കാത്തിരിപ്പൂ കണ്മണി 💛
എഴുത്ത് :- ലച്ചൂട്ടി ലച്ചു
“ഇനിയൊരു മടങ്ങിവരവിണ്ടാചാല് തിരിച്ചുപോക്കിന് ഞാൻ സമ്മതിയ്ക്കില്ല… “
തേച്ചു മടക്കിയ അച്ഛന്റെ ഷർട്ടുകൾ ഓരോന്നായി പെട്ടിയിലേക്ക് അടുക്കിവരുമ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..
ഞാൻ മറുപടിപറയാതെ രംഗബോധമുള്ള ഒരു മകളായി ഒതുങ്ങിനിന്നു … ഈ പല്ലവി സ്ഥിരമാണ്…
ജനിച്ചിട്ടിന്നു വരെ അച്ഛൻ വന്നു പോകുമ്പോൾ അമ്മയുടെ നാവിൽ നിന്നും അനുസരണയും ആവർത്തനവിരസ്സതയും കൂടാതെ ഉതിരുന്ന വാക്കുകൾ..
“നീയ് പറഞ്ഞും കരഞ്ഞും മക്കളെ വിഷമിപ്പിക്കാതിരിയ്ക്ക് …”
അച്ഛന്റെ സ്വാന്തനിപ്പിക്കലിന് എന്നെയും ഏട്ടനെയും കൂട്ടുപിടിക്കുക സ്ഥിരമാണ്..
മൂന്ന് വർഷങ്ങൾ കൂടുമ്പോൾ മാത്രം വന്നുപോകുന്ന വളരെ കുറച്ചു നിമിഷങ്ങൾ മാത്രം പരസ്പരം ചിലവിട്ടിരുന്ന എനിക്ക് അച്ഛൻ ചിലപ്പോഴൊക്കെ അപരിചിതനായിരുന്നു…
ഓരോ വട്ടവും പോകാറാകുമ്പോൾ അച്ഛന്റെ അതുവരെയുള്ള പ്രസരിപ്പുകളിൽ മങ്ങൽ എൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് …
കൂട്ടുകാരികളുമായി സൗഹൃദം പങ്കുവയ്ക്കുമ്പോഴും സ്വന്തം അച്ഛനെ സുഹൃത്തിനെപോലെ കണ്ട് അത്രയും സ്വാതന്ത്ര്യത്തോടെ അവരും അച്ഛനുമായുള്ള വിശേഷങ്ങൾ പറയുമ്പോൾ ഞാൻ പറയാനൊന്നുമില്ലാത്തവളായി മാറിപ്പോകും……
എന്തു കാര്യസാധ്യത്തിനും അമ്മയെ ദൂതിനയച്ചു അച്ഛനിലൂടെ കാര്യങ്ങൾ നേടിയെടുക്കുന്ന ഒരു മകളായിരുന്നു ഞാൻ..
“ഒട്ടും പറ്റില്ലെങ്കിൽ ഇങ്ങു വന്നേക്ക് ഉള്ളത് കൊണ്ട് നമുക്ക് ജീവിയ്ക്കാം..”
ഒരിയ്ക്കൽ അമ്മ അച്ഛനോട് പറയുമ്പോൾ ഞാൻ വിചാരിച്ചിരുന്നു ഇത്രയ്ക്കും അച്ഛനെ കാണാതിരിക്കാൻ അമ്മയ്ക്ക് പറ്റാത്തത് എന്തുകൊണ്ടാണെന്ന് …!!
നാട്ടിലേക്ക് വരുമ്പോൾ അച്ഛനെ കൂട്ടിക്കൊണ്ട് വരാൻ മാത്രം ബന്ധുക്കളെ കൊണ്ട് നിറയുന്ന പഴയ അംബാസിഡർ കാർ അച്ഛൻ തിരികെ പോകുമ്പോൾ ഞങ്ങൾ മൂന്നു പേരിൽ മാത്രമായി ചുരുങ്ങി പോകുന്നത് ഇപ്പോഴും ഒരത്ഭുദമാണ്….
നീരുന്തിയ കാലിന്റെ അവശത വകവെയ്ക്കാതെ മുത്തശ്ശി പൊടിപിടിച്ച ഉപ്പുമാങ്ങ ഭരണികൾ അറയിൽ നിന്നെടുക്കുന്നത് കാണാം…
അച്ഛന്റെ വരവറിയിക്കുമ്പോൾ പുളിയുറുമ്പും വെള്ളക്കറയും പറ്റിച്ചേർന്ന പച്ച മാമ്പഴങ്ങൾ ഒന്നൊന്നായി അടർത്തിയിടാൻ ഏട്ടനോടൊപ്പം മുത്തശ്ശിയും കൂടുമെന്ന് തോന്നും ഉത്സാഹം കണ്ടാൽ …
ഡോർ തുറക്കുമ്പോൾ പെട്ടികളുടെ എണ്ണവും അളവുമെടുത്തു നിൽക്കുന്ന ചിറ്റമ്മ മാരെ കണ്ടു അച്ഛനെപ്പോഴും പുഞ്ചിരി മാത്രമേയുള്ളു പുഞ്ചിരി കണ്ണീരായി മാറുന്നത് ഞങ്ങൾ മക്കളെ ചേർത്ത് പിടിക്കുമ്പോഴായിരുന്നു …
” നിന്റെയൊക്കെയും ഉടയന്മാർ വെളിയിൽ നിന്നു വരാറുണ്ടല്ലോ…
അപ്പോൾ പുരേന്ന് തലവെട്ടം കാണിക്കാത്തതുങ്ങളാണ്… ഇവൻ നിങ്ങളുടെ ഏട്ടൻ മാത്രമല്ല ഇവളുടെ ഭർത്താവ് കൂടിയാണ്… അവർക്കുള്ളത് നീക്കി വച്ചിട്ട് മതി…”
പെണ്മക്കളെ ഇരുത്തി നോക്കിക്കൊണ്ട് ആകെയുള്ള മരുമകളുടെ കൂടെ നിൽക്കുന്ന മുത്തശ്ശിയെ ഈ സമയം ആണ് കാണാറാവുന്നെ..
എന്തിനും ഏതിനും അമ്മയുടെ അടുക്കളയിലെയും പുറംപണികളിലെയും ശ്രദ്ധയില്ലായ്മയെ പറ്റി മുറുമുറത്തുകൊണ്ടിരിക്കുന്ന മുത്തശ്ശിക്ക് പെണ്മക്കൾക്ക് മുൻപിൽ മരുമകൾ മകളെക്കാൾ പ്രിയപ്പെട്ടതാകുന്നത് ഇന്നും ഒരു രഹസ്യ മാണ് …
ചില മാറ്റേറിയ വാത്സല്യങ്ങൾ എപ്പോഴും നരപൂണ്ട ചിപ്പിയ്ക്കുള്ളിൽ ഒളിച്ചുവയ്ക്കാൻ മുത്തശ്ശിയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് …
മൂന്നു വർഷങ്ങൾക്കിടയിൽ മാത്രമായി വരുന്ന അതിഥിയായി മാറിപോയിരുന്നുവെങ്കിലും അച്ഛന്റെ കഴിഞ്ഞ വരവിലെ ഓർമ്മകൾക്ക് ഓരോ വരവിലും മിനുസമേറും…
” കഴിഞ്ഞ പ്രാവിശ്യം ഇവൾക്ക് മൊട്ടുകമ്മൽ അല്ലായിരുന്നോ… അതെന്തിനാ മാറ്റിയെ ..??”
അച്ഛൻ എന്നെ അടുത്തുവിളിച്ചിരുത്തി അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മുഖം അത്ഭുദം കൊണ്ടു വിടരും.. ഒപ്പം എന്റെയും..
” നിങ്ങൾക്കത് ഇപ്പോഴും ഓർമ്മയുണ്ടോ ..??”
“അതായിരുന്നു കുറച്ചു കൂടി ചേർച്ച…”
എന്നു പറഞ്ഞു അച്ഛൻ ചെവിയിൽ വീണു കിടന്ന മുടി ഓരോന്നും പിറകിലേക്ക് ഒതുക്കി വെയ്ക്കും…
പിറ്റേ ദിവസം മുതൽ വീട്ടിൽ നിന്ന് എവിടേയ്ക്കിറങ്ങിയാലും അച്ഛനോട് ഒരു വാക്ക് പറയണമെന്ന് അമ്മയ്ക്ക് നിർബദ്ധം ആണ് …
ഇടവേളകളിൽ മാത്രം വീണ്ടും ആവർത്തിച്ചു തുടങ്ങുന്ന ശീലങ്ങൾക്ക് തുടക്കത്തിൽ കൈപ്പിഴ സ്വഭവികാമെന്ന പോലെ പലപ്പോഴും ഞാനും ഏട്ടനും അതു മറന്നു പോകാറുണ്ടായിരുന്നു …
അതൊന്നു പഴകി വരുമ്പോഴേക്കും അച്ഛൻ വിശ്രമഘട്ടം കഴിഞ്ഞു പറമ്പിലും വരമ്പത്തും പണിക്കാരോടൊപ്പം അവരിലൊരാളായി കൂടിയിരിക്കും
പ്രവാസിയിൽ നിന്നു സ്വദേശിയിലേക്കൊരു കൂടുമാറ്റം…
വീട്ടിലുള്ളപ്പോഴെങ്കിലും വെറുതേയിരുന്നൂടെയെന്നുള്ള ചോദ്യത്തിനൊരുത്തരം ഉണ്ടാകും
“വെറുതേയിരുന്നാൽ ശരീരം തടിയ്ക്കും മനസ്സ് മടിയ്ക്കും …പിന്നെ ഇവിടം വിട്ട് വീണ്ടും പോകാൻ പ്രയാസമാണ്… “
നമ്മളെയൊക്കെ വിട്ടു എങ്ങനെയാണ് അച്ഛന് ഒറ്റക്ക് അവിടെ കഴിയാൻ തോന്നുന്നത് തോന്നൽ ശക്തമാകുമ്പോൾ ഏട്ടനോടാണ് ചോദിക്കുക ..
“നിന്നെ കാരണം തന്നെ… പെണ്കുട്ടി അല്ലെ കൈപിടിച്ചിറക്കണ്ടേ… എനിക്കൊരു അനിയൻ മതിയായിരുന്നു..”
അല്ലെങ്കിലും അവനു എന്റെ വിഷമം കണ്ടു രസിക്കുന്നതിൽപരം ആനന്ദം വേറെയില്ല …
അതു കേൾക്കുമ്പോൾ അച്ഛൻ അമ്മയോട് ഉറക്കെ പറയും..
” മൂത്തത് മകൻ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല….
കൊള്ളിവെയ്ക്കാനൊരാളായാൽ മതിയോ…??
ജോലിയുമില്ല പഠിയ്ക്കണമെന്ന വിചാരവുമില്ല ..എന്റെ പെണ്കൊച്ചിനെ ഓർക്കുമ്പോഴാ ഒരു സമാധാനം ..”
അതു കേൾക്കുമ്പോൾ ഏട്ടന്റെ മുഖത്തു വിരിയുന്ന ജാള്യത കാണുന്നതിൽ പരം എനിക്കും വേറെയൊരു സുഖമില്ലെന്നു തന്നെ പറയണം
വരവിന്റെ പുതുമായൊഴിഞ്ഞാൽ എല്ലാവർക്കുമുള്ളതു പങ്കു വെച്ചു വരുമ്പോഴേക്കും അമ്മയ്ക്കുള്ള വിഹിതം ശൂന്യമായിരിക്കും…
ഒഴിഞ്ഞ പെട്ടി അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങി തടിയലമാരയ്ക്കുള്ളിലേക്ക് കടത്തി വയ്ക്കുമ്പോൾ അമ്മ ചിരിക്കും…
എന്തിനായിരുന്നു അത് എന്നറിയുന്നത് തിരികെയുള്ള യാത്രയിൽ അതേ പെട്ടിയിൽ അച്ഛനിഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങൾ വച്ചു പൂട്ടുമ്പോഴാണ്….
അച്ഛനിൽ അമിതമായി അമ്മ വിധേയത്വം കാണിക്കാതിരിക്കാൻ ഒരുപക്ഷേ അമ്മയ്ക്കാളധികം കരുതൽ അച്ഛനായിരുന്നിരിക്കണം …
ഒഴിഞ്ഞു മാറുന്ന അമ്മയെ പലതും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു പിറകെ നടക്കുന്ന അച്ഛൻ നിമിഷങ്ങൾക്കുള്ളിൽ മക്കൾ ഒരു തെറ്റു ചെയ്യുമ്പോൾ കാർക്കശ്യക്കാരൻ ആകുന്നതെങ്ങനെയെന്നു ഇനിയും കിട്ടാത്ത ഉത്തരങ്ങളിൽ ഒന്നാണ്…
ആ ദിവസങ്ങളിൽ അമ്മയുടെ നിറുകയിലേ സിന്ദൂരത്തിന് അധിക വർണ്ണമാണ്…
അതിന്റെ പിന്നിലെ രഹസ്യമറിഞ്ഞത് അച്ഛൻറെ ചുംiബനം അമ്മയുടെ നെറുകയിൽ എന്നും പതിയുന്നതിന്റെ അടയാളം മുറിക്കു മറവിൽ നിന്നു കണ്ടപ്പോഴായിരുന്നു…
അമ്മയ്ക്കെങ്ങനെയാണ് അച്ഛനെ ഒത്തിരി നാൾ കാണാതെ ഇത്രയുമധികം സ്നേഹിക്കാൻ കഴിയുന്നതെന്നു ചോദിക്കുമ്പോൾ അമ്മ പറയും …
“നീയുമൊരു പ്രവാസിയെ വിവാഹം കഴിക്കുമ്പോൾ മനസ്സിലാകുമെടി…”
” ഞാൻ ഒരിക്കലും ഒരു പ്രവാസിയെ കല്യാണം കഴിക്കാൻ പോണില്ല… എന്നെക്കൊണ്ടൊന്നും പറ്റില്ല ഇങ്ങനെ പിരിഞ്ഞിരിക്കാൻ…”
” ആദ്യം പത്താംക്ലാസ് പാസ്സ് ആവെടി കുട്ടിതാറാവേ …”
എന്ന് ഏട്ടൻ തലക്കിട്ടു കൊട്ടിയപ്പോഴാണ് അച്ഛനും അമ്മയും എന്റെ മറുപടിയിൽ അന്തിച്ചിരിക്കുന്നത് കണ്ടത് ..
“വെറുതെയല്ല ഇവൾ മാനത്ത് മിന്നലടിക്കുമ്പോൾ എന്റെ മുറിയിലോട്ട് വലിഞ്ഞു കയറുന്നത്… ഞാൻ ഒന്നുമറിയുന്നില്ലെന്നാണ് വിചാരം…
ഇവൾ പേടിത്തൊണ്ടിയാണ് അച്ഛാ ഒറ്റയ്ക്ക് രാത്രി കിടക്കാൻ പേടിയാണ് കല്യാണം കഴിക്കുന്നതിന്റെ ഇവളുടെ പ്രധാന കാരണം ഇടിയും മിന്നലുമാണ് …”
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തിൽ കൂടപ്പിറപ്പുകളായി ജനിക്കുന്നത് എന്നു പറയുന്നത് എത്ര ശരിയാണ് …!!
കയ്യിൽ കിട്ടിയ കല്ലുമെടുത്ത് അവന്റെ തല ലക്ഷ്യമാക്കി ഓടുമ്പോൾ അച്ഛനും അമ്മയും തലയറഞ്ഞു ചിരിക്കുന്നത് കാണാം..
ഇത്രയും വലിയ പെണ്ണായിട്ടും അവളുടെ നേഗളിപ്പിനു കുറവൊന്നുമില്ലെന്നു അമ്മ പറയുമ്പോൾ മുറ്റിയ മുരിങ്ങ പോലായല്ലോ നിന്റെ മോൻ അവനെ ആദ്യം നിലക്ക് നിർത്തെന്ന അച്ഛന്റെ ശബ്ദവും ഉയരും …
ദിവസങ്ങൾ ഓരോന്നായി പുസ്തകത്താളുകൾ വിരൽ കൊണ്ട് മറിയ്ക്കും പോലെ കടന്നു പോകുന്നത് എത്ര വേഗമാണ് …
അച്ഛൻ ഓരോ വട്ടവും മടക്കയാത്രയ്ക്കായിറങ്ങുമ്പോൾ ഒരുവേള അച്ഛന്റെ കണ്ണു നിറഞ്ഞാലും അമ്മയുടെ കണ്ണു നിറയാറില്ല…
ഒരു പുരുഷൻ വീടിനു പുറത്തേക്ക് ഒരു ദൂര യാത്ര പോകുന്നത് പെണ്ണിന്റെ കണ്ണീരു കണ്ടാകരുതത്രെ..
മുത്തശ്ശിയുടെ വാക്കുകൾക്ക് പതിവിലും അന്ന് ശൗര്യമേറും… അതു മരുമകൾ കരയുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണെന്നു അവർ പറഞ്ഞിട്ടുണ്ടോ…
ഒരിക്കലെങ്കിലും അമ്മ കരയുന്നത് കണ്ടിട്ടേയില്ല…
അച്ഛൻ മടങ്ങിപോകുന്ന ദിവസങ്ങളിലെ ഓരോ രാത്രികളിലും അത്താഴം വിളമ്പുമ്പോൾ അമ്മയുടെ മുഖം നനഞ്ഞു വീർത്തിരിക്കുന്നത് കാണാറുണ്ട് …
അന്നത്തെ അത്താഴം എല്ലാവർക്കും നിർബന്ധം ആണ്..
ഇഷ്ടമല്ലെങ്കിലും ഒരു വറ്റു കഴിച്ചിരിക്കണം അത്താഴ പഷ്ണി കിടന്നാൽ അച്ഛനാണ് ദോഷം എന്ന തത്വം വേറെയും…
ഈ തത്വങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തലത്തിൽ നമ്മുടെ വൈഷമ്യങ്ങളുടെ പാരമ്യതയെ ലഘൂകരിക്കാൻ പോന്നതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..
ഓരോ പ്രമാണങ്ങൾക്കു പിന്നിലും ഒന്നുകിൽ ഒരു ശാസ്ത്രം അല്ലെങ്കിൽ വൈകാരികമായ ഒരു സത്യം മൂടപ്പെട്ടിട്ടുണ്ടാകാം
ഓരോ വട്ടവും ടെലിഫോണിലൂടെ അച്ഛന്റെ സ്വരം കാതിലെത്തുമ്പോൾ പിന്നണി ഗാനം പോലെ ഓരോ മെഷിനുകളുടെയും വണ്ടികളുടെയും ഇരമ്പലുകൾ ചെവിയിലടിക്കും..
ഫോൺ വിളിക്കുന്നത് ഏതോ കെട്ടിടത്തിന്റെ എണ്ണമറ്റാത്ത നിലയിൽ നിന്നു പണി ചെയ്യുമ്പോഴാണെന്നു അച്ഛൻ പറയാതെ തന്നെ അറിയാവുന്നത് കൊണ്ടായിരിക്കാം അറിയാതെ അമ്മയുടെ കൈ താലിയിൽ മുറുകുന്നത്…
ഭക്ഷണം കഴിച്ചില്ലെങ്കിൽ അമ്മയിൽ നിന്നു വഴക്കു കേൾക്കുന്ന അച്ഛൻ തന്നെയാണ് തിരിച്ചു ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്നെയും ഏട്ടനെയും വഴക്ക് പറയാറുണ്ടാവുക…
കാലചക്രം ഓരോ ഭ്രമണങ്ങളായി പൂർത്തിയാക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്നിലവശേഷിക്കപ്പെട്ടിരുന്നു …
അകലങ്ങളിൽ പോലും സ്നേഹത്തിനും വാത്സല്യത്തിനും ശാസനകൾക്കും കരുതലിനും ഇത്രയും ശക്തിയും ഊർജ്ജവും ഉണ്ടാകുമോ ..
അരികെയില്ലാത്തതിന്റെ വേദനയുടെ മുറിവുകളെ ഒരിക്കൽ സമ്മാനിച്ച ഓർമ്മകൾക്ക്തഴുകി യുണക്കുവാൻ സാധിക്കുമോ…
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് ഒരിക്കൽ എന്റെയും കഴുത്തിൽ ഒരു പ്രവാസിയുടെ താലി വീണപ്പോഴായിരുന്നു …
വിളിച്ചാൽ വിളിപ്പുറത്തില്ലേ എന്ന വെറും വാക്കുകളെക്കാൾ ഓർക്കുമ്പോൾ സ്വയം സുഖം പകരുന്ന ഓർമ്മകൾ നൽകിയ പ്രവാസിയുടെ ഭാര്യയായപ്പോഴായിരുന്നു …
വാങ്ങിക്കൂട്ടുന്ന സമ്മാനങ്ങൾ മുഴുവൻ ഞങ്ങളുടെ പുഞ്ചിരിയ്ക്കായി പകുത്തു തരുമ്പോൾ അതില്പരം അവർക്ക് വേറൊരു നിർവൃതിയും ഇല്ലെന്ന തോന്നലാണ് …
നാട്ടിൽ വന്നാലും ഡോർമിറ്ററിയിലെ പല ജില്ലകളിലെയും പല ദേശത്തെയും സുഹൃത്തുക്കളെ ആവേശത്തോടെ വിവരിക്കുമ്പോൾ ഇപ്പോഴും മനസ്സ് നാട്ടിലേക്കെതിയിട്ടില്ലെന്നു തോന്നും…
അവിടെ തിരികെ എത്തി വിളിക്കുമ്പോൾ ഫോൺ പിടിച്ചു വാങ്ങി ഓരോ ഇക്കമാരും ഒരോ ഇച്ഛായന്മാരും ഓരോ ഏട്ടന്മാരും പറയുന്നതോ
“പെങ്ങളെ ദേഹം മാത്രേ ഇവടെയുള്ളൂ ദേഹി ഇപ്പോഴും പെങ്ങളുടെ അടുത്താട്ടോ…”
ഒരു കുടുസ്സുമുറിയിൽ ഒന്നിനുമേൽ ഒന്നായി ഗീതയും ഖുർ ആനും ബൈബിളും വച്ചിരിക്കുന്ന ദൃശ്യം കാണുമ്പോഴേ മനസ്സിലാക്കാറുണ്ടായിരുന്നു മത ഭേദത്തിനോടെന്താന്താണിത്ര പുച്ഛമെന്നു …
ഇടയ്ക്കൊരു വരവിൽ വീട്ടിലേക്ക് പോയപ്പോഴായിരുന്നു എട്ടന്റെ വക കളിയാക്കൽ ..
“ഒറ്റക്ക് കിടപ്പ് പേടിയുള്ള ആളായിരുന്നല്ലോ ..പെങ്ങളെ എന്റെ അളിയൻ പോയി കഴിഞ്ഞാൽ എന്തുചെയ്യും ..”
പതിവായുള്ള അച്ഛന്റെ രക്ഷപെടുത്തൽ വീണ്ടുമെത്തി..
” കൂടെ ഇല്ലെങ്കിലും എന്റെ മോളുടെ ഉള്ളിൽ അവൻ അവൾക്കായൊരു കൂട്ടു കൊടുത്തിട്ടുണ്ട് ..നീ ഒന്നു സൂക്ഷിച്ചോ ഇക്കണക്കിന് പോയാൽ പിറന്നു വീഴുമ്പോൾ അവന്റെ അമ്മാവനിൽ തന്നെ അവൻ ചെണ്ട കൊട്ട് പഠിക്കും…”
ഇതൊക്കെ എപ്പോൾ എന്നു അന്തം വിട്ട് ഏട്ടൻ എന്നെ നോക്കുമ്പോൾ രണ്ടു പ്രവാസികളും കൂടി എന്റെ ഇടം വലം നിന്നു ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…
” ആദ്യം പോയി എം സ് സി തോറ്റ പേപ്പർ എഴുതി എടുക്കാൻ നോക്ക് ഏട്ടാ…”
എന്നു പറയുമ്പോൾ വർഷങ്ങൾക്ക് മുൻപ് മറഞ്ഞു കിടന്ന എന്നിലെ പ്രതികാര ദാഹി ഉണർന്നിരുന്നു…
ഇപ്പോൾ മനസ്സിലായോ എങ്ങനെയാ അകന്നിരുന്നാലും അമ്മയ്ക്കും അച്ഛനും ഇത്രയും സ്നേഹിയ്ക്കാൻ കഴിയുന്നെ എന്നു മുത്തശ്ശി ചോദിക്കുമ്പോൾ സംശയത്തോടെ അച്ഛനെയും അമ്മയെയും നോക്കി നിൽക്കുന്ന മകളിൽ നിന്നും അതിനുത്തരം കിട്ടിയ ഭാര്യയായി ഞാൻ എന്റെ പ്രവാസിയെ നോക്കുന്നുണ്ടായിരുന്നു…
കാതിലും കണ്ണിലും പതിയുന്ന ദൃശ്യാനുഭവങ്ങളെക്കാൾ ഹൃദയത്തിൽ പതിയുന്ന ജീവിതാനുഭവങ്ങളുടെ സുഖം …