ഭൂമിയിൽ സ്വർഗം തീർത്തവർ
രചന: Aswathy Joy Arakkal
————————–
സർഫ് മേടിക്കുമ്പോ ബക്കറ്റ് ഫ്രീ എന്നു പരസ്യത്തിലു പറയണ പോലെ, നമ്മടെ ബേബികുട്ടിക്ക് പെ ണ്ണും മ്പിള്ളയോടൊപ്പം രണ്ടു ട്രോഫികളും ചക്കാത്തിന് കിട്ടിയല്ലോ…
എന്നതായാലും കൊള്ളാം. കഷ്ടപ്പെടാതെ കാര്യം നടന്നല്ലോ. പിന്നെ ഇതൊക്കെ എത്രകാലം കാണുവെന്നു കണ്ടറിയണം. കെട്ടിയോനേയും കളഞ്ഞു ഇവന്റെ കൂടെ വേലിചാടിയവളല്ലേ…ഇനിയിപ്പോ വേറൊരുത്തനെ കാണുമ്പോ…
എന്നതായാലും പുളിങ്കൊമ്പ് നോക്കിയാ അവള് പിടിച്ചത്…ഓർമ്മ വെച്ച കാലം മുതൽ ഞാൻ കുട്ടിച്ചായൻ എന്നു വിളിക്കുന്ന അപ്പന്റെ ആത്മമിത്രം കുന്നേലെ ബേബികുട്ടിയെയും, ഭാര്യ അന്നമ്മയെയും എവിടെ കണ്ടാലും ആളുകൾ ഒളിഞ്ഞും, തെളിഞ്ഞും പറയുന്നൊരു വാചകമാണിത്.
അതിനു കാരണം കേൾക്കണ്ടേ…പറയാം…
നാട്ടിലെ പ്രമാണി കുന്നേൽ ദേവസ്സിയേട്ടന്റെയും, പരേതയായ എലികുട്ടിയുടെയും ഒരേയൊരു മകനാണ് കുട്ടിച്ചായൻ. അന്നത്തെ കാലത്ത് ഫിസിക്സിൽ ബിരുദാനന്തര ബിരുദം. ഗവണ്മെന്റ് കോളേജ് അദ്ധ്യാപകൻ. സുന്ദരൻ, സുമുഖൻ, സുശീലൻ…പിന്നെ എന്നാന്നു വെച്ചാ ആളല്പം പുരോഗമന വാദിയാ…
അങ്ങനെയിരിക്കെ, തന്നെക്കാൾ രണ്ടുവയസ്സ് കൂടുതലുള്ള, രണ്ടു പെൺമക്കളുടെ അമ്മയായ അന്നമ്മയെ കുട്ടിച്ചായൻ വിവാഹം കഴിച്ചു…വിവാഹം കഴിച്ചെന്നു പറഞ്ഞാ, അന്നമ്മയും മക്കളുമായി കുട്ടിച്ചായൻ വീട്ടിൽ താമസം തുടങ്ങി. അന്നു തുടങ്ങിയതാണ് നാട്ടുകാരുടെ പരിഹാസവും, കുത്തുവാക്കുകളും…
പാലുപോലെ വെളുത്തു തുടുത്തിരിക്കുന്ന ഇവനു എന്തു കൈവിഷം കൊടുത്താണോ ഈ കറമ്പി വശീകരിച്ചെടുത്തതെന്നത്…നാട്ടിലെ പെണ്ണുങ്ങളുടെ സംസാര വിഷയമായി (അന്നും ഇന്നും കറുപ്പിന് ഏഴഴകും ബാക്കി തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനും ആണല്ലോ അല്ലേ…?)
ഒപ്പം, കെട്ടിയോനെ ഇട്ടേച്ചു പോന്ന അവൾ ചില്ലറക്കാരിയല്ല…ഇപ്പോഴത്തെ ചോരത്തിളപ്പിൽ ചെയ്ത മണ്ടത്തരം നാളെയവന് വിനയാകും നോക്കിക്കോ…ആ പെൺപിള്ളേരുടെ ഭാവിയെന്താകും…? അങ്ങനെ നാട്ടുകാരുടെ ചർച്ച പലവഴിക്ക് നീണ്ടുപോയി.
കുട്ടിച്ചായനാണെങ്കിലോ ഇതൊന്നും മൈൻഡ് ചെയ്യാതെ ഭാര്യയും മക്കളുമായി സസുഖം ജീവിക്കുന്നു. മറ്റുള്ളവർക്ക് അസൂയ തോന്നുന്ന വിധത്തിൽ തന്നെ എന്നു പറയാം.
നമ്മടെ നാട്ടുകാര് വിടുവോ….അവനു അതുങ്ങളെ ഒഴിവാക്കിയാൽ കൊള്ളാവെന്നുണ്ട്. അവളും മക്കളും ഒഴിഞ്ഞു പോകണ്ടേ. അവനു ആത്മാർത്ഥ ഉണ്ടെങ്കിൽ മിന്നുകെട്ടിയല്ലേ കൂടെ പൊറുപ്പിക്കേണ്ടത്…അങ്ങനെ ചർച്ചകൾ നീണ്ടുപോയി.
ഇതൊക്ക എന്റെ ജനനത്തിനു മുന്നേ നടന്ന കാര്യങ്ങൾ. അപ്പനുമമ്മയും പല അവസരങ്ങളിലായി പറഞ്ഞും കേട്ടുമുള്ള അറിവുകളാണിതൊക്കെ. എനിക്കു ഓർമ്മ വെക്കുമ്പോൾ കുട്ടിച്ചായനും, അന്നമ്മച്ചിക്കും എന്റെ പ്രായത്തിലൊരു മകൻ കൂടിയുണ്ട്. ബിബിൻ ബേബി എന്ന എന്റെ ആത്മമിത്രം ബിബി…അവനടക്കം മൂന്നുമക്കൾ.
തുടക്കകാലത്തൊന്നും ചേച്ചിമാര് കുട്ടിച്ചായന്റെ രക്തത്തിൽ പിറന്ന മക്കളല്ലെന്നു എനിക്കറിയത്തില്ലായിരുന്നു…പക്ഷെ രക്തബന്ധത്തേക്കാൾ വലുതാണ് കർമ്മം, സ്നേഹബന്ധം എന്നൊക്കെ പിന്നീട് മനസ്സിലായി.
പല ഫങ്ഷൻസിലും ഇവരെ കാണുമ്പോൾ ഉള്ള ആളുകളുടെ സംസാരങ്ങൾ എന്റെ മനസ്സിലും അവർക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി. പിന്നെപ്പിന്നെ നാളുകൾ കടന്നു പോകുംതോറും ആളുകളുടെ പെരുമാറ്റത്തിലെ അപാകതയും, പരിഹാസവുമൊക്കെ എന്താണെന്നുള്ള എന്റെ സംശയങ്ങൾക്കുത്തരമായാണ് അപ്പനുമമ്മച്ചിയും അധികമാർക്കുമറിയാത്ത അവരുടെ കഥകൾ പറഞ്ഞു തന്നത്.
കുട്ടിച്ചായന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു അധ്യാപകന്റെ പെങ്ങളാണ് അന്നാമ്മ. അവരെക്കാൾ ഒരുപാട് മുകളിൽ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ബിസിനെസ്സുകാരന്റെ ആലോചന വന്നപ്പോൾ കൂടുതലൊന്നും ആരും അന്വേഷിച്ചില്ല. നിറവും, സൗന്ദര്യവും കുറഞ്ഞ പെണ്ണിന് ഇതു തന്നെ വലിയകാര്യം എന്ന ചിന്തയിൽ കല്യാണം നടത്തി.
ആദ്യരാത്രി മ ദ്യപിച്ചു മണിയറയിലെത്തിയ ഭർത്താവിനെ കണ്ടത് മുതൽ ജീവിതം ശുഭകരമാകില്ലെന്നു അന്നമ്മക്കു തോന്നിയിരുന്നു. അടിയും, പിടിയും, വഴക്കും, വക്കാണവും, വീട്ടുകാരുടെ ഒത്തുതീർപ്പു ചർച്ചകളുമായി വർഷം അഞ്ചു കഴിഞ്ഞു. അതിനിടയിൽ രണ്ടു പെൺമക്കളും ജനിച്ചു.
പിന്നീടാണ് അയാൾക്ക് പല സ്ത്രീകളുമായി ബന്ധമുള്ളത് എല്ലാവരുമറിഞ്ഞത്. ഒത്തുപോകാൻ പലരും ഉപദേശിച്ചെങ്കിലും സഹികെട്ടു അന്നാമ്മ അവിടെ നിന്നിറങ്ങി. പക്ഷെ ഡിവോഴ്സ് കൊടുക്കാൻ അയാൾ തയ്യാറായില്ല. ഭാര്യയോടും മക്കളോടുമുള്ള സ്നേഹം കൊണ്ടൊന്നുവല്ല, അങ്ങനെ എളുപ്പത്തിൽ കൊടുക്കാൻ മനസ്സില്ല…അവളൊന്നു ചുറ്റട്ടെ എന്ന ഭാവം.
ഇതിനിടയിൽ കെട്ട്യോനുപേക്ഷിച്ചു വീട്ടിൽ വന്നു നിൽക്കുന്ന അന്നാമ്മ എല്ലാവർക്കും ബാധ്യതയായി. ആങ്ങളയുടെ ഭാര്യയുമായി പ്രശ്നങ്ങളായി….ഒടുവിൽ മക്കളുമായി ആത്മഹത്യക്കു വരെ ശ്രമിച്ചു. ഈ പ്രശ്നങ്ങൾക്കിടയിലേക്കാണ് അന്നമ്മയുടെ ആങ്ങളയുടെ സുഹൃത്തായ കുട്ടിച്ചായന്റെ എൻട്രി…
എല്ലാമറിഞ്ഞ അദ്ദേഹം മക്കളെയും, അന്നമ്മയെയും സ്വീകരിക്കാൻ തയ്യാറാകുന്നു. സ്വന്തം വീട്ടിൽ പോലും അഭയമില്ലെന്ന തിരിച്ചറിവിൽ അവർ സമ്മതിച്ചു. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തി കിട്ടാത്തത് കൊണ്ട് നിയമപരമായി വിവാഹം നടത്താൻ അന്നു സാധിക്കുമായിരുന്നില്ല. നിയമപോരാട്ടങ്ങൾക്കൊടുവിൽ പിന്നീട് ഡിവോഴ്സ്, രജിസ്റ്റർ വിവാഹം എല്ലാം നടക്കുന്നു.
സത്യങ്ങളറിഞ്ഞപ്പോ ഒരാളെ പൂർണ്ണമായി മനസ്സിലാക്കാതെ മറ്റുള്ളവർ പറയുന്നത് കേട്ടു അയാളെ വെറുത്ത എന്റെ ബുദ്ധിശൂന്യതയെ പറ്റി ഓർത്തു കുറ്റബോധമായിരുന്നു. ഒരാളെ മനസ്സിലാക്കണമെങ്കിൽ അവരുടെ ഷൂസിൽ തന്നെ നിൽക്കണമെന്ന പാഠം അടിവരയിട്ടു പഠിക്കുകയായിരുന്നു ഞാൻ…
ആ മാനസിക വലിപ്പം കാണാതെ എന്തൊക്കെയാണ് മറ്റുള്ളവർ പറയുന്നത്…ഒന്നിനും ചെവി കൊടുക്കാതെ ഭാര്യയെയും മക്കളെയും ചേർത്തു പിടിച്ചു ജീവിക്കുന്ന മനുഷ്യൻ വാനോളം വലുതാകുകയായിരുന്നു എന്റെ മനസ്സിൽ.
കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു…കുട്ടിച്ചായന്റെ മക്കളായി തന്നെ മൂന്നുപേരും വളർന്നു. ഇടയ്ക്കൊക്കെ അവര് തമ്മിൽ തർക്കിക്കുന്നത് കേൾക്കുമ്പോൾ എനിക്കത്ഭുതം തോന്നിയിട്ടുണ്ട്. മൂത്ത മോൾക്ക് എന്റെ മുഖച്ഛായ ആണെന്നൊക്കെ അച്ചായൻ പറയുന്നത് അത്രയും അവരെ ഹൃദയത്തിലേറ്റി കൊണ്ട് തന്നെയായിരുന്നു.
പിന്നെ പറയാതെ വയ്യ അന്നമ്മയുടെയും, ബേബികുട്ടിയുടെയും പ്രണയം…അത്ര ഇന്റെൻസ് ആയ ആത്മാർത്ഥതയുള്ള പ്രണയം…ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടോ, എന്തിനു വായിച്ചിട്ട് പോലുമില്ല. അതിലേക്ക് പിന്നീട് വരാം.
മൂന്നു മക്കളോടും എല്ലാ സത്യവും പറഞ്ഞാണ് അവർ വളർത്തിയത്. എങ്കിലും അവര് തമ്മിലുള്ള സ്നേഹത്തിനൊരു കുറവും ഞാൻ കണ്ടിട്ടില്ല. മൂന്നുപേരെയും ഒരുപോലെ പഠിപ്പിച്ചു. വിവാഹം കഴിച്ചു അയപ്പിച്ചപ്പോൾ തന്റെ പേരിലുള്ള സ്വത്തു തുല്യമായി മൂന്നുപേരുടെയും പേരിലെഴുതി. അപ്പോഴും, അവനു പ്രാന്താണെന്നു…നാട്ടുകാർ പറഞ്ഞു.
മക്കളെ കുറിച്ച് ഒന്നു അന്വേഷിക്കുക പോലും ചെയ്യാതെ ജന്മം കൊടുത്തവൻ ജീവിതം ആഘോഷിച്ചു. എങ്കിലും കുട്ടിച്ചായൻ മക്കളുമായി പോയി അവരുടെ വിവാഹമൊക്കെ അങ്ങോരെ ക്ഷണിച്ചു. ഇങ്ങോർക്ക് ശരിക്കു പ്രാന്താണെന്നുതോന്നും ചിലപ്പോഴൊക്കെ…
ചേച്ചിമാർ രണ്ടും വിവാഹശേഷം വിദേശത്ത് സെറ്റിൽ ആയി… ബിബി നേവിയിൽ ഉദ്യോഗസ്ഥനായി നാടുചുറ്റുന്നു. മൂന്നുമക്കളുടെയും അടുത്തു മാറിമാറി നിന്നിട്ടു വരുവെങ്കിലും മക്കളെത്ര നിർബന്ധിച്ചിട്ടും അവരോടൊപ്പം സ്ഥിരമായി നാടുവിട്ടു പോകാൻ ഇച്ചായൻ തയ്യാറായില്ല.
ഓരോ പ്രാവിശ്യം നാട്ടിൽ വന്നു പോകുമ്പോഴും അവർക്കൊക്കെ അമ്മച്ചിയേക്കാൾ അപ്പനെ പിരിയുന്നതാണ് സങ്കടം എന്നെനിക്കു തോന്നിയിട്ടുണ്ട്. കൊച്ചുമക്കളൊക്കെ അപ്പാപ്പാ എന്ന് വിളിക്കണ കേൾക്കുമ്പോ, അവരോടുള്ള കുട്ടിച്ചായന്റെ സ്നേഹം കാണുമ്പോളൊക്കെ വല്ലാത്തൊരു സന്തോഷം തോന്നും.
ഇത്രയൊക്കെ ആയിട്ടും നമ്മുടെ നാട്ടുകാരുടെ കളിയാക്കലിന് ഒരു കുറവുമുണ്ടായിരുന്നില്ല…വല്ലവന്റെയും മക്കളുടെ അപ്പാപ്പനാകാനും വേണം യോഗം, അതുപോലെ അമ്മയെയും മക്കളെയും അവൻ ഒരുപോലെ കൊണ്ട് നടന്നതാ…അപ്പനാണോ, അപ്പാപ്പനാണോന്ന് ആർക്കറിയാം.
അങ്ങനെ അധപതിച്ച, ദുഷിച്ച എത്രയോ വാക്കുകൾ…പക്ഷെ അച്ചായന്റെയൊരു മുടിയുടെ തുമ്പത്ത് പോലും അതൊന്നും സ്പർശിച്ചിരുന്നില്ല എന്നുവേണം പറയാൻ. കാലം കടന്നു പോയി…
ഇതിനിടയിൽ ഇച്ചായനും ഞാനും ഒരുപാട് അടുത്തു…എന്നെപ്പോലെ വായന അദ്ദേഹത്തിനും ഹരമായിരുന്നു…അതായിരുന്നു ഞങ്ങളെ അടുപ്പിച്ചതും.
ഒരിക്കൽ തികച്ചും അപ്രതീക്ഷിതമായി അന്നമ്മച്ചിക്കു സ്ട്രോക്ക് വന്ന് ഒരുഭാഗം തളർന്നു കിടപ്പായതോടെ മക്കൾ നാട്ടിൽ നിൽക്കാൻ സമ്മതിക്കില്ലെന്നായി…അവളെ ഞാൻ നോക്കിക്കോളാം…എന്ന ചങ്കുറപ്പിൽ ഇച്ചായൻ ഉറച്ചു നിന്നു.
നാട്ടിൽ നിന്ന് അമ്മച്ചിയെ നോക്കാനും അവരെ അനുവദിച്ചില്ല. ഒടുവിൽ അമ്മച്ചിയെ നോക്കാൻ ഹോം നഴ്‌സിനെ എല്ലാരുടെ ഏർപ്പാടാക്കി. എന്നിട്ടും ഇടയ്ക്കിടെ അവർ എത്ര കാശുമുടക്കി ആയാലും വരുവായിരുന്നു. മിക്കപ്പോഴും എന്നെ വിളിച്ചു…അപ്പനെ പോയി നോക്കികോളനേടി…എന്നവരു പറയുന്നതിൽ ഉണ്ടായിരുന്നു അവർക്ക് കിട്ടിയ സ്നേഹത്തിന്റെ അളവ്.
ഒപ്പം ബിബിന് കല്യാണാലോചന എല്ലാരൂടെ നടത്തുന്നുണ്ടെങ്കിലും ഒന്നും അവനു പിടിച്ചില്ല. മക്കള് അമ്മച്ചിയേയും, അപ്പനെയും നോക്കാൻ ഹോം നഴ്സിനെ നിർത്തിയെങ്കിലും കെട്ട്യോളുടെ റൂമിൽ കേറാൻ പോലും കുട്ടിച്ചായൻ അവരെ സമ്മതിച്ചില്ല. കുളിപ്പിക്കുന്നതും, വൃത്തിയാക്കുന്നതും, മരുന്ന് കൊടുക്കുന്നതും, ഭക്ഷണം കഴിപ്പിക്കുന്നതതും എല്ലാം ഇച്ചായനായിരുന്നു. എന്തിനു അമ്മച്ചിയുടെ റൂം പോലും ഇച്ചായൻ ക്ലീൻ ആക്കും.
ഇഷ്‌ട്ട ഭക്ഷണം ഉണ്ടാക്കി കഴിപ്പിക്കും. അതുപോലെ വൃത്തിയില്ലാതെ അമ്മച്ചിയെ ഞാൻ കണ്ടിട്ടില്ല. എന്നും കുളിപ്പിക്കും, വേഷം മാറ്റും, മുടിയൊക്കെ നന്നായി ചീകി വൃത്തിയാക്കി കെട്ടും. എന്തിനു ഡൈ പോലും അടിച്ചു കറപ്പിക്കും…സാധാരണ ഒരു കിടപ്പു രോഗിയെ പോലെയേ അല്ലായിരുന്നു അന്നമ്മച്ചി.ആ ഇഷ്ടവും, പ്രണയവുമൊന്നും എഴുതാൻ എനിക്കറിയാന്മേല…
എന്തിനാ ഇച്ചായാ ഇങ്ങനെ കഷ്ടപ്പെടണെ, ഇതൊക്കെ ഹോം നേഴ്സ് ചെയ്യത്തില്ലായോ…എന്നു അന്നമ്മച്ചി ഇടയ്ക്കിടെ ചോദിക്കും. സത്യത്തിൽ ഈ പൊസ്സസ്സീവ്നെസ്സ് എന്നൊക്ക പറയില്ലേ…അതായിരുന്നു അങ്ങോർക്ക്…
എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്കാണ് അവകാശം, എന്നൊരു ലൈൻ…എന്തെങ്കിലുമൊരു ചെറിയ കാരണം വന്നാൽ പോലും ഉപേക്ഷിച്ചു അടുത്തത് തേടിപ്പോകുന്ന ലോകത്ത് ഇങ്ങനൊരു സ്നേഹവും, ആത്മാർത്ഥതയും എല്ലാം എനിക്കു വല്ലാത്തൊരു അനുഭവമായിരുന്നു…അതുപോലൊരു കെട്ട്യോനെ കിട്ടാനും വേണം യോഗം എന്നു തോന്നിപോകും
ബിപി കൂടിയും, ഷുഗർ കുറഞ്ഞു പോയുമൊക്കെ ഇടയ്ക്കിടെ അന്നമ്മച്ചി ഹോസ്പിറ്റലിൽ ആകും. അപ്പോഴും അങ്ങോരു തന്നെ കൂട്ട്. ഇടയ്ക്കിടെ കുട്ടിച്ചായൻ എന്നോട് പറയുവായിരുന്നു, ഞാൻ മരിക്കുന്നേന് പത്തു മിനിറ്റു മുന്നേ അവള് മരിക്കണം.
എന്റെ മക്കളവളെ പൊന്നുപോലെ നോക്കും. പക്ഷെ വേറാരു നോക്കിയാലും എനിക്കു തൃപ്തിയാവത്തില്ല കൊച്ചേ…അവൾക്കെന്തെങ്കിലുമൊരു കുറവ് വന്നാ എനിക്കു സഹിക്കത്തില്ല…അല്ല അങ്ങനെയവര് വരുത്തത്തില്ല എന്നാലും…
ഏന്റെ കുട്ടിച്ചാ ഏതു ലോകത്തായാലും നിങ്ങക്ക് നിങ്ങടെ അന്നകൊച്ചില്ലാതെ പറ്റത്തില്ല, അതോണ്ട് പോകുമ്പോ അന്നമ്മിച്ചിനേയും കൊണ്ടുപോകണം, അതല്ലേ കാര്യം…എന്നു ചോദിച്ചു ഞാനും കളിയാക്കും.
അതിനിടയിൽ എന്റെ വിവാഹം കഴിഞ്ഞു. എന്നാലും വരുമ്പോഴൊന്നും അവിടെ പോകുന്നത് ഞാൻ മുടക്കില്ലായിരുന്നു. ഞാൻ ഏഴുമാസം ഗർഭിണി ആയിരുന്ന സമയത്താണ് അന്നമ്മിച്ചിയെ ഹോസ്‌പിറ്റലൈസ് ചെയ്യുന്നത്. ഞാൻ അന്നു വീട്ടിലുണ്ടെങ്കിലും, പോകാൻ വാശിപിടിക്കും എന്നറിയാവുന്നതു കൊണ്ട് ആരും എന്നോടത് പറഞ്ഞില്ല.
എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് കുട്ടിച്ചായനും വിളിച്ചില്ല. അപ്പൻ ഏതോ കൂട്ടുകാരന് ആക്‌സിഡന്റ് അങ്ങനെന്തോ നുണ എന്നോട് പറഞ്ഞാണ് വീട്ടിന്നു പോയത്. പക്ഷെ വെളുപ്പിനൊരു അഞ്ചു മണിയായപ്പോ എന്റെ ഫോണിലേക്കു കുട്ടിച്ചായന്റെ ഫോണിന്നൊരു കാൾ വന്നു. കൊച്ചേ…എന്നു തളർച്ചയോടെ വിളിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
അപ്പോഴേക്കും ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് അമ്മച്ചി സത്യം പറഞ്ഞു. എന്നെ പറഞ്ഞു നിർത്താൻ പറ്റില്ലന്നു അറിയാവുന്നതുകൊണ്ട് എളേപ്പനെ വിളിച്ചു, ഞങ്ങള് ഹോസ്പിറ്റലിൽ എത്തി.
ഇച്ചായനെ അറിയിച്ചില്ലെങ്കിലും അന്നമ്മച്ചി കുറച്ചു ക്രിട്ടിക്കൽ കണ്ടിഷനിൽ ആയിരുന്നു… ബിപി കൂടി അങ്ങോരെയും അവിടെത്തന്നെ അഡ്മിറ്റ് ആക്കി. എന്നെ കണ്ടതും ഒരു കൊച്ചുകുഞ്ഞിനെ പോലെ അടുത്തിരുത്തി എന്നോട് ചേർന്നിരുന്നു. കൊച്ചേ എല്ലാവരും പറയുന്നുണ്ട് എന്റെ അന്നക്കൊച്ചിനു കുഴപ്പവൊന്നും ഇല്ലെന്നു…
പക്ഷെ അവളങ്ങു പോകാറായിന്നു എനിക്കു തോന്നുവാ. അവള് പോയാ ഞാനും കൂടെ പോകും.. നീ നോക്കിക്കോ…വിറയലോടെ കുട്ടിച്ചൻ പറഞ്ഞു. അങ്ങനങ്ങ് പോയാ നിങ്ങടെ മക്കക്ക് പിന്നെയാരാ…? ബിബിന്റെ കല്യാണം പിന്നാര് നടത്തും. അങ്ങനങ്ങു രണ്ടാളും പോകണ്ട…ഞാൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
അവന്റെ കാര്യൊക്കെ അവന്റെ പെങ്ങമ്മാരു നോക്കിക്കോളും…ആത്മവിശ്വാസത്തോടെ ഇച്ചായൻ പറഞ്ഞു. കെട്ട്യോളല്ലാതെ വേറൊന്നും ആ മനസ്സിലില്ലെന്നു തോന്നും സംസാരത്തിലും, പ്രവർത്തിയിലുമൊക്കെ…ഭക്ഷണം കഴിക്കാതെ വാശിപിടിച്ചപ്പോൾ വാരി കൊടുത്തത് ഞാനായിരുന്നു. വല്ലാത്തൊരു ദിവസമായിരുന്നു അതു.
ഉച്ചയായപ്പോഴേക്കും ചേച്ചിമാര് രണ്ടാളും ഓടിപ്പാഞ്ഞെത്തി. അപ്പന്റെ അടുത്തേക്കാണ് രണ്ടാളും ആദ്യം വന്നത്. ആ മനുഷ്യൻ, സ്നേഹം വിതച്ചു കൊയ്യുന്നതു ഞാൻ കാണുവായിരുന്നു. അമ്മച്ചി ഐസിയു വിൽ ആയതു കൊണ്ട് ഒപ്പം നിക്കാനൊക്കത്തില്ല. എന്നാലും വല്യേച്ചി അവിടെ പോയി. ഞാനും കുഞ്ഞേച്ചിയും ഇവിടെ.
എന്റെ കയ്യിൽ പിടിച്ചു കിടന്ന ആളുടെ പിടിത്തത്തിന്റെ ശക്തിയോടൊപ്പം ശ്വാസം എടുക്കാൻ കൂടെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴേക്കും അവർ ഡോക്ടറെ വിളിക്കാനോടി. രക്ഷിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പക്ഷെ മരണവെപ്രാളത്തിൽ ഇച്ചായൻ അമർത്തി പിടിച്ച എന്റെ കൈയ്യിൽ സ്റ്റിച്ചിടേണ്ടി വന്നു. ആ മുറിപ്പാടു നീറുന്നൊരോർമ്മയായി ഇന്നും കൈത്തണ്ടയിലുണ്ട്.
കുട്ടിച്ചൻ മരിച്ചു ഏഴുമണിക്കൂർ ആയപ്പോഴേക്കും അന്നമ്മച്ചിയെയും കൊണ്ടുപോയി. പരസ്പരം മരണവാർത്ത അറിയാതെ ഒരുമിച്ച് അങ്ങേ ലോകത്തെത്താനും ഭാഗ്യം ചെയ്യണം…അടുത്തടുത്ത കല്ലറകളിലായി രണ്ടുപേരും ചേർന്നുറങ്ങി.
ഒരുപാട് വിഷമമെല്ലാവർക്കും ഉണ്ടായിരുന്നു എങ്കിലും, ഒരാളില്ലാതെ മറ്റെയാളില്ല എന്നു പറഞ്ഞു എല്ലാവരും ആശ്വസിക്കാൻ ശ്രമിച്ചു.
പിന്നെയും വർഷങ്ങൾ കടന്നു പോയി, ഇന്നു ബിബിയുടെ വിവാഹമാണ്. രണ്ടു പെങ്ങൻമ്മാരും കൂടി ആലോചിച്ചന്വേഷിച്ചു അവന്റെ മനസ്സിന് പിടിച്ച കുട്ടിയെ കണ്ടെത്തി. ഓടി നടക്കുകയാണ് ചേച്ചിമാർ പൊന്നാങ്ങളയുടെ കല്യാണം ആഘോഷമാക്കാൻ.
എല്ലാം തികഞ്ഞ കൂടപ്പിറപ്പുകൾക്കുപോലും ഇത്രയും സ്നേഹമുണ്ടാകില്ലെന്നു, പണ്ട് ഇച്ചായനെ തള്ളിപ്പറഞ്ഞവർ ഒന്നടങ്കം പറയുന്നു. ആ മക്കളുടെ സ്നേഹം അപ്പനമ്മമാരുടെ പ്രണയത്തിന്റെ, സത്യത്തിന്റെ, സ്നേഹത്തിന്റെ പുണ്യമാണ്…
മിന്നുകെട്ട് കഴിഞ്ഞു മക്കളും, മരുമക്കളും, കൊച്ചുമക്കളും ചേർന്ന് അപ്പന്റെയും, അമ്മയുടെയും കല്ലറയിൽ അനുഗ്രഹം തേടിയെത്തിയപ്പോൾ കാലം തെറ്റി പെയ്ത മഴയുടെ രൂപത്തിലവർ അനുഗ്രഹം മക്കളുടെ മേൽ ചൊരിഞ്ഞു…
ആത്മാക്കളുടെ സന്തോഷമാണല്ലോ മഴ…മഴയിൽ വിരിഞ്ഞ മഴവില്ലായി സപ്തവർണ്ണങ്ങൾ ആകാശത്തു വിരിഞ്ഞപ്പോൾ ഭൂമിയിൽ സ്വർഗം തീർത്തവരുടെ സ്നേഹം മക്കളുടെ മേൽ പെയ്തിറങ്ങുകയായിരുന്നു…
വാൽകഷ്ണം: പുനർവിവാഹിതരായവരെ എന്നും രണ്ടാം കണ്ണിലൂടെ മാത്രം സമൂഹം കാണുമ്പോൾ, കാര്യമറിയാതെ കുറ്റപ്പെടുത്തുമ്പോൾ, അപവാദം പറയുമ്പോൾ അവരുടെ അവസ്ഥകളും, കടന്നു വന്ന ജീവിതവും ചിന്തിക്കണം. നമുക്കറിയില്ല അവർ അനുഭവിച്ച ദുരന്തങ്ങൾ, അവരുടെ അവസ്ഥകൾ, ജീവിത സാഹചര്യങ്ങൾ…
സിനിമയിൽ ഇത്തരം കഥാപാത്രങ്ങൾ സൂപ്പർ ഹീറോകളാകുമ്പോൾ ജീവിതത്തിൽ അവിഹിതക്കാരും, തെറ്റുകാരും മാത്രമാകുന്നു. അങ്ങനെ ആക്കാനാണ് സമൂഹത്തിനിഷ്ടം. സ്വന്തം മനസ്സിലെ ദുഷിപ്പാണ് പലരും പറഞ്ഞു തീർക്കുന്നതെന്നു തോന്നാറുണ്ട്. അന്തസായി പുനർവിവാഹം ചെയ്ത് ജീവിക്കുന്നവരുണ്ട്.
ജന്മം കൊടുത്ത മക്കളെ സ്വാർത്ഥതക്കു വേണ്ടി കൊന്നു കളയുന്നവരുള്ള ലോകത്ത്, പരസ്പരം വഞ്ചിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ രക്തബന്ധത്തേക്കാൾ സ്നേഹത്തിനും, മനുഷ്യത്വത്തിനും വില കൊടുക്കുന്നവരുണ്ട്. കർമ്മം കൊണ്ട് പുണ്യമായി തീരുന്നവരുണ്ട്. അതിനു ആദ്യവിവാഹമെന്നോ, പുനർവിവാഹമെന്നോ വേർതിരിവുകളൊന്നുമില്ല.
പിന്നെ സ്വർഗ്ഗവും, നരകവുമൊക്കെ ഇങ്ങു ഭൂമിയിൽ തന്നന്നേ…ഏതു വേണമെന്നതു നമ്മുടെ ചോയ്‌സും .