അതും ഇന്നത്തെ കാലത്ത് ആരാണ് മെനക്കെട്ടിരുന്നു എഴുതുന്നത്. ഫോണിലൊന്ന് കുത്തിയാൽ മതീല്ലോ

by pranayamazha.com
12 views

അമ്മയറിയാൻ….

രചന: ശാലിനി മുരളി

:::::::::::::::::::::::::::

“അമ്മൂമ്മേ.. “

മീനുക്കുട്ടി ചാടിമറിഞ്ഞു വരുന്നത് കണ്ടപ്പോൾ പേടിച്ചു പോയി. “എന്താ എന്ത് പറ്റി..”

“ദാ ! അമ്മൂമ്മയ്ക്കൊരു കത്തുണ്ട്…”

ഒന്ന് അന്ധാളിച്ചുപോയി. എനിക്കോ ? അതും ഇന്നത്തെ കാലത്ത് ആരാണ് മെനക്കെട്ടിരുന്നു എഴുതുന്നത്. ഫോണിലൊന്ന് കുത്തിയാൽ മതീല്ലോ. പോരെങ്കിൽ വാട്സ്ആപ്പോ അങ്ങനെ എന്തൊക്കെയോ ഉള്ളപ്പോൾ !! വടിവൊത്ത അക്ഷരത്തിൽ തന്റെ പേര് എഴുതിയ കത്ത് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ പിടികൂടിയത് പോലെ…പണ്ടൊക്കെ എന്തോരം കത്തുകൾ എഴുതി കാത്തിരുന്നിട്ടുണ്ട് !

“മോളെ മീനൂട്ടി അമ്മൂമ്മയുടെ ആ കണ്ണട കൂടി ഒന്നെടുത്തു തന്നിട്ട് പോകൂ…”

കൈയിലേക്ക് കണ്ണടയുടെ കവർ പിടിപ്പിച്ചിട്ട് അവൾ വന്നതിലും ധൃതിയിൽ പുറത്തേക്ക് ഓടിപ്പോയി…മെല്ലെ കത്ത് പൊട്ടിച്ചു തുറന്നു നോക്കി…ആരുടേതാവും…? എഴുതിയ ആളിന്റെ പേരും സ്ഥലവുമൊന്നുമില്ല.

*****************

എത്രയും സ്നേഹം നിറഞ്ഞ അമ്മയ്ക്ക്,

ഗായത്രിയാണ്…ഒരപേക്ഷയുണ്ട്, കത്ത് കീറിക്കളയരുത്. ഈ പേര് കാണുമ്പോൾ അമ്മയുടെ മുഖത്തേക്ക് ഇരച്ചു കയറുന്ന വെറുപ്പ് ഞാൻ കാണുന്നുണ്ട്. ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിലോ എന്ന് കരുതി മാത്രമാണ് ഇങ്ങനെ ഒരു കത്ത് എഴുതാമെന്ന് തീരുമാനിച്ചത്.

അമ്മയ്ക്ക് സുഖം ആണോയെന്ന് ഞാൻ ചോദിക്കേണ്ടതില്ലെന്ന് അറിയാം. സ്നേഹമുള്ള മകനോടും മരുമകളോടും കൊച്ചു മക്കളോടുമൊപ്പമുള്ള ഒരു ജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്ന അമ്മയെ ഞാൻ മനസ്സിൽ കാണുന്നുണ്ട്. ഞാനും മക്കളും സുഖമായിരിക്കുന്നു. എങ്കിലും നികത്താനാവാത്ത ഒരു വലിയ നഷ്ടം ഞങ്ങൾക്ക് മാത്രമായ് എപ്പോഴും കൂടെയുണ്ടായിരിക്കും !!

ഇന്ന് എനിക്ക് മറക്കാനാവാത്ത ഒരു ദിനം കൂടിയാണ്. എന്റെ കഴുത്തിൽ താലി ചാർത്തിയ പുരുഷനോടൊപ്പം ആദ്യമായി ആ വീട്ടിലേക്ക് കയറി വന്ന ആ നിമിഷങ്ങളൊന്നും ഒരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ലല്ലോ…

ഒരു അനാഥ പെണ്ണിനെ കല്യാണം കഴിച്ചു തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ അമ്മയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ പോലും അങ്ങനെയൊക്കെയേ പ്രതികരിക്കുമായിരുന്നുള്ളൂ !

മൂത്ത മകന്റെ വിവാഹം ഏതൊരമ്മയുടെയും സ്വപ്നമാണ്. പക്ഷെ പ്രണയിച്ച പെണ്ണിനെ എന്നന്നേയ്ക്കുമായി മറന്നു കളഞ്ഞേക്കാൻ അന്ത്യശാസനം കൊടുത്ത വീട്ടിലേക്ക് തന്നെ അവളെ വിവാഹം കഴിച്ചു കൂട്ടിക്കൊണ്ട് വരണം എന്നത് അമ്മയുടെ വാശി അതേപോലെ പകർന്നു കിട്ടിയ മകനിലും ഒരുപടി കൂടുതലായിരുന്നു എന്ന് മാത്രം…

എന്തോ മകന്റെ മുഖത്ത് നോക്കി ഇറങ്ങിപ്പോകാൻ പറഞ്ഞില്ല. ഭാഗ്യം..!!എങ്കിലും അപമാനം കൊണ്ട് ചുളിഞ്ഞു പോയ ഒരുപാട് മുഖങ്ങൾ കണ്ടു. പെണ്ണ് സുന്ദരി ആയിട്ട് എന്താ കാര്യം…? ജാതി ഏതാ…തന്തയാരാ…തള്ളയാരാ…എന്നറിയാത്ത ഒരനാഥ ! നാലാളുടെ മുന്നിൽ നിർത്തി പറയാൻ കൊള്ളുന്നതാണോ ഇത് വല്ലതും…

അടുക്കള മുറ്റത്തെ അലക്ക് കല്ലിൽ ഇരുന്നു കൊണ്ട് അനിയനോട് പതം പറഞ്ഞു കരയുന്ന അമ്മയുടെ മുഖം ഇന്നും എന്റെ ഉള്ളിലുണ്ട്…ഒഴിഞ്ഞു മാറാൻ ആവുന്നതും നോക്കിയതാണ്. പക്ഷെ വിവാഹം കഴിക്കുന്നെങ്കിൽ നിന്നെ മാത്രമെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ…അമ്മേ ഞാനും ഒരു പെൺകുട്ടിയല്ലേ…സ്വന്തമെന്ന് പറയാൻ ഓർഫനേജിലെ സഹോദരങ്ങൾ അല്ലാതെ മറ്റാരുമില്ലാത്ത എനിക്ക് നേരെ വെച്ച് നീട്ടിയ സുരക്ഷിതമായ കരങ്ങൾ കണ്ടില്ലെന്ന് നടിക്കാനായില്ല…ഉറച്ച സ്വരത്തോടെ നിന്നെ മാത്രം മതിയെന്ന് പറയുന്ന ഒരു പുരുഷനെ വേണ്ടന്നു വെയ്ക്കാൻ എനിക്കായില്ല…മാപ്പ്…

അമ്മ മാത്രമായിരുന്നില്ല എന്നോട് അകൽച്ച കാണിച്ചത്. വീട്ടിലെ വേലയ്ക്കു വരുന്ന ജാനുവിനു പോലും എന്നെ പുച്ഛമായിരുന്നു. പക്ഷെ നീ എനിക്ക് വേണ്ടി ഇതെല്ലാം സഹിക്കണം എന്ന് പറയുന്ന ആളിന് വേണ്ടി എന്റെ ജീവൻ കൊടുക്കാൻ പോലും ഞാൻ തയ്യാറായിരുന്നു…

അതുവരെ ഒരു കുടുംബത്തിൽ ജീവിക്കാൻ ഭാഗ്യമില്ലാതിരുന്ന എനിക്ക് അമ്മയായിരുന്നു എല്ലാത്തിനും മാതൃക. അമ്മയുടെ ധൈര്യവും, തന്റേടവും കുടുംബ സ്നേഹവും ആജ്ഞാ ശക്തിയും കണ്ടു ഞാനും അമ്മയെ പോലെയാകാൻ കൊതിച്ചു. ഏതൊക്കെ വിധത്തിൽ ചവുട്ടി താഴ്ത്താൻ നോക്കിയിട്ടും പിടിച്ചു നിന്നത് ആ വീട്ടിലുള്ള എല്ലാവരെയും എന്നേക്കാൾ അധികമായി ഞാൻ സ്നേഹിച്ചു പോയത് കൊണ്ട് മാത്രമാണ്.

അമലും ആനന്ദിയും ഉണ്ടായപ്പോൾ പോലും അവരുടെ അമ്മയായ എന്നോടുള്ള കടുംപിടുത്തത്തിനു അയവു വന്നില്ല. അനിയൻ വിവാഹം കഴിച്ചു കൊണ്ട് വന്ന വലിയ വീട്ടിലെ പെൺകുട്ടിയെ അമ്മ താഴത്തും തറയിലും വെയ്ക്കാതെ കൊണ്ട് നടന്നു. ഓരോ കുറ്റങ്ങൾ കണ്ടു പിടിച്ച് അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി.

സേതുവേട്ടന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങൾ പോകുന്നത് വരെയും അമ്മയുടെ ഭാഗത്ത്‌ നിന്നും ഞാൻ പ്രതീക്ഷിച്ച, അല്ലെങ്കിൽ കൊതിച്ച സ്നേഹം മാത്രം കിട്ടിയില്ല. സേതുവേട്ടൻ ഞങ്ങളെ വിട്ട് പോകുന്നത് വരെ പൊന്നുപോലെയാണ് നോക്കിയത്.

അന്ന് ആ ശരീരം ചിതയിലേക്കെടുക്കുമ്പോഴും അമ്മ കുറ്റപ്പെടുത്തിയത് ഈ ശപിക്കപ്പെട്ട എന്നെ മാത്രമായിരുന്നു ! എന്റെ ഐശ്വര്യക്കേട്‌ കൊണ്ടാണത്രേ മകന് അകാല മരണം സംഭവിച്ചത്…അച്ഛന്റെ അതേ അസുഖം ആയിരുന്നു മകനും എന്ന് ആരൊക്കെയോ അടക്കിയ സ്വരത്തിൽ പറയുന്നത് ഞാനും കേട്ടിരുന്നതാണ്.

പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഷ്ടപ്പെട്ടത് എനിക്കും എന്റെ മക്കൾക്കും മാത്രമായിരുന്നു. അന്ന് വീണ്ടും പടിയിറങ്ങുമ്പോൾ ഒരു വിലക്കിനായി അറിയാതെ മോഹിച്ചു പോയത് സത്യമായിരുന്നു. എന്റെ സേതുവേട്ടൻ ജനിച്ചു വളർന്ന ആ മണ്ണിൽ ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.

പക്ഷെ നിങ്ങൾ പോകരുത് എന്നൊരു വാക്ക് ആരിൽ നിന്നുമുണ്ടായില്ല !! ഒരു കുറ്റവാളിയെ പോലെ തലയും കുമ്പിട്ട് രണ്ട് പിഞ്ചു മക്കളെയും ചേർത്ത് പിടിച്ചു ഞാൻ ആ പടിയിറങ്ങിയത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കായിരുന്നു.

സേതുവേട്ടന്റെ ജീവനായിരുന്ന മക്കളെ വളർത്തി നല്ല നിലയിലാക്കണം എന്നൊരൊറ്റ ലക്ഷ്യം മാത്രം എന്റെ മുന്നിൽ നീണ്ടു നിവർന്നു കിടന്നത് കൊണ്ട് മുന്നോട്ട് വെച്ച ചുവടുകളൊന്നും പാളി പോയില്ല. അനാഥയെങ്കിലും പഠിക്കാൻ മിടുക്കിയായതു കൊണ്ട് നേടിയെടുത്ത വിലപിടിപ്പുള്ള കുറച്ചു സർട്ടിഫിക്കറ്റ് കയ്യിലുള്ളത് വെച്ച് ജോലി കിട്ടാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഇന്ന് എന്റെ…അല്ല അമ്മയുടെ കൊച്ചു മക്കൾ രണ്ട് പേരും പഠിച്ചു നല്ല നിലയിൽ എത്തിച്ചേർന്നിരിക്കുന്നു…ഓരോ പടവുകൾ കയറുമ്പോഴും ഇടയ്ക്കൊക്കെ ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ലാത്ത അച്ഛന്റെ വീടിന്റെ കഥ ഞാൻ അവരെ ഓർമിപ്പിക്കും. പ്രായം ചെന്ന ഒരു അച്ഛമ്മയുടെയും !

രണ്ടാളും കാത്തിരിക്കുകയാണ്. ഒരിക്കൽ അവർ അച്ഛമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം നേടാൻ എത്തുമ്പോൾ ആട്ടിപ്പായിക്കരുത് എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. ഒരു അവകാശവും അവർക്ക് വേണ്ട. ഞാൻ ഇതുവരെ കഷ്ടപ്പെട്ടത് മുഴുവനും അവർക്ക് മാത്രമുള്ളതാണ്…

ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണായിരുന്ന എനിക്ക് ഇത്രയും തന്റേടം കിട്ടിയത് അമ്മയിൽ നിന്ന് മാത്രമാണ്. അതിന് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്…ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്. പക്ഷെ വയ്യാ…സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് എന്ന് എപ്പോഴും സേതുവേട്ടൻ പറയുമായിരുന്നു. അത് അമ്മയ്ക്കില്ലാതെ പോയെന്നും…

എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു തരി സ്നേഹമെങ്കിലും ഈ മൂത്ത മരുമകളോട് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം…ഒരു കാര്യത്തിൽ അമ്മയ്ക്ക് അഭിമാനിക്കാം. ഈ ഭൂമിയിൽ ആരും അനാഥരായി പിറന്നു വീഴുന്നില്ല. ഓരോ സാഹചര്യങ്ങൾ അവരെ അനാഥരാക്കുകയാണ്. അങ്ങനെ ഉള്ളവർക്ക് ഒരു ജീവിതം കൊടുക്കുന്ന നല്ല മനുഷ്യരാണ് ഭൂമിയിലെ ദൈവങ്ങൾ. അമ്മയുടെ മകൻ എനിക്ക് ദൈവമാണ്.

ഞാനും എന്റെ മക്കളോട് പറഞ്ഞു കൊടുക്കുന്ന നല്ല കാര്യങ്ങളിൽ ഒന്ന് അത് മാത്രമാണ്. ആരോരുമില്ലാത്തവർക്ക് അഭയമാകുമ്പോഴേ നമ്മൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകൂ എന്ന്…ഇനിയും ഒരുപാട് എഴുതി അമ്മയെ വിഷമിപ്പിക്കുന്നില്ല. ഇന്ന് സേതുവേട്ടൻ കൂടെയുണ്ടായിരുന്നുവെങ്കിൽ ഈ ദിനം ഞങ്ങൾ ആഘോഷത്തോടെ കൊണ്ടാടിയേനെ !

ഇരുപതാം വിവാഹവാർഷികത്തിൽ കൂടെയില്ലാത്ത ആൾക്ക് വേണ്ടി മനമുരുകുന്ന ഹൃദയത്തോടെ കഴിയുന്ന അമ്മയുടെ ഈ മരുമകളെ ഇനിയെങ്കിലും വെറുക്കരുതേ എന്ന അപേക്ഷയോടെ നിർത്തുന്നു.

സ്നേഹപൂർവ്വം…ഗായത്രി…

ശേഷം കണ്ണടയ്ക്കുള്ളിലേക്കടർന്നു വീണ നീർതുള്ളികൾ കാരണം കത്തിലെ അക്ഷരങ്ങൾ അവ്യക്തമായി തുടങ്ങിയിരുന്നു. കണ്ണട ഊരി മീനൂട്ടിയെ നീട്ടിയൊന്ന് വിളിച്ചു.

“മോളെ അച്ഛനോട് ഒന്ന് പറയണം നാളെ നമുക്ക് ഒരിടം വരെ പോകണമെന്ന് കേട്ടോ…”

“എവിടെയാ അമ്മൂമ്മേ…?”

“അതൊക്കെ ഉണ്ട്. പറയാം…നാളെ പുലർച്ചെ എല്ലാവരും എഴുന്നേറ്റു തയാറായിക്കൊള്ളണം കേട്ടോ…”

മീനൂട്ടി അതുകേട്ടു സന്തോഷത്തോടെ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുന്നത് നോക്കിനിൽക്കുമ്പോൾ അങ്ങ് അകലെ തന്റെ സേതുവിന്റെ ആത്മാവ് അമ്മേ…എന്ന് നീട്ടി വിളിക്കുമ്പോലെ അവർക്ക് തോന്നി.

You may also like

Leave a Comment