എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല അച്ഛാ..അങ്ങനെ ഉണ്ടെങ്കിൽ അത് ആദ്യം ഞാൻ പറയുന്നത് അച്ഛനോട് ആയിരിക്കും..

by pranayamazha.com
10 views

ഈ വഴിയിൽ നിന്നരികേ…

രചന: Unni K Parthan

—————–

വേറെയൊരാളെയും കിട്ടിയില്ലേ അച്ഛന് എന്നേ കെട്ടിച്ചു വിടാൻ…കരഞ്ഞു കലങ്ങിയ മുഖവുമായി അടുക്കള വരാന്തയിൽ ഇരുന്നു കൊണ്ട് ഹേമ ഉള്ളിലുള്ള സങ്കടത്തിന്റെ കെട്ടഴിച്ചു വിട്ടു.

അമ്മേ…അമ്മക്ക് ഒന്ന് പറഞ്ഞൂടെ ഈ വിവാഹത്തിന് എനിക്ക് ഇഷ്ടമല്ലന്ന്….അനുരാധയെ നോക്കി കരഞ്ഞു കലങ്ങിയ കവിൾ തടം ഇടം കൈ കൊണ്ട് തുടച്ചു കൊണ്ട് ഹേമ പറഞ്ഞു.

ന്താ മോളേ ആ പയ്യന് ഒരു കുഴപ്പം. നല്ല തറവാട്ട്കാര്, നല്ല ജോലി, നല്ല ചുറ്റുപാട്…പിന്നെന്താ മോൾക്ക്‌ ഇഷ്ടമല്ലാത്തത്…? അനുരാധ ചോദിച്ചു.

ആർക്കാ ഈ കല്യാണം ഇഷ്ടമല്ലാത്തത് മോൾക്കാണോ…? വരാന്തയിലേക്ക് പെട്ടെന്ന് കടന്നു വന്നു കൊണ്ട് ഹരി ചോദിച്ചു.

അച്ഛാ…എനിക്ക് വേണ്ട അച്ഛാ ഈ കല്യാണം. ഹേമ ഏങ്ങലടിക്കാൻ തുടങ്ങി…

ന്താ മോളേ…ന്താ മോൾക്ക്‌ ഇഷ്ട്ടമല്ലേ ഈ കല്യാണത്തിന്…?

അല്ല…ഹേമയുടെ മറുപടി ഹരിയെ ഒന്ന് ഉലച്ചു. മോൾക്ക്‌ വേറെ ആരെയെങ്കിലും ഇഷ്ട്ടമുണ്ടോ…? ഹേമയുടെ അടുത്ത് വന്നിരിന്നു കൊണ്ട് അവളുടെ തോളിൽ പിടിച്ചു കൊണ്ട് ഹരി ചോദിച്ചു.

ഹേയ്…എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല അച്ഛാ…അങ്ങനെ ഉണ്ടെങ്കിൽ അത് ആദ്യം ഞാൻ പറയുന്നത് അച്ഛനോട് ആയിരിക്കും എന്ന് അച്ഛന് അറിയാലോ..

പിന്നെന്താ മോളേ…ആ പയ്യന് ന്താ കുഴപ്പം…?

കുഴപ്പം ഒന്നുമുണ്ടാവില്ല അച്ഛാ..പക്ഷെ…എനിക്കി കല്യാണത്തിന് സമ്മതമല്ല…

മ്മ്..മോൾടെ സമ്മതമില്ലാതെ അച്ഛൻ ഈ കല്യാണം നടത്തില്ല. അച്ഛൻ അവരോടു വിളിച്ചു പറയാം. മോൾക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നു..പോരെ…

വിശ്വാസം വരാതെ ഹേമ ഹരിയെ നോക്കി. ഉമ്മ…ഹരിയുടെ കവിളിൽ തന്റെ ചുണ്ടമർത്തി കൊണ്ട് ഹേമ പറഞ്ഞു…

ഇങ്ങനെ മോളുടെ താളത്തിനു തുള്ളിക്കോ…എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന അനുരാധ ചവിട്ടി തുള്ളി കൊണ്ട് അകത്തേക്കു കയറി പോയി.

മോൾടെ ഇഷ്ടം..അത് എന്നാണോ അന്നേ അച്ഛൻ വിവാഹം നടത്തൂ പോരെ…ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു ഹരിയുടെ. നല്ല കൂട്ടർ ആയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല ലോ…നെടുവീർപ്പ് ഇട്ടുകൊണ്ട് ഹരി അകത്തേക്ക് എഴുന്നേറ്റു നടന്നു.

*******************

ഹേമേ…

അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ പിൻവിളി കേട്ട് ഹേമ തിരിഞ്ഞു നോക്കി. എന്നേ അറിയോ മോള്…കയ്യിൽ പ്രസാദവും പിടിച്ചു കൊണ്ട് നടന്നു വരുന്ന സ്ത്രീയെ ഹേമ അടിമുടി ഒന്ന് നോക്കി.

ഇല്ല…ഹേമ പതിയെ പറഞ്ഞു.

മ്മ്…പക്ഷെ എനിക്ക് മോളേ അറിയാം ട്ടോ…ഞാൻ ഭരതന്റെ അമ്മയാണ്…നളിനി…ഹേമ ഒന്നു ഞെട്ടി. ഇനി ഭരതനെ അറിയില്ല എന്ന് പറയോ…?

അറിയാം. ശബ്ദം വളരെ താഴ്ത്തി തല കുമ്പിട്ടു കൊണ്ട് ഹേമ പറഞ്ഞു.

ഈ ലോകത്തു അവനു വേറെ പെണ്ണ് കിട്ടാണ്ട് ഒന്നുമല്ല ട്ടോ…ഈ ആലോചനയുമായി ന്റെ മോൻ അങ്ങോട്ട് വന്നത്. മോളോട് അവനുള്ള ഇഷ്ടം ഇന്നും അവന്റെ ഉള്ളിൽ അതേ രീതിയിൽ ഉള്ളത് കൊണ്ട് മാത്രം ആണ് ഞങ്ങളുടെ എല്ലാ എതിർപ്പ് മറി കടന്നു ആലോചനയുമായി അവൻ ആളെ വിട്ടത്.

മോളോട് ഒരു കാര്യം ഞാൻ പറയട്ടെ…വിവാഹം എന്ന് പറയുന്നത് പരസ്പരം അറിയും മുൻപ് ഒരു ചൂതാട്ടമാണ്. ചിലപ്പോൾ വിജയിക്കാം…ചിലപ്പോൾ തോൽക്കാം…പക്ഷെ തോൽവിക്കും വിജയത്തിനുമിടയിലൂടെ ഒരു തുഴച്ചിൽ ഉണ്ട്. ആ തുഴച്ചിലിനു ഒരു പ്രത്യേകത ഉണ്ട്. രണ്ടാളും ഒരുമിച്ചു തുഴയണം. ഒരാൾ തളരുമ്പോൾ മറ്റൊരാൾ. തളരാതെ തുഴയണം.

പക്ഷെ…പലയിടത്തും തോറ്റു പോകുന്നു പലരും…നാം അറിയുന്നവരെ അല്ല…നമ്മളെ അറിയുന്നവർ ആകണം നമ്മുടെ പങ്കാളി…അത് കിട്ടിയാൽ എന്നും ജീവിതം ശാശ്വതമാണ്. തോൽവികൾ ഉണ്ടാവില്ല മോളേ…സ്വന്തം മോനായത് കൊണ്ട് പറയുന്നതല്ല…ആ സ്നേഹം മോള് നഷ്ടപെടുത്തിയാൽ…ചിലപ്പോൾ ജീവിതത്തിൽ മോള് എടുക്കുന്ന തെറ്റായ തീരുമാനം ആയിരിക്കും ഇത്…അതും പറഞ്ഞു കൊണ്ട് നളിനി മുന്നോട്ട് നടന്നു.

അമ്മേ…ഹേമ പെട്ടന്ന് വിളിച്ചു. നളിനി തിരിഞ്ഞു നോക്കി. എനിക്ക്…എനിക്ക് ഒന്നു ആലോചിക്കണം…ഹേമ പതിയെ പറഞ്ഞു.

മ്മ്…ആലോചിക്ക്…പക്ഷെ സമയം തീരെ കുറവാണ് നമുക്ക് രണ്ടാൾക്കും…അത് ഓർത്താൽ നല്ലത്…അതും പറഞ്ഞു നളിനി മുന്നോട്ട് നടന്നു.

ഭരതേട്ടാ…

നെഞ്ചിലേക്ക് ചേർന്നു കിടന്നുകൊണ്ട് ഹേമ വിളിച്ചു….ഇന്നേക്ക് പതിനഞ്ചു വർഷം…ല്ലേ…നമ്മൾ തമ്മിൽ ചേർന്നിട്ട്…

മ്മ്…ഭരതൻ മൂളി…

ജീവിതത്തിൽ എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് ഓരോ നിമിഷവും തെളിയിച്ചു കൊണ്ടിരിക്കുന്നു. പേടിപ്പിച്ചു കൊണ്ട് കടന്നു പോയ ആ കോളേജ് ജീവിതം ഇപ്പോളും ഓർമയിൽ ഉണ്ട് എനിക്ക്…ചുവുന്നു കലങ്ങിയ കണ്ണുകളും…ചുണ്ടത്തു എപ്പോളും ഉള്ള സി-ഗരറ്റും…പിന്നെ അടുത്ത് വരുമ്പോൾ ഉള്ള മദ്യത്തിന്റെ രൂക്ഷ ഗന്ധവും ആയിരുന്നു…ആലോചനയുമായി വീട്ടിലേക്ക് ആളെ പറഞ്ഞു വിടുമ്പോൾ ന്റെ മനസ്സിൽ ഏട്ടനെ പറ്റിയുള്ള ചിത്രം…

പക്ഷെ…വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം ഞാൻ അറിഞ്ഞിരുന്നില്ല…എന്നും…കോളേജിൽ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു ന്റെ പിന്നാലെ നടന്ന ആ ചുവന്ന കണ്ണുകൾ ആയിരുന്നു മനസിൽ…പക്ഷെ…ഏട്ടൻ വല്ലാതെ മറി പോയി ല്ലേ…

ഡീ…ജീവിതത്തിൽ ചില ഇഷ്ടങ്ങൾ ഉണ്ട്. അത് കിട്ടാതെ വരുമ്പോൾ ഒരു വിങ്ങൽ ഉണ്ടാവും നെഞ്ചിൽ. അത് ഏതൊരു കഠിന ഹൃദയം ഉള്ളവനും ഉണ്ടാവും ആ ഒരു വിങ്ങൽ…പക്ഷെ പലരും അവരുടെ ഉള്ളറിയാൻ ശ്രമിക്കാറില്ല എന്നുള്ളതാണ് സത്യം…

ഹൃദയത്തിൽ ചേർത്തു വെക്കുന്ന ചില ഇഷ്ടങ്ങളെ നെഞ്ചോട് ചേർത്ത് താലോലിക്കാൻ കൊതിക്കുന്ന ചില നിമിഷങ്ങളോളം പ്രിയമുള്ളതൊന്നും വേണ്ടാ…കൂടെ കൂട്ടിയ ചില ശീലങ്ങൾക്ക് വഴി മാറി നിൽക്കാൻ…ആ ശീലങ്ങൾ മാറ്റിവെക്കുമ്പോളാണ്…നാം അറിയുന്നത്…നമ്മുടെ ഈ മാറ്റം മറ്റുള്ളവരേ എത്രയോ സന്തോഷിപ്പിക്കുന്നുവെന്ന്…ന്തേ നാം ഇത്രയും വൈകി ഇതെല്ലാം അറിയാൻ എന്ന്…

അങ്ങനെ ഞാൻ മാറ്റിയ ശീലങ്ങളിൽ ഒന്നാണ്. ജീവിതത്തിൽ ഞാൻ ചേർത്തു വെച്ച ചില ദുശീലങ്ങൾ…അത് മാറാൻ…മറക്കാൻ…ഞാൻ ചേർത്ത് പിടിച്ചത് നിന്റെ ഈ മുഖമായിരുന്നു. നിന്നെയായിരുന്നു…നിന്നോട് ചേർന്നു ജീവിക്കാൻ ഉള്ള കൊതിയായിരുന്നു. അതിനോളം ലഹരി മറ്റൊന്നിലും പിന്നീടെനിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നിന്നെ ചേർത്ത് ഈ കൈകുമ്പിളിൽ കോരിയെടുത്ത ആ നിമിഷത്തോളം വലുതായി. മറ്റൊരു നിമിഷമില്ല എനിക്ക്…

നെഞ്ചോട് പൂണ്ടു കിടക്കുന്ന ഹേമയെ ചേർത്ത് പിടിച്ചു ഭരതൻ പറയുമ്പോൾ…കവിളുകൾ ചാല് തീർത്തു കൊണ്ട് രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഏട്ടാ…വിതുമ്പി കൊണ്ട് ഹേമ ഒന്നുടെ അവനോട് പൂണ്ടു കിടന്നു…

You may also like

Leave a Comment