അനുപമ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. കട്ടിലിൽ കിടന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ടായിരുന്നു വിഷ്‌ണു…

by pranayamazha.com
29 views
ഒരുനാൾ
രചന: Unni K Parthan

:::::::::::::::::::

നീ എന്ന് ന്റെ മോന്റെ തലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദുരിതം…അമ്മായമ്മയുടെ പ്രാക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ….

ഒന്നും മിണ്ടാതെ മുറ്റമടിക്കാനുള്ള ചൂലുമായി അനുപമ മുറ്റത്തേക്ക് നടന്നു…പതിയെ കുനിഞ്ഞു പക്ഷെ നടു വളയുന്നില്ല…ഒമ്പതാം മാസം ആണ്…നിറവയറിൽ പതിയെ തലോടി കൊണ്ട് അനുപമ കുറച്ചു നേരം നിന്നു. വയ്യായ്ക മാറ്റി വെച്ചു കൊണ്ട് അവൾ പതിയെ മുറ്റമടിക്കാൻ തുടങ്ങി. പതിയെ പതിയെ ഒരു കണക്കിന് അവൾ മുറ്റമടിച്ചു ചൂല് തറയുടെ സൈഡിലേക്ക് വെച്ചു. കാലു കഴുകി അടുക്കളയിലേക്ക് ചെന്നു.

സാധരണ പ്രസവം ഭർത്താവിന്റെ വീട്ടുകാരല്ല നോക്കുന്നത്…ഇവിടെ എങ്ങനെ…പെങ്കോന്തൻ അല്ലേ അവൻ…മൂട്ടിൽ നിന്നും മാറാൻ കഴിയോ അവനു അവളുടെ…വിലാസിനി പറഞ്ഞുകൊണ്ടേ ഇരുന്നു.

അനുപമ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. കട്ടിലിൽ കിടന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ടായിരുന്നു വിഷ്‌ണു. ഒന്നും മിണ്ടാതെ കിടന്നു അവൻ.

കെട്ടിച്ചു വിട്ടാൽ എല്ലാം കഴിഞ്ഞു എന്ന് കരുതിയാവും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തത് നിന്റെ വീട്ടുകാർ…അതെങ്ങനെ മയക്കി എടുത്തതല്ലേ എന്റെ മോനെ, കണ്ണും കയ്യും കാട്ടി എന്റെ മോനെ അങ്ങ് വശീകരിച്ചു. എന്നിട്ട് ചുളുവിൽ ഇങ്ങ് കൂടെ പോന്നു.

പെട്ടന്ന് കയ്യിൽ ഇരുന്ന മീൻചട്ടി എടുത്തു തറയിൽ ഒറ്റ ഏറു കൊടുത്തു അനുപമ. അനുപമയുടെ മുഖം കണ്ടു വിലാസിനി ഒന്നു ഞെട്ടി…രണ്ടടി ഒന്നു പുറകിലേക്ക് വെച്ചു പതിയെ…

ദേ തള്ളേ…അമ്മേ എന്ന് വിളിച്ച നാവു കൊണ്ട് അരുതാത്തത് വിളിപ്പിച്ചത് നിങ്ങളാ…ഇനി ഒരക്ഷരം ഇവിടെ മിണ്ടിയാൽ നിങ്ങടെ തല അടിച്ചു പൊളിക്കും ഞാൻ.

കയ്യിൽ കിട്ടിയ ഫ്രൈപാൻ എടുത്തു വിലാസിനിയുടെ നേർക്ക് ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു. വിലാസിനി ശരിക്കും ഞെട്ടി. ഇത്രയും കാലത്തിന്റെ ഇടയിൽ ആദ്യമായാണ് അനുപമയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രതികരണം…

എന്റെ കാലു ഇവിടെ കുത്തിപ്പൊ മുതൽ നിങ്ങടെ കുടുംബത്തിൽ ന്താ ഉണ്ടായത്…ഞാൻ അങ്ങനെ വലിഞ്ഞു കേറി വന്നതൊന്നുമല്ല. നല്ല രീതിയിൽ തന്നാ ന്റെ വീട്ടുകാർ എന്നെ കെട്ടിച്ചു വിട്ടത്…കയ്യ് നിറയെ സ്വർണവുമായി തന്നാ കേറി വന്നത്. പിന്നെ ഞാൻ ആരെയും കയ്യും കലാശവും കാണിച്ചിട്ടും ഇല്ല…ന്റെ സ്വർണം ഊരി വാങ്ങിയിട്ടല്ലേ തള്ളേ നിങ്ങടെ മോൾടെ കല്യാണം നടത്തിയത്. എനിക്ക് തന്ന സ്ഥലം പണയം വെച്ചിട്ടല്ലേ നിങ്ങൾ ഈ കൊട്ടാരം പോലുള്ള വീട് പണിതത്. ന്റെ ശമ്പളം കൊണ്ടല്ലേ നിങ്ങൾ ആ ലോൺ പോലുമടക്കുന്നതു…എന്നിട്ട് പറയുന്നത് കേട്ടാൽ തോന്നും ഞാൻ അങ്ങ് ഒന്നുമില്ലാതെ വലിഞ്ഞു കേറി വന്നതാണ് ന്ന്….

രണ്ടാമത്തെ പ്രസവം ഏതു പെണ്ണിന്റെ വീട്ടുകാരാ നോക്കാറ്…ഞങ്ങളുടെ നാട്ടിൽ ആദ്യ പ്രസവം പെണ്ണിന്റെ വീട്ടുകാര് നോക്കും…എന്നേം നല്ല അന്തസു പോലെ ഏഴാം മാസം കൊണ്ടുപോയി പ്രസവോം നടത്തി എല്ലാ ചടങ്ങും നടത്തിയാ വിട്ടത്. എന്നിട്ട് ഞാൻ ഇപ്പൊ വലിഞ്ഞു കേറി വന്നവൾ…നിന്നു വിറക്കുകയായിരുന്നു അനുപമ.

നിങ്ങടെ മോൾടെ ന്ത്‌ കാര്യം ഉണ്ടെങ്കിലും ന്റെ ഒരു വള ഊരാതെ ആ കാര്യം നിങ്ങൾ നടത്തിട്ടുണ്ടോ ഇവിടെ…?ഇനീം പറയണോ ഞാൻ…ഇനി മേലാൽ എന്നെ അനാവശ്യമായി ചീത്ത പറഞ്ഞാൽ ഓർത്തോ ഇന്ന് പൊട്ടിയ ഈ മീൻചട്ടി പോലെ നിങ്ങടെ തലയും ചിതറും…അതും പറഞ്ഞു അനുപമ റൂമിലേക്ക് നടന്നു. ഞെട്ടി തരിച്ചു നിൽക്കുകയാണ് വിലാസിനി…

റൂമിലേക്ക് കയറും മുൻപ് അവിനാഷ്, വിഷ്‌ണുവിന്റെ അനിയൻ ഓടി വന്നു കയ്യിൽ പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു…ഇത് കലക്കി ഏട്ടത്തി…ഇങ്ങനെ തന്നെ പറയണം. സഹിക്കുന്നതിനും ഒരു പരിധിയില്ലേ…ഇനി അമ്മ അനങ്ങില്ല. ചിരിച്ചു കൊണ്ട് അവിനാഷ് പറയുന്നത് കേട്ട് അവൾ റൂമിലേക്ക്‌ കടന്നു. ഡോർ അടച്ചു കുറ്റിയിട്ട് വിഷ്‌ണുവിന്റെ അടുത്ത് വന്നിരുന്നു.

എന്നാലും…ന്റെ അനു ഇതൊക്കെ കയ്യിൽ ഉണ്ടായിരുന്നോ…? ചിരിച്ചു കൊണ്ട് അവളെ നോക്കി കൊണ്ട് വിഷ്ണു ചോദിച്ചു.

അനുപമ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ ദേഹത്തേക്ക് കിടന്നു. വിഷ്‌ണു അവളെ ചേർത്ത് പിടിച്ചു…എന്നാലും ഏട്ടാ…ന്റെ നാവിൽ നിന്നും അരുതാത്തത് വന്നുല്ലോ…വിമ്മി കൊണ്ട് അവൾ പറഞ്ഞു.

ഇതിന്റ ഒരു കുറവ് അമ്മയ്ക്ക് ഉണ്ടായിരുന്നു. അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു…ഇനി അമ്മ കുറച്ചു ഒതുങ്ങിക്കോളും. എന്നാലും നീ പറഞ്ഞത് പോലെ ചെയ്യോ…ഇനി അമ്മ പറഞ്ഞാൽ തല അടിച്ചു പൊട്ടിക്കൊ…

ഒന്നു പോ ഏട്ടാ…അതും പറഞ്ഞു വിഷ്ണുവിന്റെ നെഞ്ചിലേക്ക് കൂടുതൽ പൂണ്ടു അവൾ. വിഷ്ണു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു…

You may also like

Leave a Comment