ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ…

രചന: ഗായത്രി ശ്രീകുമാർ

അരുണേട്ടാ, ഏട്ടന്റെ കസിൻ നിത്യ അല്ലേ ഇത്…? അവൾടെ കല്ല്യാണം കഴിഞ്ഞു. രാവിലെ ബെഡ് കോഫിക്ക് പകരം ഫോണും പിടിച്ചു കൊണ്ട് മായ അരുണിനരികിലെത്തി.

ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ വിവാഹിതയായിരിക്കുന്നു.

ഉടനെ ഗൾഫിൽ നിന്ന് മോഹൻ അമ്മാവന്റെ കോൾ എത്തി. അവൾ നമ്മളെയൊക്കെ ചതിച്ചല്ലോടാ. അയാൾ അമർഷത്തോടെ പറഞ്ഞു.

അമ്മാവൻ സമാധാനപ്പെടൂ…നമുക്ക് അന്വേഷിക്കാം. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…അരുൺ അയാളോട് പറഞ്ഞു.

നിത്യയുടെ അമ്മ അവൾക്ക് രണ്ടു വയസുള്ളപ്പോൾ മരിച്ചു. അധികം വൈകാതെ അച്ഛൻ വേറെ കല്ല്യാണം കഴിച്ചു. അവളെ മുത്തശ്ശിയെ ഏൽപ്പിച്ച് പുതിയ ഭാര്യയുമായി മോഹൻ ഗൾഫിലേക്ക് പോയി.

അരുൺ അനിയൻ കിരണിന്റെ മുറിയിലേക്ക് ചെന്നു. കിരണിന് നിത്യയെ വിവാഹം കഴിക്കാൻ ഇഷ്ടം ആയിരുന്നു. പക്ഷേ നമ്മളൊക്കെ അവളുടെ ഏട്ടമ്മാരല്ലേ…അമ്മാവൻ ആ വിശ്വാസത്തിലാ അവളേ ഇവിടെ നിർത്തിയേക്കുന്നെ എന്നാണ് അന്ന് അരുൺ പറഞ്ഞത്.

ഡാ മോനേ, നീ അറിഞ്ഞില്ലേ…നിത്യ നമ്മളെയൊക്കെ പറ്റിച്ചു. അവൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല…അരുൺ ദേഷ്യത്തോടെ പറഞ്ഞു.

ഏട്ടൻ എന്താ നിത്യയെ വിവാഹം കഴിക്കാഞ്ഞത്…? കിരണിന്റെ ചോദ്യം കേട്ട് അരുൺ നടുങ്ങി.

നീ എന്തൊക്കെയാ ഈ പറയുന്നേ…?

ഇനി ഒന്നും ഒളിക്കണ്ട ഏട്ടാ…അവൾ എല്ലാം എന്നോട് പറഞ്ഞു. അരുണിന് അടി കിട്ടിയത് പോലെയായി.

നിത്യയേക്കാലും പത്തു വയസ്സിന് മൂത്തതാണ് അരുൺ. മുത്തശ്ശിയും നിത്യയും മാത്രമുള്ള വീട്ടിൽ അവന് നല്ല സ്വാതന്ത്രമുണ്ടായിരുന്നു. ആ സ്വാതന്ത്രം അവൻ ദുരൂപയോഗിച്ചു. തറവാടിന്റെ ഒഴിഞ്ഞ അകത്തളങ്ങളിൽ വച്ച് നിത്യയെ ലൈംഗീകമായി ഉപയോഗിച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ തുടങ്ങിയ പീഢനം അവളുടെ ബാല്യം ഇരുണ്ടതാക്കി.

എല്ലാം മനസിലാവുന്ന പ്രായം ആയപ്പോഴേക്കും അരുൺ മുംബൈയിൽ അച്ഛന്റെ അടുത്തേക്ക് പോയിരുന്നു. നിത്യ കടുത്ത വിഷാദ രോഗിയായി.

പിന്നീട് അരുൺ മുംബൈയിൽ വച്ച് മായയുമായി പ്രണയത്തിലായി. അരുണിന്റെ വിവാഹത്തിൽ നിത്യ പങ്കെടുത്തില്ല. അതിന്റെ കാരണം തിരഞ്ഞു ചെന്ന കിരണിനോട് എല്ലാം തുറന്ന് സംസാരിച്ചത് നിഖിൽ ആണ്.

ഡിഗ്രിക്കു പഠിക്കുമ്പോഴാണ് നിഖിൽ നിത്യയെ കാണുന്നത്. ആരോടും മിണ്ടാത്ത ആ പെൺകുട്ടിയെ ഇന്ന് എല്ലാവരും അറിയുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള അഭിഭാഷക ആക്കിയത് നിഖിൽ ആണ്. അവൻ തന്നെയാണ് അവളെ സ്വന്തമാക്കുന്നത് എന്നറിഞ്ഞപ്പോൾ കിരണിന് അവൾ സുരക്ഷിതയാണെന്ന് ഉറപ്പായിരുന്നു.

ഇതെല്ലാം കേട്ട് തരിച്ചുനിൽക്കുകയാണ് അരുൺ…

“ഏട്ടാ ഫോൺ” പെട്ടെന്ന് മായ ആ മുറിയിലേക്ക് വന്നു. ഫോണിൽ നിത്യ ആയിരുന്നു.

അരുണേട്ടാ, ഞാൻ ഒരു പ്രശ്നം ഉണ്ടാക്കാൻ വിളിച്ചതല്ല. ആരോടും പകയും ഇല്ല. പക്ഷേ ഒരു ദിവസം ഏട്ടൻ എല്ലാം അറിയണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…നിത്യ പറഞ്ഞു. അരുണിന് പറയാൻ വാക്കുകളില്ലാതായി.

ഇതെല്ലാം അറിയുന്ന ഒരാൾ കൂടി ഉണ്ട്. മായ…മായയും കിരണും ഒരുമിച്ചാണ് അന്നു ഞങ്ങളെ കാണാൻ വന്നത്.

പേടിക്കണ്ട…അവൾ ഏട്ടനെ വിട്ടു പോവില്ല. അത്രയ്ക്ക് ഇഷ്ടമാ അവൾക്ക്…

അരുൺ മായയെ നോക്കി. അവളുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ ഉതിർന്നു വീണു. ഇനിയൊരു പെൺകുഞ്ഞിനും എന്റെ അവസ്ഥ വരരുത് ഏട്ടാ…

നിത്യ…മാപ്പ്…അരുൺ പറഞ്ഞു തീരുന്നതിനു മുമ്പേ അവൾ ഫോൺ വച്ചു. അവൻ പൊട്ടിക്കരയാൻ തുടങ്ങി. മായയും കിരണും ആ മുറി വിട്ടു പോയി.

മനസാക്ഷിയുടെ കോടതിയിൽ അരുണിന്റെ ശിക്ഷ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *