അവനെന്തോ പറയാനുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ അപ്പുവിനേയും കൂട്ടി കുറച്ചകലേ മാറി നിന്നു…

by pranayamazha.com
9 views

സാന്ത്വനം

രചന: NKR മട്ടന്നൂർ

—————————

എല്ലാവരും ആ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കയാണ്. ആര്‍ക്കും ഒരു തീരുമാനത്തിലെത്താനാവുന്നില്ലാന്ന് മാത്രം…

അകത്തു നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം…ഒരു പത്തു വയസ്സുകാരന്‍റെ ദീനവിലാപം…ഇന്നു രാവിലെ മുതല്‍ തുടങ്ങിയതായിരുന്നു…ആര്‍ക്കും അറിയില്ല അവനെ എങ്ങനേയാ ഒന്നു സാന്ത്വനിപ്പിക്കേണ്ടതെന്ന്…

പതം പറഞ്ഞുള്ള കരച്ചിലിനിടയിലും അവന്‍ അമ്മേന്ന് വിളിക്കുന്നുണ്ട് ഇടയ്ക്കിടേ…അച്ഛനേയും അവന്‍റെ കുഞ്ഞു പെങ്ങള്‍ മാളൂനേയും വിളിക്കുന്നുണ്ട്….ആ വിളി കേള്‍ക്കേണ്ടവരെല്ലാം അവനേയും തനിച്ചാക്കി യാത്രയായി ഇന്നലെ വൈകിട്ട്…

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഇന്നു പന്ത്രണ്ടു മണിക്കാ എല്ലാവരേയും വീട്ടില്‍ കൊണ്ടു വന്നത്. വിനീതും ആ കൂടെ പോവേണ്ടതായിരുന്നു. അവര്‍ നാലുപേരും സഞ്ചരിച്ച കാറ് ഒരു അപകടത്തില്‍ പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നു പുറത്തേക്ക് തെറിച്ചു വീണു അവന്‍…ഒരു പോറല്‍ പോലുമേല്‍ക്കാതെ. ബാക്കി മൂന്നു പേരുംഡ്രൈവറും കാറിനുള്ളില്‍ തന്നെയായിരുന്നു.

അടുത്ത വലിയ കൊക്കയിലേക്ക് മലക്കം മറിഞ്ഞു വീണു. ചെറു ജീവന്‍ അവശേഷിച്ചെങ്കിലും ആരേയും രക്ഷിക്കാനായില്ല. ബന്ധുക്കളായ് അവശേഷിക്കുന്നവരില്‍ പലരും അടക്കം കഴിയുന്നതിന് മുന്നേ സ്ഥലം വിട്ടിരുന്നു…

കുറച്ചുപേര്‍ കാഴ്ചക്കാരായ് അവിടവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. എന്‍റെ മകന്‍റെ ഒപ്പമുള്ളവനാ വിനീതും. ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍…അപ്പുവിനും കണ്ടു സഹിക്കാനാവുന്നില്ല വിനീതിന്‍റെ കരച്ചിൽ.

കൂട്ടം കൂടി നിന്നവരില്‍ ചിലര്‍ ഒഴിഞ്ഞു പോവാന്‍ തക്കം നോക്കി നില്‍ക്കുന്നുണ്ട്…അച്ഛന്‍റേയും അമ്മയുടേയും ബന്ധുക്കളില്‍ പലരും യാതൊരു മനസ്സലിവും കാട്ടാതെ പിരിഞ്ഞു പോയി…

അതിനൊരു കാരണമുണ്ടായിരുന്നു…വിനീതിന്‍റെ വീടിന് പത്തുലക്ഷത്തോളം രുപ ബാങ്കില്‍ പണയ കടമുണ്ട് അതൊരു ബാധ്യതയാണല്ലോ…പിന്നെ വിനീതും…

അപ്പു കണ്ണുനീരോടെ എന്നെയും വിനീതിനേയും മാറി മാറി നോക്കുകയാ…അവനെന്തോ പറയാനുണ്ടെന്ന് എനിക്കു തോന്നി…ഞാന്‍ അപ്പുവിനേയും കൂട്ടി കുറച്ചകലേ മാറി നിന്നു.

അച്ഛാ എനിക്കു കാണാന്‍ വയ്യ അവന്‍റെ കരച്ചില്‍…നമുക്കവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോവാമോ അച്ഛാ…അവനും കരയുകയാ…എനിക്കു സങ്കടം വന്നു നെഞ്ചകം വിങ്ങി.

പിന്നെ ഒന്നുമോര്‍ത്തില്ല…അകത്തേക്ക് പോയി നിലത്ത് പുല്‍പായയില്‍ കിടന്നു ഏങ്ങലടിച്ചു കരയുന്നു അവനെ മെല്ലെ തലോടി ആ അരികിലിരുന്നു…

അങ്കിള്‍ എനിക്കാരുമില്ലാ…ഞാന്‍ തനിച്ചായി അങ്കിള്‍…അവനെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…

അതുവരെ അടക്കി വെച്ച സങ്കടങ്ങളെല്ലാം കുത്തിയൊലിച്ചു പോവുന്നതു വരെ ഞാന്‍ പറഞ്ഞ ആശ്വാസ വാക്കുകളൊന്നും ആ കുഞ്ഞുമനസ്സ് കേട്ടില്ല…

അപ്പു വിനീതിന്‍റെ കയ്യില്‍ പിടിച്ചു വിരലില്‍ തലോടുകയും അവനേയോര്‍ത്ത് കണ്ണീരൊപ്പുകയും ചെയ്തു…ഇടയ്ക്കിടെ വിങ്ങലില്‍ ആടിയുലയുന്ന ആ പിഞ്ചുശരീരത്തെ മാറോടുക്കിപ്പിടിച്ചു ഞാനും അപ്പുവും നടന്നു എന്‍റെ വീട്ടിലേക്ക്…

കൂടി നിന്നവര്‍ വഴിമാറി തന്നതല്ലാതെ ആരും ഞങ്ങളെ തടഞ്ഞില്ല…ആശ്വാസത്തോടെ നടന്നു വീട്ടിലേക്ക് കയറുമ്പോള്‍ അമ്മയും സീതയും അലിവോടെ നോക്കി നില്‍പുണ്ടായിരുന്നു…

അപ്പു വിരിച്ച അവന്‍റെ കിടക്കയില്‍ ഞാന്‍ വിനീതിനെ കിടത്തി…അവന്‍ ക്ഷീണത്തിനാല്‍ അപ്പോഴേക്കും ഉറങ്ങിയിരുന്നു…അപ്പു അവനെ പുതപ്പിച്ചു കൊടുക്കുന്നത് നിറകണ്ണുകളോടെ ഞാനും നോക്കി നിന്നു.

വരാന്തയിലേ കസേരയില്‍ കിടന്നൊന്ന് മയങ്ങിപ്പോയി…അപ്പു വന്നെന്നെ വിളിച്ചു അവന്‍റെ പിറകേ കയറിപ്പോയപ്പോള്‍…സീതയുടെ മാറോടു ചേര്‍ന്നു കിടന്നു അവള്‍ കോരികൊടുത്ത കഞ്ഞി കുടിക്കയായിരുന്നു വിനിത്…

അവളാ മുടിയിഴകളില്‍ പതുക്കെ തലോടുന്നുണ്ട്…ആ നെറ്റിയിലൊരു ഉമ്മ വെച്ചു. അവളെന്തൊക്കെയോ പറഞ്ഞവനെ സാന്ത്വനിപ്പിക്കുന്നുണ്ട്…അവനത് കേട്ട് ചെറുതായ് തലയാട്ടുന്നുമുണ്ട്.

ദൈവമേ ഇതുപോലെ കുഞ്ഞു മക്കളെ ഇനിയും പരീക്ഷിക്കല്ലേ…താങ്ങാനാവാത്ത വേദനകള്‍ കൊടുക്കല്ലേ…ആര്‍ക്കും…

You may also like

Leave a Comment