എന്തിനാണ് ഇനിയും ഈ അവഗണന സഹിച്ചു അവിടെ കടിച്ചു തൂങ്ങി കിടക്കുന്നത്…. നിനക്ക് എന്നോടൊപ്പം വന്നു കൂടെ നീലു… അവസാനം ആയി കണ്ടപ്പോൾ അനി ചോദിച്ചതാണ്…..

Story written by Meenu M

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നീലിമയ്ക്കു ഉറക്കം വന്നതേ ഇല്ല.

ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ സുഖമായി കൂർക്കം വലിച്ചു ഉറങ്ങുന്ന പ്രകാശിനെ നോക്കിയപ്പോൾ എന്നത്തേയും പോലെ ഉള്ളിൽ നിസംഗത നിറഞ്ഞു…

പതുക്കെ എണീറ്റ് വാതിൽ തുറന്നു. ബാൽകണിയിലെ ചാരുപടിയിൽ തൂണും ചാരി കാലു നീട്ടി വച്ചു ഇരുന്നു…

നല്ല നിലാവ് ഉണ്ട്…നിലാവിൽ തിളങ്ങുന്ന നന്ത്യാർ വട്ടപൂക്കൾക്ക് വല്ലാത്ത സൗന്ദര്യം തോന്നി…

ഇന്ന് ടൗണിൽ പോയി തിരിച്ചു വരുന്ന വഴി അനിയെ കണ്ടു…..

അതാണ്‌ ഈ ഉറക്കം ഇല്ലായ്‌മയ്ക്കു കാരണം…

വഴിയരികിൽ നിർത്തിയിട്ട കാറിൽ ചാരി ഫോണിൽ സംസാരിക്കുക ആയിരുന്നു… തന്നെയും കണ്ടു കാണും… ഒരു വേള സംസാരിക്കാൻ പോലും മറന്ന് കണ്ണുകൾ വിടർത്തി നിൽപ്പുണ്ടായിരുന്നു….

ഒന്നും അവസാനിച്ചിട്ടില്ലെന്നും താനിപ്പോളും അനിയെ സ്നേഹിക്കുന്നു എന്നും ആ മുഖം കണ്ടപ്പോൾ ഉയർന്ന നെഞ്ചിടിപ്പ് നീലിമയെ ഓർമിപ്പിച്ചു…

അനിയുടെ കണ്ണിലെ പിടച്ചിൽ വ്യക്തമായും കണ്ടതാണ്….

വണ്ടി നിർത്താൻ അല്ല ആ നേരം മനസ് പറഞ്ഞത്… ആരോടൊക്കെയോ ഉള്ള ദേഷ്യത്തിൽ കാലുകൾ ആക്‌സിലേറ്ററിൽ അമർന്നു…

ഇപ്പോൾ തോന്നുന്നു.. നിർത്താമായിരുന്നു..

എന്തെങ്കിലും സംസാരിക്കാമായിരുന്നു…

സമയം എത്ര ആയി കാണും? എണീറ്റ് പോരുമ്പോൾ നോക്കിയില്ല…

എന്തോ ഓർമ്മയിൽ റൂമിൽ പോയി ഫോൺ എടുത്തു കൊണ്ട് വന്നു..12.14 ആയിട്ടുണ്ട്…

വാട്സ്ആപ്പ് തുറന്നപ്പോൾ മുൻപത്തെ പോലെ അതേ ഭഗവാൻ കൃഷ്ണന്റെ ഫോട്ടോ തന്നെ ആണ് അനിയുടെ ഡിപി… ഇതു വരേ മാറ്റിയിട്ടില്ല.

അനിയെ താൻ ബ്ലോക്ക്‌ ചെയ്തതായിരുന്നു…

പക്ഷെ അതിനു ശേഷം എപ്പോഴോ ബ്ലോക്ക്‌ മാറ്റി ഇട്ടിരുന്നു…

പക്ഷെ അപ്പോഴും ഒരു ജാള്യത തോന്നി ഉള്ളിൽ..

അതു കൊണ്ട് തന്നെ പ്രൊഫൈൽ പിക്ചർ നോ ബോഡി ആക്കി കൊടുത്തു.. ബ്ലോക്ക്‌ മാറ്റിയത് അനി അറിയണ്ട… അതേ സമയം അവിടെ നിന്നും ഒരു മെസ്സേജ് നീലിമ ആഗ്രഹിക്കുകയും ചെയ്തിരുന്നു…

എപ്പോഴെങ്കിലും അനി എന്നെ ഓർക്കുന്നുണ്ടെങ്കിൽ രണ്ട് വാക്ക് കുറിക്കാതിരിക്കില്ല…

പിന്നീട് എന്നും ഉറക്കം എഴുന്നേൽക്കുമ്പോൾ ആകാംക്ഷയോടെ നെറ്റ് ഓൺ ചെയ്യും… നീലു… എന്നൊരു മെസ്സേജ് പ്രതീക്ഷിച്ചിരുന്നു… ഇല്ല.. പിന്നീട് മെസ്സേജ് വന്നതേ ഇല്ല….

ഒരു നെടുവീർപ്പോട് കൂടി അനീ… എന്ന് ടൈപ്പ് ചെയ്തു… പല തവണ ഡിലീറ്റ് ചെയ്തു.. സെന്റ് ബട്ടൺ അമർത്തിയതേ ഇല്ല…

ഒന്ന് വിളിച്ചു നോക്കിയാലോ? ആ ശബ്ദം ഒന്ന് കേൾക്കാൻ കൊതി തോന്നുന്നു.

നീലിമയ്ക്കു ഉള്ളിൽ വല്ലാത്ത പരവേശം തോന്നി…ഒരു പ്രണയിനിയുടെ അങ്കലാപ്പ് പോലെ…

വേണ്ട… വിളിക്കേണ്ട…

അനി ഒരുപക്ഷെ എല്ലാം മറന്നു കാണും. സമാധാനപരമായ ഒരു ജീവിതം ആയിരിക്കും ഇപ്പോൾ

മറക്കാൻ പറ്റാത്തത് എനിക്കു മാത്രം അല്ലേ?….

മറന്നു എന്ന് ഭാവിക്കാനെ കഴിയു…

അല്ലെങ്കിലും ഏത് സ്ത്രീയ്ക്കാണ് അവളെ സ്നേഹിച്ച… അവളെ സന്തോഷിപ്പിച്ച…. അവൾക്ക് സംതൃപ്തി നൽകിയ ഒരു പുരുഷനെ മറക്കാൻ സാധിക്കുന്നത്?

നിറഞ്ഞ കണ്ണുകൾ തുടക്കാൻ ശ്രമിക്കാതെ സ്റ്റീൽ റെയിലിൽ മുഖം ചേർത്തു വച്ചു….

അനിയെ എത്രയോ വർഷങ്ങൾ ആയി അറിയാം.

സ്കൂൾ കാലം മുതലേ… ഒരേ നാട്ടിൽ.. ഒരേ സ്കൂളിൽ പഠിച്ചവർ… പക്ഷെ… അന്നൊക്കെ ഒരു സഹപാഠിയ്ക്കു അപ്പുറം അനി ആരും അല്ലായിരുന്നു…

അനിയെ തന്റെ ജീവിതത്തിലേക്ക് ചേർത്ത് വച്ചത് പ്രകാശ് തന്നെ ആയിരുന്നിരിക്കണം…

പ്രകാശിനോടുള്ള വെറുപ്പ് ആയിരുന്നിരിക്കണം അനിയെ സ്നേഹിക്കാൻ പ്രേരിപ്പിച്ചത്…..

പ്രകാശിനെ കുറിച്ച് ഓർത്തപ്പോൾ നീലിമയ്ക്കു വല്ലാത്ത വെറുപ്പ് തോന്നി…

ഒരു സ്ത്രീ എപ്പോളും അവളെ സ്നേഹിച്ച പുരുഷനെ മാത്രമല്ല ഓർത്തു വയ്ക്കുക..

അവളെ വേദനിപ്പിച്ച…. വെറുപ്പിച്ച പുരുഷനെ കൂടെ ഓർത്തു വയ്ക്കും…. ഉള്ളിൽ നിറയുന്ന പകയോട് കൂടി….

സ്നേഹവും വെറുപ്പും ഒരു തുലാസിൽ എന്ന പോലെ ആണ്…

സ്നേഹം കൂടുമ്പോളും വെറുപ്പ് കൂടുമ്പോളും താണിരിക്കുന്നത് സ്നേഹത്തിന്റെ തട്ട് തന്നെ…

കാരണം ഒരാളോട് വെറുപ്പ് കൂടുമ്പോൾ അതിലും ഇരട്ടിയായി സ്നേഹം ഇപ്പുറത്ത് ഉള്ള ആളോട് തോന്നി പോകുന്നു….

പി ജി കഴിഞ്ഞതിനു പിന്നാലെ ആയിരുന്നു വിവാഹം. പ്രകാശ്.. കാണാൻ സുമുഖൻ.. സുന്ദരൻ..

ബിസിനസ്‌ ആയിരുന്നു.. പ്രകാശിന്…..യൂസ്ഡ് കാർസ് ന്റെ ബിസിനസ്‌.

നല്ല സാമ്പത്തികം ഉള്ളത് കൊണ്ട് തന്നെ ഇങ്ങനെ ഒരു വിവാഹം തന്റെ ഭാഗ്യം ആയിട്ടാണ് വീട്ടുകാർ കണ്ടത്..

തുടക്കത്തിൽ നീലിമയും അങ്ങനെ ആണ് കരുതിയത്. എന്നാൽ പോകെ പോകെ അറിഞ്ഞു… പ്രകാശ് കഴുത്തിൽ അണിയിച്ചത് പവിത്രമായ ഒരു താലി ചരട് ആയിരുന്നില്ല…. നീലിമയെ ശ്വാiസം മുട്ടിച്ചു കൊiല്ലാൻ കെൽപ്പുള്ള കുരുക്ക് ആയിരുന്നു.

ഓരോ ബിസിനസ് നടന്നു കഴിയുമ്പോളും പാർട്ടി നടത്തി മiദ്യപിച്ചു എത്തുന്ന ഭർത്താവ്…കിടപ്പറയിൽ അനുഭവിക്കേണ്ടി വന്ന പീiഡനം…..വല്ലാത്ത വൈകൃതം തന്നെ…….

ഒരു മനുഷ്യജീവി ആണെന്ന പരിഗണന പോലും തന്നിട്ടില്ല.

എപ്പോളും ദേഷ്യം.. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം….

ആ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്നത് പോലെ ഒരു അമർഷം ആണ് എപ്പോഴും മുഖത്ത്…

എന്തു കൊണ്ടാണ് അയാൾക്ക് അങ്ങനെ ഒരു ഭാവം എന്ന് എത്ര ആലോചിച്ചിട്ടും നീലിമയ്ക്ക് മനസ്സിൽ ആയതേ ഇല്ല..

പ്രകാശിന്റെ സ്നേഹം അങ്ങനെ ആണ് ത്രെ…. പണ്ട് മുതലേ കൂടുതൽ ഇഷ്ടം ഉള്ളോരോട് മാത്രേ അവൻ ഇങ്ങനെ ദേഷ്യോം കാണിക്കുള്ളു… നൂറു കൂട്ടം കാര്യങ്ങൾ തലേൽ കൊണ്ട് നടക്കുന്നതാ.. കഷ്ടപ്പെട്ടിട്ട് തന്ന്യാ എന്റെ ചെക്കൻ ഈ കാണുന്ന ഒക്കെ ഉണ്ടാക്കിത്…. നിനക്കും മക്കൾക്കും ഒരു കുറവും ഇല്ലാതെ നോക്കുന്നില്ലേ?അതോണ്ട് നീ അത് വല്യ കാര്യാക്കണ്ട…ഒരിക്കൽ പ്രകാശിന്റെ അമ്മ നിസാരമായി പറഞ്ഞതാണ്…

സ്നേഹം ഇല്ലാത്തിടത്ത് ബാക്കി എന്തിനാണ് വില?സ്നേഹം ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ മറ്റെന്തിനും മൂല്യം ഉണ്ടാവുക ഉള്ളു…പ്രകാശ് ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല….

മുഖം താഴ്ത്തി അത്രയും പറഞ്ഞപ്പോൾ തന്നെ അമ്മയുടെ മുഖം ഇരുണ്ടു..

അവൻ നിന്നെ സ്നേഹിക്കാഞ്ഞിട്ടാണോടീ നീ രണ്ട് മക്കളെ പെറ്റിട്ടത്.. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്….

അമ്മയുടെ ഒച്ച പല്ലിനു ഇടയിൽ അമർന്നു പോയി…

നീലിമയ്ക്ക് അത്ഭുതം തോന്നി….കുഞ്ഞുങ്ങൾ ഉണ്ടാവാൻ സ്നേഹം വേണം എന്ന് ആരാണ് പറഞ്ഞു വച്ചിട്ടുള്ളത്? സ്നേഹ ശൂന്യതയിലും ജീവൻ പിറവി കൊള്ളാറുണ്ട്..

പ്രകാശിന്റെ അമ്മയെ മുഖം ഉയർത്തി നോക്കാൻ പോലും അന്ന് ധൈര്യം വന്നില്ല. പറഞ്ഞത് അത്രയും മനസ്സിൽ ആണ്…

ആരോടും പറഞ്ഞില്ല…

വിവാഹം കഴിപ്പിച്ചു അയച്ച പെൺകുട്ടികൾ പരാതി പറയാൻ പാടില്ല ത്രെ… മറ്റൊരു വീട് ആണ്. സ്വന്തം വീട്ടിലെ പോലെ ആയെന്ന് വരില്ല.. ഇനി അതാണ്‌ നിന്റെ വീട്.. അതിനോട് യോജിച്ചു പോകണം….

ഓരോ തവണ എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ ഒക്കെ നീലിമയുടെ അമ്മയും മുൻ‌കൂർ ജാമ്യം പോലെ പറഞ്ഞു വയ്ക്കും…

പിന്നെ പിന്നെ നീലിമയും ഒന്നും പറയാൻ ശ്രമിച്ചില്ല..

ഈ വേദനയിലും ഒരു ലiഹരി ഉണ്ട്…. പ്രിയപ്പെട്ടവരെ പിന്നീട് കാണുമ്പോൾ.. അവരോട് ചിരി അഭിനയിക്കുമ്പോൾ… സന്തോഷം ഇല്ലാതെ പൊട്ടിച്ചിരിക്കുമ്പോൾ… ഒക്കെയും ഈ ലiഹരി അവൾ അനുഭവിച്ചു പോന്നു….

പ്രകാശിന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തോടെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അകൽച്ച പ്രകടം ആയി….

ആവശ്യങ്ങൾക്ക് മാത്രം പരസ്പരം സംസാരിക്കുന്നു.. ആവശ്യത്തിന് മാത്രം തന്നെ സമീപിക്കുന്നു…..ആവശ്യത്തിന് മാത്രം….

ഓർത്തപ്പോൾ നീലിമയുടെ ചുണ്ടിൽ അറിയാതെ പുച്ഛം കലർന്ന ഒരു ചിരി മിന്നി മാഞ്ഞു….

മൂത്ത മകൻ പ്രണവ് ചെന്നൈയിലാണ് പഠിക്കുന്നത്. താഴെ മോൾ ആണ്.പ്രിയദർശിനി.പ്ലസ് വണിനു പഠിക്കുന്നു..

അവളെ മാത്രം പ്രകാശ് സ്നേഹിച്ചിരുന്നു….അല്ലെങ്കിൽ അവളോട് മാത്രം ആണ് അയാൾ വാത്സല്യം പ്രകടിപ്പിച്ചിരുന്നത്…

അയാൾ അവളോട് സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഇടയ്ക്ക് നീലിമ നോക്കി നിൽക്കും….

മ്മ്?

പുരികം ഉയർത്തി പുച്ഛത്തിൽ പ്രകാശ് ചോദിക്കുമ്പോൾ ഒക്കെ നീലിമ അയാളെ നോക്കി പകയോടെ ഒന്ന് ചിരിക്കും…

ഒന്നുമില്ല.കൗതുകം കൊണ്ട് നോക്കി നിന്നു പോയതാണ്…അല്ലെങ്കിലും പെൺകുട്ടികൾ വീട്ടിൽ വളരെ അധികം സ്നേഹിക്കപ്പെടേണ്ടവർ തന്നെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….ചെന്ന് കയറുന്ന വീട്ടിൽ അവൾക്ക് അത് കിട്ടണം എന്ന് നിർബന്ധം ഇല്ലല്ലോ.. കിട്ടുന്നവർ ഭാഗ്യം ചെയ്തവരാണ്….

കുറച്ചു നേരം അവളെ നോക്കി ഇരുന്നതിന് ശേഷം ആണ് അയാൾക്ക് അതിലേ മുള്ളു തിരിച്ചു അറിയാൻ കഴിഞ്ഞത്….

നീലിമാ…. താക്കീതിന്റെ സ്വരം ഉയർന്നു കേട്ടപ്പോളും അവൾക്ക് ഭയം ഒന്നും തോന്നിയില്ല..

ഒരാളെ എത്ര തവണ ഭയപ്പെടുത്താൻ സാധിക്കും…

ഒരാൾക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടം ആകുന്നത്തോടെ അയാളിലെ എന്തിനോട് ഉള്ള ഭയവും ഇല്ലാതാകുന്നു..

ഞാനും ഒരു അച്ഛന്റെ മകൾ ആയിരുന്നു.. എന്റെ അച്ഛന്റെ പ്രിയപ്പെട്ട നീലു….

മൂർച്ചയുള്ള സ്വരത്തിൽ പറഞ്ഞു കൊണ്ട് നീലിമ പിൻവാങ്ങുമ്പോൾ എന്തിനെന്നു അറിയാതെ പ്രിയ രണ്ട് പേരെയും പകച്ചു നോക്കുന്നുണ്ടായിരുന്നു..

ബാക്കി ഉള്ളവരോടെല്ലാം പെരുമാറുമ്പോൾ ഒരു ആജ്ഞാ മനോഭാവം ആണ് പ്രകാശിൽ മുന്നിട്ട് നിൽക്കുന്നത്… അയാളുടെ ചൊല്പടിയ്ക്ക് നിർത്തിയ അടിമകളോട് പെരുമാറുന്നത് പോലെ….

പ്രകാശിന് ഒരിക്കലും നീലിമയെ മനസിലാക്കാൻ സാധിച്ചിരുന്നില്ല.. അയാളുടെ വഴിയേ ചെല്ലാൻ അവളും താല്പര്യപ്പെട്ടില്ല. അതുകൊണ്ട് തന്നെ ആ ജീവിതം വിരസതയിൽ ഒടുങ്ങി പോയിരുന്നു…..

അങ്ങനെ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് അനിയുമായി നീലിമ കൂടുതൽ അടുക്കുന്നത്….

നീലിമ ആഗ്രഹിച്ച സ്നേഹം അനി അവൾക്ക് പകർന്നു നൽകി…മനസിലെ മുറിവുകൾക്ക് അവൻ മരുന്നായി..

നീലു… എന്ന് സ്നേഹത്തോടെ അനി വിളിക്കുമ്പോൾ ഒക്കെ നീലിമയ്ക്ക് തന്റെ അച്ഛനെ ഓർമ്മ വന്നു…

പ്രകാശിന് അയാളുടെ അമ്മായിയുടെ മകൾ സുഗന്ധിയുമായി റിലേഷൻ ഉണ്ട്…. അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു തരത്തിലും അയാൾ നീലിമയെ ബുദ്ധിമുട്ടിക്കാറില്ല.ഒരു കൂരയ്ക്ക് കീഴിൽ അധികം പരിചയം ഇല്ലാത്ത രണ്ട് വ്യക്തികളെ പോലെ നീലിമയും പ്രകാശും ജീവിക്കുന്നു…

കുട്ടികളെ പിരിയാൻ രണ്ടു പേർക്കും വയ്യാ…

എന്തിനാണ് ഇനിയും ഈ അവഗണന സഹിച്ചു അവിടെ കടിച്ചു തൂങ്ങി കിടക്കുന്നത്…. നിനക്ക് എന്നോടൊപ്പം വന്നു കൂടെ നീലു… അവസാനം ആയി കണ്ടപ്പോൾ അനി ചോദിച്ചതാണ്.

എനിക്ക് രണ്ട് മക്കൾ ഉണ്ട് അനീ……ഞാൻ ഹൃദയം കൊടുത്തു സ്നേഹിക്കുന്ന എന്റെ പൊന്നു മക്കൾ…

അവരെ കൂടെ ചേർത്താണ് നിന്നേ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്…

നീ അവർക്ക് ആരാണ് അനീ… ആരും അല്ല. നമ്മൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ കണക്ക് അവർക്ക് അറിയാൻ പ്രായം ആയിട്ടില്ല… അവരുടെ അച്ഛനും ഞാനും തമ്മിലുള്ള സ്നേഹശൂന്യതയുടെ കണക്കും അവർക്ക് അറിയില്ല.. എന്നാൽ ഒന്നും അറിയാത്ത പ്രായവും അല്ല… ലോകം മുഴുവൻ വിളിച്ചു പറയുന്നത് പോലെ അവരുടെ കണ്ണിലും ഈ ബന്ധത്തിന് ഒരു പേരേ കാണൂ.അവിഹിതം.

അങ്ങനെ ആണോ നീലു നമ്മുടെ ബന്ധം?

ഒരിക്കലും അല്ല… ഈ ബന്ധത്തിന് നിർവചനം ഇല്ല അനീ… വിവാഹം കഴിഞ്ഞ രണ്ട് പേർക്കിടയിൽ മറ്റൊരു ബന്ധം ഉടലെടുക്കുമ്പോൾ ഒക്കെ സമൂഹം ചാർത്തി കൊടുക്കുന്ന പേരാണ് അത്… പക്ഷെ സ്നേഹം ഇല്ലാത്ത ജീവിതത്തിൽ മറ്റൊരാൾ വച്ചു നീട്ടുന്ന സ്നേഹം സ്വീകരിച്ചാൽ അതു… അത് ഈ പറഞ്ഞ പേരിൽ ആകുമോ അനീ…

നീലു…. ഇതൊക്കെ തത്വത്തിൽ പറയാമെന്നേ ഉള്ളു.. ഇതേ അവസ്ഥയിൽ കടന്നു പോകുന്ന ചിലർക്ക് മാത്രം മനസ്സിലാകുമായിരിക്കും.. പക്ഷെ… സമൂഹം ഒരിക്കലും അംഗീകരിക്കുകയില്ല… എനിക്ക് മനസ്സിൽ ആകുന്നില്ല എന്തുകൊണ്ടാണ് നിങ്ങൾ പരസ്പരം കുട്ടികളുടെ പേര് പറഞ്ഞു ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നത് എന്ന്….നിങ്ങൾ യഥാർത്ഥത്തിൽ അവരെ സ്നേഹിക്കുകയല്ല ചെയ്യുന്നത്… ഉണ്ടായിരുന്നു എങ്കിൽ എന്നേ നിങ്ങൾ ഒരുമിച്ച്…..

ബാക്കി പറയാതെ അനി നിശബ്ദത പാലിച്ചു…

അനീ… നീലിമയുടെ ശബ്ദത്തിൽ നിസ്സഹായത കലർന്നിരുന്നു…

പ്രകാശ് തന്നെ നിന്നോട് ആവശ്യപ്പെട്ടിട്ടില്ലേ ഒരു ഡിവോഴ്സ്… അയാളും സുഗന്ധിയും തമ്മിൽ സ്നേഹമാണ്… അയാൾ അവളെ ജീവിതത്തിലേക്ക് കൂട്ടാൻ ആഗ്രഹിക്കുന്നു എന്ന് നിന്നോട് തുറന്നു സംസാരിച്ചതല്ലേ? നീയല്ലേ പിന്നെയും പിന്നെയും വിട്ട് പോരാൻ കൂട്ടാക്കാതെ കടിച്ചു തൂങ്ങി കിടക്കുന്നത്?

സുഗന്ധി പ്രകാശിന്റെ മുറപ്പെണ്ണ് ആണ്… അവിവാഹിതയും ആണ്…അയാൾ അവളോട് കൂടി ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു… പക്ഷെ അയാൾ അവളുമായി സ്നേഹത്തിൽ ആണെന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല അനീ…കാരണം അയാൾക്ക് ആരെയെങ്കിലും സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്നേഹം എന്താണെന്ന് അയാൾക്ക് അറിയുമോ എന്ന് തന്നെ സംശയം ആണ്…എന്നിൽ നിന്ന് മാത്രം ആണ് ഒരു മോചനം പ്രകാശ് ആഗ്രഹിക്കുന്നത്….എന്റെ മക്കളെ ഒരിക്കലും വിട്ട് തരിക ഇല്ല…കുട്ടികൾ…അവർ ഒരിക്കലും ഞങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നില്ല അനീ…

ഞാൻ എന്തു ചെയ്യണം നീലു… അതു മാത്രം പറഞ്ഞു താ…നിനക്ക് അറിയാലോ.. ഇന്ദു പോയതിനു ശേഷം മറ്റൊരു ജീവിതം ഞാൻ ആഗ്രഹിച്ചിട്ടില്ല. വെറുപ്പ് ആയിരുന്നു എല്ലാത്തിനോടും… എന്നെ അടിമുടി തകർത്തു കൊണ്ടാണ് അവൾ മറ്റൊരു ജീവിതം തേടി പോയത്…

അനീ…. ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ ആണ്… എന്നോട് ഇത്രയും സ്നേഹത്തോടെ… അലിവോടെ….ആരും സംസാരിച്ചിട്ടില്ല നീയല്ലാതെ…പക്ഷെ….

ഈ പക്ഷെ യ്ക്കു ഒരു ഫുൾ സ്റ്റോപ്പ്‌ ഉണ്ട് ല്ലേ നീലു… നമ്മൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ഫുൾ സ്റ്റോപ്പ്‌….

അനീ….. നിന്നെ ഞാൻ വിളിക്കാതിരുന്നോട്ടെ… ഒരു മെസ്സേജ് കൊണ്ട് പോലും മുന്നിൽ വരാതെ ഇരിക്കട്ടെ?

മറക്കുമോ എന്ന് അറിയാൻ ആണോ?പരീക്ഷിച്ചു നോക്ക് നീലു…

മറുപടി ഏതും കൊടുക്കാതെ ബ്ലോക്ക്‌ ചെയ്തു കളഞ്ഞു നീലിമ…

വയ്യാ….നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു അനീ.. പക്ഷെ.. ഒരിക്കലും നിന്നിലേക്ക് വന്നു ചേരാൻ എനിക്ക് കഴിയുക ഇല്ല…

ദൂരെ എവിടെയോ രാത്രി പക്ഷിയുടെ കരച്ചിൽ കേട്ടു….

നീലിമ മുഖം അമർത്തി തുടച്ചു..

ഫോൺ എടുത്തു നോക്കി… അനിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്.. സൈലന്റിൽ ആയിരുന്നത് കൊണ്ട് അറിഞ്ഞില്ല…

നീലിമ അവിശ്വാസത്തോടെ പെട്ടെന്ന് നിറഞ്ഞു പോയ കണ്ണുകൾ തുടച്ചു മെസ്സേജ് വായിച്ചു…

എന്തേ ടൈപ്പ് ചെയ്തിട്ട് അയച്ചില്ല നീലു?

ഫോൺ എടുത്തു എന്നും നോക്കും. നിന്റെ മെസ്സേജ് ഉണ്ടോന്ന്…

ആദ്യം ഒക്കെ മെസ്സേജ് അയച്ചു നോക്കി. ബ്ലോക്ക്‌ തന്നെ ആയിരുന്നു. പിന്നെ അയക്കാൻ തോന്നി ഇല്ല.. പരീക്ഷണത്തിൽ ജയിച്ചു എന്ന് നീ കരുതിക്കോട്ടെ എന്ന് കരുതി….

അപ്പോൾ നേരത്തെ അനിയും ഫോൺ എടുത്തു നോക്കി കാണും.. ടൈപ്പിംഗ് കണ്ടു കാണും…

നീലിമയ്ക്ക് ഹൃദയം വേദനിച്ചു…

അനീ…

മ്മ്.. സുഖാണോ.. എന്തേ ഓർത്തത്? ഇന്ന് കണ്ടത് കൊണ്ടാണോ?

ആണെന്നോ അല്ലെന്നോ നീലിമ പറഞ്ഞില്ല.

അല്ലെങ്കിലും ഓർക്കാത്ത ദിവസം ഉണ്ടോ?

ജീവിതത്തിലെ അവഗണനകൾക്കിടയിൽ എപ്പോഴും പരിഗണന തന്നിരുന്ന മനുഷ്യരെ എങ്ങനെ മറന്നു പോകാൻ ആണ്… ഓരോ അവഗണനയും ഓർമ്മിപ്പിക്കുക പരിഗണിച്ചവരുടെ മുഖങ്ങൾ മാത്രം ആയിരിക്കും….

നീലു പോയോ?

ഇല്ല. അനിയ്ക്ക് സുഖം ആണോ?

മ്മ്… നീലുവിനുള്ള അതേ സുഖം എനിക്കും ഉണ്ടെന്ന് കൂട്ടിക്കോളൂ…

നീലിമയ്ക്ക് നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെ ഭാരം തോന്നി…

നീലു…. ടെൻഷൻ ആവേണ്ട കേട്ടോ.. ഒരു ആശ്വാസത്തിനു എന്നും ഞാൻ കൂടെയുണ്ട്. നീലു അതു മാത്രമേ എന്നിൽ നിന്നും ആഗ്രഹിക്കുന്നുള്ളു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്…ഉറങ്ങിക്കോളൂ.. ഒത്തിരി നേരം ആയല്ലോ. ഗുഡ്നൈറ്റ്‌…

തിരിച്ചൊന്നു മൂളിയതിനു ഡബിൾ ടിക്ക് കണ്ടില്ല..

നെറ്റ് ഓഫ് ആക്കി കാണും…

നീലിമയ്ക്ക് ഒരേ സമയം ചിരിയും കരച്ചിലും വന്നു പോയി.. മനസ് ഇപ്പോൾ ശാന്തം ആയിരിക്കുന്നു.

ആരാണ് പറഞ്ഞത്?

പ്രിയപ്പെട്ടവർ എപ്പോളും കൂടെ ഉണ്ടാകണം എന്ന്… കൂടെ ഇല്ലെങ്കിലും……ഒത്തിരി ദൂരത്ത് ആണെങ്കിലും….. സ്നേഹിക്കുന്നവരുടെ വാക്കിനു വല്ലാത്ത ഒരു മന്ത്രശക്തി ആണ്….. കരച്ചിൽ ചിരി ആക്കി മാറ്റാൻ ഉള്ള അത്രയും ശക്തി…

നീലിമ പുറത്തെ നിലാവിലേയ്ക്ക് നോക്കി…

എങ്ങോട്ടാണ് ജീവിതം പോകുന്നത് എന്ന് അറിയില്ല.. പക്ഷെ…….

ജീവൻ പിടിച്ചു നിർത്താൻ……ഈ ഭൂമിയിൽ ജീവിക്കാൻ പ്രേരിപ്പിക്കാൻ….. എന്തെങ്കിലും ഒക്കെ കാരണം കണ്ടെത്തി വയ്ക്കുക തന്നെ വേണം…..

നീലിമ വീണ്ടും സ്റ്റീൽ റെയിലിൽ മുഖം ചേർത്ത് നന്ത്യാർ വട്ട പൂക്കളെ നോക്കി കിടന്നു….

ഇങ്ങേ തലയ്ക്കൽ തിരയെ നോക്കി തീരത്ത് നിൽക്കുന്ന നീലിമയുടെ ക്ലിയർ ഇല്ലാത്ത പ്രൊഫൈൽ ഫോട്ടോ നോക്കി അനിയും വേദനയിൽ പുഞ്ചിരി തൂകി…

പ്രിയമുള്ളവളെ…. അടുത്ത ജന്മത്തിൽ നീ എനിക്കായി മാത്രം പിറവി എടുക്കാൻ പ്രാർത്ഥിക്കുന്നു…

ചില ജീവിതങ്ങൾ എത്ര വിരോധാഭാസം ആണ്…!!!!!!

Leave a Reply

Your email address will not be published. Required fields are marked *