എഴുത്ത്: മഞ്ജു ജയകൃഷ്ണൻ
“ഈ മാസം പാഡിന് പകരം മസാല ദോശ വാങ്ങിക്കോട്ടോ “
ഫോണിൽ കേട്ട അവളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അയാൾ നിന്നു
കണ്ണാടിയിൽ തന്റെ നരച്ച മുടിയിഴകളിൽ വിരലോടിച്ചു… പ്രായം അന്പതിനോട് അടുക്കുന്നു… ചെയ്യാത്ത വഴിപാടും കയറിയിറങ്ങാത്ത ആശുപത്രിയും ഇല്ല…എല്ലാം ഒരു കുഞ്ഞിന് വേണ്ടി…
“സാർ എനിക്കിന്ന് നേരത്തെ പോണം..”
അയാൾ തന്റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു…
വീട്ടിൽ പോകാൻ പറഞ്ഞാലും ഫയലിൽ തലപൂഴ്ത്തി ചടഞ്ഞിരിക്കുന്ന മനുഷ്യൻ ആണ്.
“വീട്ടിൽ പോയാ പെണ്ണിന്റെ കരച്ചിലും പിഴിച്ചിലും കാണണം… ഇവിടെ ആയാൽ വേറൊന്നും ആലോചിക്കേണ്ടല്ലോ “
എന്ന് പറയുന്ന ആളാണല്ലോ.. മേലുദ്യോഗസ്ഥൻ ചിന്തിച്ചു
“അവൾക്ക് വിശേഷം ഉണ്ട് സാറെ…”
ഒരു ചിരിയോടെ പൊക്കോളാൻ പറഞ്ഞപ്പോൾ തന്നെ അയാൾ സ്ഥലം കാലിയാക്കി
മസാല ദോശയും വടയും… പുളിയൻ മുന്തിരിയും വാങ്ങി…
കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ വീട്ടിൽ കേറാൻ പോലും സമ്മതിക്കാത്ത അമ്മയെ വിളിച്ചു പറഞ്ഞു..
നാട്ടിലെ കൂട്ടുകാരെ മുഴുവൻ വിളിച്ചു …
“കളിയാക്കിയവരുടെ മുന്നിൽ നിന്ന് ഇനിയൊന്നു നിവർന്നു നിൽക്കണം “
സ്വയം പറഞ്ഞു
ഇത്രയും നാൾ കഴിഞ്ഞു വിശേഷം ആയതല്ലേ… റെസ്റ് വേണം…. ജോലിക്കാരിയെയും ഏർപ്പാടാക്കി
വീട്ടിൽ എത്തിയപ്പോൾ കത്തിച്ചു വയ്ക്കാത്ത നിലവിളക്ക് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു
“വയ്യാഞ്ഞിട്ടാവും…..”
പോട്ടെ….
അവളെ അന്വേഷിച്ചു അയാൾ മുറിക്കുള്ളിൽ കടന്നു
ചെന്ന ഉടനെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ…
“ഞാൻ ശർദിച്ചു…പത്തു ദിവസായി പീരിയഡ്സ് ആയിട്ട്… ഗർഭിണിയാണെന്ന് ഓർത്തു…”
വിങ്ങി വിങ്ങി അവൾ പറഞ്ഞു
അയാൾ അറിയാതെ കയ്യിലിരുന്ന പാക്കറ്റ് താഴെ വീണു…
അതിൽ നിന്നും മുന്തിരിയും മസാല ദോശയും പുറന്തളപ്പെട്ടു… സാമ്പാർ അവിടാകെ ഒഴുകി..
ദേഷ്യം സഹിക്കാവയ്യാതെ അവൾ അതെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു…
അയാൾ സ്വയം പറഞ്ഞു “ആണുങ്ങൾ കരയാറില്ല “
മകനെയും മരുമകളെയും കാണാൻ വന്ന സ്ത്രീ എല്ലാം കേട്ടു തിരിച്ചു പോകാനിറങ്ങി…മനമുരുകി പ്രാർത്ഥിച്ചു
“ഒരു കുഞ്ഞിക്കാല് കാണാൻ അവർക്ക് ഭാഗ്യം ഉണ്ടാവണേ “
രാത്രി അവളെ ചേർത്തു പിടിച്ചു അയാൾ പറഞ്ഞു
“സമയം ആയില്ലെടീ…….”
അവൾ ആ കൈകളിൽ കിടന്നു കരഞ്ഞു
“ഞാനിനി ഒരു ഗുളികയും ഴിക്കില്ല… എനിക്ക് മടുത്തു… ദൈവം തരുമ്പോൾ തരട്ടെ..”
——————
മറ്റൊരിടത്ത്….
“എടീ… രണ്ടു ലക്ഷമേ അവർ തരുവൊള്ളൂ എന്ന്…”
രണ്ടുലക്ഷം എന്തിന് തികയും മനുഷ്യാ… കൊച്ചിനെ വേണോങ്കിൽ നാല് തികച്ചു വേണോന്നു പറ..പോരെങ്കിൽ ആൺകൊച്ചുമല്ലേ
കരഞ്ഞു തളർന്ന കുഞ്ഞിന്റെ മുഖത്തു പോലും നോക്കാതെ കച്ചവടം ഉറപ്പിക്കുന്ന തിരിക്കിൽ ആയിരുന്നു അവൾ..
“എനിക്കിവനെ കൊടുക്കാൻ എന്തോ പോലെ..”
അയാൾ പറഞ്ഞു
“വളർത്തി വലുതാക്കാൻ നിങ്ങൾ വല്ലോം സമ്പാദിച്ചിട്ടുണ്ടോ.. കൊടുത്തു ഒള്ള ചില്ലറ മേടിക്കാൻ നോക്ക്…. നമുക്കിത് പത്തു മിനിറ്റത്തെ കാര്യമല്ലേ ഉള്ളൂ…”
അവൾ ഒരു വല്ലാത്ത ചിരിയോടെ അയാളെ നോക്കി
കുഞ്ഞിനെ കൈമാറാൻ പോകുന്നവഴി എവിടുന്നോ പാഞ്ഞുവന്ന ഒരു ലോറി… അയാളുടെ ജീവനെടുത്തു.
പോലീസ് റിപ്പോർട്ടിൽ ഇങ്ങനെ ആയിരുന്നു
“യുവാവും കുഞ്ഞും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു “
“അല്ല സാറെ കുഞ്ഞിന്റെ ബോഡി കിട്ടാതെ ഇങ്ങനെ എഴുതിയാൽ…. “
ഇൻക്വിസ്റ്റ് തയാറാക്കിയ കോൺസ്റ്റബിൾ ചോദിച്ചു…
“നാടോടികൾ അല്ലേ… ആര് ചോദിക്കാൻ വരാൻ… അല്ലെങ്കിൽ ആ കൊച്ചിനെ തിരക്കി നടക്കേണ്ടി വരും “
**************
അയാളുടെ ജോലിയുടെ അവസാന ദിവസം ആയിരുന്നു…
“കൊച്ചില്ലാതെ നമ്മൾ എങ്ങനെ നാട്ടിൽ നിൽക്കുമെടീ.. “
പണ്ടു പറഞ്ഞ വാക്ക് മാറ്റിപറയാൻ അയാൾക്ക് തോന്നിയില്ല പകരം അയാൾ നാട്ടിലേക്കുള്ള പോക്ക് ഒഴിവാക്കിയിരുന്നു
“ആരെങ്കിലുമൊക്കെ വിചാരിക്കട്ടെ… മ്മക്കും കൊച്ച് ആയെന്ന് അല്ലെടീ “
അയാൾ അവളെ ചേർത്തു പിടിച്ചു
അങ്ങനെ ഇരിക്കുമ്പോൾ ആണ് അയാൾക്ക് സ്ഥലംമാറ്റം
രാത്രിയിൽ അവളെയും ചേർത്ത് പോകുമ്പോൾ ആണ്…
കുഞ്ഞിന്റെ കരച്ചിൽ….
അവൾ അയാളെ നോക്കി ..
“തോന്നീതാവും….കുഞ്ഞ് കുഞ്ഞ് എന്ന് പറഞ്ഞു നിനക്ക് വട്ടായോ “
അയാൾ ദേഷ്യപ്പെട്ടു
പിന്നീടത് ശക്തമായി….
അവർ ആ കരച്ചിൽ കേട്ട ഭാഗത്തേക്ക് നടന്നു..
അവർ ആ കുഞ്ഞിനെ കൈകളിൽ എടുത്തു.. പരസ്പരം നോക്കി
പിന്നീടുള്ള ദിവസങ്ങളിൽ അവർ പേടിയോടെ കാത്തിരുന്നു…
“നമുക്കായിട്ട് ഈശ്വരൻ തന്നതാ… ആര് വന്നാലും കൊടുക്കേണ്ട “
അയാളുടെ അമ്മ പറഞ്ഞു
ആരും വന്നില്ല…. ആരും അറിഞ്ഞില്ല..
“നാട്ടുകാരിലാരോ പറഞ്ഞു..കൊച്ച് നിന്നെ കൊത്തിവെച്ച പോലുണ്ട് “
ആ വാക്കുകൾ കേട്ട് അയാൾ ഉള്ളിൽ ചിരിച്ചു..