രചന: സനൽ SBT (കുരുവി )
കതിർമണ്ഡപത്തിലേക്ക് വലതുകാൽ എടുത്തു വെച്ച് കയറുമ്പോഴും നിലവിളക്കേന്തിയ ധ്വനിയുടെ കരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആർക്കോ വേണ്ടി എന്തിനോ വേണ്ടി സ്വന്തം ജീവിതം ഹോമിക്കപ്പെടാനാണ് തൻ്റെ വിധി എന്നൊർത്തപ്പോൾ ആ നെഞ്ചകം വിങ്ങിപ്പൊട്ടി .ഈറനണിഞ്ഞ മിഴികളുമായി അവൾ ചുറ്റും കണ്ണോടിച്ചു ഈ ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും നന്ദൻ നിൽപ്പുണ്ടാവുമെന്ന് വെറുതെ അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടെയിരുന്നു. ആ പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടു കൊണ്ട് കൊട്ടും കുരവയും ഏഴുതിരിയിട്ട നിലവിളക്കിൻ്റെ അഗ്നിയേയും സാക്ഷിയാക്കി ഹരി അവളുടെ കഴുത്തിൽ താലി ചാർത്തി.ആ നിമിഷം തന്നെ അവൾ പോലും അറിയാതെ ആ കൺകോണിലൂടെ കണ്ണുനീർ തുള്ളികൾ ധാരയായ് പെയ്തിറങ്ങി. ഹരിയുടെ കൈകൾ കോർത്ത് പിടിച്ച് കതിർ മണ്ഡപം വലം വെയ്ക്കുമ്പോഴാണ് അവൾ ബോധരഹിതയായി തളർന്ന് നിലത്ത് വീണത്.
“അയ്യോ മോളെ ഇതെന്ത് പറ്റി. “
ചുറ്റും കൂടി നിന്നവർ അവിടേക്ക് ഓടി വന്നു. അപ്പോഴേക്കും ഹരി അവളെ കോരിയെടുത്ത് ഓഡിറ്റോറിയത്തിലെ ഡ്രസ്സിങ്ങ് റൂമിലേക്ക് നടന്നു.
“രാവിലെ മൂന്ന് മണിക്ക് എണീറ്റതല്ലേ ആ കുട്ടി രാവിലെ ഒന്നും കഴിച്ചിട്ടും ഇല്ല അതിൻ്റെ തളർച്ചയാവും പാവത്തിന് .”
ചുറ്റുപാടും നിന്നും അടക്കം പറച്ചിലുകൾ ഉയർന്നു വന്നു. ഡ്രസ്സിംങ്ങ് റൂമിലെ ബെഡിൽ അവളെ കിടത്തി മേശപ്പുറത്തുള്ള ജഗ്ഗിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് ആ മുഖത്തോട്ട് തളിച്ചു. പതിയെ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവൾ ഹരിയുടെ മുഖമാണ്.
“ആർ യു ഓക്കെ. “
ധ്വനി കട്ടിലിൽ ചാടി എഴുന്നേറ്റ് ഇരുന്നു അപ്പോഴും തലക്കകത്ത് നിന്നും ആ ആർത്തിരമ്പൽ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
“ഉം. “
“ബാ നന്മുക്ക് എന്നാൽ ഹോസ്പറ്റലിലേക്ക് പോകാം.”
“ഹേയ് അതൊന്നും വേണ്ട കുറച്ച് സമയം കിടന്നാൽ ശെരിയായിക്കൊള്ളും. “
“താൻ ഒരു കാര്യം ചെയ്യ് കുറച്ച് സമയം റെസ്റ്റ് എടുക്ക് പിന്നെ കാലത്ത് ഒന്നും കഴിച്ചില്ലോ അതിൻ്റെയാവും എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്ക് ഞാൻ ഇങ്ങോട്ട് എടുപ്പിക്കാം. ഹാ ഇനി എല്ലാരും ഒന്ന് പുറത്തോട്ട് ഇറങ്ങിക്കേ. അമ്മേ അമ്മ ഇവിടെ അവളുടെ കൂടെ ഇച്ചിരി നേരം ഇരിക്ക് “
“ശരി മോനെ .”
റൂമിൽ കൂടിയിരുന്നവരെല്ലാം പുറത്തേക്ക് ഇറങ്ങി അപ്പോഴും അവളുടെ മനസ്സ് ശാന്തമായിരുന്നില്ല അത് നൂല് പൊട്ടിയ പട്ടം പോലെ കാറ്റിലൂടെ ദൂരെയ്ക്ക് പറന്നു.
“എന്ത് പറ്റിയതാടാ ഹരീ അവൾക്ക്. “
“ഒന്നൂല്ല അമ്മാവാ അവളൊന്ന് തല ചുറ്റി വീണതാ.”
“അല്ല അപ്പോ ബാക്കി ചടങ്ങുകൾ ഒക്കെ. “
“എന്തായാലും കെട്ട് കഴിഞ്ഞില്ലേ ഇനി ബാക്കി ചടങ്ങുകൾ ഒന്നും വേണ്ട നമ്മൂടെ കൂടെ വന്നവരോടൊക്കെ ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറാൻ പറഞ്ഞോളൂ .”
“ഹും ഇനി അല്ലാതെ എന്ത് ചെയ്യാനാ ബാക്കിയൊക്കെ വീട്ടിൽ ചെന്നിട്ട് നോക്കാം. “
അല്പസമയത്തിന് ശേഷം ഹരി ഡ്രസ്സിംങ്ങ് റൂമിലേക്ക് നടന്നു.
“എങ്ങനുണ്ട് അമ്മേ. “
“ഉം. അവൾ നല്ല ഉറക്കത്തിലാ ക്ഷീണം കാണും അതാ പാവം. “
“ധ്വനി, ധ്വനി “
അവൾ പാതിമയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.
“എങ്ങനുണ്ടെടോ ഇപ്പോ കുറവുണ്ടോ? “
ഉം. അവൾ ചെറുതായി ഒന്ന് മൂളി.
“വാ എന്നാൽ ഭക്ഷണം കഴിച്ച് നമുക്ക് ഇറങ്ങാൻ നോക്കാം ഒത്തിരി ദൂരം പോകാനുള്ളതല്ലേ.”
ഉം. അവൾ ബെഡിൽ നിന്നും എഴുന്നേറ്റു ഉടുത്തിരുന്ന സാരി ഒന്നു കൂടി ശെരിയാക്കി ഹരിയുടെ പുറകെ യാന്ത്രികമായി ഭക്ഷണപ്പുരയിലേക്ക് നടന്നു. വിളമ്പി വെച്ചിരുന്ന സദ്യ രണ്ടു വിരലുകൾ കൊണ്ട് ചിക്കി എന്തൊക്കെയോ കഴിച്ചെന്ന് വരുത്തിത്തീർത്ത് അവൾ എഴുന്നേറ്റ് കൈ കഴുകി. ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങാൻ നേരം അച്ഛൻ്റെയും അമ്മയുടെയും യാത്ര പറച്ചിലിനിടയിലൊന്നും അവളുടെ കണ്ണുകൾ നനഞ്ഞില്ല അതൊരു ഉറവ വറ്റിയ നദി പൊലെ മാറിക്കഴിഞ്ഞിരുന്നു. കാറിൽ കയറി അല്പദൂരം കഴിഞ്ഞപ്പോഴേക്കും കാറ്റിൻ്റെ കരസ്പർശമേറ്റ് വീണ്ടും അവളൊന്ന് ചെറുതായി മയങ്ങി.
“ധ്വനി എണീക്ക് വീടെത്തി .”
ഹരി അവളെ വിളിച്ചുണർത്തി. അവൾ ഹരിയുടെ തോളിൽ നിന്ന് ഞെട്ടിയുണർന്നു. കൈയിൽ നിലവിളിക്കുമേന്തി ആ പുതിയ വീടിൻ്റെ അകത്തളത്തിക്കേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ അവളുടെ മനസ്സാകെ ഒരു മരവിപ്പ് ആയിരുന്നു. പിന്നീട് വൈകുന്നേരം ഉള്ള ഫോട്ടോഷൂട്ടും റിസപ്ക്ഷനും കഴിഞ്ഞപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു.
“ഹാ മോളെ . മോള് പോയി കുളിച്ച് ഈ ഡ്രസ്സ് എല്ലാം ഒന്ന് മാറ്റി വാ അമ്മ അപ്പോഴേക്കും പാല് കാച്ചി വെയ്ക്കാം എന്നിട്ട് നേരത്തെ പോയി കിടന്നോ ഒത്തിരി ക്ഷീണം കാണും. “
കയ്യിൽ കാച്ചിയ എണ്ണയും ,ഒരു ടവലും, പുതിയ ഒരു സോപ്പും അമ്മ അവൾക്ക് നേരെ നീട്ടി. അവൾ അതും മേടിച്ച് കൊണ്ട് ബാത്റൂമിലേക്ക് തിരിഞ്ഞ് നടന്നു. ഷവർ തുറന്നിട്ട് കുറെ നേരം അവൾ അതിനടിയിൽ നിന്നു എന്തോ ഒരു പുതുമഴ നനയുന്ന സുഖം അവൾക്ക് അനുഭവപ്പെട്ടു. അല്പസമയത്തിന് ശേഷം അവൾ കുളിച്ച് വന്നപ്പോഴേക്കും കാച്ചിയ പാല് മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു.
“ഹാ മോള് ഇത്ര പെട്ടെന്ന് വന്നോ ? അതെ നീ മുറിയിലേക്ക് ചെല്ല് അവൻ വരാൻ ഇത്തിരി ലേറ്റാവും ബാംഗ്ലൂരിൽ നിന്ന് അവൻ്റെ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട് അതാ. “
“ഉം. “
അവൾ തലയാട്ടി . പാൽഗ്ലാസും കൈയ്യിലേന്തി ഗോവണിപ്പടി കയറി റൂമിലേക്ക് നടന്നു. വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു ആ മുറി. ഇതിനു മുൻപൊന്നും ഇത്രയും വർണ്ണ ശോഭയായി അലങ്കരിച്ച ഒരു മുറി അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. മുറിയുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നിട്ട് തെക്കിനിയിലേക്ക് ഉള്ള ആ ചെറിയ ജാലക വാതിൽ അവൾ തള്ളിത്തുറന്നു. നല്ല മേടമാസക്കാറ്റ് അവളുടെ കാർകൂന്തലിനെ തഴുകി തലോടിക്കടന്നു പോയി അല്പനേരം ആ ജനലഴികളിലൂടെ ധ്വനി വിദൂരതയിലേക്ക് നോക്കി നിന്നു.
ഹരി വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് ധ്വനി തൻ്റെ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നത്.
“എന്താടോ ഒറ്റക്കിരുന്ന് ബോറടിച്ചോ താൻ. “
“ഹേയ് ഇല്ല. ഞാൻ വെറുതെ . “
“എന്നാൽ വാ ഇവിടെ വന്ന് ഇരിക്ക്. “
ധ്വനി മേശപ്പുറത്തിരുന്ന പാൽ ഗ്ലാസ് എടുത്ത് എടുത്ത് ഹരിക്ക് നേരെ നീട്ടി. ഹരി വേണ്ടെന്ന ഭാവത്തിൽ തലയാട്ടി. അല്പനേരത്തെ മൗനം റൂമിൽ തളം കെട്ടി നിന്നു അതിന് ശേഷം ഹരി തുടർന്നു.
“ധ്വനി എനിക്ക് ഒരാളോട് സംസാരിച്ചോ അവരെ ഉപദേശിച്ചോ പരിചയം ഇല്ല എന്നാലും എൻ്റെ ഒരു ചെറിയ അറിവുകൊണ്ട് ഞാൻ പറയുന്നതാണ്. എന്തിനായിരുന്നു നിനക്ക് ഇഷ്ട്ടമില്ലാത്ത ഇങ്ങനെയൊരു വിവാഹം. വീട്ടുകാർക്ക് വേണ്ടിയോ അതൊ നാട്ടുകാർക്ക് വേണ്ടിയോ നീ ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടി ഈ വീട്ടിൽ ജീവിക്കുമ്പോൾ ഒരു കാര്യം കൂടി നീ ഓർക്കണം ഇതിലൊന്നും പെടാത്ത എൻ്റെ ജീവിതം കൂടിയാണ് ഇവിടെ ഹോമിക്കപ്പെടുന്നത്. “
ധ്വനി അതിന് മറുപടി ഒന്നും പറഞ്ഞില്ല പകരം ആ രണ്ടു കണ്ണുകളും നിറഞ്ഞ് തുളുമ്പുന്നത് ഹരിക്ക് കാണാമായിരുന്നു.
“നമ്മുടെയെല്ലാം ജീവിതത്തിൽ കാണും നന്മുക്ക് ഒട്ടും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങൾ അത് ഒരിക്കലും നീ ഓർക്കരുത് അത് എപ്പോൾ നിനക്ക് ഓർമ്മ വരുന്നുവോ അപ്പോഴേല്ലാം നിൻ്റെ കണ്ണ് നിറയും ആ കണ്ണുനീർ മറ്റുള്ളവർക്ക് ഒരു ബാധ്യതയാവും അതുകൊണ്ട് പലതും നീ മനപൂർവ്വം മറക്കണം ഞാൻ കാത്തിരിക്കാം അത് ഇനി എത്ര വർഷം കഴിഞ്ഞാലും. “
ധ്വനിക്ക് ഹരിയുടെ കാൽചുവട്ടിൽ വീണ് ഒന്ന് പൊട്ടിക്കരയണം എന്നുണ്ട് പക്ഷേ അതിനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു.
പിന്നെ ദിവസം രാവിലെ കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയപാടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും വിടർത്തി അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു.
” ഞാൻ എന്തെങ്കിലും ചെയ്യണോ അമ്മേ ? “
“ആ മോള് ഇത്ര നേരത്തെ എണീറ്റോ? ഒന്നും വേണ്ട ദാ ഈ ചായ അവന് പോയി കൊണ്ടു കൊടുത്താൽ മതി. “
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങവെ അമ്മ പുറകിൽ നിന്ന് വിളിച്ചു.
“മോളെ ഹരി അവനൊരു പാവാണ് .ഇന്നേ വരെ അവൻ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല പഠിച്ചതും വളർന്നതും ജോലി സമ്പാദിച്ചതുമെല്ലാം അവൻ സ്വന്തമായി അധ്വാനിച്ചിട്ടായിരുന്നു പക്ഷേ ഒരു കാര്യം മാത്രമേ അവൻ ഞങ്ങളോട് ആവശ്യപ്പെട്ടൊള്ളൂ അത് നിന്നെ കണ്ടപ്പോഴാണ് നിന്നെ അവന് വല്ല്യ ഇഷ്ട്ടാ .അവനായിട്ട് ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല അതാണ് അവൻ്റെ ശീലം ഇനി മോള് വേണം അവൻ്റെ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞ് ചെയ്യാൻ . “
” ഉം ശരിയമ്മേ.”
ധ്വനി ബെഡ് റൂമിലേക്ക് നടന്നു .മനസ്സിൽ ആർത്തിരമ്പിയടിച്ച തിരമാലകൾക്ക് ഇപ്പോൾ ഒരു ശമനമുണ്ട്. അവൾ ആ റൂമിലെ വലിയ വാൽക്കണ്ണാടിയിലേക്ക് ഒന്ന് നോക്കി കുറച്ച് നേരം അങ്ങിനെ നിന്നു. ഇന്നലെ ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ ഓരോന്നായി അവളുടെ ഉള്ളിൽ നിന്നും തികട്ടി വന്നു ഒരു കണക്കിന് ആ പറഞ്ഞതാണ് ശെരി കൊതിച്ചത് കിട്ടിയില്ലെങ്കിൽ വിധിച്ചത് കൊണ്ട് നാം തൃപ്തിപ്പെടണം . ഇനിയും എത്ര കാലം ഒരാൾക്ക് വേണ്ടി മറ്റു പലരുടേയും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ ഇല്ലാത്താക്കണം. മറക്കണം എല്ലാം മറക്കണം മാറ്റം അനിവാര്യമാണ് ഞാനും മാറിയെ തീരൂ ഇതൊരു ഉറച്ച തീരുമാനമാണ് ഈ കാലവും കടന്ന് പോകും അതിന് പുറകെ നന്മുടെ പഴയ ഓർമ്മകളും. ധ്വനി വാൽക്കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന ആ സിന്ദൂരച്ചെപ്പ് തുറന്ന് അതിൽ നിന്ന് കുറച്ച് സിന്ദൂരം എടുത്ത് സീമന്തരേഖയിൽ ചാർത്തി. മേശപ്പുറത്തു നിന്നും ചായക്കപ്പെടുത്ത് അവൾ ഹരിയുടെ അടുത്തേക്ക് നീങ്ങി അതൊരു പുത്തൻ ചുവടുവെയ്പ്പായിരുന്നു നന്ദനിൽ നിന്നും ഹരിയുടെ ജീവിതത്തിലേക്കുള്ള ഒരു പുതിയ യാത്രയുടെ തുടക്കം.