ഇരുട്ടിനു കട്ടി കൂടിയപ്പോൾ അപരിചിതരായ മുഖങ്ങൾ അവളെ നോക്കി നെറ്റി ചുളിക്കാൻ തുടങ്ങി.

രചന : മിനു സജി

———————-

കോളേജിൽ പലരും എന്നെ വല്ലാതെ നോക്കുന്നു. ചിലരുടെ കണ്ണുകളിൽ സഹതാപവും മറ്റു ചിലർ ദേഷ്യവും, പരിഹാസവും നിറഞ്ഞ നോട്ടങ്ങൾ. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാവുന്നു.

ശാലുവാണ് എന്റെ അരികിലേക്ക് ഓടി വന്നത്. നീ എന്തിനാ ഇന്ന് കോളേജിൽ വന്നത്..? അവളുടെ ആ ചോദ്യം….എനിക്ക് ഒന്നും മനസിലായില്ല.

എന്താ ശാലു…? എല്ലാവരും എന്നെ എന്താ തുറിച്ചു നോക്കുന്നത്…? എന്താ ഞാൻ കോളേജിൽ വന്നാൽ…? നീ എന്താ അങ്ങനെ ചോദിച്ചത്….?

നീ ഒന്നും അറിഞ്ഞില്ലേ പ്രിയേ…..?

എന്താ സംഭവം….? കാര്യം പറയൂ. നീയും ഫെബിനും ആയി വല്ല പ്രശ്നം ഉണ്ടോ…..?

ആ ചോദ്യം എന്നെ ഓർമകളിലേക്ക് കൊണ്ട് പോയി. ആദ്യമായി കോളേജിൽ അവനെ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി. മുൻ ജന്മത്തിൽ എവിടെയോ കണ്ട് മറന്ന മുഖം. പിന്നെ ദിവസവും കാണും. അല്ല കാണാൻ ശ്രമിക്കും. പറഞ്ഞറിയിക്കാൻ കഴിയാത്ത ആ ഇഷ്ടത്തിന് പ്രണയമെന്നോ ആകർഷണം എന്നോ പേര് പറയാൻ പറ്റില്ല.

അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായത് കൊണ്ടാവാം അവൻ തിരിച്ചും അവളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി. അങ്ങനെ, പരസ്പരം തുറന്നു സംസാരിച്ചില്ലെങ്കിലും എന്നും കാണുമ്പോൾ പുഞ്ചിരികൾ കൈമാറുന്നുണ്ടായിരുന്നു അവർ. ദൂരെ നിന്നും നോക്കി കാണുന്ന അവളെ അടുത്ത് കാണണം എന്ന മോഹം ഉദിച്ചത് അവനിൽ ആയിരുന്നു.

ഒരു ദിവസം എങ്കിലും ഇവളെ സ്വന്തമാക്കാൻ പറ്റുമോ…? ആസ്വദിക്കണം. അല്ലെങ്കിൽ കപട പുഞ്ചിരിയിൽ എന്നെ മയക്കി തേച്ചിട്ട് ഇവൾ പോയാലോ. മറക്കാനാവാത്ത സമ്മാനം ഇവൾക്ക് ഞാൻ കൊടുക്കും. ഒരു നോക്ക് കാണാൻ എനിക്കായ് ഒരല്പ നിമിഷം നീ ആ വഴിയരികിൽ കാത്തിരിക്കുമോ…? എന്നവൻ അവളോട്‌ ആവശ്യപ്പെട്ടു.

അവളുടെ മാതാപിതാക്കൾ ചെയ്ത പുണ്യമോ അല്ലെങ്കിൽ അവളുടെ ഭാഗ്യമോ. അവനു സമയത്തു വരാൻ സാധിച്ചില്ല. ഒരു പകലന്തിയോളം കാത്തിരുന്നവൾ വരുമെന്ന പ്രതീക്ഷയിൽ.

ഇരുട്ടിനു കട്ടി കൂടിയപ്പോൾ അപരിചിതരായ മുഖങ്ങൾ അവളെ നോക്കി നെറ്റി ചുളിക്കാൻ തുടങ്ങി. പ്രതീക്ഷയറ്റവൾ തിരിച്ചു പോന്ന നിമിഷം അവൻ എത്തിയപ്പോഴേക്കും ഇരുട്ടിന്റെ മറയാൽ തമ്മിൽ കാണാൻ കഴിയാതെ അവൾ നടന്നകന്നിരുന്നു.

എനിക്കുവേണ്ടി കുറച്ചു സമയം പോലും കാത്ത് നിൽക്കാൻ കഴിയാത്ത നിന്റെ സ്നേഹം എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചു കൊണ്ടവൻ തർക്കിച്ചു. അപ്പോഴും ഇന്നലെ വൈകി വീട്ടിൽ എത്തിയ അവളെ അവളുടെ അച്ഛൻ ശകാരിച്ചതോ ശിക്ഷിച്ചതോ അവനു ഒരു പ്രശ്നം ആയിരുന്നില്ല.

അവൾ അവനിൽ പൂർണമായും വിശ്വസിച്ചു സ്വന്തം മാതാപിതാക്കളെ വെറുക്കാൻ തുടങ്ങിയിരുന്നു. അടുത്ത അവന്റെ അടവ് ഒരു യാത്ര ആയിരുന്നു. ശിക്ഷിച്ചതിന്റെ പേരിൽ അച്ഛനോടുള്ള വാശിയിലും ദേഷ്യത്തിലും അവനോടുള്ള ആദ്യത്തെ ആരാധനയിലും പിന്നീട് ഉണ്ടായ പ്രേമത്തിലും വിശ്വസിച്ചു ക്ലാസ്സിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്നവൾ ഇറങ്ങി.

കൂട്ടുകാരിൽ ആരുടെയോ ബൈക്ക് വാങ്ങി അവൻ വന്നു. ഷാൾ കൊണ്ട് മുഖം മറച്ചവൾ അവനോടൊപ്പം ദൂരെ വിജനമായിടത്തു പോയി. അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. അതെല്ലാം അവന്റെ ഫോണിൽ അവൾ അറിയാതെ എല്ലാം പകർത്തിയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. പല പ്രാവശ്യവും ഈ യാത്ര തുടർന്ന് കൊണ്ടിരുന്നു.

കുറച്ചു ദിവസം മുൻപ് മുതലാണ് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. വിളിച്ചാൽ ഫോൺ എടുക്കാതെ ആയി. കോളേജിൽ വരാതെ ആയി.

പ്രിയേ…..നീ എന്താ ചിന്തിച്ചു നിൽക്കുന്നത്…? ഇന്നലെ, നിങ്ങളുടെ സ്വകാര്യ വീഡിയോ കോളേജിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഇട്ടേക്കുന്നു…നീ അത് കണ്ടില്ലേ…?

ഞങ്ങളുടെ സ്വകാര്യ വീഡിയോ….!! ശാലു, നീ എന്താ പറഞ്ഞ് വരുന്നത്.

നീ ഫോൺ എടുത്തു നോക്കൂ. പിന്നെ അവൾക്കു ഒന്നും പറയാൻ സാധിച്ചില്ല. സകല നിയന്ത്രണവും പോകുന്ന പോലെ. ശാലു അവളെ വീട്ടിൽ എത്തിച്ചു…അന്ന് രാത്രി….അവനോടൊപ്പം ബൈക്കിൽ പോയപ്പോൾ…അന്ന് മുഖം മറച്ച ഷാൾ കൊണ്ട് തന്നെ ജീവിതം തൂങ്ങിയാടും എന്ന് അവളും ചിന്തിച്ചു കാണില്ല….

ചിന്തിക്കണം….വളർത്തി വലുതാക്കിയ മാതാപിതാക്കളെ കുറിച്ച്….സ്വന്തം ജീവിതം ഇന്നലെ കണ്ടവന് വേണ്ടി നശിപ്പിക്കാൻ ഉള്ളതല്ല എന്നു…..ചീത്തയാവാൻ കാലം അവസരം ഒരുക്കി കൊണ്ടിരിക്കും. ചീത്തയാവാതിരിക്കാൻ ഒരു കാരണമേയുള്ളു. എന്റെ ജീവിതം ഒരു പരിധി വരെ ഞാൻ തന്നെയാണ് നന്നാക്കുന്നതും മോശമാക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *