പക്ഷേ ഞാനയാളെ തന്നെ ഉറ്റ് നോക്കിയിരുന്നു ,ഇനി അയാൾ തിരിഞ്ഞ് നോക്കി ചിരിച്ചാൽ തീർച്ചയായും പകരം പുഞ്ചിരിക്കണം…..

by pranayamazha.com
24 views

Story written by Saji Thaiparambu

ksrtc സ്റ്റാൻ്റിൽ നിന്നും, 5:50 pmന്പു റപ്പെട്ട എറണാകുളം ഫാസ്റ്റ് പാസ്സഞ്ചറിൽ ചാടിക്കയറുമ്പോൾ നേർത്ത മഴ പെയ്യുന്നുണ്ടായിരുന്നു

നടുക്ക് വലത് ഭാഗത്തെ ഒഴിഞ്ഞ് കിടന്ന വിൻഡോസീറ്റിൽ ഞാൻ വേഗം കയറിയിരുന്നിട്ട്, ഷട്ടറ് മെല്ലെ ഉയർത്തിവച്ചു.

തണുത്ത മഴത്തുള്ളികൾ മുഖത്തും തോളത്തും ഇടയ്ക്കിടെ തെറിച്ച് വീണെങ്കിലും ഷട്ടറ് താഴ്ത്താൻ എനിക്ക് തോന്നിയില്ല

വെളളി നൂലുകൾ പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കിയിരിക്കാൻ എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു

ഞാനൊഴിച്ചുള്ളവരൊക്കെ ഷട്ടറ് താഴ്ത്തിയപ്പോൾ ബസ്സിനുള്ളിലെ ഉരുളകറ്റാൻ ഡ്രൈവർ LED ലൈറ്റുകൾ പ്രകാശിപ്പിച്ചു

അപ്പോഴേക്കും മഴ കനത്തിരുന്നു ,മുൻപിലെ ഗ്ളാസ്സിലെ കാഴ്ച മറഞ്ഞപ്പോൾ ഡ്രൈവർ വൈപ്പറിൻ്റെ വേഗത കൂട്ടിയെങ്കിലും എണ്ണമയമുള്ള ഗ്ളാസ്സിലൂടെ മുന്നിലെ കാഴ്ചകൾ അവ്യക്തമായിരുന്നു

മഴച്ചാറ്റൽ കൂടുതലായി അകത്തേയ്ക്ക് തെറിച്ചെങ്കിലും ഞാൻ ഷട്ടറ് അടക്കാൻ തയ്യാറായില്ല ,എൻ്റെ സീറ്റിൽ ഞാൻ മാത്രമു ള്ളത് കൊണ്ടാണ് ,എനിക്കാ സ്വാതന്ത്ര്യം കിട്ടിയത്,

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, അല്പം മുന്നിൽ, ഇടത് വശത്തെ സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരൻ, എൻ്റെ നേരെ തിരിഞ്ഞ് നോക്കി, ഒന്ന് പുഞ്ചിരിച്ചിട്ട്, വീണ്ടും മുന്നിലേക്ക് നോക്കിയിരുന്നു

ബസ്സിലെ ബാക്കി സീറ്റുകളെല്ലാം ഫുള്ളായെങ്കിലും, ഞാനും അയാളും ഇരുന്ന സീറ്റുകളിൽ ഓരോരുത്തർക്ക് കൂടി ഇരിക്കാനുള്ള സ്ഥലമുണ്ടായിരുന്നു

കുറച്ച് കഴിഞ്ഞ് വീണ്ടും അയാളെന്നെ തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു

ഈശ്വരാ,,, എന്തിനായിരിക്കും ഇയാളെന്നെ നോക്കി ഇങ്ങനെ പുഞ്ചിരിക്കുന്നത്? മുമ്പെവിടെയെങ്കിലും വച്ച് കണ്ടുള്ള പരിചയമായിരിക്കുമോ ?

ഇല്ലെങ്കിൽ ചിലപ്പോൾ ശ്രീയേട്ടൻ്റെ കൂട്ടുകാർ ആരെങ്കിലും ആണെങ്കിലോ?ഇന്നാള് ഇത് പോലെ ഒരു കൂട്ടുകാരൻ ശ്രീയേട്ടനോട് പരാതി പറഞ്ഞത്രേ

അമ്പലത്തിൽ വച്ച് കണ്ടപ്പോൾ അയാളെന്നെ നോക്കി ചിരിച്ചിട്ട് ഞാൻ മൈൻഡ് ചെയ്തില്ലെന്ന്അ ങ്ങനെയാണെങ്കിൽ ഞാനിങ്ങനെ മസില് പിടിച്ചിരിക്കുന്നത് തെറ്റല്ലേ? അയാളെ കണ്ടിട്ട് നല്ല മാന്യനാ യിട്ടാണ് തോന്നുന്നത്,

ഞാനത്രയും ചിന്തിച്ചപ്പോഴേക്കും അയാൾ വീണ്ടും നോട്ടം പിൻവലിച്ച് മുന്നോട്ട് നോക്കിയിരുന്നു

പക്ഷേ ഞാനയാളെ തന്നെ ഉറ്റ് നോക്കിയിരുന്നു ,ഇനി അയാൾ തിരിഞ്ഞ് നോക്കി ചിരിച്ചാൽ തീർച്ചയായും പകരം പുഞ്ചിരിക്കണം

പിന്നെ എൻ്റെ കാത്തിരിപ്പ് അയാളെന്നെയൊന്ന് തിരിഞ്ഞ് നോക്കാനായിരുന്നു, അല്ലെങ്കിൽ ഇനിയും ഞാൻ ശ്രീയേട്ടൻ്റെ അവമതിപ്പിന് പാത്രമാകേണ്ടി വരുമോ? എന്നൊരു ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു

പെട്ടെന്നാണത് സംഭവിച്ചത്, അയാളെഴുന്നേറ്റ് എൻ്റെ അടുത്തേയ്ക്ക് നടന്ന് വരുന്നു,,

ഈശ്വരാ,,, എൻ്റെ സീറ്റിൻ്റെ , പാതി ഒഴിഞ്ഞ് കിടക്കുന്നത് കണ്ടിട്ട്, ഇനി അവിടെയെങ്ങാനും വന്നിരിക്കാനാണോ ?അനാവശ്യമായൊരു ഭയം, എന്നെ ഗ്രസിച്ചു,എന്തായിരിക്കും അയാളുടെ മനസ്സിൽ, ?

ഞാൻ വീണ്ടും സമ്മർദ്ദത്തിലായി.

സാറെ,, ആളിറങ്ങാനുണ്ട്, ഒന്ന് നിർത്തണേ,,

അയാളെൻ്റെ സീറ്റിനടുത്ത് വന്ന് ഒരിക്കൽ കൂടി ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഉറപ്പ് വരുത്തിയിട്ട്, കണ്ടക്ടറോട് വിളിച്ച് പറയുന്നത് കേട്ട്, ഞാനാകെ ചമ്മിപ്പോയി.

സത്യത്തിൽ, അയാൾ തിരിഞ്ഞ് നോക്കിയത് ,എന്നെ ആയിരുന്നില്ല ,ആ ബസ്സിൽ ആകെ ഉയർത്തിവച്ചിരുന്നത്, എൻ്റെ വിൻ്റോയുടെ ഷട്ടർ മാത്രമായിരുന്നു,

മുൻപിലെ ഗ്ളാസ്സിലൂടെയുള്ള കാഴ്ച അവ്യക്തമായിരുന്നത് കൊണ്ടാണ്, അയാൾക്കിറങ്ങാനുള്ള സ്ഥലമെത്തിയോ എന്നറിയാൻ, തുറന്ന് കിടന്ന എൻ്റെ വിൻഡോ യുടെ ഭാഗത്തേയ്ക്ക്, ഇടയ്ക്കിടെ അയാൾ തിരിഞ്ഞ് നോക്കി കൊണ്ടിരുന്നത്,😄😄

You may also like

Leave a Comment