പെയ്തൊഴിയാതെ
എഴുത്ത്:-നിഷ സുരേഷ്കുറുപ്പ്
വൃദ്ധസദനത്തിലെ ഇടനാഴിയിൽ കൂടി നടന്നു വരുമ്പോൾ പത്മിനിയിൽ പ്രതീക്ഷയുടെ തിര അലയടിച്ചു. തന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു എന്ന് പുതുതായി അവിടെ ജോലിക്ക് വന്ന പെൺകുട്ടി പറഞ്ഞപ്പോൾ താൻ ആവേശത്തോടെ മകനാണോന്ന് തിരക്കി. ആ കുട്ടിക്ക് മകനെ അറിയില്ലല്ലോ വന്നയാൾ പേര് പറഞ്ഞില്ലെന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. താൻ ഉറച്ചു വിശ്വസിച്ചു തൻ്റെ മകൻ കാണാൻ വന്നിരിക്കുന്നു. ഒടുവിൽ തന്നെ മനസിലാക്കി അവൻ വന്നു. തന്നെ കൂട്ടി കൊണ്ട് പോകും. വരാതിരിക്കാൻ അവനാകില്ലല്ലോ . അത്രയും സ്നേഹിച്ചല്ലേ ഞാനവനെ വളർത്തിയത്. ഒരു ദിവസം പോലും അവൻ അരികിൽ നിന്നും മാറി നില്ക്കുന്നത് സഹിക്കാൻ കഴിയുമായിരുന്നില്ലല്ലോ . മകനെന്ന അടിയുറച്ച മോഹത്തിൽ പത്മിനിയുടെ മുഖം പ്രസരിപ്പോട്ടെ തിളങ്ങി.
സന്ദർശകർക്കുള്ള റൂമിൽ കടന്നയവരുടെ മിഴികൾ മകനെ തേടി ചെന്നു നിന്നത് കസേരയിൽ ഇരിക്കുന്ന യുവാവിൻ്റെ മുന്നിലാണ്. യുവാവ് അവരെ കണ്ടതും എഴുന്നേറ്റു. കൈകൂപ്പി.
“ഞാൻ ആദർശ് അമ്മയ്ക്ക് എന്നെ മനസിലായോ “
കൈയ്യ് കൊണ്ട് കണ്ണട ഒന്നു കൂടി നേരയാക്കി കൊണ്ട് നോക്കിയ പത്മിനിയുടെ നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ കടന്നു പോയി. ഓർമകൾ കുറ്റബോധം കൊണ്ട് ഹൃദയത്തെ കൊiത്തി വലിച്ചു. ആദർശ് പതിയെ പത്മിനിക്ക് അരുകിൽ വന്നു മെല്ലെ അമ്മേ എന്ന വിളിയോടെ അവരുടെ ചുമലിൽ കൈ വച്ചു . പത്മിനിയുടെ ഉടലാകെ വിറയൽ പടർന്നു കയറി. മഴക്കാലമായിട്ടു കൂടി വിയർത്തു . പിന്നെ കസേരയിലേക്ക് ഊർന്നിരുന്നു . ആദർശും അവർക്കരുകിൽ ഇരുന്നു . ഏതോ ഗർത്തത്തിനുള്ളിൽ നിന്നും എന്ന പോലെ ആദർശിൻ്റെ ചിതറിയ ശബ്ദം കേട്ടു
” അറിയാൻ വൈകി പോയി അമ്മ ഇവിടെയാണെന്ന് ക്ഷമിക്കണം അറിഞ്ഞിരുന്നേൽ ഇതു പോലെ ആരുമില്ലാത്തവളായി അമ്മ കഴിയാൻ ഇടവരില്ലായിരുന്നു “
വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുരുങ്ങിയ പത്മിനി അവൻ്റെ മുഖത്ത് നോക്കി ഇരുന്നു
“ഞാൻ അമ്മയെ കൂട്ടി കൊണ്ട് പോകാൻ വന്നതാണ് ……വരില്ലേ ” ?
ഒന്നും മിണ്ടാതിരുന്ന പത്മിനിയെ പതിയെ തട്ടി ആദർശ് വിളിച്ചു അമ്മേ ……
സ്വന്തം മകനിൽ നിന്ന് ഈ വിളിക്കായി കാതോർത്തിരുന്ന അമ്മ അഞ്ച് വർഷത്തിലേറയായി മകനെ കാണാനോ ശബ്ദം കേൾക്കാനോ കഴിയാതെ ഉരുകിയ അമ്മയുടെ കാതുകളിൽ കുളിരായി , കുറ്റബോധമായി ആ ശബ്ദം തുളച്ചു കയറി
മോ…. നെ പത്മിനി പുറത്തേക്ക് ചാടിയ കരച്ചിലിൻ്റെ ഒരു ചീളോടെ അവൻ്റെ ചുമരിലേക്ക് ചാഞ്ഞു….
ഓർമകൾ രണ്ടു പേരുടെയും ഹൃദയ താളം കൂട്ടി …..
ഭർത്താവിൻ്റെ പെങ്ങളും ഭർത്താവും ഒരു ആക്സിഡൻ്റിൽ മരിക്കുമ്പോൾ മകൻ ആദർശിന് ഒരു വയസ് പ്രായം. ആ സമയം പത്മിനിക്ക് മകൻ വിഷ്ണു ജനിച്ചിട്ട് ആറുമാസം. ഭർത്താവിൻ്റ അമ്മയും കൂടെയുണ്ട്. ആരുമില്ലാത്ത കുഞ്ഞിനെ പത്മിനിയുടെ ഭർത്താവ് ശ്രീധരൻ ഏറ്റെടുത്തു . പത്മിനിയും ശ്രീധരനും രണ്ട് മക്കളെയും തുല്യമായി സ്നേഹിച്ചു വളർത്തി. ആദർശ് പഠിക്കാനുൾപ്പെടെ എല്ലാ കാര്യത്തിലും മുന്നിലും വിഷ്ണു പുറകിലുമായിരുന്നു . ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചത്. പത്താം ക്ലാസിലും പീഡിഗ്രിക്കും ഒന്നാമതായി ആദർശ് ജയിച്ചപ്പോൾ വിഷ്ണുവും മോശമല്ലാത്ത മാർക്ക് വാങ്ങി. അതിനിടയിൽ ഭർത്താവിൻ്റെ അമ്മ മരണപ്പെടുകയും ചെയ്തിരുന്നു. ആദർശിനെ എല്ലാവരും അഭിനന്ദിക്കുകയും പുകഴ്ത്തുകയുമൊക്കെ ചെയ്യുന്നത് വിഷ്ണുവിൽ നിരാശ വളർത്തി . അത് അസൂയയും ദേഷ്യവുമൊക്കെയായി തീർന്നു. ആദർശിന് ശ്രീധരനെക്കാൾ അടുപ്പം പത്മിനിയോടായിരുന്നു. അന്നന്നത്തെ വിശേഷങ്ങൾ പറയാനുൾ പ്പെടെ എല്ലാ കാര്യത്തിലും അമ്മയെന്ന് വിളിച്ചവൻ കൂടെ നടന്നു. വിഷ്ണു ഉൾവലിഞ്ഞ സ്വഭാവവും ആദർശ് എല്ലാവരോടും നന്നായി ഇടപെഴുകുന്നതിൽ മുന്നിലുമായിരുന്നു. ബന്ധുക്കൾ എല്ലാം ആദർശിനെ മിടുക്കനെന്നും മറ്റും അഭിനന്ദിക്കുന്നത് വിഷ്ണുവിൽ ഈർഷ്യ ഉണ്ടാക്കി. എങ്കിലും പത്മിനിയും ശ്രീധരനും വിഷ്ണുവിന് വിഷമങ്ങൾ ഒന്നും തട്ടാതിരിക്കാൻ പൈസ അടച്ചിട്ടാണെ ങ്കിലും ആദർശിൻ്റെ ഒപ്പം തന്നെ പഠിക്കാൻ അയച്ചു…..
“അമ്മേ ഞാനിവിടത്തെ ഫോർമാലിറ്റീസൊക്കെ ചോദിച്ച് എന്താ വേണ്ടതെന്ന് തിരക്കട്ടെ അമ്മയിവിടെ ഇരിക്കൂ “
ആദർശിനെ ചാരി ചിന്തയിലായിരുന്ന പത്മിനിയോടായി അവൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു പത്മിനിയെ ആശ്വസിപ്പിക്കും വിധം ചുമലിലൊന്നു തട്ടിയിട്ട് ഹാളിൽ നിന്നും വാതിൽ തുറന്ന് അകത്ത് വൃദ്ധസദനത്തിൻ്റെ മാനേജറുടെ മുറിയിലേയ്ക്ക് കടന്നു …….
പഴയ ഓർമകളിൽ നിന്നു മടങ്ങിയെത്തിയ പത്മിനി ആദർശ് അകത്തേക്ക് കയറുന്നതും നോക്കിയിരുന്നു. പക്വത വന്ന വലിയ പുരുഷനായിരിക്കുന്നു . കണ്ണിലെ നിഷ്കളങ്കത ഒളിപ്പിച്ച കുസൃതി നിറഞ്ഞെ അതേ ചിരി ഇപ്പോഴും മുഖത്തുണ്ട്. കാലം മുതിർന്ന ഒരു മനുഷ്യനായി അവനെ മാറ്റിയിരിക്കുന്നു.
പെട്ടെന്ന് പത്മിനിയിൽ തന്നെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന ആദർശിൻ്റെ ചിത്രം തെളിഞ്ഞു വന്നു. അമ്മേ… എനിക്ക് മാത്രം പരീക്ഷ എഴുതാൻ കഴിഞ്ഞില്ല . ഇത്രയും പഠിച്ചിട്ടും അവസാനം ഞാൻ മാത്രം… ഉറക്കെ ഉറക്കെ കരയുന്ന അവൻ്റെ ഏങ്ങലടികൾ പത്മിനിയിൽ വീണ്ടും നീറ്റലായി പടർന്നു. ഓർമകൾ അവരെ പുറകിലേക്ക് വലിച്ചു
ഡിഗ്രി അവസാന വർഷം പരീക്ഷക്ക് ആയിരുന്നു എല്ലാം തകിടം മറിഞ്ഞത്. പരീക്ഷയുടെ തലേ ദിവസം വിഷ്ണു തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . “ഇവിടെ യെങ്കിലും എനിക്ക് ജയിക്കണം അമ്മാ എനിക്ക് അവനെക്കാൾ മുന്നിലെത്തണം … നാട്ടുകാർക്കും , കൂട്ടുകാർക്കും , ബന്ധുക്കൾക്കും ,അദ്ധ്യാപ കർക്കും എല്ലാം അവനെ മതി അവനാണ് മിടുക്കൻ ഞാൻ എല്ലായിടത്തും പിന്നിൽ അവനെ ഒരിക്കലെങ്കിലും തകർന്ന് കാണണം “
“അങ്ങനെയൊന്നും ചിന്തിക്കരുത് അവൻ നിൻ്റെ കൂടെപ്പിറപ്പാണ് വിഷ്ണൂ. മോനും മിടുക്കനാണ് വേണ്ടാത്തതൊന്നും ചിന്തിക്കാതെ പരീക്ഷ എഴുതൂ “.
അത്രയും പറഞ്ഞവനെ ആശ്വസിപ്പിക്കുമ്പോഴും അവൻ പിൻമാറാൻ തയ്യാറായില്ല. തൻ്റെ ആശ്വാസവാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ പിന്നെയും നിർബന്ധിച്ചു കൊണ്ടിരുന്നു . “ആദർശും എൻ്റെ മകനാണ് അവനെ വിഷമിപ്പിക്കുന്ന ഒന്നും താൻ ചെയ്യില്ല ” പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച തൻ്റെ കാലിൽ വീണു വിഷ്ണു കരഞ്ഞു
“അമ്മ കൂടെ നില്ക്കണം ഇല്ലെങ്കിൽ ഞാൻ ആത്മഹ ത്യ ചെയ്യും അമ്മയാണെ സത്യം ഞാൻ ജീവിക്കില്ല ” … ഒരു നിമിഷം അടിപതറി .സ്വാർത്ഥത തന്നെ പൊതിഞ്ഞു …..നൊന്തു പെറ്റ മകൻ്റെ യാചനയാണ് അവൻ എന്തെങ്കിലും കടും കൈ കാട്ടിയാൽ. ദുർബലമായ മനസിൻ്റെ കടിഞ്ഞാൺ കൈവിട്ടു മകനോടുള്ള സ്നേഹത്താൽ അന്ധയായി മാറി. പരീക്ഷക്ക് പോകാൻ തയ്യാറെടുത്ത് കൊണ്ടുപോകാനുള്ളതൊക്കെ ബാഗിലാക്കി തൃപ്തിയോടെ തന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും തന്ന് താൻ വിളമ്പി കൊടുത്ത പ്രഭാത ഭക്ഷണവും കഴിച്ചു ആദർശിരിക്കുമ്പോൾ താൻ അവൻ്റെ ബാഗിൽ നിന്നും ഹാൾടിക്കറ്റ് എടുത്തു മാറ്റി. പോയ് വരാം അമ്മേന്ന് പറഞ്ഞ് ബാഗും തോളിലിട്ട് വീണ്ടും തനിക്ക്നെ റ്റിയിൽ ഉമ്മയും തന്നപ്പോൾ വിറയ്ക്കുന്ന ഉടലുമായി താൻ നിന്നു പുറകെ വന്ന വിഷ്ണു എന്നെ നോക്കി തലയാട്ടി. പെയ്യാൻ വെമ്പുന്ന കണ്ണുകളാൽ താൻ അവനോട് പറഞ്ഞു
” എന്നെ വിശ്വസിച്ച ജീവനു തുല്യം സ്നേഹിക്കുന്ന മകനെയാണ് ഞാൻ ചതിച്ചത് അമ്മയെന്ന വാക്കിനു പോലും ഞാൻ അർഹയല്ല “. ചിരിയോടെ തൻ്റെ കൈ കവർന്ന വിഷ്ണുവിനോട് തുടർന്ന് പറഞ്ഞു
“പരീക്ഷ എഴുതാത്തതിനാൽ അവൻ പരാജയമല്ല നീ വിജയവുമല്ല….
ഓർമകൾ പത്മിനിയെ വലിഞ്ഞു മുറുക്കിയ പോലെ അവരൊന്ന് ചുമച്ചു. മിഴികൾ നിറഞ്ഞിരുന്ന അവരുടെ അരികിലേക്ക് ആദർശും വൃദ്ധസദനത്തിൻ്റെ മേൽ നോട്ടം വഹിക്കുന്ന സ്ത്രീയും ഇറങ്ങി വന്നു.
ചിരിയോടെ ആ സ്ത്രീ പറഞ്ഞു.
“പേപ്പറൊക്കെ ഒപ്പിട്ടു തന്നിട്ടുണ്ട്. ഇവിടന്ന് പോകാം കേട്ടോ സന്തോഷമായില്ലേ വിഷ്ണു വന്നില്ലെങ്കിലും മറ്റൊരു മകൻ വന്നില്ലേ ” ? ആ സ്ത്രീക്കറിയാം ഓരോ ദിവസവും പത്മിനി മകൻ വരുമെന്ന് പ്രതീക്ഷി യോടെ കാത്തിരിക്കുന്നത്. ആറ് മാസം കഴിഞ്ഞ് കൂട്ടികൊണ്ട് പോകാം വിദേശത്ത് ഒരു പ്രോജക്ടിനു പോകുന്നു വെന്ന് പത്മിനിയോട് കളവ് പറഞ്ഞ് അഞ്ച് വർഷം മുൻപ് വിഷ്ണു പടിയിറങ്ങി പോകുന്നത് ഇന്നലെ എന്ന പോലെ ആ സ്ത്രീയുടെ മുന്നിൽ തെളിഞ്ഞു നില്പുണ്ട്.
അതിനു മുൻപെ ആ സ്ത്രീയോട് രഹസ്യമായി വിഷ്ണു പറഞ്ഞിരുന്നു അമ്മയെ ഭാര്യക്ക് ഇഷ്ടമല്ലന്നും ,അമ്മ ബാദ്ധ്യതയാണെന്നും ഇനി മുതൽ ഇവിടെ നില്ക്കട്ടെയെന്നും .nവെറുതെ പത്മിനിയുടെ പ്രതീക്ഷ നiശിപ്പിക്കണ്ടെന്നു കരുതി ഒന്നും പറഞ്ഞില്ല …. വരും വരുമെന്ന പ്രതീക്ഷയുമായി പത്മിനി കാത്തിരുന്നു ഇടയ്ക്ക് ഫോൺ വിളിക്കാൻ അനുവാദം ചോദിച്ചു പക്ഷെ മകൻ എടുത്തില്ല. വരില്ലെന്ന് പത്മിനിക്കും ഉറപ്പായിരുന്നു എങ്കിലും ഉള്ളിലെവിടെയോ അത് ഉൾക്കൊള്ളാനുള്ള മടി.
” എല്ലാവരോടും യാത്ര പറഞ്ഞ് വരൂ അമ്മെ ഞാനിവിടെ വെയ്റ്റ് ചെയ്യാം “
ആദർശ് അതും പറഞ്ഞ് കസേരയിലിരുന്നു. പത്മിനി നിറമിഴികളാൽ മങ്ങിയ കാഴ്ചയോടെ ആദർശിനെ നോക്കി കൈ കൂപ്പി
“ഞാൻ ഇവിടെ തുടർന്നോളാം മോൻ പൊയ്ക്കോളൂ ആർക്കും ബാദ്ധ്യത യാകാതെ ഞാനിവിടെ കഴിഞ്ഞോളാം ” ആദർശ് എഴുന്നേറ്റു ആ കൈകളിൽ ചേർത്തു പിടിച്ചു “അമ്മയാണ് എന്നും എൻ്റെ അമ്മയാണ്…. സുഖമായി ജീവിക്കുന്നു എന്ന വിശ്വാസത്തിലാണ് ഇത്രയും നാൾ ഞാനൊരു ശല്യമാകെ ണ്ടെന്നു വിചാരിച്ചത് .
എവിടെയോ വെച്ച് മുറിഞ്ഞു പോയ അമ്മയുടെ സ്നേഹവും വാത്സല്യവും എനിക്ക് തിരികെ വേണം അവകാശികൾ ആരും ഇല്ലാതെ…. എൻ്റെ ഭാര്യയും മക്കളും അമ്മയെ കാത്തിരിക്കുവാണ് വരണം ഇനിയുള്ള കാലം ഞങ്ങളോടൊപ്പം ഉണ്ടാകണം “nഅവൻ്റെ ശബ്ദമിടറി
എതിർക്കാൻ പത്മിനിക്കായില്ല. യാത്ര പറയാനും ,വിഷ്ണു തന്നെ ഇവിടെ ഉപേക്ഷിച്ചു പോകുമ്പോൾ കൂടെ കൊണ്ട് വന്ന ബാഗ് എടുക്കാനും അവർ തിരിഞ്ഞ് നടന്നു
ഹാൾടിക്കറ്റില്ലാതെ പരീക്ഷ എഴുതാൻ കഴിയാതെ മടങ്ങി വന്നു തൻ്റെ മടിയിൽ മുഖം പൂഴ്ത്തി കരഞ്ഞ കൗമാരക്കാരനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണ മെന്നറിയാതെ കുറ്റബോധത്താൽ താൻ ഉരുകിയിരുന്നത് കൺമുന്നിൽ തെളിഞ്ഞു . വിഷാദത്തിലേക്ക് കൂപ്പ് കുത്തിയ മകൻ ആദർശ്. ആ ഓർമകൾ അവരെ പൊള്ളിച്ചു. ആരോടും മിണ്ടാതെ തന്നെ മാത്രം കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന മകൻ . കൗൺസിലിംഗിനും മറ്റും കൊണ്ടു പോയിട്ടും അവൻ മൂകനായിരുന്നു. പരീക്ഷ ഫലം വന്നപ്പോൾ വിഷ്ണു വിജയിയെ പോലെ ചിരിച്ചു. ഒടുവിൽ തൻ്റെ വായിൽ നിന്നും ഭർത്താവ് മനസിലാക്കി ഹാൾടിക്കറ്റ് എടുത്ത് മാറ്റിയത് താനാണെന്ന് . ആദ്യമായി ഭർത്താവ് തന്നെ തiല്ലി. സ്നേഹിച്ച വിശ്വസിച്ച മകനെ ചiതിച്ച അമ്മ … കാണണ്ട എനിക്കു നിന്നെയെന്ന് ഉറക്കെ അലറിയ ഭർത്താവിനു മുന്നിൽ തൊഴു കൈയ്യാൽ നില്ക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ആദർശ് തന്നെ നോക്കി നില്പുണ്ടായിരുന്നു…..
ആരുമില്ലാത്തവനെ പോലെ തന്നോട് പോലും മിണ്ടാതെ അവൻ ഒതുങ്ങി കൂടി. വിഷാദ രോഗം മൂർച്ഛിച്ചു ആത്മഹiത്യക്കു ശ്രമിച്ചു . ഒടുവിൽ ചികിത്സക്കായി മാനസിക രോഗാശുപത്രിയിൽ എത്തി. എല്ലാം ഭേദമായ അവൻ വീട്ടിലേക്ക് മടങ്ങി വരാൻ കൂട്ടാക്കിയില്ല . ഒടുവിൽ ശ്രീധരൻ അവനെ തൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ പെയിംഗ് ഗസ്റ്റായി നിർത്തി തുടർന്ന് പഠിപ്പിച്ചു. പഠിച്ചു ജോലി നേടി വിദേശത്ത് പോയി. ശ്രീധരൻ മരിക്കുമ്പോൾ വന്നിരുന്നു. തന്നോട് മിണ്ടിയില്ല അന്നു തന്നെ മടങ്ങി പോയി. വിഷ്ണു ജോലി നേടി സ്നേഹിച്ച പെണ്ണിനെ വിവാഹവും കഴിച്ചു. തന്നെ മരുമകൾക്കും , അവളുടെ കുടുംബത്തിനും ഇഷ്ടമല്ലായിരുന്നു അവര് പറയുന്നത് മാത്രം അനുസരിക്കുന്ന മകനും താനൊരു ബാദ്ധ്യതയായി . ഭർത്താവ് മരിച്ചുടൻ കരഞ്ഞ് കാലു പിടിച്ച് സ്വത്തും വിഷ്ണു കൈക്കലാക്കി. മകനെ അന്ധമായി വിശ്വസിച്ചതിനുള്ള ശിക്ഷ…. പത്മിനി ശ്വാസതടസം നേരിട്ട പോലെ ഓർമകൾക്കു മുന്നിൽ കിതച്ചു …..
അന്നു കൊണ്ടു വന്ന ബാഗിലേക്ക് എല്ലാം എടുത്തു വെച്ചു. പഴയ തുണി ത്തരങ്ങൾ മാത്രമേയുള്ളു സ്വന്തമായിട്ട് .പെട്ടന്ന് കൈയ്യിൽ ഉടക്കിയ ഫോട്ടോ അവർ ബാഗിൽ നിന്നും പുറത്ത് എടുത്ത് നോക്കി. താനും ഭർത്താവും രണ്ട് മക്കളും ….. തുളുമ്പി വീണ കണ്ണുനീരോടെ അവരതിൽ നോക്കിയിരിക്കേ ചുമലിൽ രണ്ട് കൈകൾ പതിഞ്ഞു
“അമ്മേ.”…
“മോ…. നേ എൻ്റെ മോനേ “
ആദർശിൻ്റെ നെഞ്ചിലേക്ക് ചാരിയവർ അണപ്പൊട്ടിയൊഴുകിയ സങ്കടത്തെ ഒഴുക്കി വിട്ടു….