കൂട്ടത്തിൽ എനിക്കു മാത്രം അത് അത്രക്കങ്ങ് ദഹിച്ചില്ല. അല്ലേലും എല്ലാം പെട്ടന്നങ്ങ് സമ്മതിച്ചു കൊടുക്കുന്ന കൂട്ടത്തിലല്ലല്ലോ ഞാൻ….

by pranayamazha.com
24 views

സാറാണെൻ്റെ സ്റ്റാർ

രചന: Afan Yousufchalachi

:::::::::::::::::::::::::::::

ഇന്റെർവെൽ സമയത്ത് ക്യാംപസിന്റെ നീണ്ട കൽപടവുകളിലിരുന്ന് ഞങ്ങൾ മൂന്നാലെണ്ണം കത്തി വെക്കുമ്പോഴാണ് മൂത്രശങ്ക തീർക്കാൻ പോയ സുരഭി റോക്കറ്റുപോലെ പാഞ്ഞുവന്നത്…

കാര്യമന്വേഷിച്ചപ്പോൾ അവൾ പട്ടിയേക്കാൾ വേഗത്തിൽ കിതയ്ക്കുന്നു…കാര്യം പറയെടീ കോപ്പേ…ക്ഷമ നശിച്ച ഞാൻ അവളുടെ നേർക്ക് ചാടിവീണു…

നമ്മുടെ..നമ്മുടെ മലയാളം സാറ്….

സാറിനെന്നാ പറ്റി….? തീർന്നോടീ അങ്ങേര്….? ജെനിയുടെ പെട്ടന്നുള്ള ചോദ്യത്തിൽ ഞങ്ങളെല്ലാം കണ്ണും തള്ളി ഇരുന്നിടത്തൂന്നെഴുനേറ്റു.

എന്നതൊക്കെയായാലും…സാറിന്റെ ക്ലാസിലിരിക്കാൻ ഇഷ്ടമില്ലായിരുന്നേലും അങ്ങേര് ഒരു പാവമായിരുന്നു, അല്ലിയോടീ ഗീതൂ….അതും പറഞ്ഞ് ജെനി എന്റെ തോളിലേക്കു ചാഞ്ഞപ്പോൾ….ഞങ്ങളെല്ലാം സാറിന്റെ നിത്യ ശാന്തിക്കു വേണ്ടി പ്രാർത്ഥന തുടങ്ങി.

അയ്യോ അതല്ല…സാറ് ചത്തതല്ല. പോയതാ…ട്രാൻസ്ഫറായി പോയതാ…ശ്വാസം നിലത്തു വീണ ശേഷം സുരഭിയതു പറഞ്ഞപ്പോൾ ഞങ്ങളെല്ലാം അവൾക്കു നേരെ വില്ലെടുത്തു….

ഇതിനായിരുന്നോടീ ഇങ്ങനെ കൂവിയാർത്ത് വന്നത്…? വെറുതെ മനുഷ്യനെ ടെൻഷനിടിപ്പിക്കാനായിട്ട്…തമ്മിൽ പിറുപിറുത്തു കൊണ്ട് ഞങ്ങൾ വീണ്ടും യഥാസ്ഥാനത്ത് നിലയുറപ്പിച്ചു.

നിങ്ങടെ പൊങ്കാലയൊക്കെ കഴിഞ്ഞെങ്കി ഞാനൊരു കാര്യം പറയാൻ പോവാണേ….സുരഭി പിന്നേയും തുടങ്ങി.

ആഹ്…എന്നതാണേലും പറഞ്ഞു തുലയ്ക്ക്….വലിയ താൽപര്യമില്ലാത്ത മട്ടിൽ ഞങ്ങളുമിരുന്നു.

പോയ മലയാളം സാറിനു പകരം പുതിയതായി വന്ന സാറ് ആരാന്നറിയോ…?അവളുടെ കഴുത്തു നീട്ടിയുള്ള അഭിനയത്തിനൊപ്പം ഞങ്ങളുടെ കണ്ണുകളും ആകാംക്ഷയോടെ പുറത്തു ചാടി.

ആരാ…? ഞങ്ങളെല്ലാം ഒരേ സ്വരത്തിൽ ചോദിച്ചു.

വെരി ഹോട്ട് ആന്റ് ഹാൻഡ്സം…ഛേ…അല്ലെങ്കിൽ വേണ്ട…നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാ…ഒരു കോഴിക്കോടൻ ഹൽവ പോലൊരു മൊഞ്ചൻ….കാണാൻ ഒടുക്കത്തെ ലുക്കും…ആളെ മയക്കണ വല്ലാത്തൊരു ചിരിയും…!!

നേരാന്നോടീ…നീ ശരിക്കും കണ്ടോ…? ജെനി ചാടിയെണീറ്റു.

പിന്നല്ലാണ്ട്…ആ ചുള്ളനെ കണ്ടോണ്ടല്ലേ എന്റെ ശ്വാസം പോലും നിലച്ചു പോയത്. സുരഭിയുടെ വാക്കുകൾ കേട്ട് എല്ലാവരും ആനന്ദ തുന്ദിലരായി.

കൂട്ടത്തിൽ എനിക്കു മാത്രം അത് അത്രക്കങ്ങ് ദഹിച്ചില്ല. അല്ലേലും എല്ലാം പെട്ടന്നങ്ങ് സമ്മതിച്ചു കൊടുക്കുന്ന കൂട്ടത്തിലല്ലല്ലോ ഞാൻ….പ്രത്യേകിച്ച് പുരുഷ വിഷയത്തിൽ….ഓഹ് വന്നതെന്തായാലും ദുൽഖർ സൽമാനൊന്നും അല്ലല്ലോ…ഞാൻ പറഞ്ഞു.

പിന്നേ….ദുൽഖറ് മാത്രേ ഉള്ളു മൊഞ്ചുള്ളൊരു ആണൊരുത്തനായിട്ട് ഈ ഭൂമീല്….? അതുവരെ മിണ്ടാതിരുന്ന സുറുമക്കണ്ണി റൈഹാന അന്നേരം എന്നെ മലർത്തിയടിച്ചു.

സൈലന്റായി നിന്ന എന്നെ നോക്കി അവള് പറഞ്ഞു….അനക്ക് വേണ്ടെങ്കിൽ വേണ്ട. ഞങ്ങളെന്തായാലും ഒന്ന് ട്രൈ ചെയ്യാൻ പോവാ ആ സുന്ദരനെ…അല്ലെടീ ജെനീ…

അതിന് നിന്റെ ബാപ്പ ആൺപിള്ളേരടെ മുഖത്തു പോലും നോക്കരുതെന്നല്ലേ നിന്നോട് പറഞ്ഞേക്കണത്…? സുരഭി ഓർമ്മപ്പെടുത്തി.

അതുമാത്രല്ല…ക്ലാസ് കഴിയണത് വരെ സാറിന്റെ മുഖത്ത്ന്ന് കണ്ണെടുക്കരുതെന്നും ബാപ്പ പറഞ്ഞിണ്ട്….അവളുടെ മറുപടി കേട്ട് ഞങ്ങളെല്ലാം പരസ്പരം നോക്കി ചിരിച്ചു.

അവരെല്ലാം എഴുനേറ്റു ക്ലാസിലേക്ക് നടന്നപ്പോൾ ഞാൻ മാത്രം നിന്നിടത്തു നിന്ന് ചിന്തിച്ചു…അവളുമാര് പറയണതു പോലെ ശരിക്കും അങ്ങേര് മുടിഞ്ഞ ഗ്ലാമറായിരിക്കോ…?

ടീ..നീ വരണില്ലേ….ബെല്ലടിച്ചു…പിന്തിരിഞ്ഞു നിന്ന് അവര് ചോദിച്ചപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. ബെല്ലടിച്ചു അരമണിക്കൂർ കഴിഞ്ഞു മാത്രം ക്ലാസിൽ കേറുന്ന ടീംസാ ഇപ്പോഴിതാ എന്നുമില്ലാത്തൊരു പങ്ച്വാലിറ്റി. ആലോചിച്ചു നിന്നപ്പോൾ വീണ്ടും വിളി വന്നു.

ടീ ഗീതൂ വരുന്നുണ്ടേൽ വാ…ഈ അവറ് മലയാളാ…

അങ്ങനെ വരട്ടെ…വെറുതെയല്ല മൂപ്പിൽസിനിത്ര ധിറുതി…മൊഞ്ചനെ കാണാനുള്ള തിരക്കാ…എന്തായാലും ഗദ്യവും പദ്യവും പിടിക്കില്ലെങ്കിലും ഞാനും ഒന്ന് പോയിനോക്കാം. ആരോ പറഞ്ഞതു പോലെ “ഒത്താലൊരു ദർശന സുഖം” അത്രെന്നെ…

**********************

ഇത്തിരി എനിക്കും കൂടി താടീ റൈഹൂ….മൂന്നും കൂടിയുള്ള പിടിവലിക്കിടയിലാണ് ഞാൻ കേറിച്ചെന്നത്.

എന്തോന്നാടീ അത്…? അവർക്കിടയിലേക്ക് എന്റെ കഴുത്തും നീണ്ടു. പൗഡറോ…ഇതെവിടുന്നാ….?

ദാ ഇങ്ങോട്ടു നോക്ക്…റൈഹൂന്റെ പുസ്തകം തുറന്ന് സുരഭി എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി.

എനിക്ക് ചെറുപ്പത്തിലേയുള്ള ശീലാടീ, മാറ്റാൻ പറ്റണില്ല…റൈഹു കിണുങ്ങിയപ്പോൾ ഉടനെ വന്നു ജെനീടെ മാസ് ഡയലോഗ്… “ചെറുപ്പത്തിലേയുള്ള ശീലം മാറ്റാൻ പറ്റാത്തോണ്ട് ഇവളിപ്പഴും കിടക്കേല് മുള്ളണത് പതിവാടീ…” പ്ലിങായി നിൽക്കുന്ന റൈഹൂനെ നോക്കി ചിരിയടക്കാൻ പാടുപെടുന്നതിനിടയിലാണ് ആ യുവകോമളൻ കടന്നു വന്നത്.

നമ്മടെ മലയാളം സാറ്…!!

ഞങ്ങളുടെ എട്ടു കണ്ണുകൾ സാറിലേക്കെത്തും മുൻപേ സാറിന്റെ ഇരു കണ്ണുകളും ഞങ്ങളെ നോട്ടമിട്ടിരുന്നു. ആദ്യ ദിവസം തന്നെ നമ്മള് സാറിന്റെ കണ്ണിലെ കരടായോ ന്റെ ഈശോയേ….ജെനി പതുക്കെ മന്ത്രിച്ചു.

മിണ്ടാതിരിക്കെടീ….ഞാനവളെ തുടയ്ക്കു നുള്ളി.

എല്ലാവരും ഇരുന്നോളൂ….സാറിന്റെ പുഞ്ചിരിച്ച മുഖം ഞങ്ങൾക്ക് ആശ്വാസം നല്‍കി.

ടീ സുരഭീ….നീ പറഞ്ഞപോലൊന്നും അല്ല സാറ്…ദിത്..അതുക്കും മേലെ….ജെനിയും ഹൈറുവും സാറിനെ നോക്കി വെള്ളമിറക്കിയപ്പോൾ, സാറിന്റെ ഉച്ചത്തിലുള്ള ശബ്ദം, സൈലന്‍സ്….അത് പെൺപടയിലെ ലാസ്റ്റ് ബെഞ്ചിൽ നിരന്നിരുന്ന ഞങ്ങൾക്കു വേണ്ടി മാത്രമായിരുന്നെന്ന് സാറിന്റെ തീക്ഷ്ണമായ നോട്ടത്തിൽ നിന്നും ഞങ്ങൾ ഗ്രഹിച്ചെടുത്തു.

ക്ലാസിലാകെ നിശ്ശബ്ദത പരന്നപ്പോൾ സാറ് സ്വയം പരിചയപ്പെടുത്തി. എന്റെ പേര് വിനയ്…വിനയ് മോഹൻ…ഇന്നു മുതൽ കുറച്ചു കാലത്തേക്ക് ഞാനായിരിക്കും നിങ്ങളുടെ മലയാളം അധ്യാപകൻ. അതായത് ഗസ്റ്റ് ലക്ച്വറർ….എല്ലാവരേയും ഒരുമിച്ച് പരിചയപ്പെടാൻ കഴിയില്ലല്ലോ. സമയം പോലെ ഓരോരുത്തരേയും വിശദമായിത്തന്നെ പലിചയപ്പെടാം. എന്താ അതു പോരേ…?

അതു പറയുമ്പോൾ സാറിന്റെ കണ്ണ് ഞങ്ങളിലേക്കൊന്ന് പാളി നോക്കിയതു പോലെ തോന്നി. അന്നു വരെ മലയാളം ക്ലാസിൽ കാണാത്തത്ര ശ്രദ്ധയായിരുന്നു ആ ദിവസം കണ്ടത്. ഞങ്ങള് മാത്രല്ല, ക്ലാസിലെ സകല അവളുമാരും സാറിന്റെ വായിൽ തന്നെ നോക്കിയിരിപ്പാണ്. ആൺവിഭാഗത്തിനു മാത്രം കുറച്ചൊരു അസ്വസ്ഥത പ്രകടമായി.

ക്ലാസെടുക്കുന്ന സമയത്തു പോലും അന്യോന്യം സൈലന്റായി ചരടു വലിക്കുന്ന റൈഹു….ഇത്തവണ മനുവിനെ നോക്കുന്നു പോലുമില്ല. അവൻ അവളെ നോക്കി ചിരിച്ചപ്പോൾ, ”ഒന്നു പോടാ അപ്പാ” ഭാവമാണ് അവള് നൽകിയത്. സാറിനെ ജീവനോടെ വിഴുങ്ങാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നേരം അവന്റെ മുഖത്ത്….

അന്നത്തെ ക്ലാസങ്ങനെ സ്മൂത്തായി കടന്നുപോയി. പ്രത്യേകിച്ചൊന്നും മനസ്സിലായില്ലെങ്കിലും എല്ലാവരുടേയും മുഖത്ത് വല്ലാത്തൊരു സംതൃപ്തി. ലഞ്ച് കഴിഞ്ഞ് കയ്യും കഴുകി വരുന്ന വരവിലാണ് വിനയ് സാറ് കുറച്ചപ്പുറത്ത് നിൽക്കുന്നത് കണ്ടത്.

ടീ…പോയി സാറിനെയൊന്ന് ഒഫീഷ്യലായി പരിചയപ്പെട്ടാലോ…? നമ്മളോടെന്നതേലും ഇഷ്ടക്കുറവ് തോന്നീട്ടുണ്ടേൽ അതങ്ങ് മാറ്റുകേം ചെയ്യാം. ജെനിയുടെ അഭിപ്രായത്തോട് ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ബാക്കിയുള്ള രണ്ടും ഇന്നലെത്തന്നെ തയ്യാറായിരുന്നു

എന്നാ നിങ്ങള് വാ…അവളവിടെ നിക്കട്ടെ….എന്നെ അവിടെ നിറുത്തി അവര് മൂന്നും സാറിനടുത്തേക്കു പോയി. അങ്ങോട്ട് നോക്കണ്ടെന്ന് തീരുമാനിച്ചെങ്കിലും മനസ്സ് അനുവദിച്ചില്ല. തൂണിനു മറവിൽ നിന്ന് ഞാനെത്തി നോക്കുമ്പോൾ അവര് ദേ ഭയങ്കര കളിയും ചിരിയും…ഒന്നും കാണാനുള്ള ശക്തിയില്ലാതെ ഞാൻ മുഖം തിരിച്ചു.

അവര് തിരിച്ചു വന്ന് എന്നെ കേൾപ്പിച്ച് സാറിനെ പുകഴ്ത്തുമ്പോഴും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. പ്ലസ് ടു ന് മാർക്ക് കുറവായോണ്ടാ ബി എ മലയാളം എട്ത്തത്…അതോണ്ട് ഇപ്പഴാ ഒരു ഗുണണ്ടായത്…ഹൈറു പറഞ്ഞു.

ടീ ഹൈറൂ നിന്റെ ബാപ്പ എന്തായാലും ഒരു ഹിന്ദുവിനെക്കൊണ്ട് നിന്നെ കെട്ടിക്കില്ല. പിന്നെ നീയെന്തിനാ വെറുതെ സമയം കളയണത്…?

അതിനെന്താ പ്രശ്നം…? ഞാനന്തസ്സായി ഒളിച്ചോടും…

എന്റപ്പൻ ഒരു കമ്യൂണിസ്റ്റുകാരനാ…അതോണ്ട് ജാതിയൊന്നും അപ്പന് പ്രശ്നല്ല…ജെനി പറഞ്ഞു. എനിക്കു പിന്നെ ഒന്നും പ്രശ്നമായി വരില്ല. സോ…നിങ്ങളൊക്കെ വഴിമാറി തരുന്നതാ ബുദ്ധി.

സുരഭിയുടെ കണ്ടെത്തലിനും ജെനിയുടെ കയ്യിൽ മറുമരുന്നുണ്ട്‌. ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം…കാണാനും കുറച്ചു ചേലൊക്കെ വേണ്ടേടീ…?

മൂന്നും കൂടി അടിപിടിയാവുന്നതിനു മുമ്പ് ഞാനിടപെട്ടു. കഷ്ടം…ഒരുത്തനെ കണ്ടപ്പോഴേക്കും ഇങ്ങനെ തമ്മിൽ തമ്മില് കുറ്റം പറയാൻ നാണമില്ലേടീ നിങ്ങക്കൊക്കെ…?

ഞാനത് പറഞ്ഞപ്പോ ജെനി ചോദിച്ചു…അല്ലാ നിനക്കെന്താ അങ്ങേരെ പിടിച്ചില്ലേ…? അതോ നീ വേറെ ആരേലും കണ്ടു വച്ചിട്ടുണ്ടോടീ ഞങ്ങളറിയാതെ…?

പിന്നേ…നിനക്കറീല്ലേ അതാരാന്ന്…? മ്മടെ ദുൽഖറില്ലേ…ദുൽഖറ്….ചോദ്യം എന്നോടാണേലും ഉത്തരം പറഞ്ഞതു ഹൈറുവാണ്.

അവരുടെ കൂട്ടച്ചിരി അവിടമാകെ മുഴങ്ങിയപ്പോൾ, എന്റെ മനസ്സിൽ വിനയ് സാറിനെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞ വളരുകയായിരുന്നു…

********************

ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് മൂന്നു വർഷങ്ങൾക്കു ശേഷം ഈ കലാലയ മുറ്റത്ത് ഞങ്ങൾ സഹപാഠികൾ വീണ്ടുമിന്ന് ഒത്തു ചേരുകയാണ്….

കയ്യിൽ തൂങ്ങി ഒന്നും ഒക്കത്ത് മറ്റൊന്നുമായാണ് റൈഹു വന്നത്. പി ജി ആദ്യത്തിൽ തന്നെ അവളുടെ നിക്കാഹ് കഴിഞ്ഞിരുന്നു. ജെനിയാണെങ്കിൽ ഈ വയറും താങ്ങി നടക്കാൻ വയ്യെന്നും പറഞ്ഞ് വന്നതു മുതൽ ഒരിടത്തിരിപ്പാണ്. അവൾക്കിത് ഏഴാം മാസമാണ്…ആദ്യ പ്രസവം…സുരഭിക്കാണേൽ നിന്നു തിരിയാൻ നേരമില്ല. പ്രോഗ്രാമിന്റെ ഇൻ ചാർജ് മുഴുവൻ അവൾക്കാണ്…കക്ഷിക്ക് അതൊക്കെ സിംപിളല്ലേ…കാരണം അവളിപ്പോ നാട്ടിലെ വാർഡു മെമ്പറാണ്. വിവാഹം ഫിക്സ് ആയിട്ടേയുള്ളൂ…

ഈ പെണ്ണിതെവിടെപ്പോയി കിടക്കാ…വിളിച്ചിട്ട് കിട്ടുന്നൂല്ല…ജെനി ഫോണും ഞെക്കിപ്പിടിച്ച് പിറുപിറുത്തു.

ഞാനവളെ ഇറങ്ങാൻ നേരം കൂടി വിളിച്ചതാണല്ലോ…പത്തു മണിക്ക് തന്നെ എത്താമെന്നേറ്റതാണല്ലോ പെണ്ണ്. ഹൈറു വീണ്ടും ഗീതുവിനെ ഫോണിൽ ട്രൈ ചെയ്തു. അത് സ്വിച്ച് ഓഫായിരുന്നു.

അപ്പോഴേക്കും പഴയ ക്ലാസ്മേറ്റ്സിൽ പലരും പരിചയം പുതുക്കാൻ ചുറ്റും കൂടി. റാണിയും നിഷയും ദിലീപും റിയാസും….അങ്ങനെ പലരും…ചിലരെ കണ്ടാൽ തന്നെ തിരിച്ചറിയാൻ പ്രയാസമായിരുന്നു.

ടീ ഹൈറൂ…അങ്ങോട്ടു നോക്യേ…നിനക്ക് ആളെ മനസ്സിലായോ…? പോലീസ് യൂണിഫോമിലായിരുന്ന ഒരാളെ ചൂണ്ടി ജെനി ചോദിച്ചു. അത് അതു നമ്മടെ മനുവല്ലേ…?

നമ്മടെയല്ല…നിന്റെ…

ഒന്നു പോടീ…അവരുടെ കളിയാക്കി ചിരികൾക്കിടയിലേക്ക് മനു കടന്നു വന്നു. ടീ ഹൈറൂ…നീയാകെ തടിച്ചിയായല്ലോടീ…ഇതു രണ്ടും നിന്റെ സ്വന്തം പിള്ളേരാണോ…?

അല്ലെടാ വരുന്ന വഴിക്ക് വാടകയ്ക്കെടുത്തതാ…

ഇവള്ടെ നാക്കിനിപ്പോഴും അതേ നീളം തന്നെയാണല്ലോ ജെനിയേ…

അതോണ്ടല്ലേ അവളുടെ കെട്ട്യോൻ വേഗം ദുബായീക്ക് പറന്നത്….ജെനി വീണ്ടും ചിരിക്കു തിരി കൊളുത്തി.

അല്ലാ…എവിടെ നിങ്ങടെ ലീഡറ് ഗീതു…? അവള് വന്നില്ലേ…?

എത്തിയിട്ടില്ല. വരും…

അപ്പോഴേക്കും മൈക്കിലൂടെ പ്രോഗ്രാം തുടങ്ങാനുള്ള അനൗൺസ്മെന്റ് മുഴങ്ങി. സ്വാഗത പ്രസംഗവും പ്രിൻസിപ്പലിന്റെ ചില ഓർമ്മ പുതുക്കലുകൾക്കും ശേഷം അടുത്തത് ആ വർഷത്തെ നല്ല ചെറുകഥാകൃത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ആ കോളേജിൽ തന്നെയുള്ള അധ്യാപകനെ ആദരിക്കുന്ന ചടങ്ങായിരുന്നു. ആദരവ് ഏറ്റു വാങ്ങാൻ തങ്ങൾക്കു മുന്നിലെത്തിയ ആളെ കണ്ട് ഹൈറു ഉറക്കെ പറഞ്ഞു…

ദേ നോക്കിയേടീ നമ്മുടെ വിനയ് സാറ്. അവരുടെ കണ്ണുകൾ സാറിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കെ അദ്ധേഹം മൈക്ക് കയ്യിലെടുത്തു.

നമസ്കാരം…ഞാനിവിടെ പെർമനന്റായിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. പക്ഷേ എന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത് ഈ കലാലയ മുറ്റത്തു നിന്നാണ്. അഞ്ചു വർഷങ്ങൾക്കു മുമ്പ്….വിനയ് സാറിന്റെ വാക്കുകളങ്ങനെ നീണ്ടുപോയി. അതു കേൾക്കാനായി പണ്ടത്തേക്കാൾ അതീവ തൽപരരായി വിദ്യാർത്ഥികളും…എനിക്കു നൽകിയ എല്ലാ ആദരവിനും നന്ദി…

ഈ ദിവസത്തിനു എന്റെ ജീവിതത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്നെന്റെ വിവാഹ വാർഷിക ദിനമാണ്. ജീവിതത്തിനു ഒരു കൂട്ടു ലഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അതുകൊണ്ട് ഈ സന്ദർഭത്തിൽ നിങ്ങളുടെയെല്ലാം അനുമതിയോടെ ഞാനെന്റെ പ്രിയ പത്നിയെ കൂടി ഇവിടേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്…

ആരാണാവോ ആ ഭാഗ്യവതി….?

എല്ലാ കണ്ണുകളും അവർക്കു വേണ്ടി നാലുപാടും ചിതറിത്തെറിച്ചപ്പോൾ അവർക്കിടയിലൂടെ സ്റ്റേജിലേക്ക് കയറിയ ആ സുന്ദരിയെ കണ്ട് കൂട്ടുകാരികൾ മൂന്നും അന്തംവിട്ടു നിന്നു…

ഗീതു…

ഏഹ്…ഇതെപ്പോ സംഭവിച്ചു…?? ഹൈറുവിന്റെ ഒക്കത്തിരുന്ന കുഞ്ഞ് അവളറിയാതെ താഴേക്കു ഊർന്നു വീണു. എന്നാലും അവളിത് നമ്മളോട് മറച്ചു വച്ചില്ലേടീ…വല്ലാത്ത ചെയ്ത്തായി പോയി, ജെനി പല്ലു ഞെരിച്ചു. ഇവളെന്താടി നമ്മളെ കല്യാണം വിളിക്കാതിരുന്നേ…?? സുരഭിയുടെ സംശയം അതായിരുന്നു.

വിനയിനോട് ചേർന്നു നിന്ന് സ്നേഹാദരവ് ഏറ്റു വാങ്ങുമ്പോഴും എന്റെ കണ്ണുകൾ അവരിലേക്കു മാത്രമായി ചുരുങ്ങുകയായിരുന്നു. മൂന്നെണ്ണവും എന്നെ കാണാത്ത മട്ടിലുള്ള ഇരിപ്പാണ്.

ഓ…അവള് പറഞ്ഞ പോലെ “ഇങ്ങേരാരാ ദുൽഖർ സൽമാനോ….?” എന്റെ ഇക്കാക്ക് എന്തായാലും ഇങ്ങേരേക്കാൾ മൊഞ്ചുണ്ട്…” റൈഹു പിറുപിറുത്തു.

ഉം…കിട്ടാത്ത മുന്തിരി പുളിക്കും…മൂവരും അന്യോന്യം നോക്കിച്ചിരിച്ചു.

***********************

ആ കൽപടവുകളിലിരുന്നപ്പോൾ ഞങ്ങൾ നാലുപേരും വീണ്ടും ആ പഴയ കൗമാരക്കാരികളായി മാറിയപോലെ…

എന്നിട്ട്…പറയെടീ ഗീതൂ എങ്ങനെ ഒപ്പിച്ചെടുത്തു നീ നമ്മുടെ സാറിനെ….? അവർക്ക് തിടുക്കം അതറിയാനായിരുന്നു. ഞാൻ വീണ്ടും ആ പഴയ ഗീതുവായി….

നോക്കിക്കോ മക്കളേ…വിനയ് സാറ് വീഴാൻ പോകുന്നത് എന്റെ പോക്കറ്റിലാ….വീണ്ടും വീണ്ടും മനസ്സിൽ അതുതന്നെ പറഞ്ഞുകൊണ്ടാണ് ഞാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നത്. അവിടെ സാറുമാരുടെ ടൈം ടേബിൾ ചെക്കു ചെയ്ത് വിനയ സാറിന്റെ അന്നത്തെ ഫ്രീ അവർ കണ്ടെത്തി. ഭാഗ്യം…സാറിനു മാത്രമേ അപ്പോൾ ഫ്രീ ടൈമുള്ളൂ…

തിരിച്ചു ക്ലാസിലെത്തിയ എനിക്ക് കൃത്യമായി ആ അവറിൽ തന്നെ തലവേദനിച്ചു…ഒപ്പം തലചുറ്റലും…നിങ്ങളെ ആരേയും കൂട്ടിരിക്കാൻ അനുവദിക്കാതെ ഞാനൊറ്റക്ക് ലൈബ്രറിയിൽ വിശ്രമിക്കാനിരുന്നു.

സാറ് ആ സമയത്ത് ഏതോ പുസ്തകം തിരയുകയായിരുന്നു. ഡെസ്കിൽ തലവെച്ച് കിടന്ന ഞാൻ ഇടയ്ക്കിടെ സാറിനെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ സാറെന്റെ അടുത്ത് വന്നു.

ഇയാള് ഫൈനലിയർ സ്റ്റുഡന്റല്ലേ…?

അതെ…

എന്തുപറ്റി ഇവിടെ വന്നിരിക്കാൻ…?

വല്ലാത്ത തലവേദന…തലചുറ്റലും ഉണ്ട്.

ഉം…എന്നാ വിശ്രമിച്ചോളൂ…സാറ് പോകുവാന്ന് മനസ്സിലാക്കിയ ഞാൻ പതിയെ സാറിനെ വിളിച്ചു. സാറ് തിരിഞ്ഞു നോക്കി.

ബാമുണ്ടോ സാറിന്റെ കയ്യില്…?

എന്റെ അഭിനയം ശരിക്കും ഏറ്റു. ഇപ്പോ വരാമെന്നു പറഞ്ഞ് പോയ സാറ് രണ്ടു മിനിറ്റുകൊണ്ട് ബാമുമായി വന്നു. അതു നെറ്റിമേൽ പുരട്ടി, ഞാൻ സാറിനോട് ചോദിച്ചു…സാറിന് വായിക്കാൻ ഒരുപാടിഷ്ടാണോ…?

ഉം…എന്തേ…?

ഏയ് ഒന്നൂല്ല…ഞാനും ഒരുപാട് വായിക്കുന്ന കൂട്ടത്തിലാ…വീട്ടിൽ തന്നെ ചെറിയൊരു ലൈബ്രറിയൊക്കെയുണ്ട്. അധികവും പഴയ ക്ലാസിക്കുകളാ…സാറിനു വായിക്കാൻ താൽപര്യമുണ്ടേൽ ഞാനവ എത്തിച്ചു തരാം…ഞാൻ ചുമ്മാ തട്ടിവിട്ടു.

വീട്ടിൽ അച്ഛന്റെ കളക്ഷൻസിൽ ബുക്സ് ഒരുപാടുണ്ടെങ്കിലും ഒന്നു പൊടി തട്ടാൻ പോലും ഞാനതൊന്നും കൈകൊണ്ട് തൊട്ടിട്ടില്ല.

ആഹാ കൊള്ളാലോ….വായിക്കാൻ എന്തിനോടും എനിക്കു പ്രിയമാണ്. തനിക്കു ബുദ്ധിമുട്ടാവില്ലേൽ കൊണ്ടുവന്നോളൂ…കൊള്ളാം. എന്റെ ഏറ് കുറിക്കു കൊള്ളുന്നുണ്ട്…ഭാഗ്യം.

വായനക്കിടയിൽ ചിലപ്പോഴൊക്കെ എഴുതാറുമുണ്ട്. കവിതകൾ…പക്ഷെ…ഒന്നുമിതുവരെ വെട്ടം കാണിച്ചിട്ടില്ല. ഞാൻ,, രംഗം ഒന്നുകൂടി പൊലിപ്പിച്ചു.

അതു പറ്റില്ല…എഴുതാനുള്ള കഴിവുണ്ടെങ്കിൽ അതൊരിക്കലും ഇരുട്ടിലടക്കരുത്. തന്റെ ഏതെങ്കിലുമൊരു കവിത കൊണ്ടു വരൂ…ഞാനൊന്നു നോക്കട്ടെ…പറ്റുമെങ്കിൽ അടുത്ത നമ്മുടെ മാഗസിനിൽ അതിനിത്തിരി വെളിച്ചം നൽകാം…

പെട്ടു…!! കവിത പോയിട്ട് ‘കവിത’ എന്ന് നേരാംവണ്ണം എഴുതാനറിയാത്ത ഞാനാ…എവിടുന്നൊപ്പിക്കും ഒരു കവിത…?

അധികം ചിന്തിച്ചു തല പുകക്കേണ്ടി വന്നില്ല. കിട്ടി…ഒരു യമണ്ടൻ ഐഡിയ….അച്ഛന്റെ പഴയകാല രചനകളിലൊന്ന് പുതിയ പേപ്പറിലെഴുതി ഞാനതിന് പുനർജന്മം നൽകി. പിറ്റേ ദിവസം തന്നെ പുസ്തകത്തിനൊപ്പം വിനയ് സാറിനെ ഏൽപ്പിച്ചു. പിന്നാലെയെത്തി സാറിന്റെ വക അഭിനന്ദന പ്രവാഹം. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതണം….

അച്ഛാ…ഒരുപാട് നന്ദി…ഈ മകൾക്കുവേണ്ടി ഈ വരികളെഴുതിയതിന്…സാറ് പറഞ്ഞ വാക്ക് പാലിച്ചു. കവിത മാഗസിനിൽ പ്രസിദ്ധീകരിച്ചു. എന്നെക്കുറിച്ച് എല്ലാവർക്കും അതൊരു പുതിയ അറിവായിരുന്നല്ലോ…അതുകൊണ്ടാണ് നിങ്ങളടക്കം എല്ലാരും മൂക്കത്ത് വിരല് വച്ചത്…അങ്ങനെ…അച്ഛന്റെ ക്രഡിറ്റിൽ ഞാനങ്ങനെ സാറിന്റെ മുന്നിൽ നല്ലൊരൊന്താന്തരം കവയത്രിയായി വിലസുന്ന സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ എനിക്കാ അഡാറ് പണി കിട്ടീത്….

ഒരിക്കൽ…ഞാൻ സാറിനു കൊടുത്തൊരു നോവലിനുള്ളിൽ അച്ഛന്റെ പേരും ഫോട്ടോയും സഹിതമുള്ളൊരു കവിതയുടെ ഒരു താള് എന്റെ ശ്രദ്ധയിൽ പെടാതെ മറഞ്ഞിരുന്നു. (അതു ഞാൻ ഓൾറെഡി എന്റെ പേരിൽ സാറിനു വിറ്റ കവിതയാണെന്നോർക്കണേ ) പിന്നെ പോരേ പൂരം….

നാണമുണ്ടോ തനിക്ക് മറ്റൊരാളുടെ കുഞ്ഞിനെ കാണിച്ച് സ്വന്തം കുഞ്ഞാണെന്നു പറയാൻ….?

ങ്ഹേ…കുഞ്ഞോ…? ഏതു കുഞ്ഞ്….? ഓഹ്…കുഞ്ഞ്…അതുപിന്നെ…ഞാൻ…

ആ തണുപ്പാൻ കാലത്തും നിന്നു വിയർത്തു. പറയൂ…എന്തിനാ താനെന്നെ കബളിപ്പിക്കാൻ നോക്കിയത്…?? ഉം… പറയാൻ…സാറിന്റെ ശബ്ദമുയർന്നു.

അത്…ഞാൻ…ഞാൻ സാറിനെ…ഇംപ്രസ് ചെയ്യിക്കാൻ…

ഇത്തവണ സാറ് ശരിക്കും ഞെട്ടി…താനെന്തിനാ എന്നെ ഇംപ്രസ് ചെയ്യിക്കാൻ നോക്കിയത്…ഞാൻ പറഞ്ഞോ…?

അതുപിന്നേ….എനിക്ക്…

ഒരുനിമിഷം ഞാൻ സാറിന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. പതിയെ സാറിന്റെ കയ്യിലിരുന്ന പുസ്തകം വാങ്ങി വരാന്തയിലൂടെ ഓടി. കുറച്ചു ദൂരം ചെന്നു തിരിഞ്ഞു നോക്കുമ്പോൾ സാറെന്നെത്തന്നെ നോക്കി പുഞ്ചിരിയോടെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.

പിന്നീട് ഞാൻ കൈമാറിയ പുസ്തകങ്ങളിലെല്ലാം ഞങ്ങളുടെ പ്രണയ സന്ദേശങ്ങളായിരുന്നു. ഒളിഞ്ഞും മറഞ്ഞും ആരുമറിയാതെ ഞങ്ങൾ പ്രണയിച്ചു….

ഞാൻ പറഞ്ഞു തീരുന്നതുവരേയും അവര് മൂന്നും താടിക്കു കയ്യും കൊടുത്ത് ഇരിപ്പായിരുന്നു. ഇനി തെളിവെന്തേലും വേണേൽ…നമ്മുടെ സാറുമൊത്തുള്ള കോംമ്പിനേഷൻ സീനൊക്കെ ഒന്ന് സൂം ചെയ്തു ഓർത്താമതി…

എടീ കള്ളീ…ചിരിയോടെ ഞങ്ങൾ…പടവുകളോരോന്നും ഇറങ്ങി. പാവം ജെനി…അവള് വളരെ കഷ്ടപ്പെട്ടാ ഞങ്ങൾക്കൊപ്പം നടന്നത്. സാറിന്റെ അച്ഛൻ പെട്ടന്നാ മരിച്ചത്…അതുകൊണ്ട് വിവാഹം ചുരുക്കിയാ നടത്തിയത്…ആരേയും വിളിക്കാതിരുന്നത് അതുകൊണ്ടാ…പിന്നെ…നിങ്ങൾക്കൊരു സർപ്രൈസിനു വേണ്ടിയാ ഞാൻ, സാറാണ് എന്നെ കെട്ടുന്നതെന്ന് പറയാതിരുന്നത്. നടത്തത്തിനിടയിൽ ഞാൻ കൂട്ടിച്ചേർത്തു.

ആ സമയം ഞങ്ങൾക്കടുത്തേക്ക് വിനയ് സാറും എത്തി. കൂട്ടുകാരി തന്ന സർപ്രൈസ് എങ്ങനെയുണ്ട്…? സാറ് ചോദിച്ചു.

ഇതിലും വലിയ സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം…അല്ലിയോടീ ഹൈറൂ….ഞങ്ങൾക്കിടയിൽ ജെനി ചിരി വിടർത്തി.

അല്ല സാർ…ഇവളിപ്പോഴും സാറിനു വേണ്ടി കവിതകളെഴുതാറുണ്ടോ…? സുരഭി ചോദിച്ചപ്പോൾ സാറെന്നെ ചേർത്തു പിടിച്ചു. അതൊക്കെ ഞാനന്നു തന്നെ നിർത്തിച്ചില്ലേ…? ഇപ്പൊ ഇയാളൊരു കാവ്യം രചിച്ചോണ്ടിരിക്യാ..ഞങ്ങളുടെ ദാമ്പത്യമെന്ന മഹാ കാവ്യം…

ചിരിച്ചും കളിച്ചും വിശേഷങ്ങൾ പങ്കുവച്ചും…പിരിയാൻ നേരം വിടപറയാൻ മടിച്ചു നിന്ന ഞങ്ങളെ നോക്കി ആ കൽപടവുകൾ പറയാതെ പറഞ്ഞു…ഒരു നൂറു ജന്മങ്ങളിനിയും എന്നോടു ചേർന്നിരിക്കാൻ വീണ്ടുമെത്തണേ കൂട്ടുകാരേ….

You may also like

Leave a Comment