പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്….

പ്രണയലേഖനം

രചന: മാരീചൻ

———————

ആകെ കിട്ടിയ ഒരു ഫ്രീ പീരിയഡ് സ്വസ്ഥമായി ഒന്ന് ചിലവഴിക്കാം എന്നു കരുതിയാണ് സ്റ്റാഫ് റൂമിലേക്ക് ചെന്നത്. എന്റെ സ്കൂളിനെ സംബന്ധിച്ച് ഫ്രീ പീരിയഡെന്നാൽ മരുഭൂമിയിലെ മരുപ്പച്ച പോലെയാ.

എന്തായാലും ഇന്നാ മരുപ്പച്ചയിൽ തല ചായ്ച്ചിരിക്കാം എന്ന് കരുതി കസേരയിൽ ഇരുന്ന് പതുക്കെ മേശയിലേക്ക് ഒന്ന് തല ചായ്ച്ചതേ ഉള്ളു ദേ ഒരു വലിയ ബഹളം കേൾക്കുന്നു.

തല ഉയർത്തി നോക്കുമ്പോൾ മലയാളം പഠിപ്പിക്കുന്ന രാധ ടീച്ചറാണ്. സ്കൂളിലെ സീനിയർ അധ്യാപികമാരിൽ ഒരാളാണ് രാധ ടീച്ചർ. ഒരുപാട് വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ പഠിപ്പിച്ച് തഴക്കം വന്ന അധ്യാപിക. ഏത് കാര്യവും സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന ശാന്ത സ്വഭാവി.

ആ രാധ ടീച്ചറാണ് ഇപ്പോൾ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ഈ കിടന്ന് അലറുന്നത്. അതും പിള്ളേരെ തല്ലിയാൽ പോലീസ് തല്ലുന്ന ഈ കാലത്ത്. കയ്യിൽ ഒരു കടലാസ് കക്ഷണം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. കേൾവിക്കാരായി രണ്ട് കഥാപാത്രങ്ങളും ഉണ്ട്.

മരുപ്പച്ചയുടെ കാര്യം ഏതാണ്ട് തീരുമാനമായെന്ന് മനസ്സിലായതോടെ എന്താ കാര്യമെന്ന് അറിയാമെന്ന് കരുതി അങ്ങോട്ട് ശ്രദ്ധിച്ചു. വിഷയം പ്രണയമാണ്…അത് അറിഞ്ഞതും സത്യം പറയാല്ലോ ഉണ്ടായിരുന്ന ക്ഷീണമൊക്കെ എങ്ങോട്ടോ ഓടിപ്പോയി.

പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്. പത്താം ക്ലാസ്സ് കാരനാണ്. മ്മളാണ് അവനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. പഠിപ്പിക്കുന്നത് എന്ന് പറയാൻ പറ്റില്ല. പഠിപ്പിക്കാനുള്ള ശ്രമം നടക്കുന്നതേ ഉള്ളൂ.

ടീച്ചറാണെങ്കിൽ നായകനെ നിശിതമായി വിമർശിക്കുന്നു. ശ്ശൊ പ്രണയം മനോഹരമായ ഒന്നല്ലേ…എത്ര കവികൾ അതിനെ വാഴ്ത്തിപ്പാടിയിരിക്കുന്നു. ഈ രാധ ടീച്ചർ തന്നെ എത്ര പ്രണയകവിതകൾ വായിച്ചിട്ടുണ്ടാകും…വ്യാഖ്യാനിച്ചിട്ടുണ്ടാകും. എന്നിട്ടും പ്രണയത്തിനെ ഇങ്ങനെ വലിച്ചു കീറി ഒട്ടിക്കുന്നത് എന്തായാലും ശരിയായില്ല…ഞാൻ മനസ്സിൽ പറഞ്ഞു.

ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി പ്രണയത്തെ അല്ല, കയ്യിലിരിക്കുന്ന നായകന്റെ പ്രണയലേഖനത്തിനാണ് വിമർശനം മുഴുവൻ.

എനിക്കും പതുക്കെ രസം പിടിച്ച് തുടങ്ങിയിരുന്നു. ഞാൻ ആ നായികാനായകൻമാരെ ഒന്ന് വീക്ഷിച്ചു. നായിക പിന്നെ നമ്മുടെ തനി നാടൻ പ്രണയിനി തന്നെ. പേടിച്ച പേടമാൻമിഴിയും പൂങ്കണ്ണീരുമായി തല കുനിച്ച് നിൽക്കുന്നു.

നായകനാണ് രസം. കണ്ടു മടുത്ത രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തൻ. പ്രണയത്തിന്റെ കാര്യത്തിൽ ആള് ഭഗത് സിംഗ് ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഈ പ്രണയത്തിന്റെ പേരിൽ തല പോയാലും പുല്ല് പോട്ടന്നങ്ങ് വെയ്ക്കും എന്ന മട്ടിലുള്ള നിൽപ്പ്.

മെച്ചൂരിറ്റി തോന്നിക്കാനാവണം പൊടിമീശയിൽ എന്തൊക്കെയോ ചില പ്രയോഗങ്ങളൊക്കെ നടത്തിയിട്ടുണ്ട്. മാത്രമല്ല, ആളൊരു സ്വതന്ത്രചിന്താഗതിക്കാരനുമാണ്. കാരണം സ്കൂളിലെ ആൺകുട്ടികളെല്ലാം മുടി പറ്റെ വെട്ടിയിരിക്കണം എന്ന പ്രിൻസിപ്പാളിന്റെ ചിന്താഗതിയെ ചോദ്യം ചെയ്യാനെന്നവണ്ണം പുള്ളിയുടെ തലമുടി ഒരു പ്രത്യേക ശൈലിയിൽ വെട്ടിയിരിക്കുന്നു.

എന്താ ടീച്ചറേ പ്രശ്നം…? മ്മള് പതുക്കെ കാര്യമറിയാനുളള ശ്രമമായി.

ടീച്ചറിത് കണ്ടോ പത്താം ക്ലാസ്സിലെ ഈ വർഷത്തെ വിജയപ്രതീക്ഷയാ ഈ നിൽക്കുന്നത്…ടീച്ചർ നായകനെ ചൂണ്ടിപ്പറഞ്ഞു. (മനസ്സിലായില്ല അല്ലേ…വിജയപ്രതീക്ഷ എന്നു വെച്ചാൽ ഫുൾ ഏപ്ലസ് വിജയമൊന്നുമല്ല, മ്മടെ സാധാ വിജയം, അതും പ്രതീക്ഷ മാത്രം..അതാണ് ).

എന്താ കാര്യം…? ഞാനും അക്ഷമയായി.

എന്റെ ലിസി ടീച്ചറേ, പഠിക്കാനുള്ള സമയത്ത് ഇവൻ, ഈ വൃത്തികെട്ടവൻ അശ്ലീലം എഴുതാൻ പോയിരിക്കുന്നു…

ഉള്ളതു പറയാല്ലോ അശ്ലീലം എന്ന് കേട്ടതും ടീച്ചറാണെന്നതൊക്കെ ഒരു നിമിഷം മറന്നു. അശ്ലീലത്തിന്, പുറമേ അയ്യേ എന്നും അകമേ ആഹാ എന്നും പറയുന്ന തനി മലയാളിയായി.

മാത്രമല്ല…വായിച്ചിട്ട് എന്റെ തൊലി പൊളിഞ്ഞു…തുടങ്ങിയ പ്രലോഭനപരമായ പരാമർശങ്ങൾ ടീച്ചറിന്റെ വാചകങ്ങൾക്കിടയിൽ വരുക കൂടി ചെയ്തതോടെ എന്റെ ആകാംക്ഷ ഇരട്ടിയായി.

ഞാൻ നായകനെ നോക്കി. “ഇതൊക്കെ എന്ത്..?” എന്ന മട്ടിലൊരു ഭാവം മുഖത്ത്…പിന്നെ താമസിച്ചില്ല ടീച്ചറിന്റെ കയ്യിൽ നിന്ന് കത്ത് വാങ്ങി ഓടിച്ചൊന്നു നോക്കി.

സത്യം പറഞ്ഞാൽ മോഹൻലാൽ തേൻമാവിൻ കൊമ്പത്ത് സിനിമയിൽ പറഞ്ഞതു പോലെ…നിയമമുണ്ടാകുന്നതിന് മുമ്പുള്ള ഏതോ കാടൻ ഭാഷയാണ് എന്നാണ് ആദ്യം തോന്നിയത്. ഒന്നൂടെ ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത് ഭാഷ മലയാളം തന്നെ.

പക്ഷേ എഴുത്തച്ഛന്റെ മലയാളമല്ല പുള്ളിക്കാരനാക്കെ എഴുത്തു പഠിക്കുന്നതിന് മുമ്പുണ്ടായിരുന്ന മലയാളമാണെന്ന് തോന്നുന്നു.

“പിരിയപ്പെട്ട ലശ്മി (lekshmi ) ” അങ്ങനെയാണ് തുടക്കം. പിരിയാൻ ഇവളെന്തോന്ന് പാലാ…എന്ന് ചിന്തിച്ച് ഒന്നൂടെ നോക്കി. അപ്പോഴാ മനസ്സിലായത് “പ്രിയപ്പെട്ട” എന്നാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്.

ലക്ഷ്മി എന്ന സ്വന്തം പേരിൽ കാമുകിക്ക് സംശയം തോന്നാതിരിക്കാനാവും ബ്രായ്ക്കറ്റിൽ lekshmi എന്ന് ഇംഗ്ലീഷിൽ എഴുതിയത്. ആ എഴുതിയ ഇംഗ്ലീഷ് ശരിയാണ് താനും (സത്യം പറഞ്ഞാൽ എനിക്ക് കുറച്ച് അഹങ്കാരമൊക്കെ തോന്നി. എങ്ങനെ തോന്നാതിരിക്കും അവനെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഈ ഞാനാണേ).

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെഴുതാൻ ഒരു ശ്രമം നടത്തിയിരിക്കുന്നു. പിന്നെ റിസ്ക് എടുക്കെണ്ടെന്ന് വിചാരിച്ചാവും ആ വാചകം വെട്ടിമാറ്റി പകരം “അയി ലവള് യു” (l love you) എന്ന് എഴുതിയിരിക്കുന്നു. അതും സംശയമുണ്ടാവാതിരിക്കാനാവണം ബ്രായ്ക്കറ്റിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. സ്പെല്ലിംഗും തെറ്റീട്ടില്ല. മ്മക്ക് പിന്നേം അഭിമാനം, ഏത്…

എയിക്ക് ഒരു ഉമ്മ (Kiss ) തരുവോ. അതും സ്പെല്ലിംഗ് ശരി തന്നെ. മ്മക്ക് ദേ പിന്നേം രോമാഞ്ചിഫിക്കേഷൻ.

ഞാൻ നിന്നെ മാറിയേചും ചെയ്യാം. മാറിയേച്ചും ചെയ്യാമെന്നാ…എന്ത് ചെയ്യാമെന്ന്…? കൺഫ്യൂഷനായല്ലോ ദൈവമേ എന്ന് കരുതി ഒന്നൂടെ മനസ്സിരുത്തി വായിച്ചു നോക്കി. ഓ മാര്യേജ് ചെയ്യാം എന്ന്.കൊച്ചു കള്ളൻ, ഇംഗ്ലീഷ് ടീച്ചറിനെ മാനം കെടുത്തണ്ട എന്ന് കരുതിയാവണം മാര്യേജ് എന്ന് അവൻ ഇംഗ്ലീഷിൽ എഴുതിയിട്ടില്ല. മ്മക്ക് വീണ്ടും അഭിമാനം…അവസാനം…എന്ന് സ്വന്തം കമുക്.

കമുകിനും തെങ്ങിനുമൊക്കെ ഇവിടെന്ത് കാര്യം എന്ന മട്ടിൽ സംശയിച്ച് നോക്കിയപ്പോഴാ കത്തിയത്…”എന്ന് സ്വന്തം കാമുകൻ” എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.

വായിച്ചു കഴിഞ്ഞതും മ്മള് അഭിമാനം കൊണ്ട് പൂത്തുലഞ്ഞു. lekshmi, I love you, Kiss മൂന്ന് ഇംഗ്ലീഷ് വാക്കുകൾ എഴുതിയിരിക്കുന്നത് മൂന്നും ശരി. ആനന്ദലബ്ധിക്കിനി എന്ത് വേണം…?

പാവം രാധ ടീച്ചർ അപ്പോഴും അശ്ലീലം എഴുതിയതിന് മ്മടെ അഭിമാനതാരത്തെ ചീത്ത വിളിക്കുവാ.

അല്ലേ, ഈ ടീച്ചറിത് എന്ത് ഭാവിച്ചാ ചെറുക്കനെ ഇങ്ങനെ വഴക്കു പറയണെ. അല്ലേലും ഈ മലയാളം ടീച്ചേഴ്സിനൊന്നും പണ്ടത്തെ ആത്മാർത്ഥതയില്ല. അതാ പിള്ളേര് ഇങ്ങനെ പ്രാകൃത ഭാഷയിലോട്ടൊക്കെ മാറി ചിന്തിക്കുന്നേ. മ്മള് മനസ്സിൽ പറഞ്ഞതും അടുത്ത പീരിയഡിനുള്ള ബെല്ല് മുഴങ്ങി.

ഒട്ടൊരു അഭിമാനത്തോടെ മ്മള് ഇംഗ്ലീഷ് ടെക്സ്റ്റുമെടുത്ത് പത്താം ക്ലാസ്സിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *