എനിക്ക് അവളെ കാണണം. ഒരാഴ്ച ആയി അവളെ കണ്ടിട്ട്. ഇനിയും അവളെ അവർ എവിടെകൊണ്ട് ഒളിപ്പിച്ചാലും….

പിൻ വിളി കാതോർത്ത്…

രചന: Unni K Parthan

:::::::::::::::::::::::::

എനിക്ക് അവളെ കാണണം. ഒരാഴ്ച ആയി അവളെ കണ്ടിട്ട്. ഇനിയും അവളെ അവർ എവിടെകൊണ്ട് ഒളിപ്പിച്ചാലും ഞാൻ പോയി കാണും…മിഥുൻ ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു.

ഡാ നീ ഒന്നു സമാധാനപ്പെടു മ്മ്ക് ന്തേലും വഴി ഉണ്ടാക്കാം….കട്ട ചങ്ക് ആയ അവനെ ചേർത്ത് നിർത്തി പ്രവീൺ പറഞ്ഞു.

എനിക്ക് വയ്യടാ ഇനി…മിഥുൻ പതിയെ കട്ടിലേക്കു കിടന്നു കണ്ണുകൾ അടച്ചു.

നീ കുറച്ചു നേരം കിടക്കു, ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം…പ്രവീൺ പതിയെ വാതിൽ ചാരി പുറത്തേക്കു ഇറങ്ങി. മിഥുൻ പതിയെ കയ്യ് ഉയർത്തി മൊബൈൽ എടുത്തു. ഇല്ലേ വേണ്ട…മൊബൈൽ തിരിച്ചു ബെഡിൽ ഇട്ടു പതിയെ കണ്ണടച്ചു…

ഓർമ്മകൾ മൂന്നു വർഷം പുറകിലേക്ക്….

അന്നും പതിവ് പോലെ ജോലിക്കു പോകാൻ ബസ്സിൽ കയറി. തിരക്ക് കുറവായതിനാൽ സീറ്റ്‌ കിട്ടി. ഒരു മണിക്കൂർ യാത്രയുണ്ട്. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നെറ്റ് ഓൺ ചെയ്തു. വാട്ടസ്ആപ് കേറി ഗ്രൂപ്പിൽ കയറി ഒരു ഗുഡ്മോർണിംഗ് ഇട്ടു.

അവിടന്ന് പതിയെ എഫ്‌ബിയിലേക്ക്…ചുമ്മാ സ്ക്രോൾ ചെയ്തു പോയി. ചിലർക്കൊക്കെ ലൈക് ഇട്ടു, കമന്റ് ചെയ്തു…അങ്ങനെ നോക്കി ഇരിക്കുമ്പോ ഒരു നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു. പുതിയ ഒരു ഫ്രണ്ട് റിക്വസ്റ്റ് ആണ്…പേര് നോക്കിയപ്പോൾ ഒരു പെൺകുട്ടി ആണ്. മനസ്സിൽ ലഡു പൊട്ടി…

പ്രൊഫൈൽ ഓപ്പൺ ചെയ്തു നോക്കി…ദേവപ്രഭാ വിജയൻ…ആഹാ നല്ല പേര്. വീണ്ടും ലഡു പൊട്ടി…ഒന്നൂടെ പ്രൊഫൈൽ ഫുൾ ചെക് ചെയ്തു. എറണാകുളം ആണ് സ്വദേശം…വേറെ വിവരങ്ങൾ ഒന്നും ഇല്ല. ആൾടെ മുഖവും ഇല്ല. ഫേക്ക് ഐഡി ആണോ…ചെറിയ ഒരു സംശയം…എന്നാലും പെണ്ണിന്റെ പേരല്ലേ…റിക്യുസ്ട് എക്സ്പെക്ടസ് ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ മെസഞ്ചറിൽ ഒരു മെസ്സേജ്…സഹോ…അറിയോ എന്ന്…ന്റെ മനസിൽ വീണ്ടും വീണ്ടും ലഡു പൊട്ടി.

ആരാ…എനിക്ക് അറിയില്ല…

അറിയില്ലേ….പിന്നെ ന്തിനാ ഫ്രണ്ട് ആക്കിയത്…

അത് പിന്നെ ചുമ്മാ…എന്റെ കൂടെ പഠിച്ച ദേവപ്രഭ ആണെന്ന് കരുതി. ചുമ്മാ വായിൽ വന്ന നുണ, ഒരു ചളിപ്പും കൂടാതെ തട്ടി വിട്ടു.

ആ ദേവപ്രഭയാടോ ഞാൻ.

അപ്പോ ശരിക്കും ഞാൻ ഞെട്ടി. കാരണം എനിക്ക് ദേവപ്രഭയെന്നു പറഞ്ഞ ഒരു ഫ്രണ്ട് ഇല്ലായിരുന്നു. ഇനി ഇപ്പോ ന്ത് പറഞ്ഞു ഒഴിയും. നുണ പറഞ്ഞും പോയി.

എനിക്ക് തോന്നുന്നില്ല…ആ ആളാണ് ആണ് താനെന്നു…ഞാൻ റിപ്ലൈ കൊടുത്തു.

ഒരു കൊസ്റ്യൻ മാർക്‌ ആയിരുന്നു റിപ്ലൈ…

തോന്നി അത്രന്നെ…ഞാൻ റിപ്ലൈ കൊടുത്തു. ഉറപ്പ് ആവാൻ ഒരു പിക് സെന്റ് ചെയ്യൂ…

കിട്ടിയ കിട്ടി, പോയ പോയി ആ ലൈനിൽ ആയിരുന്നു…റിപ്ലൈ…കുറച്ചു നേരം അവിടന്നു മറുപടി ഇല്ല…ഞാൻ വീണ്ടും…കൊറേ…കൂയ്…പൂയ്…ബിസി ആണോ…ഹെലോ…ഹി…ഒക്കെ വിട്ടു നോക്കി…നോ റിപ്ലൈ…കമ്പനിയിൽ എത്തി. ഒന്നൂടെ മെസഞ്ചറിൽ പോയി. അപ്പുറത്ത് പച്ച ലൈറ്റ് ഇപ്പോളും കത്തി കിടക്കുന്നു. ന്റെ മെസെജുകൾ ഓപ്പൺ ചെയ്‌തിട്ടില്ല. എന്നാലും വേണ്ടില്ല. ഒരെണ്ണം കൂടി ഇട്ടിട്ടു പോകാം. അപ്പൊ ശരി. ഞാൻ ഡ്യൂട്ടിക്ക് കേറുന്നു. ബൈ…ഹാവ് എ നൈസ് ഡേ…അതും ഇട്ട് നെറ്റ് ഓഫ് ചെയ്തു, ഡ്യൂട്ടിക്ക് കയറി.

ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ടൈം വീണ്ടും..നെറ്റ് ഓൺ ചെയ്‌ത ടൈം. ട്ടിങ് ട്ടിങ്….കൊറേ മെസ്സേജ് ശബ്ദം…മെസഞ്ചർ ടോൺ വേറെ ആയതിനാൽ പെട്ടന്ന് തിരിച്ചറിഞ്ഞു.

സഹോ…അച്ഛൻ വന്നു…അതാണ് പെട്ടന്ന് റിപ്ലൈ ഇടാതെ ഇരുന്നത്. സോറി…അതൊരു തുടക്കം ആയിരുന്നു. എന്നും ആ സമയം ആവാൻ കാത്തിരിപ്പ്. നെറ്റ് ഓൺ ചെയ്‌താൽ ഒരു സഹോ വിളിയിൽ തുടങ്ങും അന്നത്തെ ദിനം. പിന്നീട് മണിക്കൂറുകൾ ചാറ്റ്. ഫോട്ടോസ് ഷെയർ. പിന്നെ വാട്സാപ്പ്…ഫോൺ വിളി…ഒടുവിൽ പിരിയാൻ കഴിയാത്ത വിധം അടുത്തു.

പലവട്ടം നേരിട്ട് കണ്ടു സംസാരിച്ചു. ഒരിക്കലും പരിധി വിടാതെ നോക്കി രണ്ടാളും….പതിവില്ലാതെ രാത്രി മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു. പ്രഭ കാളിങ്…സ്‌ക്രീനിൽ എഴുതികാണിക്കുന്നു. ന്താവോ ഈ പാതിരാത്രി…

ന്താടീ മാക്രി…ഉറക്കം ഒന്നും ഇല്ലേ…ഞാൻ പതിയെ ഉറക്കച്ചടവോടെ അവളോട് ചോദിച്ചു.

മിഥു ഞാൻ വീട്ടിൽ ആണ്. ഹോസ്റ്റലിൽ നിന്നും എന്നെ കൊണ്ടു വന്നു. വീട്ടിൽ എല്ലാം അറിഞ്ഞു. ഞാൻ ഇവിടെ തടവിൽ പോലെ ആണ്. ഈ സമയം അവളോട്‌ ആരോ ചോദിക്കുന്നു. ഈ പാതിരാത്രിയും നീ അവനെ വിളിക്കുക ആണല്ലേ…ഇതും പറഞ്ഞു അടിക്കുന്ന പോലെ ശബ്‍ദം കേട്ട് ഞാൻ ഞെട്ടി. അമ്മേ എന്നുള്ള പ്രഭയുടെ കരച്ചിലോടെ ഫോൺ കട്ട്‌ ആയി. ഞാൻ വേഗം തിരിച്ചു വിളിച്ചു. മൊബൈൽ സ്വിച് ഓഫ്.

മിഥുൻ ആകെ വെപ്രാളത്തിൽ ആയി പെട്ടന്ന്…ന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. വേഗം പ്രവീണിന്റെ നമ്പർ ഡയൽ ചെയ്തു. മറുപുറത്തു റിങ് ചെയ്യുന്നു. ഫോൺ എടുക്കുന്നില്ല. ഒരു തവണ കൂടി…വിളിച്ചു നോക്കി. ഹെലോ ന്താടാ….പിന്നെ അവന്റെ വായിൽ നിന്നും പച്ച തെറി ആയിരുന്നു വന്നത്. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല ല്ലേ നീ…മിഥുൻ അവനോടു നടന്ന സംഭവം പറഞ്ഞു.

മോനെ…സംഗതി കയ്യിന്നു പോയി. ഇനി ഒന്നും നോക്കണ്ട…അവളെ ചാടിക്കാം നമുക്കു…ഇപ്പോ മോൻ കിടന്നു ഉറങ്ങിക്കോ. ഇതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.രാവിലെ എണീറ്റപ്പോൾ അടുക്കളയിൽ ചെന്നു. ന്താണ് പതിവില്ലാതെ അടുക്കളയിൽ അതും ഈ ഏഴു മണിക്….?ഇന്നു ജോലിക്കൊന്നും പോണില്ലേ…? അമ്മയുടെ ചോദ്യം.

ഇല്ല മ്മാ ഇന്നു ഒരു സുഖം ഇല്ല.

ന്തേ നിനക്ക് പനിക്കുന്നുണ്ടോ….? നെറ്റിയിൽ കൈ തൊട്ടിട്ടു, ആ ചെറിയ ചൂടുണ്ട്. വയ്യേ മോൻ പോണ്ട ട്ട. മോൻ ഇരിക്ക് അമ്മ ചായ ഇടാം.

എനിക്കും വേണം ഒരു ചായ. ഇതും പറഞ്ഞു പെങ്ങളും കണ്ണ് തിരുമി കിച്ചണിൽ എത്തി. ആഹാ നല്ല കണി ആണല്ലോ ന്റെ കൃഷ്ണ…എന്നെ നോക്കി കളിയാക്കി അവൾ പറഞ്ഞു. മോനെ ഇതു അടുക്കള ആണ്. ന്താണീനേരത്തു ഇവിടെ ഒരു ചുറ്റിക്കളി.

ഒന്നു പോയെടീ കുരിപ്പേ…രാവിലെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ…

അപ്പോളേക്കും അമ്മ ചായ കൊണ്ടു വന്നു. ഇന്നലെ രാത്രി ഉണ്ടായ സംഭവം മൊത്തം അമ്മയോട് പറഞ്ഞു. ഞങ്ങളുടെ റിലേഷൻ വീട്ടിൽ എല്ലാം അറിയുന്നത് കൊണ്ടു ഞാൻ എല്ലാം പറഞ്ഞു. എല്ലാം കേട്ടപ്പോ അമ്മ പറഞ്ഞു…വാടാ നമുക്ക് പോയി വീട്ടിൽ ആലോചിക്കാം. ഞാൻ അച്ഛനോടും പറയാം ന്നു.

ഞാനും വരാം. പെങ്ങളും ഏറ്റു പിടിച്ചു. അമ്മ അവളെ കടുപ്പിച്ചൊന്നു നോക്കി. ഓ ഞാൻ മുറ്റമടിക്കാൻ മറന്നു ല്ലേ. നോക്കി പേടിപ്പിക്കേണ്ട പെണ്ണേ…ഞാൻ പോണു…ഇതും പറഞ്ഞു അവൾ പോയി.

ഏട്ടാ…ചേച്ചിയെ വേഗം കൊണ്ടട്ടോ…ഉമ്മറത്തു നിന്നും അവൾ വിളിച്ചു പറഞ്ഞു. ഇന്നു പോണോ നമുക്ക്…അമ്മ ചോദിച്ചു. വേണ്ടമ്മേ ഞാൻ കാര്യങ്ങൾ ശരിക്കും അന്വേഷിക്കട്ടെ, എന്നിട്ട് ആലോചിക്കാം.

ഡോർ തുറക്കുന്ന ശബ്ദം കേട്ട് മിഥുൻ വേഗം കണ്ണ് തുറന്നു. പുറത്ത് പ്രവീൺ ആയിരുന്നു. ഡാ അവളുടെ കൂട്ടുകാരിയെ കണ്ടു ഞാൻ ഇപ്പോ…വൈകുന്നേരം അവളുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ചെല്ലാൻ പറഞ്ഞു നിന്നോട് ദേവപ്രഭ…ഹോ…മനസ്സിൽ ഒരു കുളിർമഴ പെയ്തു തോർന്ന അനുഭവം. മിഥുൻ പ്രവീണിനെ കെട്ടിപ്പിടിച്ചു…താങ്ക്സ് മച്ചാ…

വൈകുന്നേരം അമ്പലത്തിനു സമീപം കാത്തു നിൽപ് തൊടങ്ങിട്ട് നേരം ഒരുപാടായി. വന്നില്ലേ ഇനി അവൾ ഇവിടെ….കുറച്ചു കഴിഞ്ഞപ്പോൾ അമ്പലത്തിൽ നിന്നും അവൾ പുറത്തേക്കു വരുന്നത് കണ്ടു. നെഞ്ചിൽ ഒരു ആളൽ പോലെ…

അടുത്ത് വന്നതും…ന്താടാ സുഖല്ലേ…എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി…

നീ തനിച്ചാണോ വന്നത് അമ്പലത്തിൽ…ഞാൻ അവളോട് ചോദിച്ചു. അതെ തനിയെ പൊക്കോളാം ന്നു പറഞ്ഞു ഞാൻ…ആരും എതിർത്തില്ല. വാ നമുക്കു കുറച്ചു നടക്കാം…ബൈക്ക് ഇവിടെ വെക്കു…

നടക്കണോ..ഞാൻ ചോദിച്ചു. ന്താ നിനക്ക് പേടിയുണ്ടോ ന്റെ കൂടെ നടക്കാൻ…

പേടിയോ എനിക്കോ…തോന്നിയിട്ടുണ്ടോ അങ്ങനെ ഇതുവരെ ഉണ്ടായിട്ട്.

ഇല്ല അതുകൊണ്ടാ ചോദിച്ചേ…നടക്കാം ന്നു…വാ…ഞാൻ അവളുടെ കൈപിടിച്ച് നടന്നു. അവൾ പതിയെ കൈ വിടുവിച്ചു.

ഡാ…ഞാൻ നിന്നെ തേച്ചിട്ട് പോകാൻ പോണു…അവൾ എന്നെ നോക്കി പറഞ്ഞു. ഞാൻ ഒന്നു ഞെട്ടി…ന്താന്നു…ഞാൻ ഒന്നൂടെ ചോദിച്ചു.

ഞാൻ നിന്നെ തേച്ചിട്ട് പോകാൻ പോണു…

ന്താ കാര്യം…നീ പറ…

ഡാ നീ ന്റെ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ…?അവൾ ചോദിച്ചു.

ഉവ്വ…എപ്പോളും നീ സന്തോഷം ആയി ഇരിക്കുന്നു എന്നറിയാൻ ആണ് ആഗ്രഹം.

ഞാൻ മരിക്കണോ…അതോ ജീവിക്കണോ…അവൾ എന്നോട് ചോദിച്ചു.

ഇപ്പൊ ന്താ ഉണ്ടായേ…നീ കാര്യം പറ…ഞാൻ അവളോട് തട്ടി കയറി…

നീ പറ…ഞാൻ മരിക്കണോ അതോ ജീവിക്കണോ…?

ജീവിക്കണം…

എങ്കിൽ നീ എന്നെ മറക്കണം.

പ്രഭേ…..ഞാൻ അവളെ നീട്ടി വിളിച്ചു.

നിനക്ക് ന്നെ ന്ത് വേണേലും വിളിക്കാം. തേപ്പ്കാരിയെന്നോ…വഞ്ചകി എന്നോ…ന്തും…പക്ഷെ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല. ഉറപ്പ്…ആ ശബ്ദത്തിനു വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു.

നിനക്ക് എന്നെ വേണം എന്നുണ്ടെങ്കിൽ നീ എന്നെ മറക്കണം…വേണ്ടെങ്കിൽ നീ എന്നെ മരിക്കാൻ അനുവദിക്കണം…കാരണം നീ ആണ് എനിക്കെല്ലാം…ഈ ജീവിതം പോലും നീ തരുന്ന ഭിക്ഷ ആയി കരുതി ഞാൻ ജീവിച്ചോളാം…ചിലപ്പോൾ അത് മറ്റൊരുത്തന്റെ ഭാര്യ ആയിട്ടാവും…പക്ഷെ വർഷങ്ങൾ കഴിഞ്ഞാലും…ഈ ജീവൻ നില നിർത്തിയത് നീ ആണ് എന്ന് എനിക്ക് മാത്രം അറിയാം…വീട്ടിലെ അവസ്ഥ നീ അറിഞ്ഞല്ലോ…അവരെ ധിക്കരിച്ചു ഞാൻ വരാം…പക്ഷെ…നമ്മൾ നിന്റെ വീടിന്റെ പടി ചവിട്ടും മുൻപ് അവര് നിന്നെ കൊല്ലും. അത് മറ്റാരേക്കാളും കൂടുതൽ എനിക്കറിയാം. ന്റെ ഏട്ടന്മാരെയും അച്ഛനെയും…നിന്നെ അങ്ങനെ നേടാൻ എനിക്ക് കഴിയില്ല.ജീവിക്കണം നീ അന്തസായി….അവരുടെ മുന്നിൽ കൂടി…തോന്നണം അവർക്കു…വർഷങ്ങൾ കഴിഞ്ഞാൽ…നിന്നെ എന്നിൽ നിന്നും അടർത്തി മാറ്റിയതിന്റെ വേദന…നമുക്ക് രണ്ടാള്ക്കും വേണേൽ മരിക്കാം…പക്ഷെ വളർത്തി വലുതാക്കി കൊണ്ടു വന്ന അവരെ ഓർത്ത് മാത്രം…അതും വേണ്ടാന്ന് തോന്നി പോയി…എന്നെ ജീവിതത്തിൽ നിനക്ക് ഇനിയും കാണണം എങ്കിൽ…എന്നോട് കാണിച്ച സ്നേഹം സത്യം എങ്കിൽ നീ ഞാൻ പറഞ്ഞത് അനുസരിക്കണം. മറക്കണ്ട….വെറുക്കണ്ട…ഞാൻ എന്നും കൂടെ ഉണ്ടാവും…മരിക്കും വരെ മറക്കുകയും ഇല്ല.

പ്രഭേ…ഞാൻ പതിയെ വിളിച്ചു.

ഒരൊറ്റ വാക്കിൽ ഞാൻ പറഞ്ഞു നിർത്താം. നിന്നെ എനിക്ക് അറിയാവുന്നത് കൊണ്ടും പറയുന്ന വാക്കാണ് സത്യം അതാണ് നീ എന്നും എനിക്ക് അറിയാവുന്നതു കൊണ്ടും നിന്നെ മരണത്തിനു ഞാൻ കൊടുക്കില്ല…ജീവിച്ചോ…ജീവിക്കണം. ഞാനും കാണിച്ചു കൊടുക്കാം ജീവിച്ചു. കാരണം നിന്നെ എനിക്ക് അത്ര ഇഷ്ടം ആണ്. മറ്റൊരുവന്റെ ഭാര്യയാകും മുൻപ് ചിലപ്പോൾ ഞാൻ നിന്റെ വീട്ടിൽ വരും. അതിനുള്ള നിലയിൽ ഞാൻ എത്തിയാൽ മാത്രം…

കാത്തിരിക്കാൻ ഞാൻ പറയില്ല. ഇവടെയും നിന്റെ വാക്കു ഞാൻ കടം എടുക്കുന്നു. ഒരു ദിവസം, ഒരാഴ്ച, ഒരുമാസം, ഒരു വർഷം, പത്തു വർഷം….ചിലപ്പോൾ കാണാതെ മിണ്ടാതെ ഇരുന്നാലും മറന്നു എന്ന് ധരിക്കരുത്. ഞാൻ യാത്രയിൽ ആണ്. നിന്നെ നേടാനുള്ള യാത്രയിൽ…കാത്തിരിക്കേണ്ട എന്നെ…ഈ യാത്രയിൽ കൂടെ നീ എന്നും ഉണ്ട്…എപ്പോളും ന്റെ ചാരെ…ഇനി യാത്രയില്ല…ഞാൻ വരും…ഞാൻ വരും…ഞാൻ വരും…

അവളെ നോക്കാതെ ഞാൻ തിരിഞ്ഞു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *