അവളുടെ ചോദ്യങ്ങൾ ആ കണ്ണികളെ കൂടുതൽ ഉലച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തേ മൗനം അവർക്കിടയിൽ…

by pranayamazha.com
15 views

മായാതെ ഇനിയും മറയാതെ കൂടേ

രചന: Unni K Parthan

::::::::::::::::::::::::::::

ഇനി എന്നാ ഈ വഴിയൊക്കേ…?

ദുർഗ്ഗയുടെ ശബ്‍ദം ചെന്നിത്തിയത് ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നോ മൂടിവെച്ച പ്രണയത്തിന്റെ ചങ്ങലകെട്ടുകൾക്ക് ഇടയിലേക്കായിരുന്നു.

അറിയില്ല, നിരഞ്ജൻ അവളെ നോക്കി പറഞ്ഞു.

എന്നോട് ഒന്നും പറയാൻ ഇല്ലേ, അതോ പറയാതെ പോവുകയാണോ…

അവളുടെ ചോദ്യങ്ങൾ ആ കണ്ണികളെ കൂടുതൽ ഉലച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തേ മൗനം അവർക്കിടയിൽ…രണ്ടാളും വാക്കുകൾക്കായി വിമ്മി…ഒടുവിൽ…ഉള്ളിലേ തേങ്ങൽ പുറത്തേക്ക് വരുത്താതെ ദുർഗ്ഗ തിരിഞ്ഞു നടന്നു.

സ്നേഹിക്കാൻ അറിയാഞ്ഞിട്ടല്ല പെണ്ണേ…സ്നേഹം പ്രകടിപ്പിക്കാൻ അറിയാതെ പോയി…ഇടറിയ ശബ്ദത്തിൽ നിരഞ്ജൻ പറയുന്നത് കേട്ട് മുന്നോട്ട് വെച്ച കാലുകൾ ഒന്ന് ഇടറി ദുർഗ്ഗയുടെ…

അവൾ പതിയെ തിരിഞ്ഞു നിരഞ്ജനെ നോക്കി. പിന്നേ നിരഞ്ജനെ നോക്കി അവൾ ചോദിച്ചു…ഹേയ്…

ഒന്നുല്യാ…നിരഞ്ജൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും…ന്താ ന്നു വെച്ചാൽ തുറന്നു പറഞ്ഞിട്ട് പോ…എത്ര നാള്‌ന്നു വെച്ചിട്ടാ ഇങ്ങനെ നീറി നീറി നടക്കണത്…ദുർഗ്ഗ ചോദിക്കുന്നത് കേട്ട് നിരഞ്ജൻ ഒന്ന് ചിരിച്ചു.

ഞാൻ ന്ത് പറയാനാണ് പെണ്ണേ…ഞാൻ പറഞ്ഞാലേ ന്റെ ഉള്ള് നിനക്ക് അറിയാൻ കഴിയുള്ളോ…പതിയെ ആയിരുന്നു നിരഞ്ജന്റെ മറുപടി എങ്കിലും അത് ദുർഗ്ഗയുടെ നെഞ്ചിലേക്ക് ഒന്ന് ആഴ്ന്നിറങ്ങി…ഉള്ളിൽ എവിടയോ ഒരു സുഖമുള്ള നീറ്റലായി അത് മാറുന്നതും അവൾ അറിഞ്ഞു.

ഉള്ളിൽ ന്താണ് എന്ന് എനിക്ക് എങ്ങനെ അറിയാം…അങ്ങനെ അറിയാനുള്ള കഴിവുണ്ടായിരുന്നു എങ്കിൽ…പണ്ടേ എനിക്ക് ചേർത്ത് നിർത്താൻ കഴിയുമായിരുന്നു ലോ…ദുർഗ്ഗ പറഞ്ഞത് കേട്ട് നിരഞ്ജൻ മുഖം പെട്ടന്ന് തിരിച്ചു കളഞ്ഞു.

ഈ മുഖം തിരിക്കലായിരുന്നു ലോ എന്നും എന്നോട്…പിന്നേ എങ്ങനെ എനിക്കറിയാൻ കഴിയും ഈ മനസ്…

അത് തന്നെ അല്ലേ ഞാൻ പറഞ്ഞതും…എനിക്ക് സ്നേഹിക്കാനേ അറിയൂ…അത് നിന്നേ അറിയിക്കാൻ അറിയില്ല എന്ന്…നിരഞ്ജൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.

പ്രകടിപ്പിക്കേണ്ട സമയത്തു പ്രകടിപ്പിക്കാൻ ശ്രമിക്കണം…ഇല്ലേ ചിലപ്പോൾ അത് കയ്യെത്തും ദൂരത്തുനിന്നും പോയി മറയുന്നത് നോക്കി നിൽകുകയേ നിവർത്തി ഉണ്ടാവൂ പിന്നേ…

അതും എനിക്ക് അറിയാം പെണ്ണേ…പക്ഷെ…ജീവിതത്തിൽ നേടാൻ കൊതിച്ചതൊന്നും വിധി തന്നിട്ടില്ല. അതുകൊണ്ട് ഇപ്പൊ സ്നേഹിക്കാൻ പേടിയാ…സ്നേഹം തിരിച്ചു ആഗ്രഹിക്കാൻ പേടിയാ…കാലം മറഞ്ഞു പോകുമ്പോൾ മറവിയുടെ മേൽക്കൂരകൾ തകർത്തു വരാത്ത വിധം നിന്നേ പറ്റിയുള്ള ഓർമകളെ കൂടി കുഴിച്ചു മൂടണമെന്നായിരുന്നു ആഗ്രഹം. പക്ഷെ കഴിയുന്നില്ല…എന്നോ ഞാൻ നിന്നേ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന് ഞാൻ മനസിലാക്കാൻ ഒരുപാട് വൈകി.

ആ വാക്കുകൾ ദുർഗ്ഗയുടെ ഉള്ളിലേക്ക് വീണ്ടും മോഹങ്ങളായി പെയ്തിറങ്ങി.

എന്നാ തിരിച്ചു പോണത്…? ദുർഗ്ഗ ചോദിച്ചു.

നാളെ രാവിലെ…

എവിടെക്കാ ട്രാൻസ്ഫർ…?

മലപ്പുറം, എടപ്പാൾ…

അപ്പൊ ഇനി ഇങ്ങോട്ട് വരില്ലേ…?

ആ ചോദ്യത്തിലെ പ്രതീക്ഷ നിരഞ്ജന് കണ്ടില്ല എന്ന് നടിക്കാൻ കഴിഞ്ഞില്ല. നിരഞ്ജൻ അവളുടെ കണ്ണുളളിലേക്ക് നോക്കി.

പറയാൻ ബാക്കി വെച്ചൊരു പ്രണയം ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ…അത് ഒരിക്കലും നീ ആയിരുന്നില്ല…

നിരഞ്ജന്റെ വാക്കുകൾ അവളുടെ ഉള്ളിലേക്ക് നൂറായിരം കത്തി ഒരുമിച്ചു കുത്തിയിറക്കിയത് പോലുള്ള നോവായി മാറി.

പിന്നേ…ഇടർച്ചയോടെ ദുർഗ്ഗ ചോദിച്ചു.

പ്രണയം…അത് ന്താണ് എന്നറിയാൻ തുടങ്ങിയ പ്രായത്തിൽ തോന്നിയൊരിഷ്ടം. പക്ഷെ…തുറന്നു പറയാൻ പേടി ആയിരുന്നു. ആ വേദന ഇന്നും ഉള്ളിൽ ഒരു നോവായി ഉണ്ട്…നീറ്റലായി ഉണ്ട് കൂടെ…പക്ഷേ…ആ നീറ്റൽ എന്റെ ഉറക്കം കളയാൻ തുടങ്ങിയ ആ രാത്രികളിൽ ഞാൻ എന്നോട് പറഞ്ഞിരുന്നു…ഇനി പ്രണയം ഇല്ല ന്നു…ഇനി ഉണ്ടെങ്കിൽ…തുറന്നു പറയാൻ കഴിയുന്ന ആ പ്രണയം അത് എനിക്കായ് പാതി നല്കുന്നവളോടെന്നും…

ആ പാതി…ഞാൻ നിന്നിൽ കണ്ടോട്ടേ…കൂടെ കൂടുന്നോ…ഇനിയുള്ള നാളുകൾ….എന്റെയൊപ്പം…

നിരഞ്ജന്റെ വാക്കുകൾ കേട്ട് ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞു. കവിളിൽ കണ്ണുനീർ ഒലിച്ചിറങ്ങി.

ഈ കണ്ണ്നീര് ഒന്ന് തുടച്ചു തന്നൂടെ നിനക്ക്…നിരഞ്ജനെ നോക്കി ദുർഗ്ഗ പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നണ്ടായിരുന്നു. പുഞ്ചിരിയിൽ ഒളിപ്പിച്ചു വെച്ച പ്രണയം ഒപ്പമുണ്ടായിരുന്നു..സ്നേഹമുണ്ടായിരുന്നു…കൂടെ ചേർത്ത് നിർത്താൻ കൊതിക്കുന്ന കരുതലുണ്ടായിരുന്നു…

You may also like

Leave a Comment