നിനക്ക് വേറെ പ്രേമമോ ഇഷ്ടമോ ഒന്നുമില്ല..ഇനീം പഠിക്കാനും താല്പര്യമില്ല. പിന്നെ ഞങ്ങളെന്ത് വേണം….

ഇഷ്ടമില്ലാത്ത കല്യാണം…

രചന: വൈഖരി

:::::::::::::::::::::::

“എൻ്റെ പൊന്നപ്പൂ….ഈ കല്യാണം വേണ്ട എന്നു വക്കാൻ ഒരു കാരണം പറ ….”

“അത് പിന്നെ …എനിക്കിഷ്ടല്ല . അതൊരു കാരണമല്ലേ അമ്മാ… ”

“ആ ഇഷ്ടക്കേടിന് ഒരു കാരണം വേണ്ടേ നല്ല പയ്യനാണ് വിനു. അവന് നല്ല ജോലിയുണ്ട്. പിന്നെ നല്ല സ്വഭാവം. ചെറുപ്പം തൊട്ടേ അറിയാം അവനെ .. ഞങ്ങൾക്ക് അത്രേം മതി. നിനക്കിനി എന്നാ വേണ്ടേ അപ്പൂ…”

“അതൊക്കെ ശരി.. പക്ഷേ”

“ഒരു പക്ഷേയുമില്ല..നിനക്ക് വേറെ പ്രേമമോ ഇഷ്ടമോ ഒന്നുമില്ല..ഇനീം പഠിക്കാനും താല്പര്യമില്ല. പിന്നെ ഞങ്ങളെന്ത് വേണം? ഒന്നേയുള്ളൂന്ന് വച്ച് കൊഞ്ചിക്കുമ്പൊ തലയിൽ കേറരുത് ട്ടോ ”

അമ്മ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു നിർത്തി. അച്ഛൻ ഒക്കെ കേട്ടിട്ടും മിണ്ടാതിരുന്ന് ടിവി കാണുന്നുണ്ട്. പതുക്കെ ഉമ്മറത്ത് ചെന്നിരുന്നു
ആരെയെങ്കിലും പ്രേമിച്ചാൽ മതിയാരുന്നു.

ഇതിപ്പൊ മുത്തച്ഛൻ്റെ ഉറ്റ സുഹൃത്തിൻ്റെ പേരക്കുട്ടിയാണ് നായകൻ. പുള്ളിക്കാരൻ്റെ അമ്മ നമ്മുടെ അമ്മയുടെ കളിക്കൂട്ടുകാരിയും. മതിയല്ലോ ആകെപ്പാടെ ദേഷ്യവും സങ്കടവും വന്നു.

” അപ്പൂ…” അച്ഛനാണ്. ഇനി അച്ഛൻ്റെ വക എന്താണാവോ…

” അപ്പു അച്ഛയോട് പറ.. അച്ഛേടെ വാവയ്ക്ക് എന്താ കല്യാണം വേണ്ടാത്തേ”

അച്ഛൻ ചേർത്തു പിടിച്ചാണ് ചോദിച്ചത് .

“പറഞ്ഞോ അപ്പൂ ”അമ്മയും അടുത്ത് വന്നിരുന്നു.

” അത് … അത് വിനുവേട്ടൻ വേറെ പോലെയാണമ്മാ … എൻ്റെ പോലെയല്ല.. ഭയങ്കര ഗൗരവം .വർത്താനമില്ല. പക്കാ ഡീസൻ്റ്. ഒരു അലമ്പുമില്ല.

F a cebook പോലും a ctive അല്ല. എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. വെറുതെ എന്തിനാ എൻ്റെ രീതികളുമായി ഒത്തു പോണ ആളു പോരേ”

പറഞ്ഞു നിർത്തിയപ്പോഴേക്കും സ്വരം ഇടറി. പക്ഷേ നല്ല ആശ്വാസം…
അച്ഛനും അമ്മയും അന്തം വിട്ട് നോക്കുകയാണ്.

അമ്മ എണീറ്റ് പോകുമ്പോൾ പറഞ്ഞു “അപ്പൂ.. അലമ്പൊന്നുമില്ലാത്തതും Fa ce book ഇല്ലാത്തതും ഒക്കെ കല്യാണം വേണ്ടെന്നു പറയാൻ കാരണങ്ങളാണോ? നീ ഒന്നൂടി ആലോചിക്കൂ., ”

“എന്തായാലും നാളെ കാണും എന്ന് പറഞ്ഞത് മുടക്കണ്ട. നീ അവനെ കണ്ടു വന്നിട്ട് ബാക്കി നോക്കാം ” അച്ഛനും പോയി..

ഞാൻ എത്തുമ്പോഴേക്കും ആളെത്തിയിട്ടുണ്ട്. കുറേയേറെ നാളുകൾക്ക് ശേഷമാണ് കാണുന്നത്.
വെള്ള ഷർട്ടും നീല ജീൻസും ആണ് വേഷം. കട്ടി മീശയും ഭംഗിയുള്ള താടിയും. കുസൃതി ഒളിപ്പിച്ച കണ്ണുകൾ.

“അപർണക്കുട്ടീ… ” നീട്ടി വിളിച്ചപ്പോ ചമ്മിപ്പോയി . മനസാകെ പതറുന്നു. വാക്കുകൾ വരുന്നുമില്ല. വെറുതെ ചിരിച്ചു.

“നിനക്ക് ഓറിയോ ഷേക്ക് പറയട്ടെ അടിപൊളിയാ ” ഞാൻ അന്തം വിട്ട് തലയാട്ടി. പുള്ളി ഓർഡർ ചെയ്തു.

“പിന്നെ എന്തൊക്കെയുണ്ട്” പുള്ളി ചോദിക്കുന്നു. എനിക്ക് എന്നൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ഒന്നും മിണ്ടാൻ പറ്റണില്ല

” അമ്മ പറഞ്ഞു അപർണ ഒരു വായാടിക്കുട്ടിയാണെന്ന് എന്നിട്ട് ഒന്നും മിണ്ടണില്ലല്ലോ”

ചിരിച്ചോണ്ട് ചോദിക്കുന്നു. ” അത് പിന്നെ ഇങ്ങനെ അല്ലായിരുന്നല്ലോ! ”

“എങ്ങനെ ?” “മിണ്ടില്ലാരുന്നല്ലോ.. പഠിപ്പി അല്ലായിരുന്നോ ”

വിനു ഉറക്കെ ചിരിച്ചു. അതു കണ്ട് അപർണയും .

“പണ്ട് അങ്ങനെയായിരുന്നു. മിണ്ടില്ല.. ചിരിക്കില്ല … വല്യ ഗൗരവക്കാരൻ . ഞാൻ കരുതി ഇപ്പോഴും അങ്ങനെയാവും എന്ന്‌ ” അവൾ കുറുമ്പോടെ പറഞ്ഞു.

“അത് എത്ര കാലം മുമ്പാ..”

” കൊറേ ”

“കൊള്ളാം… പിന്നെ എന്തൊക്കെ കരുതി.?” അവൻ കുസൃതിയോടെ തിരക്കി..

“പിന്നെ ഒന്നുല്യ” “എന്തൊക്കെയോ കരുതിട്ടണ്ട്…”

“ഇല്ലെന്നെ ”

“ശരി… ശരി”

ഇരുവരും ചിരിച്ചു… പിന്നെയും എന്തൊക്കെയോ സംസാരിച്ചു. പിരിയാൻ നേരം അവൻ പതിയെ വിളിച്ചു.

“അപ്പുണ്ണീ …” അവൾ അതിശയത്തോടെ ഇത്തിരി നാണത്തോടെ നിന്നു.

“സൂക്ഷിച്ച് ചെല്ല് ട്ടോ” കൈകൾ മുറിക്കിപ്പിടിച്ച് അവൻ പറഞ്ഞു. ആ കരുതൽ…. ഒരു മാത്ര കൂടി അവനെ നോക്കി അവൾ വീട്ടിലേക്ക് നടന്നു. തൻ്റെ സമ്മതം അച്ഛനേയും അമ്മയേയും അറിയിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *