പെട്ടന്നാണ് അപ്രതീക്ഷിതമായി അവൾ ഇടതുകൈകൊണ്ട് അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു തിരിഞ്ഞത്…

സ്പർശന സുഖം

രചന: Mejo Mathew Thom

———————

“അനു…നീയെന്താ ഇന്ന് ബസ്‌ന്… നീയിതെന്ത് ഭാവിച്ചാ…?നിന്റെ വണ്ടിയ്ക്കെന്തുപറ്റി…?”

പതിവില്ലാതെ കോളേജ്കഴിഞ്ഞു ബസ്‌ സ്റ്റോപ്പ്‌ ലേയ്ക്ക് വന്ന അനുനെ നോക്കി രാഖി ഭയം കലർന്ന ഒരു താക്കിതിന്റെ ഭാവത്തിൽ ചോദിച്ചു…

“പ്രിൻസിയോട് പറഞ്ഞ് വണ്ടി കോളേജിൽത്തന്നെ വച്ചു..പിന്നെ നീയെന്തിനാ ഇങ്ങനെ പേടിയ്ക്കുന്നെ… എടി നിയൊക്കെ പറയാറുള്ള ബസിനുള്ളിലെ ചില സ്പർശന സുഖങ്ങൾ ഞാനുമൊന്നറിയട്ടെ…”

അവളുടെ മറുപടിയിൽ പിന്നെ ആരും അവളോട് അതിനെ കുറിച്ചൊന്നും പറഞ്ഞില്ല…പറഞ്ഞിട്ട് കാര്യമില്ല അതാണ് അനു…അനു ചാക്കോച്ചി…പ്ലാന്റർ ചാക്കോച്ചിയുടെയും ഡോക്ടർ എലിസബത്തിന്റെയും രണ്ടാമത്തെയും അവസാനത്തേതുമായ സന്താനം…തോന്നുന്ന കാര്യം എന്തായാലും എങ്ങനെയേലും ചെയ്തിരിക്കും അതാണ് അവളുടെ പ്രകൃതം..ക* ള്ളുഷാപ്പിൽ കയറിയിരുന്നു കള്ളുകുടിച്ചാലേ കുടിയുടെ യഥാർത്ഥ സുഖമറിയു എന്ന് പറഞ്ഞു ഷാപ്പിൽ കയറി കുടിച്ചു ഫിറ്റായി നാട്ടിൽമൊത്തം പാട്ടായതാണ് അവസാനത്തെ സാഹസം…പക്ഷെ അതുകൊണ്ടൊന്നും അവൾ തളർന്നില്ല.. അപ്പോഴാണ് കൂട്ടുകാരികൾ സ്ഥിരം ബസിൽ നടക്കുന്ന തൊട്ടുരുമ്മലുകളും ചില ഞരമ്പുരോഗികളുടെ തോണ്ടലും തലോടലിനെയും കുറിച്ച് പറഞ്ഞത് അതിന്റെ ഫലമായുണ്ടായതാണ് ഈ ബസ്‌ യാത്ര…

“എടി..നീ വിചാരിയ്ക്കും പോലെയല്ല…എത്ര തല്ലുകൊണ്ടാലും ചവിട്ടുകൊണ്ടാലുമൊന്നും ഒരു മാറ്റവും ഉണ്ടാകാത്ത വൃത്തികെട്ടവന്മാരാ ഇവന്മാർ…നാണമില്ലാത്ത ജന്തുക്കൾ… ചില മറ്റവളുമാരുമുണ്ട് അതിൽ സുഖിച്ചു നിൽക്കുന്നവർ…ചിലർ നാണക്കേടുകൊണ്ടും പേടികൊണ്ടും പ്രതികരിയ്ക്കില്ല…അതൊക്കെയാ അവന്മാരുടെ ശല്യം കൂടാൻ കരണം…അവളോട് പറയുമ്പോൾ രാഖി ദേഷ്യംകൊണ്ട് പല്ലുകടിച്ചിരുന്നു

“എടി രാഖി…ഞാൻ തല്ലാനും ചവിട്ടാനുമൊന്നുമല്ല വരുന്നത്…ബസിനുളിലെ സ്പർശന സുഖമൊന്നറിയാനാണ്ന്ന്‌ പറഞ്ഞില്ലേ ഞാൻ.. അത്രമാത്രം… പല കാര്യങ്ങളും പെണ്ണുങ്ങളണെന്നു പറഞ്ഞു നമ്മളെന്തിനാ ഒഴിവാക്കുന്നെ…ഒരു സുഖം…” അർത്ഥംവച്ചുള്ള ചിരിയോടെയായിരുന്നു അവളുടെ മറുപടി..

ബസ്റ്റോപ്പിൽ കുട്ടികൾ നിറഞ്ഞു..തങ്ങളുടെ സ്ഥലത്തേക്കുള്ള ബസ്സുകളിൽ തിക്കിത്തിരക്കി അവർ കയറിപോകുന്നതും…ബസിനുള്ളിലേയ്ക്ക് കയറുന്നതിനുമുന്പേ ബെല്ലടിച്ചു പടിയിലേയ്ക്ക് ചാടിക്കയറുന്ന കിളിയും..പടിയിൽ നിൽക്കുന്ന പെൺകുട്ടികൾ ബാലൻസ് തെറ്റി വീഴാൻ പോകുമ്പോൾ അറിയാത്തപോലെ തട്ടിമുട്ടി യുള്ള ചില കിളിയുടെ സുഖിക്കലുമൊക്കെ കണ്ട്‌ അവൾ നിന്നു…വൈകാതെ അവൾക്കുപോകാനുള്ള ബസും വന്നു..തിക്കിലും തിരക്കിലും അവളും ബസ്സിന്റെ അകത്തെത്തി…

“ഛെ…അവസാനം കേറിയാൽ മതിയാരുന്നു ആ കിളിയുടെ കരവിരുത് അറിയാൻ പറ്റില്ലാ…” അവൾ നിരാശ ഭാവത്തിൽ രാഖിയുടെ ചെവിയിൽ പറഞ്ഞു…അതുകേട്ട് അവളെയൊന്നു തറപ്പിച്ചുനോക്കിയശേഷം ഒളികണ്ണിട്ടു പുറകോട്ടൊന്നു നോക്കിയശേഷം രാഖി പതിയെ പറഞ്ഞു

“നീ വിഷമിയ്ക്കേണ്ട…നിനക്കാവശ്യമുള്ള സുഖം തരാനുള്ളവൻ ഇന്നുമുണ്ട്…മിക്കവാറും ഈ ബസിൽ ഉണ്ടാകാറുള്ള ഞരമ്പുരോഗി…ആ പെണ്ണുങ്ങളുടെ പുറകിലായി നിൽക്കുന്നകണ്ടോ..?”

“ഏത്.ആ ചെക് ഷർട്ട്‌ ഇട്ട് എക്സിക്യൂട്ടീവ് ലൂക്കിൽ നിൽക്കുന്നവനോ…?”

രാഖി പറഞ്ഞതുകേട്ട് പുറകിലേയ്ക്കൊന്നു പാളിനോക്കികൊണ്ടാണ് അവൾ ചോദിച്ചത്

“അതേ…അവൻ തന്നെ ലൂക്കിൽ മാത്രമേയുള്ളു മാന്യത..ആദ്യം അറിയാതെയെന്ന രീതിയിലൊന്നു മുട്ടും പിന്നെ ഒന്നുടെ മുട്ടും നമ്മൾ പ്രതികരിക്കില്ലെന്നുകണ്ടാൽ പതിയെ തുടങ്ങും അവന്റെ കലാപരിപാടികൾ…വൃത്തികെട്ടവൻ….”

അവജ്ഞയോടെ രാഖി പറഞ്ഞു

“ആ CT പിള്ളാരൊക്കെയൊന്ന് പുറകോട്ടിറങ്ങിനിന്നെ…”

പെട്ടന്നാണ് ബസിന്റെ സൈഡിൽ കൈകൊണ്ടടിച്ചുകൊണ്ട് കിളി ആക്രോശിച്ചതു…

അത് കേട്ട് അവൾ രാഖിയുടെ മുഖത്തുനോക്കി ചുണ്ട്കോട്ടി ഒരു പാതി ചിരിവരുത്തി പുറകോട്ടുനടന്നു…പെണ്ണുങ്ങളുടെ ഏറ്റവും പുറകിലായി നിന്നു..ഇടയ്ക്ക് ഒന്ന് അവനെ തിരിഞ്ഞ് നോക്കി അവനൊരു ആശകൊടുത്തു…തിരക്കുകൂടിയപ്പോൾ ഒന്നുടെ പുറകോട്ടുറങ്ങി കമ്പിയിൽ ചാരി നിന്നു…അധികം വൈകാതെ അവൾ പ്രതീക്ഷിച്ചതുപോലെ അവൻ അവളുടെ പുറകിലെത്തി…അല്പസമയം കഴിഞ്ഞപ്പോൾ അറിയാതെയെന്ന രീതിയിൽ അവളെയൊന്നു മുട്ടി…അവളിൽ യാതൊരു മാറ്റവുമില്ലന്നുകണ്ടപ്പോൾ അവൾ ചാരിനിന്ന കമ്പിയോട് ചേർന്നുനിന്നുകൊണ്ടു അവളുടെ അരക്കെട്ടിന്റെ വലതുഭാഗത്തായി കമ്പിയിൽ പിടിയ്ക്കാനെന്നരീതിയിൽ കൈവച്ചു…അവളിലെ പ്രതികരണമില്ലായ്മ്മ അവനെ ആവേശംകൊള്ളിച്ചു..അവന്റെ കൈ കമ്പിയോട് ചേർന്ന് അവളുടെ ശരീരത്തിലൂടെ മുകളിലോട്ടിഴഞ്ഞു…

പെട്ടന്നാണ് അപ്രതീക്ഷിതമായി അവൾ ഇടതുകൈകൊണ്ട് അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു തിരിഞ്ഞത്…ഒന്നും മനസിലാകാതെ അന്തവിട്ടുപോയഅവൻ കൈ വിടുവിയ്ക്കാൻ ശ്രെമിയ്ക്കും മുൻപേ മിന്നൽ പോലെയായിരുന്നു അവളുടെ അടുത്ത നീക്കം…വലതുകൈയിൽ സൂക്ഷിച്ചിരുന്ന ചെറിയ പെൻസിൽനൈഫ് കൊണ്ട് അവന്റെ വിരലുകൾ മുറിച്ചുകൊണ്ട് ഒരുവരയൽ…ചോ ര ചീറ്റിതെറിച്ചു.. പെട്ടന്ന് ബസ്സിൽ കൂട്ടനിലവിളി ഉയർന്നു..അതുകേട്ട് ഡ്രൈവർ സഡൻ ബ്രേക്കിട്ട് വണ്ടി നിറുത്തി…ആർക്കും പെട്ടന്ന് കാര്യം മനസിലായില്ല…മുറിഞ്ഞു തൂങ്ങിയ വിരലുകൾ മറ്റേകൈകൊണ്ടു കൂട്ടിപ്പിടിച്ചു അവൻ വേദനകൊണ്ടു പുളഞ്ഞു…അവളുടെയും അടുത്തുണ്ടായിരുന്നവരുടെയും ഡ്രെസ്സിൽ ചോ ര തെറിച്ചിരുന്നു…

“ആരും പേടിയ്‌ക്കേണ്ട…ഇവന് എന്റെ ശരീരത്തിന്റെ ചൂടും വലിപ്പവുമൊക്കെ അറിയാനൊരു ആഗ്രഹം..അത് ഞാനൊന്നു അവന്റെ കയ്യിൽ കുറിച്ച് കൊടുത്തതാ മറക്കാതിരിയ്ക്കാൻ…”

ഒന്നും മനസിലാകാതെ പകച്ചുനിന്ന യാത്രക്കാരോടായി അവൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു….അതിന് ശേഷം…വേദനകൊണ്ടു നിലത്തേയ്ക്കിരുന്നുപോയ അവന്റെ മുടിയിൽ പിടിച്ചു ഉയർത്തിക്കൊണ്ടു പറഞ്ഞു…

“നീയിപ്പോൾ എന്നോട് ചെയ്തത്…വീട്ടിൽപോയി നിന്റെ അമ്മയോടും പെങ്ങളോടും ചെയ്യാൻ പറഞ്ഞാൽ…അവസരം കിട്ടിയാൽ നിന്നെപോലുള്ള പുന്നാരമക്കൾ അതും ചെയ്യും… അതുകൊണ്ടാ നിന്റെ വിരൽ അങ്ങ് മുറിച്ചുമാറ്റിയത്…പിന്നെ നീ കൈകൊണ്ടു കലാപരിപാടികൾ നടത്തിയത് നന്നായി..അല്ലെങ്കിൽ പിന്നെ നീ ആണാണെന്ന്പറഞ്ഞിട്ടു കാര്യമില്ലാതായിപ്പോയേനെ….” അവന്റെ അരഭാഗത്തേയ്ക്കു നോക്കികൊണ്ട്‌ പുഛംകലർന്ന ചിരിയോടെ അവൾ പറഞ്ഞു നിറുത്തി….അപ്പോഴേയ്ക്കും തിരക്കിനിടയിലൂടെ കണ്ടക്ടറും കിളിയും അവിടെത്തിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കാനേ കഴിഞ്ഞൊള്ളു…അപ്പോഴാണ് അവൾ ചാരിനിന്ന കമ്പിയുടെ പുറകിലെ സീറ്റിലിരുന്ന ഒരു മധ്യവയസ്‌ക എഴുനേറ്റ്….

“അതെന്തായാലും കലക്കി മോളെ…ഇവൻ നിന്നോട് ചെയ്തതുമുതൽ ഞാൻ മൊബൈലിൽ പകർത്തിയിട്ടുണ്ട്…മോള് പേടിയ്‌ക്കേണ്ട വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്കുവിടു അത് കഴിഞ്ഞിട്ട് ഇവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…കുറച്ചു വേദന അനുഭവിയ്ക്കട്ടെ…”

എന്ന് പറഞ്ഞു തന്റെ മൊബൈൽ ഉയർത്തി കാണിച്ചു…പിന്നെ എല്ലാം പെട്ടന്നായിരുന്നു വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു…അപ്പോഴും പലരും വിശ്വാസംവരാതെ അവളെ നോക്കികൊണ്ടിരുന്നു…രാഖിയും…

“എന്താ മോളുടെ പേര്…?”
അവളുടെ അടുത്തുനിന്ന ഒരു ചേച്ചി ചോദിച്ചു

“അനു…അനു ചാക്കോച്ചി…”.അവൾ ഉറച്ച സ്വരത്തിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *