നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല…

നീലക്കടൽ

രചന: സിന്ധു ഷാജു

——————

അന്തിസൂര്യൻ തന്റെ പ്രണയിനിയായ ഭൂമിക്ക് യാത്രാമൊഴി നല്കി കടലിനെ ചുംബിക്കാനൊരുങ്ങുന്നു. കൂടുതൽ തീവ്രമായ പ്രണയത്തോടെ അടുത്ത പുലരിയിൽ അവളുടെ ചുടു ശ്വാസമുള്ള ഗന്ധ മേൽക്കാനെന്ന പോലെ.

സന്ധ്യയിലെ നനുനനുത്ത മേടക്കാറ്റ് എന്റെ ജനാലവിരികളെ വന്ന് ഇറുകെ പുണരുന്നു. ഈ…ഇളം തെന്നൽ നീയല്ലേ നിരഞ്ജൻ…?

ഈ ജാലകത്തിനുമപ്പുറം നീ എവിടേയോ ഉണ്ട്. എന്നും എന്റെ ചില്ലുജാലകത്തിലൂടെ, മേഘ ചീളുകൾക്കിടയിലൂടെ വന്ന് ഒളിഞ്ഞു നോക്കുന്ന ആ കുഞ്ഞു നക്ഷത്രം. അതും നീയല്ലേ…നിരഞ്ജൻ…? നിന്റെ സ്പർശം, സൗരഭ്യം എല്ലാം ഞാനറിയുന്നു.

നമ്മുടെ സൗഹൃദത്തിന് ഒരായിരം പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു. സ്നേഹ പരിഭവങ്ങളുടെ കാർമേഘങ്ങളും ഇരുൾ മൂടിയിട്ടുണ്ടായിരുന്നു.

സായാഹ്നങ്ങളിലെ ആ ഇളം ചുമപ്പിലൂടെ കുറുമ്പുകാട്ടിയും നുണ പറഞ്ഞും നമ്മൾ നടന്നു തീർത്ത കാലടിപ്പാടുകൾ.

ആ…ഇടവഴികൾ…ആ കുസൃതികൾക്ക് കാതോരം നിന്ന കൊന്ന പൂക്കൾ…മഴ പെയ്ത് തോർന്ന വൈകുന്നേരങ്ങളിൽ പാടവരമ്പത്തെ കലുങ്കിൽ പോയിരുന്ന് നമ്മളേൽക്കുന്ന ആ കുഞ്ഞിളം കാറ്റ്…

എല്ലാം….ഇന്നലെകൾ…പോലെ….നിരഞ്ജൻ. അല്ലെങ്കിലും ഓർമ്മകളെ വേലി കെട്ടി തിരിക്കാനാവില്ലല്ലോ….കേൾക്കുന്നില്ലേ…. നിരഞ്ജൻ…..?

നേർത്ത കാറ്റിൽ ഒഴുകിയെത്തുന്ന ആ ശീലുകൾ…..ഭക്തി നിർഭരമായ കാവിലെ ഗീതങ്ങൾ….ദീപാരാധനയുടെ വർണ്ണശോഭയിൽ ഉയർന്നു പൊങ്ങുന്ന കൂട്ടമണി നാദം…ദാ….നോക്കൂ…കാറ്റിൽ തെന്നിയെത്തുന്ന ഒരു കൃഷ്ണയില…

നമ്മുടെ നാട്ടുവർത്തമാനങ്ങൾക്കും വെടി പറച്ചിലിനും മൗനാനുവാദം നല്കി തണലേകിയ ആ ആലിൽ ചോട്ടിൽ നിന്നുമാണത്…അവിടുത്തെ കാറ്റിന് നിന്റെ മണമുണ്ട്. നിന്റെ ഹൃദയ മിടിപ്പിന്റെ താളമുണ്ട്.

തെളിഞ്ഞ ജലാശയത്തിലെ ചന്ദ്രബിംബം പോലെയാണ് സ്മരണകൾ ! തീരത്തെ ആ മണൽപ്പരപ്പിൽ കോർത്തു വച്ച കൈകൾക്കു മീതെ തലയും വച്ച് ആകാശത്തെ നോക്കി കിടക്കുമ്പോൾ നീ പറയുമായിരുന്നു. കണ്ണു ചിമ്മി തുറക്കുന്ന വിണ്ണിലെ നക്ഷത്രങ്ങൾക്കിടയിലൂടെ ഈ ഭൂമിയെ നോക്കി കാണാൻ എന്തൊരു ഭംഗിയായിരിക്കുമെന്ന്.

പ്രണയ പരവശയായ കുഞ്ഞോളങ്ങൾ തീരത്തെ പുല്കി മടങ്ങുന്ന വേളയിൽ, നമ്മുടെ കാല്പാദങ്ങളെ ഇക്കിളിപ്പെടുത്തുമ്പോൾ നിന്നിലെ കവി വികാരവായ്പ്പോടെ പറഞ്ഞു, ഇവൾ…. ഈ നീലക്കടൽ….ഒരു മദാലസയാണ്. ഇവളുടെ നിമ്നോന്നതങ്ങൾ എന്നെ മത്ത് പിടിപ്പിക്കുന്നുവെന്ന്.

അസ്തമയത്തിലെ ആ വർണ്ണക്കൂട്ടു കൊണ്ട് ചിത്രങ്ങൾ ചാലിച്ചുരുന്നില്ലേ…നീ…ഓർമ്മകൾ കരിയില കണക്കെ പൊഴിഞ്ഞു വീഴുന്നു….നിരഞ്ജൻ….

ഇന്ന് ആ ഇടവഴികൾ ആരുടേയോ പാദ ചുംബനത്തിനായി മിഴികൾ കൂമ്പുന്നു….കൊന്നപ്പൂക്കൾ ആരേയോ തിരയുന്നു….ഗദ്ഗദം കൊണ്ട് ഈണമിടാൻ മറന്നതുപോലെ ആ…ശീലുകൾ….നിവേദ്യം പോരാഞ്ഞിട്ടോ, ശോഭനഷ്ടപ്പെട്ട ദീപാരാധനയിൽ ദൈവം തേങ്ങുന്നുണ്ടോ….?

പിന്നെ എപ്പോഴാണ്… നിരഞ്ജൻ….നമ്മുടെ ചങ്ങാത്തത്തിൽ കറുത്ത മേഘങ്ങൾ കൂട് കൂട്ടിയത്….?

ലക്ഷ്മി…അവളായിരുന്നോ നമുക്കിടയിലെ വിള്ളൽ…പക്ഷെ…എനിക്കറിയില്ലായിരുന്നു. നിരഞ്ജൻ…അവൾ…..നിന്റെ ശ്വാസവും നിശ്വാസവുമായിരുന്നെന്ന്. പുണരാൻ വെമ്പി നില്ക്കുന്ന രാവുകളും പകലുകളുമായിരുന്നു നിങ്ങളെന്ന്.

നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല. ഞാൻ വഴിമാറിത്തരുമായിരുന്നു നിനക്കായ്…നിന്റെ ജീവശ്വാസത്തോളം…ഒന്നുമായിരുന്നില്ല അവളെനിക്ക്.

എന്റേത്…ഒരു മൗനാനുരാഗമായിരുന്നു…എഴുതുവാൻ കഴിയാത്ത ഒരു പ്രണയലേഖനം പോലെ…അക്ഷരങ്ങളില്ലാത്ത…മഷിയോ…തുണ്ടു കടലാസോ…ഇല്ലാത്ത ഒരു പ്രണയലേഖനം…

എനിക്കു ചുറ്റും വേലിക്കെട്ടുകൾ ആയിരുന്നു. ജാതിയുടെ…സമ്പത്തിന്റെ…സ്ഥാനമാനങ്ങളുടെ…ഇരുമ്പു വേലികൾ. അതിനെ ചവിട്ടിപ്പൊളിക്കാൻ മാത്രമുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല എനിക്ക്.

പ്രണയമെന്ന് വിളിക്കാൻ പോലുമാകാത്ത, വ്യർത്ഥമാകേണ്ടിയിരുന്ന എന്റെ ഒരു വ്യാമോഹത്തിനുവേണ്ടി എരിച്ചു കളഞ്ഞല്ലോ നീ….നിന്റെ പ്രണയത്തെ…..!!!നിന്റെ പ്രിയപ്പെട്ട നീലക്കടലിന്റെ ആഴങ്ങളിലേക്ക്….നിനക്കെന്നും ഉന്മാദിനിയായ അവളുടെ മടിത്തട്ടിലേക്ക് തല ചേർത്തു വച്ചു കിടന്നില്ലേ….നീ…!!

സൗഹൃദത്തിന്റെ കുങ്കുമച്ചെപ്പ് വീണുടയാതിരിക്കാനായ് ! നിന്റെ ഉള്ളിൽ ഒരായിരം കൂരമ്പുകൾ ഒന്നിച്ച് പെയ്തിറങ്ങിയിട്ടുണ്ടാവില്ലേ..ഗദ്ഗദങ്ങൾ നിന്റെ ധമനികളെ പൊട്ടിച്ചിട്ടുണ്ടാകില്ലേ…അല്ലെങ്കിലും…സ്നേഹമെന്നത് ത്യാഗവും കൂടിയാണല്ലോ !

പക്ഷെ…നീയറിഞ്ഞില്ലല്ലോ നിരഞ്ജൻ…അപ്പോഴേക്കും നിന്റെ ബീജം അവളുടെ ഉദരത്തിൽ നാമ്പിട്ടിരുന്നതു് !!പ്രണയത്തിന്റെ ഏതോ കൊടുമ്പിരിയിൽ നീ കാണിച്ച ആ കുസൃതിയുടെ പരിണാമം.

ചുറ്റുപാടുകളെ മനസ്സിലാക്കിയപ്പോഴേക്കും ലക്ഷ്മിക്ക് തന്റെ മനസ്സിന്റെ താളം എവിടേയോ കൈമോശം വന്നിരുന്നു…നിരഞ്ജൻ. ചിന്തയും വികാരവും പരസ്പരം വേർപിരിഞ്ഞു. ആശയങ്ങൾ മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…

താളമയഞ്ഞ അവളെ നോക്കാൻ ഒരേയൊരു കൂടപ്പിറപ്പായ അവളുടെ ചെറിയമ്മയ്ക്ക് ആകുമായിരുന്നില്ല. ഇരുട്ടിലെ മറവിൽ ആരുടെയൊക്കേയോ അട്ടഹാസങ്ങൾ…..നുരഞ്ഞു പൊന്തുന്ന ആ….കടും ചായ കുപ്പികൾ…..കാമം പുരണ്ട കൈകൾ…ആ നീണ്ട വിരലുകൾ നീളുന്നതു് അവളിലേക്കാണോ…….?

എനിക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ…ഒടുവിൽ ഞാനെന്റെ പാതി കൊടുത്തു അവള ഒപ്പം കൂട്ടി, സമൂഹത്തിന്റെ കൊഞ്ഞനം കുത്തൽ ഒഴിവാക്കാനായ്.

ലക്ഷ്മി !!! കാലമറിയാതെ അവളിന്നൊരമ്മയായിരിക്കുന്നു. ഒപ്പം….കഥയറിയാതെ, നിന്റെ പ്രതിഛായയും വളരുന്നു. അവന്റെ നാമം….നിരഞ്ജൻ !! അവർക്ക് ഒരു താങ്ങായ്…തണലായ്….ഞാനും എന്റെ അമ്മയും കൂടെയുണ്ട്.

അകലെ ഒരു തുണ്ട് പ്രകാശത്തിന്റെ ചെരാതുകൾ കാണുന്നുണ്ട്. നഷ്ടപ്പെട്ട ആ താളത്തിന്റെ ചിലമ്പൊലികൾ നേരിയ നാദമായ് ഞാൻ കേൾക്കുന്നുണ്ട് നിരഞ്ജൻ….

തലച്ചോറ് അവളുടെ ചിന്തകളേയും പെരുമാറ്റത്തേയും വൈകാരികഭാവങ്ങളേയും അതിന്റെ സ്വത്വമായ അവസ്ഥയിൽ തന്നെ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡോക്ടർമാരുടെ വാക്കുകളിലും മരുന്നുകളിലും എനിക്കു പൂർണ്ണവിശ്വാസമുണ്ട്.

നമ്മുടെ പഴയ ലക്ഷ്മിയായ്…നിന്റെ മകന്റെ അമ്മയായ്….അല്ല…..നമ്മുടെ മകന്റെ അമ്മയായ്…..അവൾ തിരികെയെത്തുമെന്ന്.

അവനൊരച്ഛനായ്…..ഈ ജന്മം മുഴുവൻ ഞാൻ ബാക്കി വയ്ക്കുന്നു. കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലല്ലോ നിരഞ്ജൻ..എല്ലാ യഥാതഥങ്ങളേയും പൂർണ്ണമായും ഉൾക്കൊണ്ട് സ്വയം എന്റെ വാമഭാഗമായി അവൾ എന്നിലേക്കെത്തുന്ന ഒരു ദിവസത്തിനായ് ഞാൻ കാത്തിരിക്കുന്നു.

അത് ചിലപ്പോൾ അങ്ങ് വിദൂരതയിലായിരിക്കാം. അപ്പോഴേക്കും കാലത്തിന്റെ കരവിരുത് ഞങ്ങളിൽ ചുളിവുകൾ തീർത്തേക്കാം. ചിലപ്പോൾ അത് ഒരു നിമിഷത്തേക്കുമാകാം.

ആ നിമിഷത്തിനായ്…..വിദൂരതയ്ക്കായ്…..ഞാൻ കാതോർത്തിരിക്കുന്നു. അന്ന്, നിരഞ്ജന്റെ കൈപിടിച്ച് , ലക്ഷ്മിയെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് ഞങ്ങൾ വരും….

ഉന്മാദിനിയായ നിന്റെ നീലക്കടലിനെ കാണാൻ….നിന്റെ പ്രിയപ്പെട്ട ചക്രവാളത്തിലെ നിറക്കൂട്ട് ചാലിക്കുന്നതു് കാണാൻ…നിന്റെ കൺപോളകളിൽ ഒളിപ്പിച്ചുവച്ച ആ രണ്ട് തുള്ളി കണ്ണുനീർ ഞങ്ങളുടെ പാദങ്ങളെ തലോടുന്നതു കാണാൻ…..

Leave a Reply

Your email address will not be published. Required fields are marked *