മനസ്സിൽ കരുതിയപോലെ തന്നെ റൂമിന്റെ ഡോർ തുറന്ന് അമ്മ വന്നു. ഇന്ന് ഞാൻ പോവേണ്ട കല്യാണത്തെകുറിച്ചു….

by pranayamazha.com
10 views

ആരാധിക

രചന: സുധിൻ സദാനന്ദൻ

————————–

നല്ലൊരു ഞായറാഴ്ചയായിട്ട് ഉറക്കം ഉണരുമ്പോൾ അച്ഛൻ അമ്മയോട്
എന്നെ കുറിച്ച് എന്തോ കാര്യമായി പറയുകയാണ്.

കേൾക്കുന്നത് എന്നെ കുറിച്ചായതുകൊണ്ട് ഫാനിന്റെ റെഗുലേറ്റിന്റെ ചെവിക്കു പിടിച്ച് സ്പീഡ് അൽപം കുറച്ചു. എന്താണ് സംഭവമെന്ന് വ്യക്തമായി കേൾക്കണമല്ലോ…

ഇനി എങ്ങാനും എനിക്കുള്ള കല്യാണ
ആലോചനയാണെങ്കിലോ എന്നുള്ള പ്രതിക്ഷയില്ലാത്ത പ്രതീക്ഷ എല്ലാവർക്കുമുള്ളതുപോലെ എനിക്കും ഉണ്ടായിരുന്നു…

എനിക്കു ഇന്ന് അത്യാവശ്യമായി ഒന്നുരണ്ടു സ്ഥലത്ത് പോവേണ്ടതുണ്ട്. അവനു ഇവിടെ കാള കളിച്ചു നടക്കാനല്ലേ, വേറെ പണിയൊന്നുമില്ലല്ലോ…? സുധാകരന്റെ മോളുടെ കല്യാണത്തിന് ഇവിടന്ന് ആരെങ്കിലും പോയേപറ്റൂ…

എനിക്കുള്ള അച്ഛന്റെ കൽപ്പനയായിരുന്നു ഇപ്പൊ നമ്മൾ കേട്ടത്…അപ്പൊ അതാണ് കാര്യം. ഇതിവിടെ സ്ഥിരം അരങ്ങേറുന്ന പരിപാടിയാണ്. അച്ഛനെ ക്ഷണിച്ച കല്യാണമാണെന്ന് പറഞ്ഞ് എനിക്കു ആരെന്നു പോലും അറിയാത്ത കല്യാണത്തിന് എന്നെ പറഞ്ഞു വിടുന്നത്.

എന്നെ കൊണ്ട് ഒരു ഉപകാരം പോലും ഇല്ലാന്ന് ഒരു ദാക്ഷിണ്യമില്ലാതെ അച്ഛൻ പറഞ്ഞതു കേട്ടില്ലേ നിങ്ങൾ…വീട്ടിൽ ഉണ്ടാക്കുന്ന ആഹാരമൊന്നും പാഴാക്കാതെ ഞാൻ തിന്നുന്നില്ലേ…? ഇതൊന്നും പോരാഞ്ഞിട്ടു ഒരു സെക്യൂരിറ്റിക്കാരനെന്ന പോലെ രാത്രി മുഴുവനും ഉറങ്ങാതെ ഓൺലൈൻ ഇരുന്നു കള്ളന്മാരിൽ നിന്നും വീടു രക്ഷിക്കുന്നില്ലേ…?

ഇതൊന്നും ഒരു പണിയല്ലേ എന്ന് അച്ഛന്റെ മുഖത്തു നോക്കി ചേദിക്കണമെന്നുണ്ടായിരുന്നു. പിന്നെ പാവം അച്ഛനു ഫീൽ ചെയ്താലോ എന്നു കരുതി വേണ്ടാന്നുവെച്ചു.

മനസ്സിൽ കരുതിയപോലെ തന്നെ റൂമിന്റെ ഡോർ തുറന്ന് അമ്മ വന്നു. ഇന്ന് ഞാൻ പോവേണ്ട കല്യാണത്തെകുറിച്ചു വ്യക്തമായൊരു രൂപരേഖ തരാനായിരുന്നു ആഗമനോദ്ദേശ്യം.

തിരികെ പോവാൻ നേരം കല്യാണത്തിന് പോവാതെ കറങ്ങി നടന്നാൽ അത് അച്ഛനറിഞ്ഞാലുള്ള പ്രത്യാഘാതത്തെ കുറിച്ചു പറയാനും അമ്മ മറന്നില്ല. മറന്നതല്ല എന്നെ ഭയപ്പെടുത്തിയതാണ്.

എന്നെ അങ്ങനെ ഭയപ്പെടുത്തി കാര്യം നേടാമെന്നൊന്നും ആരും വിചാരിക്കണ്ട. അതൊന്നും ഇവിടെ വില പോവില്ല എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്. പക്ഷെ ഇത്ര വലിയ പഞ്ച് ഡയലോഗ് ഞാൻ പറഞ്ഞാലും എന്റമ്മ ചിരിക്കേ ഉള്ളൂ…എന്നറിയാവുന്നതുകൊണ്ടു ഞാനൊന്നും പറയാനും പോയില്ല.

കുളീം കഴിഞ്ഞ് ജീൻസും വലിച്ചു കേറ്റി ഷൂസും ഇട്ട് കല്യാണത്തിനു പോവാൻ പുറത്തുറങ്ങിയപ്പോഴാണ് അറിയാത്ത കല്യാണമായാലെന്താ…ബൈക്കിൽ പോകണ്ട, പോക്ക് കാറിൽ തന്നെ ആയിക്കോട്ടെ എന്ന് മനസ്സിലൊരു ചിന്ത.

ചുറ്റിപറ്റി കറങ്ങി നടന്ന് അച്ഛൻ ബാത്ത് റൂമിൽ കയറിയതക്കത്തിൽ കാറെടുത്ത് ശരവേഗത്തിൽ ഞാൻ വീട്ടിൽ നിന്നും പുറത്തു കടന്നു. ഒരുവിധം ഗൂഗിളച്ഛന്റെ സഹായത്തോടെ ഞാൻ ഓഡിറ്റോറിയം കണ്ടത്തി.

കയറിച്ചെന്ന് ഏറ്റവും പുറകിലായി ഞാനും ഇരുന്നു. കട്ട പോസ്റ്റ് എന്ന് പറയേണ്ട കാര്യമില്ലല്ലോ…?

ഫോണെടുത്ത് ഞാനെഴുതിയ കഥയ്ക്കുവന്ന കമന്റിനു സ്നേഹത്തോടെ മറുപടി അയക്കുന്ന നേരത്താണ്, ഒരു ചെറിയ വലിയ ഹാങിന്റെ അകമ്പടിയോടെ ഫോണിലേക്ക് കോളിങ് മഞ്ജരി…എന്ന് എഴുതി കാണിച്ച് മണിശബ്ദം മുഴങ്ങിയത്.

ഫോണെടുത്ത്,എന്താടി മരഭൂതമേ…എന്ന് ചോദിച്ചപ്പോൾ മറുതലയ്ക്കലിൽ നിന്ന് മരപ്പട്ടി നീ എവിടെയാ എന്ന് അവളും ചോദിച്ചു. ഓള് നമ്മുടെ ചങ്കാണ്…

എന്റെ കഥകൾ വായിച്ചു, നീ മാസ്സാടാ, മരണ മാസ്സ്, നീ വേറെ ലെവലാണെന്ന് പറയുന്നവൾ…സത്യത്തിൽ അവൾ കഥ വായിച്ചു തന്നെയാണോ ഇത് പറയുന്നതെന്ന് ഞാൻ പലതവണ ചിന്തിച്ചിട്ടുണ്ട്.

ടാ…ഞാനിപ്പൊ എന്റെ കോളേജിലാണ്. ഇവിടെ NSS ന്റെ ഒരു പ്രോഗ്രാം ഉണ്ട്. അതിനു വന്നതാ…ഇവിടെ വെച്ച് നിന്റെ ഒരു ആരാധികയെ ഞാൻ കണ്ടു.

എന്തൂട്ട്…നീ കാര്യം ഒന്ന് തെളിച്ചു പറഞ്ഞേ…

ടാ, പ്രണയകഥയിൽ പോസ്റ്റ് ചെയ്യുന്നനിന്റെ കഥകൾ സ്ഥിരമായി വായിക്കുന്ന ഒരു ആരാധിക. ഒരു സുന്ദരി കൊച്ച്. ഞാൻ നിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞപ്പോൾ നിന്നെയൊന്ന് നേരിൽ കാണാൻപറ്റുമോ എന്ന് ചോദിച്ചെടാ…

എന്റെ ദേവി…എന്റെ കഥകൾക്കും ഒരു ആരാധികയോ…? വിശ്വസിക്കാൻ വയ്യ…എന്നെ കാണാൻ ആഗ്രഹമോ…എന്റെ മനസ്സിൽ പത്തുനൂറു ലഡുകൾ ഒരുമിച്ചുപൊട്ടി.

ടാ…നീ വരുന്നുണ്ടോ കോളേജിലേക്ക്, വരുന്നുണ്ടെങ്കിൽ വേഗം വായോ പരിപാടി ഏകദേശം കഴിഞ്ഞു തുടങ്ങിട്ടോ…

പിന്നെ ഒന്നും നോക്കിയില്ല. കല്യാണ പെണ്ണിന്റെയും ചെക്കന്റെയും ഒരു ഫോട്ടോ എടുത്ത് കാറെടുത്ത് നേരെ അവളുടെ കോളേജിലേക്ക് നൂറേനൂറിൽ വച്ചുപിടിച്ചു. കാർ പാർക്ക് ചെയ്തു, മിററിൽ നോക്കി മുടിയൊക്കെ നേരെയാക്കി ഫോണെടുത്ത് ചങ്കിനെ വിളിച്ചു പറഞ്ഞു…

ഞാനെത്തി ചങ്കേ, നിങ്ങൾ എവിടെയാ, ഞാൻ അങ്ങോട്ടു വരാം.

വേണ്ടടാ…പരിപാടി കഴിഞ്ഞു ഞങ്ങൾ അവിടേക്കു വരാം എന്ന് പറഞ്ഞു കോൾ കട്ടായി.

കുറച്ചു കഴിഞ്ഞ് ദൂരെനിന്ന് ചങ്കിന്റെ ഒപ്പം നടന്ന് വരുന്ന ഒരു സുന്ദരിക്കുട്ടിയെ ഞാൻ കണ്ടു. നേരത്തെ പൊട്ടിയ ലഡുകൾ ഞാൻ വാരിക്കൂട്ടിവെച്ചിരുന്നു. ഇനിയും ഒരുപാട് ലഡുകൾ പൊട്ടാനുള്ളതല്ലേ…?

ഞാനെന്റെ ആരാധികയെ കണ്ണുനിറയെ കണ്ടുനിന്നു. അടുത്തെത്തിയ അവൾക്ക് ഞാനൊരു ചിരിയും സമ്മാനിച്ചു. പക്ഷെ അവളുടെ നോട്ടം എന്റെ മുഖത്തായിരുന്നില്ല. ചുറ്റിലും കറങ്ങി നടക്കുന്ന അവളുടെ ദൃഷ്ടി, വേറെ ആരെയോ പ്രതീക്ഷിച്ചിരുന്ന പോലെ…

ഇതാണ് സുധിയേട്ടനെന്ന് മ്മടെ ചങ്ക് പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തു അത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ട്.

എന്നിട്ടു ഓള് പറയാ, ഇതാരാ…ഞാൻ പറഞ്ഞ സുധിയേട്ടൻ ഇതൊന്നുമല്ല. ഏട്ടത്തിയമ്മ, KSRTC, വൈഗ, കഥകളൊക്കെ എഴുതിയ സുധി മുട്ടം…അതാണ് ഞാൻ പറഞ്ഞ സുധിയേട്ടൻ…

എന്റെ തലകറങ്ങുന്ന പോലെ തോന്നി. ഇതുപോലെ ഒരു പ്ലിങ്ങ്‌ അത് വേറെ ഇല്ല…വെറും പ്ലിങ്ങല്ല, പ്ലിങ്ങോട് പ്ലിങ്ങ്…ഒരുമാതിരി തൃശ്ശൂർ പൂരത്തിനിടയിൽ ഉടുമുണ്ട് അഴിഞ്ഞു പോയ അവസ്ഥയായി…

ഞാൻ പതുക്കെ കാറിന്റെ ഡോർ തുറന്നു അകത്തു കയറിയിരുന്നു. ഇനി ചങ്കിനെ കാറിൽ കയറ്റണോ, അതോ കാർ ചങ്കിന്റെ മേലെ കയറ്റണോ എന്നുള്ള ചിന്ത മാത്രമേ എനിക്കപ്പോഴുണ്ടായിരുന്നുള്ളൂ…

You may also like

Leave a Comment