കറിവേപ്പില
Story written by Manju Jayakrishnan
“പെണ്ണെ… ചങ്കിൽ പ്രാണൻ ഒള്ള കാലത്തോളം നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം…”
നിറമിഴിയോടെ അവൻ അതു പറയുമ്പോൾ എന്റെ കണ്ണിലും നനവു പടർന്നിരുന്നു
“ചോകൊച്ചെറുക്കന്റെ കൂടെപ്പോയാ നിന്റെ അനിയത്തിയെയും കൊiന്ന് ഞങ്ങളും ചാകും… ചെറുക്കനെയും അച്ഛനെയും ഞാൻ വെറുതെ വിടും “
എന്ന അമ്മയുടെ ഭീഷണിയിൽ സ്വപ്‌നങ്ങൾ ഞാൻ കണ്ണീരിൽ ഒഴുക്കി..
“പൊയ്ക്കൂടായിരുന്നോ പെണ്ണെ… ഓർമ്മ വച്ച പ്രായം മുതൽ മോഹിച്ചതല്ലേ രണ്ടാളും…ജാതിയും മതവും നോക്കി ഇരിക്കുന്നവർക്ക് ഒരിക്കലും നേരം വെളുക്കില്ല “
പറയുന്നത് അമ്മായിയാണ്…കുടുംബത്തിൽ കുറച്ചെങ്കിലും ബോധമുള്ള ഒരാൾ..
അന്യജാതിക്കാരുടെ കല്യാണസദ്യക്ക് പോയാൽ അമ്മ കഴിക്കാതെ മടങ്ങിയിരുന്നു….
വീടിനകത്തു കയറുന്നവരുടെ ജാതി മാത്രം നോക്കി അവർക്കുള്ള പ്രവേശനം എവിടെ വരെ എന്ന് തീരുമാനിക്കുന്നത് കണ്ട് അമർഷത്തോടെ ഞാൻ പ്രതികരിച്ചിട്ടുണ്ട്..
എന്റെ വാശികളും പട്ടിണി സമരവും എല്ലാം ജാതിവെറി പൂണ്ട അമ്മക്ക് മുന്നിൽ വെള്ളത്തിൽ വരച്ച വര പോലെ ആയി…
ബാത്‌റൂമിൽ പോലും എന്നെ നോക്കാൻ അമ്മയും അനിയത്തിയും ഉണ്ടായിരുന്നു..
കൂടെപ്പിറന്നിട്ടും വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും അവളെന്നെ മനസ്സിലാകാത്തത് എനിക്ക് അദ്ഭുതമായിരുന്നു…
സർക്കാർ ജോലി കിട്ടിയതോടെ എനിക്ക് സ്ഥലം മാറ്റം ആയി… അതോടെ കുറച്ചു ആശ്വാസം ആയി എന്ന് പറയാം..
അപ്പോഴാണ് വീടിന്റെ രക്ഷകൻ എന്ന് സ്വയം പറഞ്ഞിരുന്ന അല്ലെങ്കിൽ അമ്മ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിരുന്ന ചേട്ടൻ ഒരു പെണ്ണിനേയും വിളിച്ചോണ്ട് വരുന്നത്…
പെണ്ണിന്റെ ജാതി ഒന്നായതു കൊണ്ടു തന്നെ അമ്മ അതിലും പുളകം കൊണ്ടു…
ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ പുര നിറഞ്ഞു നിൽക്കുന്നതും ഒന്നും അമ്മയ്ക്ക് ഒരു വിഷയമേ അല്ലായിരുന്നു..
ഗൾഫിൽ ജോലി ആയിരുന്ന ചേട്ടന്റെ ജോലി നഷ്ടപെട്ടു…
ചേച്ചിയുടെ വീട്ടുകാർ ആണെങ്കിൽ ഈ വിവാഹം ഒരിക്കലും അംഗീകരിച്ചിട്ടും ഇല്ലായിരുന്നു
പിന്നീട് വീട്ടിൽച്ചെന്ന എനിക്ക് വീരോചിത സ്വീകരണം ആയിരുന്നു….
എന്നും കുത്തുവാക്കുകൾ പറഞ്ഞിരുന്ന അമ്മ സ്നേഹം കൊണ്ടു മൂടുന്നു..
കഴിക്കുന്ന പാത്രം വരെ അനിയത്തി എടുത്തു കൊണ്ടു പോകുന്നു…
ആ സ്നേഹത്തിന്റെ കാരണം തേടി അധികമൊന്നും അലയേണ്ടി വന്നില്ല എന്നതാണ് നേര്…
വെറുക്കപ്പെട്ടവളിൽ നിന്നും കറവപ്പശു വിലേക്കു എനിക്ക് പ്രൊമോഷൻ കിട്ടിയിരിക്കുന്നു.വീട്ടിലെ കഷ്ടപ്പാട് പറഞ്ഞു എന്നെ വീഴ്ത്തുന്നു….
എന്നോട് സ്നേഹം വഴിഞ്ഞു ഒഴുകുമ്പോൾ മറ്റുള്ളവരോട് എന്റെ കുറ്റം പറയാനും അമ്മ മറന്നില്ല
“അവൾടെ സ്വഭാവം ശരിയല്ല “
എന്ന് എന്റെ കണ്മുന്നിൽ പറഞ്ഞിട്ടും ഞാൻ എന്റെ കാര്യമാണെന്ന് മനസ്സിലാക്കിയില്ല എന്നതാണ് നേര്
അമ്മായിയുൾപ്പെടെ കൊണ്ടുവന്ന കല്യാണലോചനകൾ അമ്മ ഓരോന്നും പറഞ്ഞു മുടക്കുന്നു..
നാട്ടിൽ ഇടക്ക് ഞാൻ വരുന്നത് എന്റെ കാമുകനുമായുള്ള ബന്ധം പുതുക്കാനാണോ എന്ന് സംശയിച്ചു എന്നെ ജോലിസ്ഥലത്തു തന്നെ തളച്ചിടുന്നു…
പക്ഷെ കരഞ്ഞു പിഴിഞ്ഞു കാശ് കൃത്യമായി വാങ്ങിച്ചു പോരുന്നു..
അങ്ങനെ എന്റെ പ്രായം റോക്കറ്റ് പോലെ മുന്നോട്ട് കുതിച്ചു മുപ്പതു പിന്നിടുന്നു…തലയിൽ നരകൾ അവിടവിടെ പ്രത്യക്ഷപ്പെടുന്നു…
അനിയത്തി പഠിക്കാത്ത കൊണ്ടു അവൾ രക്ഷപെടുന്നു…
“അവൾ ചiത്തു കളയുമെന്ന് “
പറഞ്ഞെന്നു മൊഴിഞ്ഞു അമ്മ തന്നെ എന്നെക്കൊണ്ട് സാലറി സർട്ടിഫിക്കറ്റ് വെച്ച് അവളുടെ ഇഷ്ടത്തിനുള്ള കല്യാണം നടത്തിക്കുന്നു..
മൂത്തവൾ ഇരിക്കുമ്പോൾ ഇളയവളെ കെട്ടിച്ചത് കണ്ട് ചോദിക്കുന്നവരോട്
“അവൾക്ക് പറ്റിയ ബന്ധം വരട്ടെ ” എന്ന മുട്ടാപോക്ക് ന്യായം പറഞ്ഞു നിർത്തുന്നു
“ചേട്ടന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കി നീ ജീവിക്കാൻ ” കൂടി പറഞ്ഞതോടെ ജീവിതം കോഞ്ഞാട്ട ആയി എന്ന് ഞാൻ മനസ്സിലാകുന്നു
“കുടുംബത്തിന് വേണ്ടി ഇനി ഒരു രൂപ ചിലവാക്കാൻ പറ്റില്ല “
എന്ന് പറയുന്നിടത്തു ഞാൻ പാല് കൊടുത്ത കൈക്ക് കൊത്തുന്നവൾ ആകുന്നു…
“നശിഞ്ഞു നാറാണക്കല്ലെടുത്തു പോകും ” എന്ന പ്രാക്കിന് ഉടമയും ആകുന്നു
നിറമിഴിയോടെ ഏറെക്കുറെ കവിവേപ്പില ആയി ജീവിതം ചോദ്യചിഹ്നം ആയി ആ പടി ഇറങ്ങുമ്പോൾ
“ബാ പെണ്ണെ കേറിക്കോ “
എന്ന് പറയാൻ മനസ്സറിഞ്ഞ എന്റെ പ്രണയം ബൈക്കിൽ നിൽക്കുന്നു
“ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്ക് പെണ്ണെ… വർഷം എത്ര പോയെടി “
എന്ന് പറയുമ്പോൾ ഞാൻ ആ വയറിനു മുകളിലൂടെ വാശിയോടെ ചുറ്റിപ്പിടിച്ചിരുന്നു.. കൂടെ എന്റെ ജീവിതത്തെയും…
“ഇത്രയും നാള് ഞാൻ തള്ളിപ്പറഞ്ഞിട്ടും നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ “എന്ന് ചോദിക്കുമ്പോൾ
“നിനക്കില്ലാത്ത വകതിരിവ് എനിക്കുണ്ടെന്നും ആൾക്കാരെ മനസ്സിലാക്കാൻ ബല്യ ജോലിക്കാരി ആവേണ്ടെന്നും “
പറയുമ്പോൾ എന്നെപ്പോലെ ഇനിയും എത്ര പേർ എന്ന് ഞാൻ ചിന്തിക്കുവായിരുന്നു..
Nb:മറ്റുള്ളവർക്ക് വേണ്ടി കറിവേപ്പില ആകുന്ന ജന്മങ്ങൾക്കായി