രാത്രിയേറെ ആയിട്ടും വെറുതെ ഇരുട്ടിൽ കണ്ണടച്ച് കിടക്കുന്നതിനിടെ പെട്ടെന്നൊരു തോന്നലിൽ മുറിയുടെ സൈഡിലെ..

കാത്തിരിപ്പ്

രചന: സൂര്യകാന്തി

===============

അരിക് പൊട്ടിയ ടൈൽസ് എടുത്തു മാറ്റി വെക്കുമ്പോഴാണ് വിനു പറഞ്ഞത്…ടാ സുധീ, നീലിമ വന്നിട്ടുണ്ട്, ലണ്ടനിൽന്ന്. രണ്ടു ദിവസമായി. ഇന്നലെ പണിക്ക് ചെന്നപ്പോൾ അമ്മയോട് ഗീതേച്ചി പറഞ്ഞതാത്രേ. അടുത്ത മാസം കല്യാണം ആണെന്ന്, ആ ഡോക്ടറുമായിട്ട്…

ഉം..സുധി മൂളിയതേയുള്ളൂ. പക്ഷെ ആ വാക്കുകൾ മനസ്സിനെ പിടിച്ചുലച്ചിരുന്നു.

കോൺട്രാക്ട് വർക്ക്‌ ആണ്…ടൈൽസിന്റെ…ഗൾഫിലുള്ള രവിയേട്ടന്റെ വീടാണ്. ഈ മാസം കേറിത്താമസമാണ്. പണി വേഗം തീർത്തുകൊടുക്കാമെന്ന് വാക്കുകൊടുത്തതാണ്.

മനസ്സിനെ ഓർമ്മകളിലേക്ക് വിടാതെ സുധി ജോലിയിൽ മുഴുകി. സന്ധ്യയാവാറായിരുന്നു വീട്ടിലെത്തുമ്പോൾ. വേലിയ്ക്കരികിലെ ചെമ്പരത്തി ചെടിയിൽ നിറയെ ചുവന്ന പൂക്കളുണ്ട്.

വീണ്ടും അവളുടെ വാക്കുകൾ ഓർമ്മ വന്നു. പഠിച്ചു വല്യ ജോലിയൊക്കെയായിട്ട് ഞാൻ ഒരു പൈസക്കാരനെ കെട്ടും, അപ്പോൾ സുധിയേട്ടൻ ഇതും ചെവിയിൽ വെച്ചു നടന്നാൽ മതി…

അന്ന് ആ ചെമ്പരത്തി ചെടിയുടെ കമ്പ് നട്ടു പിടിപ്പിക്കുമ്പോൾ പാറു കേൾക്കാതെ ചെവിയിൽ പറഞ്ഞതാണ്. ബൈക്ക് മുറ്റത്ത് എത്തിയപ്പോഴേക്കും അമ്മ കോലായിലേക്കെത്തിയിരുന്നു. അമ്മയെ ഒന്ന് നോക്കി അകത്തേക്ക് നടന്നു.

പാവം അമ്മ, പാറുവിന്റെ കല്യാണം കഴിഞ്ഞതോടെ തീർത്തും ഒറ്റയ്ക്കായിട്ടുണ്ട്. ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതെ…

കുളിയൊക്കെ കഴിഞ്ഞു വന്നു അമ്മ എടുത്തു വെച്ച കഞ്ഞി കുടിക്കുമ്പോൾ അമ്മയെയും നിർബന്ധിച്ചു അടുത്തിരുത്തി. തേങ്ങ ചുട്ടരച്ച ചമ്മന്തിയ്ക്കും പൊള്ളിച്ച പപ്പടത്തിനുമൊന്നും അന്ന് രസമുകുളങ്ങളെ തൊട്ടുണർത്താനായില്ല.

ഇടയ്ക്ക് വെച്ച് മതിയാക്കി എഴുന്നേൽക്കുമ്പോഴാണ് അമ്മ മടിച്ചു മടിച്ചു പറഞ്ഞത്. സുധീ, ആ രാധമ്മ ഇന്നും വന്നിരുന്നു. നിനക്കൊന്ന് പോയി, ആ കുട്ടിയെ കണ്ടൂടെ, പാവത്തുങ്ങളാ, നിനക്കിഷ്ടമായാൽ ഉടനെ നടത്താൻ അവർക്ക് സമ്മതാ. ഞാനിനി എത്ര കാലമെന്ന് വെച്ചാ….

കഴുത്തിൽ കിടന്ന തോർത്തിൽ മുഖം അമർത്തി തുടച്ച്, ഒന്നും മിണ്ടാതെ, അമ്മയെ ഒന്ന് നോക്കി സുധി അവന്റെ മുറിയിലേക്ക് കയറി പോയി.

രാത്രിയേറെ ആയിട്ടും വെറുതെ ഇരുട്ടിൽ കണ്ണടച്ച് കിടക്കുന്നതിനിടെ പെട്ടെന്നൊരു തോന്നലിൽ മുറിയുടെ സൈഡിലെ അടച്ചിട്ട ജനല്പാളികളിലൊന്ന് തുറന്നു. അകത്തേക്ക് കയറിയ നേർത്ത കാറ്റിനൊപ്പം തൊട്ടടുത്ത മതിലിനപ്പുറത്തെ വലിയ വീട്ടിലെ അണയാത്ത ലൈറ്റുകളിലെ പ്രകാശവും മുറിയിലെത്തി.

ഈ മതിലിനപ്പുറം ആ വീടിനുള്ളിൽ അവളുണ്ട്. പക്ഷേ…

നീലിമ…അച്ഛന്റെ അടുത്ത കൂട്ടുകാരൻ നാരായണേട്ടന്റെ മകൾ. തൊട്ടയല്പക്കം. നീലിമയ്ക്ക് ഒരേട്ടനും ഒരു ചേച്ചിയും അനിയത്തിയും. എങ്കിലും തന്റെയും അനിയത്തി പാറുവിന്റെയും ഒപ്പം തങ്ങളുടെ വീട്ടിലായിരുന്നു അവളെപ്പോഴും.

കൂലിപ്പണിക്കാരായിരുന്ന നാരായണന്റെയും മാധവന്റെയും വീട്ടുകാർ ഒരു കുടുംബം പോലെയായിരുന്നു. പാറുവിനെ പോലെ തന്നെയായിരുന്നു തനിക്ക് നീലിമയും…കാന്താരി.

അച്ഛന്റെ കാല് പിടിച്ചു വാങ്ങിച്ചെടുത്ത സൈക്കിളിൽ അവർ രണ്ടു പേരും കയറണമെന്ന് വാശി പിടിക്കുമ്പോൾ സൈക്കിളും ഉന്തി സ്കൂളിലേക്ക് അവർക്കൊപ്പം നടന്നു പോവേണ്ട ഗതികേടായിരുന്നു തനിക്ക്.

പ്ലസ് വണ്ണിന് അതേ സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി. കൂട്ടുകാരുടെ കളിയാക്കൽ പേടിച്ചു മാത്രമായിരുന്നില്ല, മുതിർന്നുവെന്ന് സ്വയം തോന്നി തുടങ്ങിയത് കൊണ്ടു കൂടെയാണ് പാറുവും നീലുവും റെഡി ആയി വരുന്നതിനു മുൻപേ ഇറങ്ങാൻ തുടങ്ങിയത്.

പ്രതിഷേധവും കണ്ണീരുമൊന്നും ഏൽക്കാതായതോടെ തന്റെ സ്വാതന്ത്ര്യം അവരും അംഗീകരിച്ചു തന്നു. താൻ പ്ലസ്‌ടുവിൽ എത്തിയപ്പോൾ നീലുവും പാറുവും എട്ടാം ക്ലാസ്സിലേക്കായി.

പഠിക്കാൻ മിടുക്കനായത് കൊണ്ടു ആരാധികമാരേറെയുണ്ടെന്ന് മനസ്സിലായത് വൈകിയാണ്, കൊമേഴ്സിലെ അമൃതയ്ക്ക് തന്നോടു ഇഷ്ടമാണെന്ന് വിനു വന്നു പറഞ്ഞപ്പോൾ അത്ഭുതം തന്നെയായിരുന്നു.

ലഞ്ച് ബ്രേക്കിനിടയിൽ മുകളിലെ വരാന്തയുടെ അറ്റത്തുള്ള ജനലിനരികെ കാത്തു നിന്ന അമൃതയ്ക്കരികെ എത്തിയപ്പോൾ ഉള്ളിലെ വെപ്രാളം പുറത്തു കാണിച്ചില്ല. അവൾക്കരികെ എന്താണ് പറയേണ്ടതെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കോണിപ്പടികളിൽ തങ്ങളെ നോക്കി നിന്ന നീലുവിനെ കണ്ടത്.

ആ വാലിട്ടെഴുതിയ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ അമൃതയോട് പറയാൻ വന്നത് സുധി മറന്നു പോയി.

ഇന്ന് പാറു ലീവാണ്. പനി…നീലുവിനെ കണ്ടാൽ, അമൃതയുടെ കാര്യം പാറുവിനോട് പറയരുതെന്ന് പറയണം, എന്നൊക്കെ കരുതിയാണ് ചെളിയിൽ ചവിട്ടാതെ പാടവരമ്പത്തു നിന്നും ഇടവഴിയിലേക്ക് കയറിയത്.

കൈയിലെ കുട ചേർത്തു പിടിച്ചു നടക്കുമ്പോഴാണ് ഇടവഴിയുടെ അറ്റത്തു മഴ നനഞ്ഞു നിൽക്കുന്ന ആ രൂപം കണ്ടത്. നീലിമ…

ഉള്ളിലൊരാന്തലോടെയാണ് ഓടി ചെന്നത്.

മോളെ…ന്ത്‌ പറ്റി…?

ഒന്നും പറയാതെ തന്നെ തുറിച്ചു നോക്കി നിന്നതേയുള്ളൂ. കണ്ണിലെ കരിമഷി കവിളിലേക്കും പടർന്നിരുന്നു. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ നെറ്റിയിലൂടെ കവിളിലെത്തിയിട്ടും തുടച്ചു മാറ്റാൻ ശ്രമിക്കാതെ വിറ കൊള്ളുന്ന ചുണ്ടുമായാണവൾ ചോദിച്ചത്.

സുധിയേട്ടന് ആ പെണ്ണിനെ ഇഷ്ടാണോ…?

ആരെ…?

ആ അമൃതയെ…?

ഒരു നിമിഷം കഴിഞ്ഞാണ് പറഞ്ഞത്. ആണെങ്കിൽ…?

വേണ്ടാ…

ആ കണ്ണുകളിലെ ഭാവം മാറിയിരുന്നു, ദേഷ്യവും സങ്കടവും നിറഞ്ഞ പൊട്ടിക്കരച്ചിലോടെയാണ് നീലിമ സുധിയുടെ ഷർട്ട് കൂട്ടി പിടിച്ചത്.

സുധിയേട്ടൻ ന്റെയാ, ഈ നീലുവിന്റേത് മാത്രാ…പെട്ടെന്നവൾ അവനെ പിടിച്ചു തള്ളിക്കൊണ്ട് അവന് നേരേ കൈചൂണ്ടി പറഞ്ഞു. അല്ലെന്ന്ച്ചാ സുധിയേട്ടൻ പിന്നെ നീലുവിനെ കാണില്ല. ഒരിക്കലും…

ഒരു കരച്ചിലോടെ ആ മഴയത്തു ഓടിപ്പോവുന്ന നീലുവിനെ നോക്കി നിൽക്കുമ്പോഴും ഉള്ളിലെ നടുക്കം മാറിയിട്ടില്ലായിരുന്നു. പിന്നെ തമ്മിൽ കാണുമ്പോൾ അവളുടെ മുഖത്ത്, നോക്കാതെ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി.

എങ്കിലും ഇടയ്ക്കെപ്പോഴൊക്കെയോ തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ കാണുന്ന തിളക്കം താനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. നെഞ്ചിലേക്ക് ഇടിച്ചു കയറി കുടിയേറി പാർത്തവൾ.

പ്ലസ്‌ ടു കഴിഞ്ഞു, ഡിഗ്രിയ്ക്ക് ചേർന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്, ഒരു വൈകുന്നേരം വെള്ളത്തുണിയിൽ പുതപ്പിച്ചു അച്ഛനെ അവർ കൊണ്ടു വന്നത്. ആക്‌സിഡന്റ് ആയിരുന്നു. തളർന്നു പോയ അമ്മയെയും പാറുവിനെയും ചേർത്തു പിടിക്കുമ്പോഴും മനസ്സിലെ മരവിപ്പ് മാറിയിരുന്നില്ല.

സ്വപ്നങ്ങളൊക്കെ മാറ്റിവെച്ച് രാഘവേട്ടന്റെ കൂടെ കെട്ടിടം പണിയ്ക്ക് പോവുമ്പോഴും ആശ്വാസമായി നീലു കൂടെയുണ്ടായിരുന്നു. സുധിയുടെ പെണ്ണായി മാറിയിരുന്നു അവൾ. നാട്ടിലും വീട്ടിലുമെല്ലാം…

ആരെങ്കിലും ചോദിച്ചാൽ അത് പറയാനും അവൾക്കൊരു മടിയും ഉണ്ടായിരുന്നില്ല. ഒപ്പം നടക്കുമ്പോൾ എതിരെ ഏതെങ്കിലും പെണ്ണ് പോയാൽ നീലുവിന്റെ കണ്ണുകൾ തന്നിലായിരിക്കും. എങ്ങാനും ആ പെണ്ണിനെ നോക്കിയൊന്ന് ചിരിച്ചു പോയാൽ അന്ന് തന്റെ നെഞ്ച് പൂരപ്പറമ്പാണ്.

ബിഎസ് സി നഴ്‌സിംഗിന് കിട്ടി, അവൾ ഹോസ്റ്റലിലേക്ക് പോയപ്പോൾ കൂട്ടുകാരിൽ പലരും പറഞ്ഞു, ഈ നാട്ടിൻപുറത്തെ ചെക്കനെ അവൾ മറന്നു പോവുമെന്ന്. അതൊന്നും കേട്ടതായിപോലും ഭാവിച്ചില്ല. തന്നെ മറക്കാൻ നീലുവിനാവില്ലെന്ന് നന്നായി അറിയാമായിരുന്നു.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാരായണേട്ടന്, നീലുവിന്റെ പഠിപ്പ് എടുത്താൽ പൊങ്ങാത്ത ബാധ്യത തന്നെയായിരുന്നു. അവളൊരിക്കലും ചോദിച്ചില്ലെങ്കിലും അതറിഞ്ഞു കൊണ്ടു തന്നെയാണ്, ലീവിന് വരുമ്പോൾ ചുരുട്ടി പിടിച്ച നോട്ടുകൾ ആ കൈകളിൽ പിടിച്ചേൽപ്പിക്കാറുള്ളത്.

തന്റെ കൈയിൽ പിടിച്ചു കണ്ണു നിറയ്ക്കുന്ന അവളെ നെഞ്ചോട് ചേർത്തു പറയും. കരയുന്നതെന്തിനാ പെണ്ണേ, നമുക്ക് വേണ്ടിയല്ലേ…?

കണ്ണീരിനിടയിൽ കൂടെയുള്ള ആ പുഞ്ചിരി കാണാനായിരുന്നു അത്. കുന്നിൻചരുവിനപ്പുറത്തെ പാറക്കുളത്തിനരികെയായിരുന്നു ഒത്തുചേരലുകളൊക്കെ.

അവൾ വരുന്ന ആഴ്ചകളിലൊക്കെ, നീലുവിനേറെ ഇഷ്ടമായ ഞാവൽ പഴങ്ങളുമായി സുധി ആ പാറക്കെട്ടിൽ കാത്തിരിപ്പുണ്ടാകും. വന്നാലുടൻ, വാ തോരാതെ അത് വരെയുള്ള വിശേഷങ്ങൾ പറഞ്ഞു തീർക്കുന്ന അവളെയും നോക്കി…

കോഴ്സ് കഴിഞ്ഞു റിസൾട്ട്‌ വരുന്നതിനു മുൻപേ തന്നെ അവൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലിയ്ക്ക് പോയി തുടങ്ങിയിരുന്നു. നാരായണേട്ടൻ അസുഖമായി കിടപ്പിലായതോടെ വീട്ടുജോലിയ്ക്ക് പോയി തുടങ്ങിയ ഗീതേച്ചിയ്ക്കും അതൊരു ആശ്വാസമായിരുന്നു.

അവളുടെ രാവിലെയും വൈകിട്ടുമുള്ള ഓട്ടപാച്ചിലിനിടയിൽ കണ്ടുമുട്ടലുകൾ വിരളമായിരുന്നു. വല്ലപ്പോഴും ഒഴിവ് കിട്ടുമ്പോഴുള്ള ഫോൺ വിളികളായിരുന്നു ആശ്വാസം.

ഒരു ഞായറാഴ്ച വൈകുന്നേരം കാണണമെന്ന് പറഞ്ഞത് കൊണ്ടാണ് സുധി കുന്നിൻചെരുവിൽ എത്തിയത്.

സുധിയേട്ടാ…എനിക്കൊരു ചാൻസ് വന്നു. ലണ്ടനിലേക്ക്…പക്ഷേ…

ഉള്ളിലൊരു നടുക്കം ഉണ്ടായെങ്കിലും പുറത്തു കാണിക്കാതെ ചോദിച്ചു. എന്താ ഒരു പക്ഷേ…?

അത്…ഒരു ലക്ഷം രൂപ വേണം. എത്ര കൂട്ടിയാലും ഒരു നാല്പത്തിനായിരത്തിനപ്പുറത്തേക്ക് എടുക്കാൻ ഉണ്ടാവില്ല. സുധി ഒന്നും പറഞ്ഞില്ല. സുധിയേട്ടന് ആരോടെങ്കിലും വാങ്ങി തരാൻ പറ്റോ…? ആദ്യശമ്പളത്തിൽ നിന്ന് തന്നെ തിരിച്ചു കൊടുക്കാം.

പ്രതീക്ഷയോടെ തന്നെ നോക്കുന്ന കണ്ണുകൾ കണ്ടതും ഒന്നും പറയാൻ തോന്നിയില്ല. അത് കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അവളെ ചേർത്ത് നിർത്തിയാണ് പറഞ്ഞത്. നമുക്ക് നോക്കാടീ…

പാറുവിനു വേണ്ടി നുള്ളി പെറുക്കി കൂട്ടി വെച്ചതും ആരോടൊക്കെയോ കടം വാങ്ങിയതും ചേർത്ത് അവളുടെ കൈയിൽ ഏൽപ്പിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു.

HERBEAUTY
The Shocking Truth About Kayla LaVende: The Real-Life Barbie
×
പോകുന്നതിന്റെ തലേന്ന് വിഷമിച്ചിരിക്കുന്ന അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനാണ് ചോദിച്ചത്…അവിടെ പോയി നല്ല സായിപ്പന്മാരെ ഒക്കെ കാണുമ്പോൾ ഈ പാവം കൂലിപ്പണികാരനെ മറക്കോടി നീയ്യ്…

മറുപടിയായി നെഞ്ചിൽ ആ കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി. നെഞ്ചിലെ പാടുകളിലൂടെ വിരലോടിച്ച് സുധി ഒന്ന് പുഞ്ചിരിച്ചു.

അവൾ പോയതിൽ പിന്നെ ആ വിളികൾക്കായുള്ള കാത്തു നിൽപ്പായിരുന്നു. ആദ്യമൊക്കെ കരച്ചിലും പരാതിയും പരിഭവങ്ങളും നിറഞ്ഞു നിന്ന വാക്കുകളിൽ അവിടുത്തെ കാഴ്ച്ചകളുടെ കൗതുകം കടന്നു വന്നു.

അവളുടെ ജോലി തിരക്കിനിടയിൽ, വിളികളിൽ സംസാരത്തിന്റെ സമയം കുറഞ്ഞു വന്നു. അവൾ പോയി ഒരു വർഷമാവാറായപ്പോഴേക്കും നീലിമയുടെ ചേച്ചി ബീനയുടെ വിവാഹം നടന്നു.

അവരിലൊരാളായി എല്ലാത്തിനും മുൻപിൽ നിന്നു സുധി. ഏട്ടൻ രാജേഷിനു ചെറിയ എന്തോ ബിസിനസ്‌ തുടങ്ങാൻ, കാശ് കൊടുത്തതിനെ പറ്റി നീലു പറഞ്ഞപ്പോൾ, മൂളിയതേയുള്ളൂ സുധി.പോവുമ്പോൾ അവൻ കൊടുത്ത കാശ് തിരിച്ചു നൽകാൻ നീലു തിടുക്കം കാട്ടിയപ്പോഴൊക്കെ, തിരക്കില്ല, പാറുവിന്റെ കല്യാണം ആവുമ്പോഴേക്കും മതി എന്ന് സുധി പറഞ്ഞിരുന്നു.

നാരായണേട്ടന്റെ വീട് പൊളിച്ചു പണിയുന്നുണ്ടെന്നും തൊട്ടടുത്ത പറമ്പും അവർ വാങ്ങുന്നുണ്ടെന്നുമൊക്കെ പറഞ്ഞത് അമ്മയാണ്. നീലിമയുടെ വിളികളുടെ ദൈർഘ്യം കൂടിയിരുന്നു.

ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോഴാണ് ഗീതേച്ചിയെ വഴിയിൽ വെച്ച് കണ്ടത്. സുധീ എനിക്കൊരു കാര്യം പറയാനുണ്ട്.

എന്താ ഗീതേച്ചി…?

പറയുമ്പോൾ സുധി തെറ്റിദ്ധരിക്കരുത്. സുധി ഇനി നീലുവിനെ വിളിക്കരുത്. പണ്ട് പറഞ്ഞു പോയ വാക്കിന്റെ പേരിൽ ഇനിയും അവളുടെ പിന്നാലെ നടക്കരുത്. മാറ്റി പറയാൻ അവൾക്കും ബുദ്ധിമുട്ട് കാണും. സുധി അത് മനസ്സിലാക്കി പെരുമാറണം…

മുഖത്ത് നോക്കാതെ, അവർ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ തറച്ചു. നീലിമ വല്ലപ്പോഴും വിളിക്കുമ്പോഴുള്ള സുധിയുടെ നിശബ്ദത അവളെയും മടുപ്പിച്ചു കാണണം.

മെല്ലെ മെല്ലെ കോളുകൾ നിലച്ചു. ആ നാളുകളിലൊന്നിൽ, സുധിയ്ക്ക് നീലിമ അവൾ വാങ്ങിയ കാശ് തിരിച്ചയച്ചു കൊടുത്തു. തന്നിൽ നിന്നും അവൾ എന്നെന്നേക്കുമായി അകന്നു പോയി എന്ന് അവന് തീർച്ചയായത് അപ്പോഴായിരുന്നു.

രാജേഷിന്റെ ബിസിനസ്‌ പെട്ടെന്നങ്ങു വളർന്നു. നാരായണേട്ടൻ മരിച്ചു, ഏറെ വൈകാതെ തന്നെ രാജേഷിന്റേയും അനിയത്തി മഞ്ജുവിന്റെയും വിവാഹങ്ങൾ കഴിഞ്ഞു. കല്യാണത്തിന് സുധിയേയും അമ്മയെയും വിളിച്ചില്ല.

പിന്നീടെപ്പോഴോ കേട്ടു രാജേഷിന്റെ ഭാര്യയുടെ കുടുംബത്തിലെ ഒരു ഡോക്ടറുമായി നീലിമയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണെന്ന്…അയാളുടെ ആദ്യഭാര്യ മരിച്ചു പോയതാണത്രേ…

പോയതിൽ പിന്നെ നീലിമ നാട്ടിൽ വന്നിട്ടില്ല…ആറു വർഷം…ഒന്നും അറിയില്ല…ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ആ ശബ്ദം കേട്ടിട്ടില്ല. ഓർമ്മകൾക്കിടയിൽ എപ്പോഴോ സുധി ഉറങ്ങിപ്പോയി.

രാവിലെ കണ്ണു തുറന്നപ്പോഴാണ് ഓർത്തത്. ഇന്നലെ രാഘവേട്ടൻ ചോദിച്ച കാശ് കൊടുക്കാൻ വിട്ടുപോയി, മകളുടെ കുട്ടിയുടെ എന്തോ ആവശ്യത്തിനാണ്. പെട്ടെന്നൊരുങ്ങി അമ്മയോട് പറഞ്ഞു ബൈക്കുമെടുത്ത് നേരേ രാഘവേട്ടന്റെ വീട്ടിൽ പോയി.

ജോലിയ്ക്ക് പോവാനുള്ളത് കൊണ്ടു അധികസമയം നിന്നില്ല. പാലത്തിന്റെ താഴെയുള്ള റോഡിൽ കൂടെ വരുമ്പോഴാണ് അമ്പലത്തിലേക്കുള്ള വഴിയിൽ നിന്നും അവൾ ഇറങ്ങി വന്നത്.

ഒരു നിമിഷം രണ്ടു പേരും ഒന്നും മിണ്ടാനാവാതെ നിന്നു. ഭാവഭേദമൊന്നുമില്ലാതെ നീലിമയെ ഒന്ന് നോക്കി സുധി വണ്ടിയെടുത്തു. പുറകിൽ നിന്നും നേർത്തൊരു വിളി കേട്ടു.

സുധിയേട്ടാ…

തെല്ലാശ്ചര്യത്തോടെയാണ് തിരിഞ്ഞു നോക്കിയത്. പ്രതീക്ഷിച്ചിരുന്നില്ല…

എന്നെയൊന്നു ആ ചിറയുടെ അപ്പുറം ആക്കി തരാവോ…?

ആദ്യം ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ തല കൊണ്ടു കയറാൻ കാണിച്ചു. അവൾ കയറിയിരുന്നതും വണ്ടിയെടുത്തു. ചുമലിൽ വെച്ച കൈ ഉള്ളിലൊരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഭാവിച്ചില്ല.

അവളിൽ നിന്നും വരുന്ന നേർത്ത സുഗന്ധം പരിചിതമായിരുന്നില്ല. രൂപത്തിലും ഭാവത്തിലുമൊന്നും പഴയ നീലുവായിരുന്നില്ല അത്. നിറയെ മഷിയെഴുതിയിരുന്ന കണ്ണുകളിൽ ഇപ്പോൾ പഴയ തിളക്കമില്ല. കാതിലുണ്ടായിരുന്ന കുഞ്ഞു ജിമിക്കിയ്ക്ക് പകരം ചെറിയൊരു വെള്ള കല്ല്. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്.

ഒന്നും പറഞ്ഞില്ല, ചോദിച്ചില്ല. ചിറയുടെ അരികിൽ എത്തിയപ്പോൾ ചോദിച്ചു.

ഇവിടെ ഇറങ്ങണോ…?

വേണ്ട…

ഒന്നും പറയാതെ വണ്ടി വിട്ടു. അവളുടെ വീടിന്റെ മതിൽക്കെട്ടിനു പുറത്തായി വണ്ടി നിർത്തി. വണ്ടിയിൽ നിന്നും ഇറങ്ങിയ അവളെ നോക്കി. പൊടുന്നനെയായിരുന്നു ആ ചോദ്യം.

ഒരിക്കൽ പോലും ന്റെ മനസ്സൊന്നു കാണാൻ സുധിയേട്ടന് കഴിഞ്ഞില്ല അല്ലേ…?ഇത്ര എളുപ്പം എന്നെ ആർക്കെങ്കിലും വിട്ടു കൊടുക്കാനാവുമെന്ന് കരുതിയില്ല…

ആ വാക്കുകളുടെ അർത്ഥം ആലോചിക്കുമ്പോഴേക്കും നീലിമ ഉള്ളിലേക്ക് കയറി പോയിരുന്നു. ജോലിയ്ക്കിടയിലും അന്ന് മുഴുവൻ ആ വാക്കുകളായിരുന്നു മനസ്സിൽ.

രാവിലെ അമ്മ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അമ്പലത്തിൽ പോകണം, നടക്കാൻ വയ്യ, കൂടെ ചെല്ലണമെന്നൊക്കെ കേട്ടപ്പോൾ ആദ്യം ദേഷ്യം വന്നു. പിന്നെ അനുസരിച്ചു.

ഉള്ളിലേക്ക് കയറാൻ മടിച്ചു നിന്ന സുധിയെ കൈയിൽ പിടിച്ചാണ് അമ്മ കൊണ്ടു പോയത്. അമ്മയെ ബോധിപ്പിക്കാനായി കണ്ണടച്ചു കൈകൾ കൂപ്പി നിന്നു. കണ്ണുകൾ തുറന്നപ്പോൾ കണ്ടത് താലത്തിൽ വെച്ച പൂജിച്ച താലിച്ചരടായിരുന്നു.

ഞെട്ടലോടെ മുഖമുയർത്തിയപ്പോഴാണ്…തൊട്ടു മുൻപിൽ ആ മുഖം…നീലിമ…

അതെടുത്ത് അവളുടെ കഴുത്തിൽ കെട്ട് സുധീ…അമ്മയുടെ ആജ്ഞ യാന്ത്രികമായാണ് അനുസരിച്ചത്.

കണ്ണുകൾ നിറഞ്ഞിരുന്നു. അപ്പോഴേക്കും വിനു തുളസി മാല കൈയിൽ തന്നിരുന്നു. നീലിമ അവന്റെ മുഖത്തേക്ക് നോക്കിയതേയില്ല. വീട്ടിലെത്തി അമ്മ കൊടുത്ത നിലവിളക്ക് കൈയിൽ വാങ്ങി വലതുകാൽ വെച്ച് കയറുന്ന നീലിമയെ കണ്ടപ്പോഴും സ്വപ്നമാണ് എന്ന തോന്നലായിരുന്നു.

ഒരിക്കൽ പോലും അവൾ സുധിയെ നോക്കിയില്ല. രാത്രി സുധി കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോൾ നീലിമ മുറിയിലെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. പതിയെ ചെന്ന് അരികെ ഇരുന്നു. എന്നിട്ടും അവൾ നോക്കിയില്ല.

ആ കൈയിൽ പിടിച്ചതും അവളൊന്ന് തുറിച്ചു നോക്കി. വിളിക്കാതിരുന്നപ്പോൾ ഞാൻ കരുതി…

തേച്ചിട്ട് പോയീന്ന് അല്ലേ…അവിടുത്തെ തിരക്കുകൾക്കിടയിൽ സമയമുണ്ടാക്കി വിളിച്ചിരുന്നത്, ഈ ശബ്ദം ഒന്ന് കേൾക്കാനായിരുന്നു. എന്തൊക്കെ പറഞ്ഞാലും മിനിറ്റുകളോളം നീളുന്ന മൗനം മാത്രമായിരുന്നു സുധിയേട്ടന്റെ ഭാഗത്തു നിന്നും…എന്നോടൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു. എന്റെ ശബ്ദം കേൾക്കണമെന്നില്ലായിരുന്നു. ഇന്നലെ എന്നെ കണ്ടിട്ടും ഒരക്ഷരം പറയാതെ പോവാൻ തുടങ്ങിയതല്ലേ…

ആ കണ്ണുകൾ നിറയുന്നത് കണ്ടാണ് മെല്ലെ ചോദിച്ചത്. ഒരക്ഷരം പറയാതെ, ഇത്രയും കാത്തിരുന്നിട്ട് ഇതൊന്നുമറിയാതെ, ഞാൻ വേറെ കല്യാണം കഴിച്ചിരുന്നുവെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു…?

ആ കണ്ണുകളിലെ ഭാവമാറ്റം കണ്ടപ്പോഴാണ് ചോദിച്ചത് അബദ്ധമായെന്ന് മനസ്സിലായത്. വർഷങ്ങൾക്ക് ശേഷം സുധിയുടെ നെഞ്ച് വീണ്ടുമൊരു പൂരപ്പറമ്പായി.

അതിൽ നിന്നൊരു മോചനം കിട്ടാൻ അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു ആ ചുണ്ടോട് ചുണ്ടമർത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ സുധിയ്ക്ക്…

Leave a Reply

Your email address will not be published. Required fields are marked *