പക്ഷേ, ഈ സമയം അവനോട് കൂടുതൽ ഒന്നും ചോദിക്കേണ്ട എന്ന് കരുതി അടുക്കളയിലേക്ക് പോകുന്ന അമ്മയെ റൂമിൽ….

രചന: മഹാ ദേവൻ

::::::::::::::::::::::::::

ചെറിയ പരിക്കുകളുമായി കേറി വരുന്ന മകനേ കണ്ടപ്പോൾ സുമ ഒന്ന് അന്താളിച്ചു. രാവിലെ കുളിച്ചൊരുങ്ങി കവലയിലേക്കാണെന്നും പറഞ്ഞു ബൈക്ക് എടുത്ത് പോയ മകൻ കേറി വരുന്നത് ബൈക്ക് ഇല്ലാതെ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അവർക്ക് തോന്നി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന്.

“എന്ത് പറ്റിയെടാ….” എന്ന ചോദ്യത്തിന് ഒന്നും പറയാതെ വേഗം അകത്തേക്ക് കേറി പോകുന്ന മോനെ നോക്കി നിൽക്കുബോൾ അവളുടെ മാനസ്സിൽ വല്ലാത്ത വേവലാതി ഉണ്ടായിരുന്നു.

പക്ഷേ, ഈ സമയം അവനോട് കൂടുതൽ ഒന്നും ചോദിക്കേണ്ട എന്ന് കരുതി അടുക്കളയിലേക്ക് പോകുന്ന അമ്മയെ റൂമിൽ നിന്നും കാണുന്നുണ്ടായിരുന്നു രാഹുൽ. അവൻ പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.

“അമ്മേ, എനിക്ക് കുറച്ചു ചൂടുവെള്ളം വേണം. ഒന്ന് മേലാകെ ചൂട് പിടിക്കണം” എന്ന് അമ്മയോടായി പറയുമ്പോൾ അകത്ത്‌ അവൻ പറയുന്നതിന് മൂന്നെ തന്നെ അമ്മ ചൂടുവെള്ളം വെച്ചിരുന്നു. അല്ലെങ്കിലും മകന്റെ അവസ്ഥ കണ്ടാൽ മനസ്സിലാക്കാൻ കഴിയുന്നത് ഒരു അമ്മക്ക് ആണല്ലോ.

അവർ ആ ചൂടുവെള്ളവുമായി അവന്റെ റൂമിലെത്തുമ്പോൾ അവൻ കിടക്കുകയായിരുന്നു. പതിയെ അവനരികിൽ ചേർന്നിരുന്ന് തുണി ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞു പിടിക്കാൻ നോക്കുമ്പോൾ ആയിരുന്നു സുമ ആ കാഴ്ച കണ്ടത്. മകന്റെ മേലാസകലം നീര് വെച്ചിരിക്കുന്നു.

അത് കണ്ട് സങ്കടത്തോടെ “എന്ത് പറ്റിയെടാ” എന്ന് ചോദിച്ചപ്പോൾ “അതൊന്ന് ബൈക്ക് സ്കിഡ്ടായതാ” എന്ന് പറഞ്ഞവൻ തല തലയിണയിൽ ചേർത്ത് വെച്ച് കിടന്നു. “എന്നിട്ട് ബൈക്ക് എവിടെ….” എന്ന അമ്മയുടെ മറുചോദ്യത്തിന് “അത് വർക്ഷോപ്പിൽ കൊടുത്തു” എന്ന് പറഞ്ഞവൻ അമ്മയെ രൂക്ഷമായി നോക്കി.

“നിങ്ങളിങ്ങനേ ഓരോന്ന് ചോതിച്ചിരിക്കാതെ അതൊന്ന് പിടിക്ക്…വെറുതെ ഓരോന്ന്….” മകന്റെ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ സുമ ചൂട് പിടിക്കുന്നത് തുടർന്നു.

അന്ന് ഉച്ചക്ക് ശേഷം ജോലി നിർത്തി വീട്ടിലേക്ക് കേറി വന്ന ദിവാകരനെ കണ്ടപ്പോൾ സുമക്ക് ആശ്ചര്യമായിരുന്നു. “ഒരിക്കലും ഇങ്ങനെ ഒന്നും നേരത്തെ വരാത്തതാണല്ലോ…” എന്ന ചിന്തയോടെ ആണ് അവൾ അയാളുടെ അരികിലെത്തിയതും “എന്ത് പറ്റി ദിവാകരേട്ടാ ഇന്ന് നേരത്തെ…അല്ലെങ്കിൽ ഉച്ചക്ക് ഊണ് കഴിക്കാൻ പോലും വരാത്ത ആളാണല്ലോ…ഇതിപ്പോ എന്ത് പറ്റി” എന്ന് ചോദിക്കുമ്പോൾ അവൾക്ക് തോന്നിയിരുന്നു എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന്…

അതെ സമയം അവളുടെ ചോദ്യങ്ങൾക്ക് കലി തുള്ളിയായിരുന്നു അയാൾ സംസാരിച്ചതും, “ഇനി എന്ത് പറ്റാനാടി. ഇത്ര കാലം ഒരു അന്തസ്സ് ഉണ്ടായിരുന്നു. അതും കൂടി പോയില്ലേ ഇപ്പോൾ….” ദിവാകരൻ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാകാതെ സുമ അയാളുടെ വാക്കുകളെ ശ്രദ്ധിക്കുകയായിരുന്നു.

“നിങ്ങളിങ്ങനെ അവിടേം ഇവിടേം തൊടാതെ കാര്യം പറഞ്ഞാൽ എനിക്കെന്ത് മനസ്സിലാകാൻ ആണ്. കാര്യം തെളിച്ചു പറ മനുഷ്യാ…നിങ്ങളുടെ അന്തസ്സ് പോകാൻ മാത്രം ഇപ്പോൾ എന്താണ് ഉണ്ടായത്” കാര്യമെന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു അവളുടെ വാക്കുകളിൽ…

“ഇനി എന്ത് ഉണ്ടാകാനാടി…? നിന്റെ തലതെറിച്ച സന്തതി കാരണം ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആയി. വല്ല പണിക്കോ പോകില്ല. എന്നാൽ വെച്ചുണ്ടാക്കിയത് തിന്ന് എവിടെ ഇരുന്ന് മറ്റുള്ളവർക്ക് ഒരുപാട് സ്വൈര്യം തരോ അതും ഇല്ല. രാവിലെ കുളിച്ചൊരുങ്ങി ബൈക്കും എടുത്തിറങ്ങിയാൽ പിന്നെ കവലയിൽ മൊത്തം ഇവരാണ്. അതിന് പറ്റിയ കുറെ കൂട്ടുകാരും ഉണ്ട്.”“അതിന് നിങ്ങളെന്തിനാ മനുഷ്യാ എന്റെ തല തെറിച്ച മോൻ എന്ന് മാത്രം പറയുന്നത്, നിങ്ങൾക്ക് അതിൽ ഒരു പങ്കുമില്ലാത്ത പോലെ. എന്റെ മാത്രം മോൻ എന്ന് പറയാൻ ഞാൻ മണ്ണിൽ നിന്നും കുഴിച്ചെടിത്തതല്ല അവനെ, എപ്പഴും കേൾക്കാം മക്കളെന്തെലും തെറ്റ് ചെയ്താൽ അതിന് കുറ്റം അമ്മക്കാണ്. അച്ഛന് ഒരു ഉത്തരവാദിത്വവും ഇല്ലല്ലോ…വേണ്ട, എന്നെ കൊണ്ട് വെറുതെ പറയിക്കണ്ട നിങ്ങള്…ഇപ്പോൾ എന്താ പ്രശ്നം ഉണ്ടായതെന്ന് പറയ്” എന്ന് അല്പം നീരസത്തോടെ തന്നെ സുമ പറയുമ്പോൾ അവളുടെ ആ വാക്കുകൾക്ക് മുന്നിൽ ഒന്ന് പതറിയെങ്കിലും പുറമെ കാണിച്ച ദേഷ്യത്തോടെ തന്നെ ആയിരുന്നു ദിവാകരൻ സംഭവം വിവരിച്ചതും…

“നിനക്കറിയാലോ സുമേ മറ്റുള്ളവർക്ക് മുന്നിൽ ഞാൻ എങ്ങനെ ആണ് നടക്കുന്നതെന്നും എന്റെ വിലയെന്താണെന്നും…അതാണിപ്പോൾ ഇവൻ കാരണം ഇല്ലാതായിരിക്കുന്നത്. ഞാൻ സൈറ്റിൽ നിൽക്കുമ്പോൾ ആണ് കാര്യം അറിയുന്നത്. പറഞ്ഞതോ എന്റെ ഒരു പണിക്കാരനും. കേട്ടപ്പോൾ എന്റെ തൊലിയുരിഞ്ഞു പോയി…”

അതും കൂടി കേട്ടപ്പോൾ സുമയിൽ കാര്യമറിയാൻ വല്ലാത്തൊരു ആകാംഷയുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ തന്നെ ദിവാകരൻ തുടർന്നു,

“ഇന്ന് കവലയിൽ വെച്ച് ഒരു പെണ്ണിനെ ഈ ചെറുപ്പക്കാർ കയറിപ്പിടിച്ചത്രേ. അതിന്റെ പേരിൽ കവലയിൽ വലിയ പ്രശ്നം തന്നെ ഉണ്ടായിട്ടുണ്ട്. എന്റെ അടുത്തേക്ക് വരാൻ നേരം ബസ്സ് കാത്തുനിൽക്കുമ്പോൾ ആണത്രേ എന്റെ പണിക്കാരനായ സോമൻ ഇത് കാണുന്നത്. കാര്യമെന്താണെന്ന് അറിയാൻ നോക്കിയപ്പോൾ അതിന്റ മുന്നിൽ നമ്മുടെ മകൻ ആയിരുന്നത്രേ…കാര്യം ഒരു പെണ്ണിനെ കേറി പിടിച്ചെന്നും…”

“അത് കേട്ടപ്പോൾ തന്നെ എന്റെ തൊലി ഉരിഞ്ഞുപോയി. പറയുന്ന സോമന്റെ വാക്കിൽ ചെറിയ പുച്ഛം കൂടി ഉണ്ടെന്ന് തോന്നിയപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. നിനക്കറിയോ ഇന്ന് കവലയിൽ പോകാതെ വേറെ വഴിക്കാ ഞാൻ ഇപ്പോൾ വന്നത് തന്നെ…കവലയിലെ അത്രേം ജനങ്ങളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും ഇനി. ഇതുപോലെ ഒരുത്തന്റെ തന്ത ആയിട്ടല്ലേ ഇനി എല്ലാവരും എന്നെ കാണൂ…”

അയാളുടെ വാക്കുകളിലെ സങ്കടവും ദേഷ്യവും കണ്ടപ്പോൾ സുമക്കും ദേഷ്യം അരിച്ചുകയറുന്നുണ്ടായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും തന്നോട് കള്ളം ആണ് അവൻ പറഞ്ഞതെന്ന് ഓർക്കുമ്പോൾ അവളിലെ ദേഷ്യം ഇരട്ടിയായി. വർധിച്ച ദേഷ്യത്തോടെ അകത്തേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ അവൻ പറഞ്ഞ കള്ളം അങ്ങനെ നീറിപുകയുന്നുണ്ടായിരുന്നു.

“ബൈക്ക് സ്കിഡയതാണ്” എന്ന്….അപ്പഴേ തോന്നിയതാണ് ബൈക്ക് മറിഞ്ഞാൽ തന്നെ പുറകിക്കൊക്കെ ഇത്ര നീര് വരും എന്ന്…പക്ഷേ അവന്റെ ദേഷ്യം കണ്ടപ്പോൾ അത് ചോദിച്ചില്ല. പക്ഷേ ആ ദേഷ്യപ്പെടലിനു കാരണം ഇത്രേം മോശമായിരിക്കും എന്നറിഞ്ഞല്ല. അവൾ പലതും മനസ്സിൽ ഉരുവിട്ടുകൊണ്ട് അവന്റെ റൂമിൽ എത്തുമ്പോൾ വന്ദനകൊണ്ട് നല്ല ഉറക്കത്തിൽ ആയിരുന്നു രാഹുൽ.

“ടാ, എഴുനെൽക്കടാ അങ്ങോട്ട്‌, ഓരോന്ന് ചെയ്തുവെച്ചിട്ട് എന്നോട് കള്ളം പറഞ്ഞ് പറ്റിച്ചിട്ട് ഇവിടെ ഒന്നും അറിയാത്തവനേ പോലെ കിടക്കുകയാണ് അസുരവിത്ത്‌….” എന്നും പറഞ്ഞ് കയ്യിൽ അടിച്ചപ്പോൾ എന്താണെന്ന് അറിയാതെ ഞെട്ടി എഴുന്നേറ്റിരുന്നു രാഹുൽ. “ഇതെന്താണ് അമ്മേ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ….” എന്ന് നീരസത്തോടെ ചോദിച്ച രാഹുലിന് നേരെ രൂക്ഷമായി നോക്കി സുമ.

“നിനക്ക് എന്താണെന്ന് അറിയില്ല അല്ലേടാ…ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ട് ഇവിടെ സുഖമായി കിടന്നുറങ്ങുവാ അവൻ. നീ എന്താണ് എന്നോട് പറഞ്ഞത്, ബൈക്ക് മറിഞ്ഞാണ് എന്നല്ലേ…? ആണോടാ, നിന്റെ ദേഹത്തു കാണുന്നതൊക്കെ ബൈക്ക് മറിഞ്ഞതിന്റെ ആണോടാ….”

അമ്മ പലതും അറിഞ്ഞിട്ടാണ് ചോദിക്കുന്നതെന്ന് മനസ്സിലായി രാഹുലിന്. ഇനിയും കള്ളം പറയുന്നതിൽ അർത്ഥമില്ലെന് മനസ്സിലായപ്പോൾ അവൻ എല്ലാം തുറന്നു പറയാനായി അമ്മയെ നോക്കി, “അമ്മേ….അത് പിന്നെ….ഞാൻ….” അവൻ വിക്കി വിക്കി പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ സുമ അവനെ തടഞ്ഞു.

“മതി, ഇനി പുതിയ കള്ളങ്ങൾ കണ്ടെത്തി പറയണ്ട…എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ചോദിക്കുന്നത്. നിനക്കൊക്കെ ഇങ്ങനെ തോന്നിയെടാ ഇതൊക്കെ. നിനക്കും ഇല്ലേ ഒരു അനിയത്തി. അവൾക്കാണ് ഇതൊക്കെ സംഭവിച്ചിടുന്നത് എങ്കിലോ. ഒരു ജോലിക്കും പോവാതെ കണ്ടവന്മാരോടൊപ്പം കറങ്ങി നടക്കുമ്പോഴും നിന്നോട് ദേഷ്യത്തോടെ ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഒരു പാവം അച്ഛൻ ഉണ്ട് പുറത്തിരിക്കുന്നു. ഒന്നുമില്ലെങ്കിൽ ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ അദ്ദേഹത്തെ എങ്കിലും ഓർക്കണ്ടെടാ. ഒന്നുമില്ലെങ്കിൽ നിന്നെ ഇപ്പഴും തീറ്റി പോറ്റുന്നത് അയാൾ അല്ലെ….”

അമ്മയുടെ ദേഷ്യത്തോടെ ഉള്ള ഓരോ വാക്കും കേൾക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. “അമ്മേ, ഞാൻ ഒന്ന് പറയുന്നത് കേൾക്ക്” എന്ന് പറയുമ്പോൾ തന്നെ രൂക്ഷമായി നോക്കികൊണ്ടായിരുന്നു അമ്മയുടെ മറുപടി. “നീ ഇനി ഒന്നും പറയണ്ട. ഇനി എനിക്ക് ഇങ്ങനെ ഒരു മകനും ഇല്ല. നീയൊക്കെ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ എന്നോർക്കുമ്പോൾ…”

“തിന്ന വറ്റ് എല്ലിന്റെ ഇടയിൽ കേറുമ്പോൾ നിന്നെ പോലുള്ളവർക്ക് പലതും തോന്നും, പക്ഷേ അതിന്റ ഭവിഷത്ത്‌ മുഴുവൻ അനുഭവിക്കുന്നത് വീട്ടിലുള്ളവരാ. എല്ലാം അറിഞ്ഞിട്ടും നിന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ പുറത്തിരിപ്പുണ്ട് ഒരാള്. ആ വീഴുന്ന കണ്ണുനീരിന്റെ ഒക്കെ ശാപം നീ എവിടെ കൊണ്ട് വെക്കും. മുടിപ്പിക്കാൻ ഉണ്ടായവൻ….” എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ അവന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എല്ലാം അമ്മയോട് പറഞ്ഞ് കള്ളം പറഞ്ഞതിന് മാപ്പ് ചോദിക്കണം എന്നുണ്ട്, പക്ഷേ ഒന്ന് കേൾക്കാൻ പോലും അമ്മ സമ്മതിക്കുന്നില്ല എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി അവന്. പതിയെ ബെഡിലേക്ക് ഇരിക്കുമ്പോൾ നടന്ന ഓരോന്നും അവന്റെ മനസ്സിലൂടെ ഓടിമറയുന്നുണ്ടായിരുന്നു. പുറത്തക്ക് നടന്ന സുമ, ദിവാകരന്റെ അരികിൽ ചെന്നിരുന്ന് കരയുമ്പോൾ ഈ കാര്യത്തിൽ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു.

മകൻ ഒരു പെണ്ണുപിടിയൻ ആണെന്ന് നാളെ മുതൽ നാട്ടുകാർ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥമാക്കി. ഒന്നും പറയാതെ അവർ അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല. വൈകീട്ട് കോളേജ് വിട്ട് വന്ന മോളുടെ വിളി കേട്ടാണ് അവർ ആ ഇരിപ്പിൽ നിന്നും എഴുന്നേറ്റത്.

കേറി വന്ന ഉടനെ അവൾ ചോദിച്ചതും “ഏട്ടൻ എവിടെ” എന്നായിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി എല്ലാം മോളും അറിഞ്ഞെന്ന്….

“മോളെ…നീ…എങ്ങനെ…” അമ്മ വിക്കി വൈകിയാണ് ചോദിച്ചത്. “പിന്നെ ഞാൻ അറിയാതിരിക്കോ അമ്മേ. എന്റെ കൂട്ടുകാരിയെ ആണ്…” അവൾ ആ വാക്കുകൾ മുഴുവനാക്കും മുന്നേ അമ്മയിലും അച്ഛനിലും ഒരു ഞെട്ടൽ ഉണ്ടായി.

“എന്നിട്ട് എവിടെ എന്റെ പുന്നാരഏട്ടൻ. ഒന്ന് കാണാൻ വേണ്ടിയാ ഞാൻ ഓടി വന്നത്. ഇതുപോലെ ഉള്ളവരെ അങ്ങനെ ഒരുപാടൊന്നും കാണാൻ കിട്ടില്ല. എവിടെ ആള്” അവളുടെ ചോദ്യങ്ങളിൽ ഒരു പരിഹാസം ഉണ്ടെന്ന് തോന്നി സുമക്ക്. പിന്നെ അവൻ അകത്തുണ്ടെന്ന് പറയുമ്പോൾ തന്നെ അവൾ കയ്യിലെ ബാഗ് സോഫയിൽ ഇട്ടുകൊണ്ട് അകത്തേക്ക് പോയിരുന്നു.

അവളുടെ പോക്ക് കണ്ടപ്പോൾ ഇനി അവൾ എന്തൊക്കെ ആയിരിക്കും പറയുക എന്ന് ആയിരുന്നു അവരുടെ മനസ്സിൽ. രംഗം കൊടുതൽ വഷളാവാതിരിക്കാൻ അവളുടെ പിന്നാലെ രാഹുലിന്റെ റൂം ലക്ഷ്യമാക്കി നടന്ന സുമ റൂമിലേക്ക് കേറുമ്പോൾ കണ്ട് കാഴ്ചയിൽ ഒരു നിമിഷം സ്തംഭിച്ഛ് നിന്നു. അകത്ത് രാഹുലിനെ കെട്ടിപിടിച്ച് നിൽക്കുന്ന മോൾ. അവന്റെ മുഖത്തും ആ സമയത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഇതെന്താണ് നടക്കുന്നതെന്ന് അറിയാതെ നിൽക്കുന്ന സുമക്കരികിലേക്ക് വന്ന രമ്യ അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ചു. “ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ അമ്മക്ക് ഒക്കെ അഭിമാനികാലോ ഇനി. മോൻ ഇപ്പോൾ സ്റ്റാർ അല്ലെ നാട്ടിൽ….” അവൾ അതിയായ സന്തോഷത്തോടെ പറയുന്ന വാക്കുകൾ കേട്ട് എന്താണെന്ന് പോലും മനസ്സിലാകാതെ അതെ നിൽപ്പിലായിരുന്നു സുമ.

“മോളെ….ഇവൻ കാട്ടിയ തോന്നിവാസത്തെ മോളും സപ്പോർട്ട് ചെയ്യുകയാണോ. നിന്നെ പോലെ ഒരു പെണ്ണിനോടല്ലേ ഇവൻ വേണ്ടാത്തത് കാട്ടിയത്…എന്നിട്ടും മോൾ…” അത്രയും പറഞ്ഞ അമ്മയുടെ വാക്കുകൾ ആശ്ചര്യത്തോടെ കേട്ടുകൊണ്ടായിരുന്നു അവൾ അമ്മയെ തടഞ്ഞതും,

“അമ്മ ഇത് എന്തൊക്കെയാ പറയുന്നത്. ഇന്ന് കവലയിൽ നടന്ന കാര്യം ആണെങ്കിൽ അങ്ങനെ സംഭവിച്ചത് എന്റെ കൂട്ടുകാരിക്ക് ആണ്. അതും ഏട്ടന്റെ കൂടെ ഉള്ള ഒരുത്തനിൽ നിന്നും. അവളെ രക്ഷിച്ചത് ന്റെ ഏട്ടനാണ്. അതിനിടക്ക് ചെറിയ പ്രശ്നം ഒക്കെ ഉണ്ടായെന്നും അവൾ പറഞ്ഞു. സ്വന്തം കൂട്ടുകാരൻ ആയിട്ട് പോലും ഒരു പെണ്ണിന്റ മാനത്തിന് വേണ്ടി അവനെതിരെ പ്രതികരിക്കാൻ തയാറായ ന്റെ ഏട്ടനെ കുറിച്ചിപ്പോൾ എനിക്ക് അഭിമാനം ആണ്. ജോലിക്ക് പോകാത്തവൻ എന്ന് എല്ലാവരും കളിയാക്കി പറയുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട് ഏട്ടനോട് ദേഷ്യം. പക്ഷേ, ഇപ്പോൾ എനിക്ക് എന്റെ ഏട്ടനെ ഓർത്ത് അഭിമാനം ആണ്. മാനത്തിന്റെ വിലയും പെണ്ണിന്റെ മനസ്സും തിരിച്ചറിയാൻ കഴിയുന്ന നല്ല മനസ്സുകൾ കുറച്ചു പേരിൽ ന്റെ ഏട്ടനും പെടുമല്ലോ എന്ന അഹങ്കാരം.”

അവളുടെ വാക്കുകൾ ഓരോന്നും സുമ കേട്ടത് അന്താളിപ്പോടെ ആയിരുന്നു. അപ്പൊ ഇത്ര നേരം തെറ്റിധാരണയോടെ ആണല്ലോ മകനെ കണ്ടത് എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മകനെ ഒരു പെണ്ണ് പിടിയൻ ആയി മനസ്സിൽ കണ്ടല്ലോ എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.

പതിയെ മകനരികിൽ ചെന്ന് അവന്റെ കയ്യിൽ പിടിക്കുമ്പോൾ മാനസ്സിൽ പറയുന്നുണ്ടായിരുന്നു മകനെ കുറിച്ചങ്ങനെ ഓർത്തത്തിലുള്ള കുറ്റബോധം. കരഞ്ഞു കൊണ്ട് കൈ പിടിച്ച അമ്മക്ക് മുന്നിൽ കരച്ചിലോടെ നിൽക്കുമ്പോൾ അവന് പറയാൻ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഞാൻ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ അല്ല അമ്മേ….” എന്ന്…

Leave a Reply

Your email address will not be published. Required fields are marked *