എല്ലാം കണ്ടുനിന്നപ്പോൾ ഒരു കാര്യം എനിക്കു മനസിലായി. മ്മളിവിടെ തീരാൻ പോവുകയാണെന്ന്. മനസ്സിൽ കരുതിയപോലെ….

by pranayamazha.com
11 views

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

::::::::::::::::::

കൃഷി സ്ഥലത്തിന്റെ നികുതി അടച്ചു ഇറങ്ങുമ്പോഴാണ് അവിടെ വന്നു നിന്ന കാറിൽ നിന്നു ഇറങ്ങുന്ന അവളെ കണ്ടത്.

ചിത്ര. ചിത്ര ഗോവിന്ദ്…

മുഖം കൊടുക്കാതെ ഞാൻ എന്റെ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവൾ വിളിച്ചത് ശ്രീ…

ശ്രീ…ആ ഒരു വിളിയിൽ ഞാൻ വർഷങ്ങൾ പിന്നിലേക്ക് പോവുകയായിരുന്നു. ആറ് ബി യിലെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു. വാ തോരാതെ സംസാരിക്കുമ്പോൾ ക്ലാസ്സ്‌ ലീഡർ ആയ ചിത്ര ബോർഡിൽ ആദ്യം എഴുതിയ പേര് എന്റെയായിരുന്നു. പിന്നെ മ്മടെ കൂട്ടുകാരൻ അനീഷിന്റെയും.

ആ രണ്ടു പേരുകൾ ബോർഡിൽ വന്നതോടെ കുഞ്ഞു കുഞ്ഞു സംസാരങ്ങൾ പോലും ഇല്ലാതെ ആ ക്ലാസ്സ്‌ നിശബ്ദമായി. കാരണം വൈശാഖാൻ മാഷിന്റെ അടിയുടെ ചൂട് ഒരുവിധം എല്ലാവർക്കും അറിയാവുന്നതുകൊണ്ടു തന്നെ.

മ്മള് എന്തായാലും പെട്ടു ടാ മോനെ…എന്തായാലും നീ ബാക്കി കഥ പറയ് എന്നും പറഞ്ഞു ഇരിക്കുമ്പഴാണ് മാഷ് കേറി വന്നത്. ബോർഡിൽ പേരുള്ള രണ്ടാളും വേഗം ഇങ്ങു പോരെ എന്നിട്ടാവാം ക്ലാസ്സ്‌.

മാഷ് തിരിച്ചു നിർത്തി അറഞ്ചം പുറഞ്ചം തല്ലുമ്പോൾ ക്ലാസ്സിൽ ഉയർന്ന കൂട്ടച്ചിരി ഹോ…സഹിക്കാൻ പറ്റുന്നതിനു അപ്പുറമായിരുന്നു വേദനയും നാണക്കേടും.

അവിടെനിന്നു തുടങ്ങിയതാ മനസ്സിൽ അവൾക്കിട്ടു ഒരു പണികൊടുക്കണമെന്ന്. മൂത്രപുരയുടെ അടുത്തുള്ള പ്ലാവിന്റെ ചുവട്ടിൽ ചെന്നിരുന്നു പല പ്ലാനുകളും ചെയ്‌തെങ്കിലും ഒന്നിലും ഒരു തൃപ്തി ആയില്ല.

അല്ലെങ്കിൽ ഒരു കാര്യം ചെയ്താലോ, ചോറുണ്ടുകഴിഞ്ഞു പാത്രം കഴുകിവരുമ്പോൾ ഇടംകാലിട്ടു വീഴ്ത്താം. അതിത്തിരി കുറഞ്ഞുപോയില്ലേ എന്ന അഭിപ്രായം വന്നുവെങ്കിലും, വേറൊന്നും തലയിൽ ഉദിക്കാത്തതുകൊണ്ടു അതിൽ ഒതുക്കാമെന്നു വെച്ചു.

സംഭവം അവളു വീണെങ്കിലും ഇത്തിരി കൂടിപോയി. അവളുടെ കാലിനു ഒരു പ്രശ്നമുണ്ട്. ജന്മനാ ഞൊണ്ടി ഞൊണ്ടിയാണ് നടപ്പു. പ്രതീക്ഷിക്കാതെയുള്ള ഇടംകാലിടൽ മുറയിൽ അവൾക്കു ബാലൻസ് കിട്ടാതെ വരാന്തയുടെ താഴേക്കു വീണു.

എണീക്കാൻ പറ്റാതെ വീണുകിടക്കുവാണ് നെറ്റിപൊട്ടി ചോര വരുന്നുണ്ട്…വിട്ടോടാ എന്നും പറഞ്ഞു അവനെ നോക്കിയപ്പോൾ ഗടിമോൻ ദാ വാഴ വെട്ടിയിട്ടപോലെ ഒറ്റവീഴ്‌ച…

ബാക്ക് ബെഞ്ചിലെ അലമ്പന് ചോര കണ്ടാൽ ബോധം പോവുമെന്ന് എനിക്കു അറിയില്ലായിരുന്നു.

എല്ലാം പെട്ടന്നായിരുന്നു പിന്നീട്…പിള്ളേര് ചെന്നു മാഷന്മാരെയും ടീച്ചർമാരെയും വിളിച്ചു കൊണ്ടു വരുന്നതും, അവളെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതും. നമ്മുടെ ബോധംകെട്ട കൂട്ടുകാരനെ വെള്ളം തെളിച്ചു ബോധം വരുത്തി സ്റ്റാഫ്‌റൂമിൽ കൊണ്ടുപോയി ഗോപിയേട്ടന്റെ ചായകടയിൽ നിന്നു ചായയും ഉഴുന്നുവടയും വാങ്ങികൊടുക്കലും…

എല്ലാം കണ്ടുനിന്നപ്പോൾ ഒരു കാര്യം എനിക്കു മനസിലായി. മ്മളിവിടെ തീരാൻ പോവുകയാണെന്ന്. മനസ്സിൽ കരുതിയപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ.

അവളുടെ വീട്ടുകാർ വന്നു പ്രശ്നമുണ്ടാക്കലും…ഹെഡ്മാസ്റ്റർ രാഘവൻ മാഷ് അസംബ്ലിയിൽ വെച്ചു പരസ്യമായി മാപ്പു പറയിക്കലും എല്ലാം കൂടിയായപ്പോൾ പൂർത്തിയായി. നാണക്കേട് കൊണ്ട് ഞാൻ പിന്നെ ആ സ്കൂളിൽ പോയില്ല.

അവിടെ നിന്നും പോയപ്പോഴാണ് അവിടം എത്ര മാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലായത്. ടൗണിലെ സ്കൂളിൽ കൊണ്ട് ചേർത്തി എന്നെ അവിടുന്ന് ടിസി വാങ്ങി പോവുന്ന നേരം, യാത്ര പറയാൻ അനീഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ല, അവനോടു മാത്രമേ പറഞ്ഞുള്ളു.

കനംവെച്ച തൊണ്ടയും നിറഞ്ഞ കണ്ണുമായി ഇറങ്ങിയ പടികൾ…ടൗണിലുള്ള സ്കൂളിലേക്ക് ബസ്സില് പോവുമ്പോൾ, ഇതുവരെ പഠിച്ച സ്കൂളിലേക്ക് ഒന്നുനോക്കും. മനസ്സിൽ കിടന്നു വീർപ്പുമുട്ടുന്ന എന്തൊക്കെയോ വികാരങ്ങളെ ഒരു നെടുവീർപ്പിൽ ഒതുക്കും.

ഇവനെ പോലുള്ള തെമ്മാടികൾ പഠിക്കുന്ന സ്കൂളിൽ എന്റെ മോളെ ഞാൻ പഠിപ്പിക്കണില്ല ഇനി എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ മകന്റെ കുരുത്തക്കേടിന് ഉത്തരം പറയാൻ എന്റെ അച്ഛനു ഉത്തരമില്ലായിരുന്നു.

അതുകൊണ്ട് തന്നെയാവും അച്ഛൻ പറഞ്ഞത് ടിസി തന്നോളൂ. ആ കുട്ടി ഇവിടെതന്നെ പഠിക്കട്ടെ എന്ന്. ടൗണിലെ സ്കൂളിൽ പോയിട്ടും പഠിപ്പിന് ഒരുപാട് മെച്ചപ്പാടു ഉണ്ടായില്ലെങ്കിലും. കുരുത്തകേടുകളൊക്കെ എന്നിൽ നിന്നും വിട്ടുപോയിരുന്നു.

ഒരു പക്ഷേ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ കാലിനു വയ്യാതെ വീണുകിടക്കുന്ന അവളുടെ മുഖം മനസ്സിൽ വരുന്നത്കൊണ്ടാവാം. അല്ലെങ്കിൽ ചെയ്തുപോയ തെറ്റിന്റെ കുറ്റബോധം കൊണ്ടാവാം.

എന്തായാലും പഠിച്ചു വല്യ ഉദ്യോഗക്കാരനാകാനൊന്നും എന്നെ കൊണ്ടുപറ്റിയില്ല. പലതിലും തോറ്റു. തോറ്റു തോറ്റുതോറ്റു ഒടുവിൽ ജയിച്ചു. ഇപ്പോൾ കുഴപ്പമില്ലാത്ത സ്ഥിതിയിലായി…

ശ്രീ, എന്താ എന്നെ കണ്ടിട്ട് കാണാത്തതുപോലെ പോണത്. ഞാൻ കാരണം സ്കൂളിൽ നിന്നുപോകേണ്ടി വന്നതിന്റെ ദേഷ്യം ഇപ്പോഴും ഉണ്ടോ മനസ്സിൽ. ചിരി വന്നില്ലെങ്കിലും ഞാൻ ഒന്നു ചിരിച്ചു.

ഹേയ് ദേഷ്യമൊന്നും ഇല്ല. എന്തോ മുഖത്തേക്ക് നോക്കാൻ ഇപ്പോഴും ഒരുപേടി.

ഹേയ് അതൊക്കെ കഴിഞ്ഞകഥകളല്ലേ. ഞാൻ അതെല്ലാം വിട്ടു. എനിക്കു നാട്ടിലേക്കു ട്രാൻസ്ഫർ ആയി, ഒറ്റപ്പാലത്തായിരുന്നു. ഇനി ഇവിടെ ഉണ്ടാവും, വില്ലേജ് ഓഫിസർ ആണ് ഇപ്പോ…കല്യാണം കഴിഞ്ഞു. ഒരു മകനുണ്ട്.

അറിഞ്ഞിരുന്നു ഞാൻ. അതുപറഞ്ഞപ്പോൾ അവളുടെ മുഖത്തു ആശ്ചര്യം…എങ്ങിനെ അറിഞ്ഞു…?

അതുമാത്രമല്ല. എല്ലാം അറിയായിരുന്നു. ജോലി കിട്ടിയതും, അച്ഛൻ മരിച്ചതും, എല്ലാം…നേരിട്ട് ഒരു ക്ഷമ പറയണമെന്നുണ്ടായിരുന്നു. പക്ഷേ മുന്നിൽ ചെന്നു നിൽക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അച്ഛനോട് മാത്രമല്ല ഇയാളോടും മനസ്സിൽ ഒരുപാട് തവണ ക്ഷമ പറഞ്ഞിട്ടുണ്ട് ഞാൻ.

അവളുടെ മുഖത്തെ ചിരി പതുക്കെ മായുന്നുണ്ടായിരുന്നു.

വിവാഹം…?

ആ കഴിഞ്ഞു…മോളു ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു. നമ്മളു പഠിച്ച സ്കൂളിൽ തന്നെയാ ചേർത്തിയിരിക്കുന്നതു.

നമ്മുടെ സ്കൂളിലോ…? അതെന്താ ശ്രീ എല്ലാവരും മക്കളെ വലിയ വലിയ രീതിയിൽ പഠിപ്പിക്കാൻ നോൽക്കുമ്പോൾ ശ്രീ മാത്രം പഴയ ചിന്താഗതിയിൽ…? അതോ ഇനി എന്നോടുള്ള വാശി തീർക്കുവാണോ…?

എനിക്കെന്തു വാശി…? ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു പഠിച്ച അനീഷ്‌ ഇപ്പോ ഡോക്ടർ ആണ്. അതും പൈസ കൊടുത്തു സീറ്റ്‌ വാങ്ങി പഠിച്ചിട്ടല്ല. പഠിക്കേണ്ടവർ എവിടെയായാലും പഠിക്കും. എന്നെങ്കിലും ഒന്നും നേരിൽ കാണണം എന്നുണ്ടായിരുന്നു. കണ്ടു…സംസാരിച്ചു…സന്തോഷം…മനസ്സിൽ ദേഷ്യമൊന്നുമില്ല എന്നറിഞ്ഞപ്പോൾ മനസ്സിൽ ഇത്ര വർഷം കൊണ്ടുനടന്ന ഒരു ഭാരം ഇറക്കി വെച്ചതുപോലെ…

അവളോട്‌ യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്കു തിരിച്ചു. മനസ്സിൽ ഒരുപാട് സന്തോഷം. ഓർമകളുടെ ചങ്ങല കണ്ണികൾ ഉരഞ്ഞു ഉണ്ടായ മനസിന്റെ മുറിവ് ഉണങ്ങിയിരിക്കുന്നു.

ജീപ്പ് പടികടന്നു ചെല്ലുമ്പോൾ ഉമ്മറത്തെ തിണ്ണയിൽ അവളിരിക്കുന്നുണ്ടായിരുന്നു…എന്റെ പാതി. എന്നെ കണ്ടപ്പോൾ വയ്യാത്ത കാലിനു ബലം കൊടുക്കാതെ തൂണിൽ പിടിച്ചു എണീറ്റു നിന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു. അവളെന്റെ തോളിൽ ബലം കൊടുത്തു..
ഞങ്ങൾ അകത്തേക്ക് നടന്നു…

പ്രായ്ശ്ചിത്തമാണോ എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ…? ആയിരുന്നു, താലി കെട്ടുന്ന നിമിഷം വരെ…ഇങ്ങനൊരു കുട്ടിയെ കെട്ടണ്ട എന്നുള്ള എതിർപ്പുകൾ പലരും പ്രകടിപ്പിച്ചപ്പോഴും മനസ്സിൽ ചെയ്ത തെറ്റു ഇങ്ങനെയെങ്കിലും തീരട്ടെ എന്ന് തന്നെയേ കരുതിയിരുന്നുള്ളു.

പിന്നെ പിന്നെ പലതും അവളിൽ നിന്നാണ് പഠിച്ചതു. എടുത്തുചാട്ടം കുറക്കാൻ…പെട്ടന്നുള്ള ദേഷ്യം കുറക്കാൻ…അങ്ങിനെ പലതും…

കുറവുകൾ ഉള്ള ശരീരത്തെക്കാൾ സൗന്ദര്യമാണ് സ്നേഹം കൊണ്ടു തോല്പിക്കുന്ന അവളുടെ മനസിന്…അപൂർണമായി കിടക്കുന്ന എന്നെ പൂർണമാക്കിയത് അവളുടെ സ്നേഹം തന്നെയാണ്…

അളവുകളില്ലാതെ സ്നേഹിക്കൂ അതെന്നും നിങ്ങളോടൊപ്പം ഉണ്ടാവും…

You may also like

Leave a Comment