ഞാനപ്പോഴേക്കും പാതി വെന്ത അവസ്ഥയിലായിരുന്നു. അന്ന് രാത്രി കിടക്കാൻ പോകുമ്പോൾ എന്റെ കണ്ണുകൾ വീണ്ടുമാ…

by pranayamazha.com
9 views

രചന: മാരീചൻ

::::::::::::::::::::::

പുതിയ സ്ഥലത്തേക്ക് ട്രാൻസ്ഫറായി വന്ന ദിവസമാണ് ഞാനവരെ കാണുന്നത്…

രാധമ്മ…

മുന്നിലെ ചെമ്മൺപാത രണ്ടായി പിരിഞ്ഞു കിടന്നപ്പോൾ ഏത് വഴി പോയാലാണ് പരിചയക്കാരന്റെ വീടെത്തുക എന്ന ചിന്താക്കുഴപ്പത്തിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് എനിക്ക് പിറകിലായി അവർ വന്നത്.

നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ സുന്ദരിയായ സ്ത്രീ. പെട്ടെന്ന് ഓർമ്മ വന്നത് അമ്മയെയാണ്. എന്റെ പത്താമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. ഞാൻ അവസാനമായി കണ്ട അമ്മയുടെ രൂപത്തോട് എവിടെയൊക്കെയേ ഒരു സാദൃശ്യം ആ സ്ത്രീയുമായിട്ടുണ്ടായിരുന്നു.

പഞ്ചായത്തിൽ ജോലി ചെയ്യുന്ന രവീന്ദ്രന്റെ വീട്ടിൽ പോകാൻ ഏതു വഴി പോണം…? ഒട്ടൊരു ശങ്കയോടെയാണ് ചോദിച്ചത്.

ഇവിടെ പുതിയ ആളാണോ…? നേർത്ത ചിരിയോടെ അവർ മറു ചോദ്യം ചോദിച്ചു.

അതെ…ഇവിടത്തെ പഞ്ചായത്തിലേക്ക് ട്രാൻസ്ഫറായി. നാട്ടിലെ കൂട്ടുകാരനാണ് ഇവിടെ വീട് ശരിയാക്കിയത്. അവന്റെ ബന്ധുവാണ് രവീന്ദ്രൻ.

പോന്നോളു ഞാൻ ആ വഴിക്കാണ്. കുറച്ചു ദൂരം നടക്കാനുണ്ട്.

എനിക്ക് മുന്നിലെ ഇടതു വശത്തേക്കുള്ള വഴിയിലേക്ക് കയറി അവർ പറഞ്ഞു. പിന്നെ അമാന്തിച്ചില്ല ഞാനും കൂടെ നടന്നു. കർപ്പൂരത്തിന്റെയോ ചന്ദനത്തിന്റേയോ പോലൊരു ഗന്ധമായിരുന്നു അവർക്ക്. ചുറ്റുമുള്ളവയെയെല്ലാം അത് ശുദ്ധീകരിക്കും പോലെ തോന്നി.

ഇരു വശത്തും ചെമ്പരത്തി മരങ്ങൾ കാവൽ നിൽക്കുന്ന ഒരു ചെമ്മൺപാതയായിരുന്നു അത്. പട്ടണത്തിൽ നിന്ന് വന്ന എനിക്ക് അതൊക്കെ പുതുമയുള്ള കാഴ്ചകളായിരുന്നു. എന്റെ കണ്ണിലെ കൗതുകം കണ്ടിട്ടാവണം കാണുന്ന ഓരോന്നിനെക്കുറിച്ചും അവർ വിശദീകരിച്ചു കൊണ്ടിരുന്നു. ചിലതൊക്കെ തമാശയായി, മറ്റു ചിലത് ഗൗരവത്തിൽ.

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാൻ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. വഴി അവസാനിക്കുന്നിടത്തെ പാതി പൊളിഞ്ഞ തടിപ്പാലത്തെ കടക്കാൻ ഒട്ടൊരു ആശങ്കയോടെ നിന്ന എനിക്ക് നേരെ അവർ ചിരിയോടെ കൈ നീട്ടി. ഞാൻ ആ കൈ പിടിച്ച് പാലം കടന്നു.

ചേച്ചിയെ കണ്ടപ്പോൾ എനിക്ക് അമ്മയെയാണ് ഓർമ്മ വന്നത് എന്നു ഞാൻ പറഞ്ഞതും അവർ എന്നെ ഒന്ന് നോക്കി.

കണ്ണുകൾ ഈറനണിഞ്ഞോ…? അതോ എനിക്ക് തോന്നിയതാകുമോ…? അറിയില്ല…

പാലം കടന്ന് കുറച്ച് നടന്നതും വിശാലമായ മുറ്റമുള്ള ഒരു വീട് ചൂണ്ടിക്കാട്ടി..”ദാ അതാണ് മോൻ പറഞ്ഞ വീട് “…എന്നവർ പറഞ്ഞു.

ചേച്ചിയുടെ വീട് എവിടെയാ…? ഞാൻ ചോദിച്ചതും അവർ തിരുത്തി.

ചേച്ചിയല്ല…രാധമ്മ…അങ്ങനെ പറഞ്ഞാലേ അറിയു. അങ്ങനെ വിളിച്ചാൽ മതി. വീട് ദേ ആ പ്ളാവിനടുത്ത് കാണുന്നതാ…കുറച്ച് അകലെയായി കാണുന്ന ചെറിയ ഓടിട്ട വീട് ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.

ശരി രാധമ്മേ…കാണാം…ഞാൻ തലകുലുക്കി യാത്ര പറഞ്ഞു. അവർ ഒന്ന് മന്ദഹസിച്ചിട്ട് നടന്നു പോയി.

പുതിയ ആൾക്കാരെ പരിചയപ്പെടാനുള്ള വ്യഗ്രതയിലായിരുന്നു മനസ്സ്. ഞാൻ വേഗം രവീന്ദ്രന്റെ വീട്ടിലേക്ക് നടന്നു. ഗേറ്റു കടന്നതും ഏതാണ്ട് മധ്യവയസ്സ് എത്താറായ ഒരാൾ ഓടി വന്നു.

ഹേമന്ത് സാർ അല്ലേ…? അയാൾ ഓടി വന്ന് എന്റെ കയ്യിൽ പിടിച്ച് ചോദിച്ചു.

അതെ..രവീന്ദ്രൻ…?

ഞാനാണ്, സാർ വരു…വഴിമാറിപ്പോകുമോ എന്ന സംശയത്തിൽ നിൽക്കുവായിരുന്നു ഞാൻ. അനി ദേ ഇപ്പോഴും വിളിച്ചു സാർ എത്തിയോ എന്ന് ചോദിച്ച്…

ചെറിയൊരു സംശയം ഇടയ്ക്ക് വന്നു. അപ്പോഴാ രാധമ്മയെ കണ്ടത്. അതുകൊണ്ട് പ്രശ്നം ഉണ്ടായില്ല. ഞാനത് പറഞ്ഞതും രവീന്ദ്രന്റെ മുഖം എന്തോ വൃത്തികേട് കേട്ടപോലെ ചുളിഞ്ഞു.

രാധമ്മയോ…?

അതേ…ദേ ആ പ്ളാവിനടുത്തെ വീട്ടിൽ താമസിക്കുന്ന…ഞാൻ ആ ദിശയിലേക്ക് കൈ ചൂണ്ടി പറഞ്ഞു. ഒരു നിമിഷം രവീന്ദ്രൻ എന്നെ നോക്കി നിന്നു.

അതെന്തേലുമാകട്ടെ. സാർ യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ, വരു ഞാൻ മുറി കാണിച്ചു തരാം. അതു പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു. പുരയിടത്തിന്റെ ഒരു വശത്തായുള്ള ഔട്ട് ഹൗസിലാണ് എനിക്ക് താമസം ഒരുക്കിയിരുന്നത്. ഭക്ഷണം രവീന്ദ്രന്റെ വീട്ടിൽ നിന്ന് എത്തിക്കുമെന്ന് പറഞ്ഞിരുന്നു.

ഭംഗിയുള്ള ഒരു കൊച്ചുമുറിയും ഒരു ചെറിയ അടുക്കളയും ഒരു വരാന്തയും അടങ്ങുന്നതായിരുന്നു…ഔട്ട് ഹൗസ്…

കുളിച്ച് ഫ്രഷായി വന്നപ്പോഴേക്കും രവീന്ദ്രന്റെ കുടുംബം സ്നേഹാന്വേഷണവുമായി എത്തി. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുബം. എല്ലാവരോടും വർത്തമാനം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. രാത്രി വൈകിയാണ് കിടന്നത്.

ഇടയ്ക്കെപ്പോഴോ എഴുന്നേറ്റ് മുറിയിലെ ജനൽ പാളി തുറന്നപ്പോഴാണ് പ്ളാവിനരികിലെ കൊച്ചു വീട് കണ്ടത്. ഒരു നിമിഷം മനസ്സിൽ രാധമ്മയുടെ മുഖം തെളിഞ്ഞു വന്നു. ദേവത പോലൊരു സ്ത്രീ അങ്ങനെയാണ് മനസ്സിൽ തോന്നിയത്. പിന്നീടെപ്പോഴോ ആ ചിന്ത അമ്മയിലേക്ക് വഴിമാറി.

പിറ്റേന്ന് ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോഴും കണ്ണുകൾ പലപ്പോഴും ജനൽ കമ്പികൾക്കിടയിലൂടെ ആ ചെറിയ വീട് തേടി ചെന്നു. അന്ന് മാത്രമല്ല, പിന്നീടുള്ള പല ദിവസങ്ങളിലും കണ്ണുകൾ രാധമ്മയെ തേടി ആ മുറ്റത്ത് അലഞ്ഞു നടന്നു.

ചിലപ്പോഴൊക്കെ അവർ ആ വീട്ടുമുറ്റത്തെ ചെറിയ പൂന്തോട്ടത്തിലിരുന്ന് പൂക്കളെ തലോടുന്നത് കണ്ടു. മറ്റു ചിലപ്പോൾ ഏണിയിൽ ഏന്തി വലിഞ്ഞു നിന്ന് പ്ലാവിലെ ചക്ക അടർത്തുന്നത്…

ആ ആഴ്ചയിലെ ഞായറാഴ്ച വാറ്റുചാരായത്തിന്റെ ലഹരി നുണഞ്ഞ് വയിലനപ്പുറത്തെ പാറക്കെട്ടിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ഞാനും രവീന്ദ്രനും…അപ്പോഴാണ് സംഭാഷണത്തിലേക്ക് രാധമ്മ കയറി വന്നത്.

അവരെക്കുറിച്ച് അറിയാനുള്ള വ്യഗ്രതയിൽ ഞാൻ സംഭാഷണം അങ്ങോട്ടേക്ക് വഴി തിരിച്ചുവിട്ടു എന്ന് പറയുന്നതാവും ശരി.

എന്റെ സാറേ അവള് വേശ്യയാ…ഈ നാട്ടിൽ അവളുടെ അടുത്ത് പോയിട്ടില്ലാത്ത ആണുങ്ങൾ കുറവാ…കുഴഞ്ഞ ശബ്ദത്തിൽ രവീന്ദ്രൻ അവരെ വരച്ചിടുമ്പോൾ ഞാൻ കുടിച്ച മദ്യം വെറും പച്ച വെള്ളമാകുന്നത് ഞാനറിഞ്ഞു. പെട്ടെന്നതിന്റെ വീര്യം ഇല്ലാണ്ടായ പോലെ…

രവീന്ദ്രനും പോയിട്ടുണ്ടോ…?

അത് ചോദിക്കുമ്പോൾ എന്റെ സ്വരം വിറച്ചിരുന്നു. എന്റെ ആ ചോദ്യത്തിന് മറുപടിയായി ഒരു വഷളൻ ചിരി അയാൾ ചിരിച്ചു. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു…

കല്യാണത്തിന് മുമ്പ് ഒരിക്കൽ…പിന്നെ ഭാര്യ പ്രസവത്തിന് പോയ സമയത്ത് കുറച്ചു നാൾ…

അയാളത് പറയുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് രവീന്ദ്രന്റെ ഭാര്യയുടെ മുഖമാണ്. ഭർത്താവിനെ ദൈവത്തെപ്പോലെ കാണുന്ന സ്ത്രീ…കഷ്ടം…

പിന്നെ ഒരു കാര്യമുണ്ട് സാറേ…അവൾ പറയുന്ന കാശു കൊടുത്താൽ കാര്യം നടത്തി സുഖമായി മടങ്ങാം. അവൾ ഒരിക്കലും ആ പേരും പറഞ്ഞ് പിറകേ വരുകയോ എന്തിന് നമ്മളെ കണ്ട ഭാവം നടിക്കുകയോ ഇല്ല. അതു കൊണ്ട് നൂറു ശതമാനം സേഫാണ്…

ല ഹ രിയിറങ്ങിയ എന്നിൽ ആ വാക്കുകൾ പൊള്ളലേൽപ്പിക്കുന്നുണ്ടായിരുന്നു. ആഴത്തിലുള്ള പൊള്ളലുകൾ. പുറമെ കാണുന്നതിനേക്കാൾ ശക്തിയായി ഉള്ളിനെ വേവിച്ചു കൊണ്ട് ആഴത്തിലേക്ക് ഇറങ്ങുന്ന പൊള്ളലുകൾ…

പിന്നെയും എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടിരുന്നു. എത്ര വർണ്ണിച്ചിട്ടും തൃപ്തിയാകാത്തതുപോലെ. രാധമ്മ എന്ന ലഹരിയും മ* ദ്യത്തിന്റെ ല ഹരിയും രവീന്ദ്രനെ കീഴ്പ്പെടുത്തിയതുപോലെ തോന്നി. അയാളാ പാറക്കെട്ടിൽ മലർന്നടിച്ച് കിടന്നു.

ഞാനപ്പോഴേക്കും പാതി വെന്ത അവസ്ഥയിലായിരുന്നു. അന്ന് രാത്രി കിടക്കാൻ പോകുമ്പോൾ എന്റെ കണ്ണുകൾ വീണ്ടുമാ ചെറിയ വീട് തേടി ചെന്നു. ചിന്തകളിലേക്ക് ദേവതയെപ്പോലൊരു സ്ത്രീ കയറി വന്നു.

വേ* ശ്യ എന്ന് രവീന്ദ്രൻ എന്റെ ചെവിയിൽ പലവട്ടം അടക്കം പറയും പോലെ. ദേഷ്യമോ വിഷമമോ എന്തൊക്കെയോ എന്നെ വന്ന് പൊതിയുന്നതറിഞ്ഞു. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മറുപടി ഇല്ല.

ജനൽ പാളി വലിച്ചടച്ച് ഞാൻ കട്ടിലിൽ വന്ന് കിടന്നു. മൂക്കിലേക്ക് ചന്ദനത്തിന്റേയും കർപ്പൂരത്തിന്റേയും സുഖമുള്ള മണം കയറി വരുന്നു.

വേ* ശ്യയുടെ മണം എന്താണ്…? എങ്ങനെയാണ് വേ* ശ്യ സംസാരിക്കുക…?ചിരിക്കുക…?

ഞങ്ങൾ സംസാരിച്ചു നടന്നത് ഓർമ്മ വന്നു. എന്റെ ചോദ്യങ്ങൾക്ക് അവർ മറുപടി തരുന്നത്. വാൽസല്യത്തോടെ കൈ പിടിച്ച് ആ പാലം കടത്തിയത്…തമാശകൾ പറഞ്ഞത്…ഒന്നിലും…ഒന്നിലും ഒരു വേ* ശ്യയുടെ മുഖം തെളിയുന്നില്ല…

ഞാൻ തല കുടഞ്ഞു. ചിന്തകൾ ശക്തമായ തലവേദന കൊണ്ടുവന്നു. സാധാരണ അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് തലവേദന വരിക. ഇന്നെന്താണോ…?

അതിനു ശേഷം പല തവണ ഞാൻ രാധമ്മയെ കണ്ടു. മുഖാമുഖം വരുമ്പോൾ അവർ ചിരിക്കും. ഞാൻ പക്ഷേ തല വെട്ടിച്ച് കടന്നു പോകും. മിക്കവാറും രവീന്ദ്രനും കൂടെക്കാണും. പക്ഷേ അവർ ഒരിക്കൽ പോലും രവീന്ദ്രനെ കണ്ട ഭാവം നടിച്ചിരുന്നില്ല.

മൂന്ന് മാസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. അപ്പോഴേക്കും ഞാനും ആ ഗ്രാമത്തിന്റെ ഭാഗമായി. പലപ്പോഴും രാധമ്മയെ കാണും. തല ഉയർത്തിപ്പിടിച്ച് അവർ നടന്നു പോകുന്നത് കാണാം. എന്നെ ഒഴികെ മറ്റാരേയും അവർ ഗൗനിച്ചിരുന്നില്ല. ഞാനാകട്ടെ അവർക്ക് മുഖം കൊടുക്കാറുമില്ല.

പക്ഷേ എന്നെ അതിശയിപ്പിച്ചത് അതല്ല, പുറമെ അകറ്റി നിർത്തുമ്പോഴും ഉള്ളു കൊണ്ട് ആ നാട്ടിലെ പുരുഷൻമാർ അവരെ ആരാധിച്ചിരുന്നു. പല പുരുഷൻമാരുടേയും മനസ്സിന്റയും ശരീരത്തിന്റേയും വിശപ്പടക്കിയിരുന്നത് അവരായിരുന്നു. പുരുഷൻമാർ മാത്രമല്ല സ്ത്രീകളും…

പരസ്യമായി രാധമ്മയെ അവർ അധിക്ഷേപിക്കുമ്പോഴും രാധമ്മയുടെ സൗന്ദര്യത്തെ അവർ അസൂയയോടെ നോക്കി കണ്ടു. മുട്ടറ്റം വരെ നീളമുള്ള ഇടതൂർന്ന മുടിയുള്ള വെള്ളാരം കണ്ണുകളുള്ള ആ സുന്ദരി, എല്ലാവർക്കും മീതെ പടർന്നു പന്തലിച്ചു നിന്നു.പനിനീർ പൂവിന്റെ നിറമുള്ള ചുണ്ടുകൾ കൊണ്ടവൾ വശ്യമായി പുഞ്ചിരിച്ചവരെ മോഹിപ്പിച്ചു. മ *ദ്യത്താലോ അല്ലേൽ മറ്റാരുടെയെങ്കിലും പ്രലോഭനത്താലോ പുരുഷൻമാരുടെ ഉള്ളിലെ തൃഷ്ണകൾ പുറത്തു വരുമ്പോഴെല്ലാം അവർ അത് വിവരിക്കാൻ കൂട്ടു പിടിച്ചത് രാധമ്മയുടെ ശരീരത്തെയായിരുന്നു.

ചെറുപ്പക്കാരുടെ…വ്യദ്ധരുടെ…എല്ലാം മനസ്സിൽ അവരുടെ ശരീരം വിശകലനത്തിന് ഊഴം കാത്തു കിടന്നു. എന്തുകൊണ്ടോ എന്റെ മനസ്സിലേക്ക് അവർ ഒരിക്കലും വശീകരണ മന്ത്രവുമായി വന്നില്ല. എന്റെ മനസ്സിൽ ആ ചുണ്ടുകൾ നിറഞ്ഞ വാൽസല്യത്തോടെ പുഞ്ചിരിച്ചുകൊണ്ടിരുന്നു…

അമ്മയെ സ്വപ്നം കാണാറുള്ള രാത്രികളിൽ എന്നെ ചേർത്തു പിടിക്കുന്ന അമ്മയുടെ കൈകൾക്ക് രാധമ്മയുടെ കയ്യിലെ അതേ തണുപ്പായിരുന്നു…

ഒരു അവധി ദിനത്തിൽ നാൽക്കവലയിലെ ചായപ്പീടികയിലിരുന്ന് കൊച്ചുവർത്തമാനം പറയുന്നതിനിടയിലാണ് ആരോ ഓടി വന്നു പറഞ്ഞത് ബംഗ്ലാവിലെ ചന്ദ്രന് വീണ്ടും ഭ്രാന്തിളകി. ചങ്ങല പൊട്ടിച്ചത്രേ…

ധൃതിപ്പെട്ട് പീടികയ്ക്ക് വെളിയിലേക്ക് ഇറങ്ങുമ്പോൾ കണ്ടു, കയ്യിലൊരു വലിയ കത്തിയുമായി ആജാനുബാഹുവായ ഒരാൾ ഓടി വരുന്നു. പിറകെ പരിഭ്രാന്തരായ കുറെ ആൾക്കാരും.

അയാളുടെ മുന്നിൽ നിന്ന് ആൾക്കാർ ഭയപ്പാടോടെ ഓടി മാറുന്നു. നാൽക്കവലയിലെത്തി ആ ഭ്രാന്തൻ ഒന്നു നിന്നു. പെട്ടെനാണ് ഒരു കൊച്ചു കുട്ടി അയാൾക്ക് മുന്നിലേക്ക് ഓടി വന്നത്.

കുട്ടിയുടെ അമ്മ മോനേ…എന്ന് വിളിച്ച് ബോധരഹിതയായി. ജനക്കൂട്ടം തറഞ്ഞു നിന്നു. ഭ്രാന്തന്റെ കണ്ണുകൾ കുറുകി വരുന്നത് കണ്ടു.

കയ്യിലിരുന്ന കത്തി അയാൾ ഉയർത്തിയപ്പോഴേക്കും ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഓടിവന്ന് ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിക്കുന്നത് കണ്ടു. ഒരു നിമിഷം കണ്ണുകളെ വിശ്വസിക്കാൻ പറ്റീല…

രാധമ്മ…

ഭ്രാന്തൻ അപ്പോഴേക്കും കത്തി ഉയർത്തി വെ* ട്ടി. രാധമ്മയുടെ മുതുകിലാണ് വെ ട്ട് കൊണ്ടത്. എന്നിട്ടും അവർ പിൻമാറിയില്ല. ആ കുഞ്ഞിനെ പൊതിഞ്ഞ് ഒരു ആവരണം പോലെ അവർ നിന്നു.

വീണ്ടും ഭ്രാന്തൻ രണ്ടോ മൂന്നോവെട്ട് വെ* ട്ടി. അപ്പോഴേക്കും പോലീസും ആൾക്കാരും ചേർന്ന് അയാളെ കീഴടക്കി. ര ക്തം പുരണ്ട ഒരു പഴന്തുണികക്ഷണം പോലെ രാധമ്മ താഴേക്ക് വീഴുന്നത് കണ്ടു. കുഞ്ഞ് അപ്പോഴും അവരുടെ കയ്യിൽ സുരക്ഷിതനായിരുന്നു.

കുഞ്ഞിനെ എടുത്തു മാറ്റി ആരൊക്കെയോ ചേർന്ന് അവരെ ആംബുലൻസിൽ കയറ്റി. ഞാനും കൂടെ കയറി. വെറേ മൂന്നു നാലു പേരും ഉണ്ടായിരുന്നു.

ഇടയ്ക്കെപ്പോഴോ ബോധം തെളിഞ്ഞപ്പോൾ അവർ എന്നെ കണ്ടു. കണ്ണുകളിൽ വാൽസല്യം നിറയുന്നത് കണ്ടു. ഏകദേശം ഒരു മാസത്തോളം അവർ ആശുപത്രിയിൽ കിടന്നു. പറ്റുമ്പോഴൊക്കെ ഞാൻ ആശുപത്രിയിൽ അവർക്ക് കൂട്ടിരുന്നു.

ഞാൻ മാത്രമല്ല ആ ഗ്രാമത്തിലെ പലരും ആൺ പെൺ വ്യത്യാസമില്ലാതെ രാധമ്മയെ സഹായിക്കാൻ വരുന്നത് കണ്ടു. ഗ്രാമത്തിലെ അന്തി ചർച്ചകളിലെ രാധമ്മയുടെ മുഖത്തിന് മാറ്റം വന്നിട്ടുണ്ടായിരുന്നു. അവരുടെ ശരീരത്തെ വിട്ട് ആൾക്കാർ അവരുടെ മനസ്സിലേക്ക് നോക്കാൻ തുടങ്ങിയിരുന്നു.

ആശുപത്രിയിൽ നിന്നവർ മടങ്ങിയെത്തിയ ദിവസം ആദ്യമായി പ്ളാവിനരികിലെ ആ കൊച്ചു വീടിന്റെ മുറ്റം ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. എന്റെ തോളിൽ പിടിച്ചാണ് അവർ ആബുലൻസിൽ നിന്നിറങ്ങിയത്.

വലത്തേ കൈയുടെ ചലനശേഷി പൂർണ്ണമായും പോയിരുന്നു. അന്നാദ്യമായി അവർ എല്ലാവരേയും നോക്കി മന്ദഹസിക്കുന്നത് കണ്ടു. അവർ രക്ഷപെടുത്തിയ കുഞ്ഞിന്റെ അമ്മ അവരുടെ മുന്നിൽ തൊഴുതു നിൽപ്പുണ്ടായിരുന്നു.

അടുത്ത ആഴ്ച എനിക്ക് നാട്ടിലേക്ക് ട്രാൻസ്ഫറായി. യാത്ര ചോദിക്കാൻ ഞാൻ ചെല്ലുമ്പോൾ അവർ ഉറക്കമായിരുന്നു. ഉണർത്തി യാത്ര പറയാൻ തോന്നിയില്ല. ഉറങ്ങിക്കിടന്ന അവർക്കരികിൽ നിന്ന് മൗനമായി യാത്ര ചോദിച്ച് ഞാനിറങ്ങി.

ഒരു വർഷത്തിനിപ്പുറം ഒരു ഓണക്കാലത്ത് ഓണക്കോടിയുമായി ഞാൻ പ്ളാവിനരികിലെ കൊച്ചു വീട്ടിലെത്തിയപ്പോൾ കണ്ടു നാട്ടുകാരോടൊപ്പം ഇരുന്ന് കാര്യം പറയുന്ന രാധമ്മയെ…

നാണിഏടത്തി അവരുടെ മുടി കെട്ടി കൊടുക്കുന്നു…പാറുവമ്മ അവർക്കായി കഷായം ഉണ്ടാക്കുന്നു. നാരായണേട്ടനും വാസുവും പച്ചിലക്കൂട്ടുകൾ കൊണ്ടു കൊടുക്കുന്നു…രാധമ്മ പൊട്ടിച്ചിരിക്കുന്നു…തമാശകൾ പറയുന്നു…ആ വീട്ടുമുറ്റത്ത് ഏതൊക്കെയോ കുട്ടികൾ ഓടിക്കളിക്കുന്നു…

ആ ഗ്രാമം അവരെ ഏറ്റെടുത്തത് പോലെ തോന്നി….

എന്നെ കണ്ടതും അവരുടെ കണ്ണുനിറഞ്ഞു. കയ്യിലിരുന്ന ഓണക്കോടി അവർക്ക് നേരെ നീട്ടുമ്പോൾ എന്റെ കയ്യിൽ പിടിച്ച് ”നീ ഈ രാധമ്മയെ മറന്നില്ലല്ലോ…?” എന്ന് പറഞ്ഞു. അമ്മയുടെ കയ്യിലെ തണുപ്പ് വീണ്ടും ഞാനനുഭവിച്ചു.

പതുക്കെ അവരുടെ അരികിലിരുന്നു ചലനമറ്റ വലതുകൈ എടുത്ത് തടവി…അമ്മയെ ആരേലും മറക്കുമോ…? ഞാനതു പറഞ്ഞതും ഇടത്തെ കൈ കൊണ്ട് എന്നെ നെഞ്ചോട് ചേർത്തവർ ചുംബിച്ചു.

മടക്കയാത്രയ്ക്ക് ബസിലിരിക്കുമ്പോൾ ഒരു പാട് പ്രാവശ്യം ഞാൻ ആ ഗ്രാമത്തെ തിരിഞ്ഞു നോക്കിപ്പോയി. ആ ഗ്രാമം മുഴുവൻ ചന്ദനത്തിന്റെയും കർപ്പൂരത്തിന്റേയും ഗന്ധം നിറഞ്ഞിരിക്കും പോലെ…ഗ്രാമം ശുദ്ധീകരിക്കപ്പെട്ടതു പോലെ…

ഉള്ളിലെവിടെയോ ഒരു നോവ് പോലെ…അമ്മയോട് യാത്ര പറഞ്ഞിറങ്ങു പോലൊരു നോവ്

You may also like

Leave a Comment