എഴുത്ത്:-ഗിരീഷ് കാവാലം
“ഡീ അങ്ങോട്ട് മാറി നിക്ക് രുചിയേറിയ ഭക്ഷണം എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കി പഠിക്ക് “
വിനയൻ അത് പറഞ്ഞതും ഇരട്ടകുട്ടികളിൽ മൂത്തവൻ ആയ ഇഷാൻ പറഞ്ഞു
“ങാ…അപ്പ ഉണ്ടാക്കിയാൽ മതി”
“ഈ അമ്മക്ക് ഫുഡ് ഉണ്ടാക്കാനെ അറിയില്ല… അമ്മ ഓൾഡ് ജനറേഷനാ..അപ്പയെ നോക്കി അമ്മ പഠിക്ക് വെറൈറ്റി ഫുഡ്സ് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് “
നവ്യയെ നോക്കി ഇളയ മകൻ സിയാൻ കളിയാക്കി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയർന്നു
പെട്ടന്ന് നവ്യയുടെ മുഖം ഇരുണ്ടു
“അമ്മക്ക് ആ സാമ്പാറും ആ അവിയലും മാത്രമേ ഉണ്ടാക്കാൻ അറിയുള്ളൂ.. അപ്പ എന്ത് നല്ല ഫോറിൻ ഡിഷസ് ഒക്കെയാ ഉണ്ടാക്കുന്നെ “
ഇഷാൻ പറഞ്ഞതും അമ്മായിയമ്മയുടെ അമർത്തിയുള്ള ചിരി ശ്രദ്ധിച്ച നവ്യ അവിടെ നിന്ന് ബെഡ്റൂമിലേക്ക് നടന്നു പോയി
“അപ്പ…ദേ ഒരാൾ മുഖം കറുപ്പിച്ചു പോയി “
വിനയൻ പണ്ട് രണ്ട് വർഷം സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയതിന്റെ പരിചയം, ഇടയ്ക്കു ഒഴിവ് കിട്ടാറുള്ള അവസരങ്ങളിൽ എല്ലാം വീട്ടിൽ പരീക്ഷിക്കാറുണ്ടായിരുന്നു
അന്നെല്ലാം നവ്യയെ ശുണ്ഠി പിടിപ്പിക്കാൻ എന്നവണ്ണം എന്തെങ്കിലുമൊക്കെ തമാശക്ക് കുത്തി പറയാറുള്ള പതിവ് വിനയന് ഉണ്ടായിരുന്നു
ഡിന്നറിന് അപ്പ ഉണ്ടാക്കിയ ചിക്കെൻ ടിക്ക ആസ്വദിച്ചു കഴിക്കുമ്പോൾ അവർ അപ്പയോട് കൺഗ്രാറ്റ്സ് പറയുന്നുണ്ടായിരുന്നു
നവ്യ താൻ ഉച്ചക്ക് ഉണ്ടാക്കിയ തോരനും സാമ്പാറും കൂട്ടി ഒരു സൈഡിൽ ഇരുന്ന് കെറുവോടെ കഴിക്കുന്നുണ്ടായിരുന്നു
“അല്ലേലും ചിലർക്കൊക്കെ നല്ല ഫുഡ്സ് കഴിക്കുവാനുള്ള യോഗം ഇല്ലായെ..”
നവ്യയെ ഏറുകണ്ണിട്ട് പറഞ്ഞതും കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇഷാനും, സിയാനും അടക്കി ചിരിച്ചു
“അല്ല നവ്യ..രാവിലെ നീ എങ്ങോട്ടാ?
അവധി ദിവസം ആയിരുന്ന പിറ്റേന്ന് രാവിലെ പതിവില്ലാതെ ഒരുങ്ങി ഹാൻഡ്ബാഗുമായി ഒരുങ്ങി നിൽക്കുന്നത് കണ്ടാണ് വിനയൻ ചോദിച്ചത്
“ഞാൻ വീട്ടിലേക്കു പോകുവാ അമ്മയെ ചെക്കപ്പിന് ആശുപത്രിയിൽ കൊണ്ടുപോകണം “
അവളുടെ മുഖഭാവം ശ്രദ്ധിച്ച വിനയന് കാര്യം പിടികിട്ടി
“ഇന്നലെ രാത്രിയിലെ സംഭവം മനസ്സിൽ കൊണ്ടിട്ടുണ്ടന്ന് തോന്നുന്നു … ഉം പോയിട്ട് തന്നെ പോന്നോളും “
വിനയൻ മനസ്സിൽ പറഞ്ഞു
“എന്റെ മക്കൾക്ക് ഇന്ന് ലഞ്ചിന് ഒരു ചൈനീസ് വെറൈറ്റി ഡിഷ് ഉണ്ടാക്കട്ടെ “
വിനയൻ അത് പറഞ്ഞതും അമ്മ പോയത് മൈൻഡ് ചെയ്യാതെ ഇഷാനും, സിയാനും അപ്പയുടെ പിന്നാലെ ഉത്സാഹത്തോടെ കിച്ചണിലേക്ക് നടന്നു
വിനയൻ ലഞ്ചിന് റെഡിയായ ഡിഷ് ഡൈനിങ് ടേബിളിൽ നിരത്തി വക്കുമ്പോൾ അതിന്റെ ഫോട്ടോ എടുത്തു ഇഷാൻ അമ്മയുടെ വാട്സാപ്പിൽ ഇട്ടു ഒപ്പം കുറെ സ്മൈലിയും
എല്ലാവർക്കും ആ ചൈനീസ് ഫുഡ് ഇഷ്ടമായി
“ഇന്ന് വൈകിട്ട് അപ്പ ഒരു സർപ്രൈസ് ഡിഷ് ഉണ്ടാക്കി തരാമേ.. പേര് അപ്പോൾ പറയും ട്ടോ….”
“ശരി അപ്പ ഞങ്ങൾ കട്ട വെയ്റ്റിങ്ങിലാ…”
രാത്രിയിൽ വിനയന്റെ കുക്കിംഗ് സിയാൻ മൊബൈലിൽ പകർത്തി അമ്മയുടെ വാട്സ്ആപ്പിൽ അയച്ചുകൊണ്ടിരുന്നു
“അപ്പാ… അമ്മ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഫോൺ കട്ട് ചെയ്തു “
“ഉം.. മോനെ രണ്ട് ദിവസം കഴിയുമ്പോൾ താനേ മുഖം താഴ്ത്തി അമ്മ ഇങ്ങ് വന്നോളും “
ഡൈനിങ് ടേബിളിൽ ഫുഡ് നിരത്തിക്കൊണ്ട് വിനയൻ പറഞ്ഞു
എന്താ മോനെ ഇഷ്ടായില്ലേ ?
ഫുഡ് കഴിക്കാൻ തുടങ്ങിയതും സിയാന്റെ മുഖഭാവം ശ്രദ്ധിച്ച വിനയൻ ചോദിച്ചു
“അത്ര ടേസ്റ്റ് ഇല്ല…ഉപ്പ് ഇല്ല “
അവൻ എഴുന്നേറ്റ് കൈ കഴുകി ബെഡ് റൂമിലേക്ക് പോയതും ഇഷാനും എഴുന്നേറ്റു
“ഉപ്പില്ല.. അപ്പാ എനിക്കും അത്ര ടേസ്റ്റ് തോന്നുന്നില്ല “
ഇഷാനും കൈ കഴുകി ബെഡ്റൂമിലേക്ക് പോയതും വിനയൻ ഫുഡ് ടേസ്റ്റ് ചെയ്തു നോക്കി
“അമ്മേ ഉപ്പ് ഇല്ലേ ?
“എന്റെ പല്ലിന് പുളിപ്പാ… ഉപ്പ് കുറവാന്നാ തോന്നുന്നേ “
“ഉം കുറവ് ഉണ്ട് “
വിനയൻ ടേസ്റ്റ് ചെയ്ത ശേഷം അല്പം ഉപ്പ് കൂടി ചേർത്ത് ഇറക്കി വെച്ച ശേഷം ബെഡ് റൂമിലേക്ക് പോയി
“മക്കളെ ഉപ്പ് കൂട്ടി ഇപ്പൊ റെഡിയാക്കി വച്ചിട്ടുണ്ട് വാ കഴിക്കാം “
“അപ്പാ…എത്ര എസ്സെൻസ് ഒക്കെ ഇട്ടു കുക്ക് ചെയ്താലും ഉപ്പ് ഇല്ലെങ്കിൽ ഒന്നിനും കൊള്ളൂല്ലല്ലോ… അത്പോലെയാ ഞങ്ങൾക്ക് അമ്മയും… അമ്മയില്ലെങ്കിൽ പിന്നെ എന്തുണ്ടെങ്കിലും എന്താ…”
മുഖം കറുപ്പിച്ച് ഇഷാൻ അത് പറയുമ്പോൾ സിയാനും തലയാട്ടുന്നുണ്ടായിരുന്നു
അത് അയാളുടെ മനസ്സിനെ സ്പർശിക്കുന്നതായിരുന്നു…വിനയൻ ഒരു നിമിഷം ആലോചനയിലായി.
ചെറുപുഞ്ചിരിയോടെ രണ്ട് പേരെയും ചേർത്ത് പിടിക്കുമ്പോൾ വിനയന്റെ മൊബൈലിൽ നിന്നും നവ്യയ്ക്ക് കാൾ പോകുന്നുണ്ടായിരുന്നു അപ്പോൾ…….