുട്ടാ….. ഉറങ്ങെടാ….എന്ന് പറഞ്ഞു കൊണ്ട് കാശി അവളെ അല്പം കൂടി പൊതിഞ്ഞു പിടിച്ചിരുന്നു.

*********************

രാവിലെ ആദ്യം ഉണർന്നത് പാറു ആയിരുന്നു..

തന്റെ ദേഹത്തു എന്തോ ഭാരം പോലെ തോന്നിയതും അവൾ ഞെട്ടി.

മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു തന്റെ അണി വയറിൽ മുഖം പൂഴ്ത്തി ഉറങ്ങുന്നവനെ..

ഇട്ടിരിക്കുന്ന ടോപിന്റെ സ്ലിട്ട് അല്പം മാറിയാണ് കിടക്കുന്നത്, അതുകൊണ്ട് അവൻ മുഖം ചേർത്ത ഭാഗം നഗ്നമാണന്നു അവൾക്ക് മനസിലായി.

ഒന്ന് പിടഞ്ഞു കൊണ്ട് അവൾ അവനെ തള്ളി നീക്കാൻ നോക്കിയതും കാശി പതിയെ ഉറക്കം തെളിഞ്ഞു.

എന്നിട്ട് ഒന്നും അറിയായത് പോലെ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു കണ്ണുകൾ പൂട്ടി..

ന്റെ കണ്ണാ.. ഇതെപ്പോ സംഭവിച്ചു…. താൻ ആണെങ്കിൽ അറിഞ്ഞു പോലും ഇല്ലാലോ..
താടിയ്ക്ക് കൈ ഊന്നി ഇരുന്നു കൊണ്ട് അവൾ കാശിയെ ആലോചനയോടെ നോക്കി..

കിളി പോയ അവസ്ഥയിൽ കിടക്കയിൽ നിന്നും എഴുന്നേറ്റു വാഷ് റൂമിലേക്ക് പോകുന്ന പാറുവിനെ കണ്ടതും, കാശി ചിരി അടക്കി പിടിച്ചു കിടന്നു…

ഇടയ്ക്ക് ഉറക്കം തെളിഞ്ഞപ്പോൾ ആണ് കാശി കണ്ടത് തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്നവളെ.. താൻ ഒന്നു ചെരിഞ്ഞതും പെണ്ണ് ആണെങ്കിൽ നേരെ കിടന്നു.അടക്കി പിടിച്ചു കൊണ്ട് വീണ്ടും കിടക്കുവാനായി തുനിഞ്ഞപ്പോൾ ആണ് കണ്ടത് അവളുടെ നഗ്നമായ അണിവയറു.. മുഴുവനായും കാണത്തില്ലയിരുന്നു, ടോപിന്റെ സ്ലിറ്റ് ഒരു വശത്തേക്ക് ആയി പോയിരിന്നത് കൊണ്ട് ആണ് അങ്ങനെ കണ്ടത്.. അപ്പോഴേക്കും തനിക്ക് ഒരു ആഗ്രഹം പോലെ, അവളുടെ വയറിൽ മുഖം ചേർത്തു കിടക്കാൻ..പിന്നെ ഒന്നും നോക്കിയില്ല… എഴുനേറ്റ് ആ ടോപിന്റെ ഭാഗം മാറ്റി… നനുത്ത രോമരാജികൾക്ക് താഴെ കാണുന്ന പൊക്കിൾ ചുഴിയിൽ ഒരു ഉമ്മ വെയ്ക്കാൻ തോന്നി കുനിഞ്ഞതും പെണ്ണൊന്നു ഞെരുങ്ങിയതും ഒരുമിച്ചു ആയിരുന്നു. പിന്നെ ആണെങ്കിൽ ഒന്നും അറിയാത്തത് പോലെ അങ്ങട് കിടക്കുകയാണ് ചെയ്തത്.

ഹ്മ്മ്… ഒരു കാര്യം ഉറപ്പായി കാശിക്കുട്ടാ…. നീ നല്ലോണം കഷ്ടപ്പെടേണ്ടി വരും..കാരണം .നിന്റെ കുറിഞ്ഞി പൂച്ചയ്ക്ക് ഉറക്കത്തിലും  നല്ല പോലെ ബോധം ഉണ്ട് കേട്ടോ…അതുകൊണ്ട് നീ കട്ട് പാല് കുടിക്കാമെന്നൊന്നും ഓർക്കേണ്ട….

അന്തരാത്മവിലെ അലയടി കേട്ടതും അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് പുതിയ ഭാവം ആയിരുന്നു…

അതുവരെയും കാണാത്ത ഭാവം…

അത് അവൾക്ക് വേണ്ടി ഉള്ളത് ആയിരുന്നു…

തന്റെ പാറുട്ടന് വേണ്ടി മാത്രം.

തുടരും.

പെട്ടന്ന് തീർന്ന് എന്ന് പറയല്ലേ… അടുത്തത് ഇടുമ്പോൾ ബല്യ പാർട്ട്‌ ആയിട്ട് തരാം… പക്ഷെ റിവ്യൂ തരണേ… സ്നേഹത്തോടെ സ്വന്തം മിത്ര ❤️❤️❤️

You may also like

Leave a Comment