ഒരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണിച്ചു പരവശനായ് വരാന്തയില്‍ ഇരിക്കുന്ന രമേശേട്ടനെ…

മനസ്സമാധാനം

രചന: NKR മട്ടന്നൂർ

————————

മതിമറന്നു പോയിരുന്നു രശ്മി…

ഒന്നര ലക്ഷം രൂപയോളം മാസ ശമ്പളം കിട്ടുന്ന ഭര്‍ത്താവിനെ അവള്‍ ആവോളം ചതിച്ചു…ചിലവുകള്‍ പെരുപ്പിച്ചും കണ്ണീരു കാട്ടിയും ഓരോ മാസത്തെ ചിലവുസംഖ്യ കുത്തനെ കൂട്ടി…

വല്ലതും മിച്ചം വെച്ചാല്‍…വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കും, തനിക്കും കൂടി ഉപകാരമാവില്ലേ എന്ന് ഓര്‍ക്കേണ്ടവള്‍…സ്വന്തം ഭംഗി കൂട്ടാനും വില കൂടിയ വസ്ത്രങ്ങളണിഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ പൊങ്ങച്ചം കാട്ടാനും ആവോളം ശ്രമിച്ചു…

അതിന്‍റെ ഫലമോ ലക്ഷങ്ങള്‍ വന്നു കിടന്ന ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ ഇപ്പോള്‍ രണ്ടു ലക്ഷം രൂപ പോലും മിച്ചമില്ല. ഓരോ മാസവും നശിപ്പിക്കുന്ന പണത്തേക്കുറിച്ചവള്‍ ഓര്‍ത്തതേ ഇല്ല…ഇതു നല്ലതിനല്ല മോളേ എന്നു പറഞ്ഞ് ഉപദേശവുമായ് വന്ന അമ്മായിഅമ്മയെ അടിക്കാതെ വിട്ടത് അവരുടെ ഭാഗ്യം.

ഒരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍ ക്ഷീണിച്ചു പരവശനായ് വരാന്തയില്‍ ഇരിക്കുന്ന രമേശേട്ടനെ കണ്ട് രശ്മി ഞെട്ടിപ്പോയി…

രണ്ടു വര്‍ഷം കഴിഞ്ഞ്…അതായത് അടുത്ത മാസം ലീവിന് വരാനിരിക്കുന്ന….ഭര്‍ത്താവിന്‍റെ വരവ് ഒരാഘോഷമാക്കാനിരിക്കേയാ…ആരേയുമറയിക്കാതെ, അതും ഒരു കള്ളനെ പോലെ ആളിതാ വീട്ടുമുറ്റത്തെത്തിയിരിക്കുന്നു.

എന്തുപറ്റിയതാ എന്‍റെ രമേശേട്ടന് എന്നു ചോദിച്ച് അയാളെ ആശ്വസിപ്പിക്കേണ്ട രശ്മിയുടെ മൂക്കിന്‍ തുമ്പ് ദേഷ്യത്താല്‍ വിറച്ചു…കഠിനമായ സങ്കടം കാരണം അവള്‍ വായില്‍ തോന്നിയതെല്ലാം വിളിച്ചു കൂവി…എങ്കിലും തെറി വിളിയുടെ ശബ്ദം നാട്ടിലാരും കേള്‍ക്കാതിരിക്കാനവള്‍ ശ്രദ്ധിച്ചിരുന്നു…

രണ്ടു മൂന്നു മാസം കൊണ്ട് കുറേ ലക്ഷങ്ങള്‍ അടിച്ചു പൊളിച്ചു തീര്‍ത്തതും പോരാതെ, അതിനായ് കഠിനാധ്വാനംചെയ്ത ആ പാവത്തോട് ഒരിറ്റു കരുണ കാട്ടാതെ പ്രാകുകയും ചെയ്തു.

അദ്ദേഹത്തിന് ഒരിറ്റു വെള്ളം കുടിക്കാനോ ഒരു നേരത്തെ ആഹാരം വച്ചു വിളമ്പാനോ മുതിരാതെ രാവിലെ കിടക്കയില്‍ പോയി വീണതാ രശ്മി…രമേശേട്ടന്‍റെ കോലം കാണുമ്പോള്‍ ജോലി നഷ്ടപ്പെട്ട് അറബി ഏതോ വിമാനത്തില്‍ കയറ്റി വിട്ടതുപോലുണ്ട്…

ഈശ്വരാ ഈ നാട്ടില്‍ രണ്ടു വര്‍ഷത്തോളമായ് രശ്മിക്കുള്ള ആ വലിയ ഇമേജ് നഷ്ടമാവാന്‍ പോവുകയാണോ…? ഇത്ര നാളും നയിച്ച ആ പൊങ്ങച്ചം നിറഞ്ഞ ജീവിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചു മാത്രം ഓര്‍ത്തു കിടന്നത് കാരണം അവളുടെ മിഴികള്‍ പുഴകള്‍ പോലെ ഒഴുകി.

അപ്പോള്‍…പണത്തെ മാത്രം സ്നേഹിക്കാന്‍ പഠിച്ച…വന്ന വഴി മറന്നു പോയ…പുതിയ രശ്മിയുടെ ആ പഴയ കാലം…ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന രശ്മിയെ ഓര്‍ത്ത് പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു ഒരാള്‍…

അനുവദിച്ചു കിട്ടിയ ലീവ് ഒരു മാസം മുന്നേ ക്യാന്‍സല്‍ ചെയ്ത് രമേശന്‍ തന്‍റെ ജോലി സ്ഥലത്തേക്ക് പറക്കാന്‍ നഗരത്തിലെ മുന്തിയ ഹോട്ടലീന്ന് ഒരുങ്ങുകകയായിരുന്നു…ഒന്നും ആരോടും പറയാത്ത ആ മനസ്സ് അപ്പോളൊരു അലകടല്‍ പോലായിരുന്നു…അന്നു രാത്രി അങ്ങനെ കൊഴിഞ്ഞു പോയി.

പിറ്റേന്ന് രാവിലെ ഉണര്‍ന്നു കുട്ടികളെ സ്കൂളിലേക്കയച്ചു…വെറുതേ കട്ടിലില്‍ വന്നു കിടന്നു. ഇന്നലെ എന്തൊക്കെയാ സംഭവിച്ചത്…? രമേശേട്ടനെവിടേയാ പോയത്..?

ഒരായിരം ചോദ്യങ്ങള്‍ തലയ്ക്കുള്ളില്‍ കിടന്ന് അലറിവിളിച്ചപ്പോള്‍ അവള്‍ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. ഫോണെടുത്ത് രമേശേട്ടന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു.

സ്വിച്ചോഫ് എന്ന മറുപടി പത്തു തവണ ആവര്‍ത്തിച്ചപ്പോള്‍ അവള്‍ മൊബൈല്‍ ഫോണിനോട് നിറഞ്ഞു വന്ന ദേഷ്യം തീര്‍ത്തു. അങ്ങനെ ഒരു വിവരങ്ങളുമറിയാതെ രമേശേട്ടന്‍ പോയവഴിയേ നോക്കി നിന്ന അവള്‍ക്കു മുന്നിലൂടെ കുറച്ചു മാസങ്ങള്‍ കടന്നു പോയി.

എങ്ങനെ ചിലവും പൊങ്ങച്ചവും നിയന്ത്രിച്ചിട്ടും ഇനി ബാങ്കില്‍ അവശേഷിക്കുന്ന തുക അയ്യായിരമേ ഉള്ളൂ എന്ന ചിന്ത കാരണം അവളുടെ ഊണും ഉറക്കവും നഷ്ടമായി…ആ പണം മുന്നേ ഒരു സാരി വാങ്ങാന്‍ പോലും തികയുമായിരുന്നില്ല.

എങ്കിലും…അയ്യായിരം കൊണ്ട് രണ്ടുമാസത്തെ ചിലവു നടത്തി ആരോടെന്നറിയാതെ അവള്‍ മാതൃക കാട്ടി. രാവിലെ കുട്ടികളുടെ ഒരു മാസത്തെ ഓട്ടോ ചാര്‍ജ്ജ് കൊടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ വഴക്കു പറഞ്ഞപ്പോഴാണ് അവള്‍ ഇനി ഈ വീട്ടിലെ ആകെ അവശേഷിക്കുന്ന പണം വെറും നൂറുരൂപയാണെന്ന കാര്യം ഓര്‍ത്തത്.

നാളെ മുതല്‍ എന്ത് ചെയ്യും എന്നോര്‍മ്മയില്‍…ഭൂതകാലം പണം കൊണ്ട് അമ്മാനമാടിയതും രമേശേട്ടന്‍റെ വാക്കുകള്‍ കേള്‍ക്കാതെ അമ്മായി അമ്മയെ അനുസരിക്കാതെ ഇഷ്ടം പോലെ വാരിക്കോരി ചിലവഴിച്ച പണം തന്നെ നോക്കി പല്ലിളിച്ചു.

ചേച്ചീ…ആരുടേയോ വിളി കേട്ട് ഞെട്ടിയുണര്‍ന്നു…വാതില്‍ തുറന്നു പുറത്തിറങ്ങി.

പോസ്റ്റ്മാന്‍…

രശ്മിക്ക് ഒരു മണിയോര്‍ഡറുണ്ടെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഞെട്ടി. പതിനായിരം രൂപ എണ്ണിവാങ്ങി അയാള്‍ നീട്ടിയ കടലാസില്‍ ഒപ്പിട്ടു കൊടുക്കുമ്പോള്‍ പൊട്ട മനസ്സ് ചോദിക്കുവാ…ഇതെല്ലാ മാസവും വരുവോന്ന്…

ആരാണിത് അയച്ചതെന്നോ എനിക്കു തന്നെയാണോ ഈ പണം എന്നൊന്നും ചോദിക്കാതെ…അയാള്‍ താന്‍ കൊടുത്ത അമ്പതു രുപ മടക്കി കീശയിലിട്ടു കൊണ്ട് ഒരു പരിഹാസഭാവത്തോടെ ഇറങ്ങിപോയി…

ആ പരിഹാസം അയാള്‍ക്ക് നൂറു രൂപ തികച്ചു കൊടുക്കാത്തതിന്‍റേയാണെന്ന് സ്വന്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടിയും വന്നു. അങ്ങനെ രശ്മിയുടെ ജീവിതം അച്ചടക്കവും വിനയവും നിറഞ്ഞൊരു ലോകത്തേക്ക് പോവുകയാ…

യാതൊരു ജോലിയും ചെയ്തു ഇതുവരെ ഒരു പത്തു രൂപ സമ്പാദിക്കാനറിയാത്ത രശ്മിക്ക് എന്തായിരുന്നു അഹന്ത..? താനാണ് ലോകത്തിന്‍റെ നെറുകയില്‍ എന്നു മാത്രം ചിന്തിച്ചു…

കടയില്‍ നിന്നും സാധനം വാങ്ങിയാല്‍, പത്തും ഇരുപതും രൂപ ബാക്കിയുണ്ടേല്‍ അതു താന്‍ വെച്ചോന്നാ കടക്കാരനോട് പറഞ്ഞിരുന്നത്. ഓട്ടോയില്‍ പോയാല്‍ ഇരുപത് രൂപയ്ക്ക് പകരം അമ്പതു രൂപയാ കൊടുത്തിരുന്നത്…അതുകൊണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തന്നെ കാണുമ്പോള്‍ എന്തായിരുന്നു ഭവ്യത…അതെല്ലാം ഏതോ ജന്‍മത്തില്‍ കഴിഞ്ഞു പോയൊരു സ്വപ്നം പോലെയാ തോന്നുന്നത്…

അത്യാവശ്യത്തിന് മാത്രാ ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് പോവുന്നത്…അടുക്കളയില്‍ പഴുത്തടിഞ്ഞ് എടുത്ത കളഞ്ഞ വിലയേറിയ പഴങ്ങളേയോര്‍ത്ത് നാവില്‍ വെള്ളമൂറി…

ഒരു തവണ പോലും പിന്നെ വിളിക്കാതെ അകന്നു പോയ രമേശേട്ടന്‍റെ ശബ്ദം കേള്‍ക്കാന്‍ വല്ലാതെ കൊതിച്ചു…ഒന്നു വിളിച്ചു ”രശ്മീ തനിക്കും മക്കള്‍ക്കും സുഖാണോ” എന്നൊന്നു ചോദിച്ചെങ്കിലെന്ന് വെറുതേ കൊതിച്ചു.

രമേശേട്ടാ നിങ്ങളാണോ കഴിഞ്ഞ മാസം പത്തായിരം രൂപ അയച്ചു തന്നത് എന്നൊന്ന് ചോദിക്കുവാന്‍ അവള്‍ വല്ലാതെ കൊതിച്ചു…ആഡംബരത്തില്‍ അമ്മ മതി മറന്നു നടക്കുമ്പോള്‍, ”അച്ഛന്‍ മരുഭൂമിയില്‍ കിടന്ന് ആരേയും കാണാതെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇങ്ങനെ നശിപ്പിക്കല്ലേ, അമ്മേന്ന്” ഒരുപാട് വട്ടം തന്നെ ഓര്‍മ്മപ്പെടുത്തിയിട്ടും താനവരെ വഴക്കു പറഞ്ഞിരുന്നു…

ആ ദേഷ്യവുമായ് മക്കള്‍ രണ്ടു പേരും ഒരു കൂട്ടായ് തന്നോട് കാട്ടിയ അകലം ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാ…ആകെ ഒരു വെപ്രാളവും ഹൃദയ വേദനയുമായ് നീറി നീറി ജീവിക്കാന്‍ ഇനിയും വയ്യാന്ന് ചിന്തിച്ചു കരയുകയാ മനസ്സെപ്പോഴും…

ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ആ പഴയ ജീവിതം മതിയായിരുന്നെന്നാ ഇപ്പോള്‍ തോന്നുന്നത്..അന്ന് മനസ്സമാധാനവും ഹൃദയം നിറയേ സന്തോഷവുമുണ്ടായിരുന്നു…ഇന്ന് ഈ വീടും കൂടെ രണ്ടു മക്കളും ഉണ്ടെങ്കിലും…

പാടത്തു പണി കഴിഞ്ഞു വന്നു കാന്താരി മുളകുടച്ച് കഞ്ഞി കോരിക്കുടിക്കുന്ന അച്ഛന്‍റെ മുന്നില്‍ ഇരിക്കുന്ന പതിനാറുകാരി രശ്മിയാ ഭാഗ്യവതിയെന്ന് അവള്‍ക്കിപ്പോള്‍ തോന്നി.

പിന്നേയും പതിനായിരം രൂപ ദിവസം തെറ്റാതെ മാസം തോറും രശ്മിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അതില്‍നിന്നും ആവും പോലെ അഞ്ഞൂറോ ആയിരമോ മിച്ചം പിടിക്കാനും പഠിച്ചു രശ്മി. എന്നോ വാങ്ങി കൂട്ടിയ പഴയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു രണ്ടോ മൂന്നോ വര്‍ഷം ഉപയോഗിക്കാനുള്ളത്. അതെല്ലാം പിന്നേയും പിന്നേയും ഉപയോഗിച്ചു…

‘മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആയെന്ന് പറഞ്ഞതു പോലെ രശ്മി ആ പഴയ രശ്മിയായി….’

മക്കള്‍ പിന്നേയും അമ്മയോട് സ്നേഹം കാട്ടാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ടു പോയ പകുതി സന്തോഷം തിരികേ വന്നെങ്കിലും ഒരാളെ ഓര്‍ത്ത് ഹൃത്തടങ്ങളിലെവിടേയോ ഉള്ള നീറ്റല്‍ മാറാതെ നിന്നു…

ഒരു ദിവസം രാവിലെ മൂന്നാലു വലിയ പെട്ടി നിറയേ സാധനങ്ങളുമായ് മുറ്റത്തു വന്നിറങ്ങിയ രമേശേട്ടനെ കണ്ടപ്പോഴേ അവള്‍ക്ക് ആശ്വാസമായുള്ളൂ…

ആ മാറില്‍ തല ചേര്‍ത്തു കിടക്കുമ്പോള്‍ രശ്മിക്കു പിന്നേയും സ്വര്‍ഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടവള്‍ ഒരു പാഠം പഠിച്ചിരുന്നു…

‘മനുഷ്യനെ നന്നാക്കാനും ചീത്തയാക്കാനും പണത്തിന് കഴിയുമെന്ന്…അതുകൊണ്ട് പണത്തെ മാത്രം സ്നേഹിക്കരുതെന്ന വലിയ പാഠം…

Leave a Reply

Your email address will not be published. Required fields are marked *