എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്…

by pranayamazha.com
32 views

മിഴിയോരം

രചന : NKR മട്ടന്നൂർ

—————————-

അവനെന്‍റെ മുറിയിലേക്ക് വരുമ്പോള്‍ ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു. പടിവാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടാ ഞാനങ്ങോട്ട് നോക്കിയത്.

മനസ്സറിഞ്ഞൊരു ചിരി കണ്ടു ആ മുഖത്ത്…സന്തോഷം നിറഞ്ഞ ചിരി…ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു കുറേ നേരം…ഒടുവില്‍ ആ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ട ചിത്രങ്ങളിലേക്ക് പോയി. ഞാന്‍ വര തുടര്‍ന്നു. ഒടുവില്‍ അത് കണ്ടെത്തിയപ്പോഴാവും എന്‍റെ അരികിലേക്ക് വന്നിട്ടുണ്ടാവുക.

ഞാനാ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ ചിത്രത്തിലേക്ക് തന്നെ നോക്കി അത്ഭുതം പൂണ്ട് നില്‍ക്കുകയാ…!എന്താ ഇത്ര അത്ഭുതപ്പെടാന്‍ എന്ന ഭാവത്തില്‍ ഞാനവനെ തന്നെ നോക്കി ഇരുന്നു….പതിയെ ചോദിച്ചു…

എന്നെ കണ്ടിട്ടുണ്ടോ…അമ്മൂട്ടി എപ്പോഴെങ്കിലും …?

”ഇല്ല” എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി…പിന്നിതെങ്ങനെ സംഭവിച്ചു…?

ഞാനൊരു ചിരിയിലൊതുക്കി അതിന്‍റെ മറുപടി. മെല്ലെ ചുവരില്‍ നിന്നും ആ ചിത്രമെടുത്ത് എന്‍റരികില്‍ വന്നു. അവന്‍റെ മുഖവും ആ ചിത്രത്തിലെ മുഖവും ഒരുപോലായിരുന്നു. നിഷ്ക്കളങ്കമായ് പിന്നേയും അതാ ചിരിക്കുന്നു.

അമ്മൂട്ടിക്ക് എന്നെ ഇഷ്ടായോ…?

എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്. അങ്ങനെ ഒരാളിതാ അമ്മൂട്ടിയെ ശരിക്കും തേടി വന്നിരിക്കുന്നു. അമ്മൂട്ടിയുടെ അച്ഛനോട് ഞാന്‍ പറയട്ടെ എനിക്കീ പെണ്ണിനെ കെട്ടിച്ചു തരാന്‍…? അവന്‍റെ കണ്ണുകള്‍ എന്‍റെ നീല നയനങ്ങളിലൂടെ ഇറങ്ങിയെന്‍റെ ഹൃദയകവാടം വരെ വന്നു.

ആരും കൊതിക്കുന്ന പ്രകൃതവും ചിരിയും നിഷ്ക്കളങ്കതയും. ഇതു മതിയായിരുന്നു അമ്മൂട്ടിക്ക്. അവനെ എനിക്കു തരുവോ ന്‍റെ കൃഷ്ണാ നീ…?

ഞാന്‍ പോവാണ് ട്ടോ…കൂടെ ഇതും കൂടെ കൊണ്ടുപോവുന്നു…എന്‍റമ്മയെ കാട്ടിക്കൊടുക്കാന്‍…ചിരിയോടെ ഇറങ്ങി പോയപ്പോള്‍ എന്തോ പോലെ ആയ മനസ്സോടെ ഞാനും അവനു പിറകേ എഴുന്നേറ്റ് നടന്നു….

ഉമ്മറത്ത് അച്ഛനും അമ്മയും നന്ദേട്ടനെ യാത്രയാക്കുകയായിരുന്നു. അച്ഛനെന്‍റെ അരികില്‍ വന്നിട്ട് ചോദിച്ചു. മോള്‍ക്ക് നന്ദനെ ഇഷ്ടായോ…? ഞാനൊന്നു മന്ദഹസിച്ചു. അവന്‍ പറഞ്ഞല്ലോ അവന് അമ്മൂട്ടിയെ മതീന്ന്…ഞാന്‍ ചിരിയോടെ അകത്തേക്ക് ഓടിപ്പോയി.

ആര്‍ഭാടങ്ങളൊന്നുമില്ലാതെ ക്ഷേത്രനടയില്‍ വെച്ച് അവനെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി. കൈ പിടിച്ചു മൂന്നു വട്ടം പ്രദക്ഷിണവും പൂര്‍ത്തിയാക്കി ഞങ്ങള്‍ ക്ഷേത്ര നടയിറങ്ങി. അവന്‍റെ അമ്മയും പെങ്ങളും നിലവിളക്കും താലവുമായ് ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു.

എല്ലാ കണ്ണുകളും എന്നിലായിരുന്നു…അമ്മൂട്ടിയുടെ സൗന്ദര്യം ആസ്വദിക്കണതാവും. ഞാന്‍ അമ്മയുടെ കയ്യില്‍ നിന്നും നിലവിളക്കും വാങ്ങി വലതുകാല്‍ വെച്ചെന്‍റെ ഭര്‍തൃഗൃഹത്തിലേക്ക് പ്രവേശിച്ചു…ഏതൊരു പെണ്ണും കൊതിക്കുന്ന ഭവനം തന്നേയായിരുന്നു അത്.

അവന്‍റെ അനിയത്തി എന്നെയും കൂട്ടി നന്നായി അലങ്കരിച്ച ഒരു മുറിയില്‍ കൊണ്ടുപോയി. ഇതാണ് ട്ടോ ഇനി എന്‍റെ ഏട്ടത്തിയമ്മയുടെ മുറി…ഞാന്‍ ചിരിയോടെ തലയാട്ടി …ഒരു വേള അവളുടെ കണ്ണുകള്‍ എന്നില്‍ തന്നെ നിന്നു…പിന്നെ വരാം എന്ന ആംഗ്യത്തോടെ വേഗം എഴുന്നേറ്റ് പോയി…മേശമേല്‍ കണ്ടു ..ഞാന്‍ വരച്ച അവന്‍റെ ആ ചിത്രം…ആ നയനങ്ങള്‍ ഒരു കൊച്ചുകുഞ്ഞിനെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ നില്‍ക്കേ പിന്നില്‍ കാലൊച്ച കേട്ടു…അവനായിരുന്നു.

അമ്മൂട്ടി ഇവിടെ നില്‍ക്കയായിരുന്നോ…? ദാ താഴെ എന്‍റെ ഫ്രണ്ട്സെല്ലാം വരാറായി…ഒരു ചെറിയ വിരുന്ന്…അത്രമാത്രം. എന്‍റെ മോള്‍ പോയി വേഗം കുളിച്ചിട്ടു ഡ്രസ്സ് മാറ്റിയിട്ടു വാ. ദാ അലമാരയിലുണ്ട് വേണ്ടതെല്ലാം.

വാതിലടച്ചു ബോള്‍ട്ടിട്ടു. ആഭരണങ്ങളെല്ലാം അഴിച്ചു അലമാരയില്‍ വെച്ചു പൂട്ടി. കല്യാണ വസ്ത്രങ്ങളും അഴിച്ചു മാറ്റി. കുളിച്ചു നല്ലപോലെ ഒരുങ്ങി വാതില്‍ തുറന്നു. അവന്‍ വെളിയില്‍ കാത്തിരിപ്പുണ്ടായിരുന്നോ…?ക്ഷമാപാണത്തോടെ ആ മിഴികളിലേക്ക് നോക്കി. ഒന്നും സാരമില്ലെന്ന പോലെ എന്നെ കണ്ണടച്ചു കാട്ടി.

പിന്നെ ചേര്‍ത്തുപിടിച്ചോണ്ട് അലമാരയുടെ കണ്ണാടിക്കു മുന്നിലേക്ക് കൊണ്ടു പോയ് നിര്‍ത്തി. ഒരു നുള്ളു സിന്ദൂരം തൊട്ടു നെറ്റിയില്‍ ചാര്‍ത്തി തന്നു. അതിനു താഴെ ഒരു പൊട്ടും തൊട്ടു. കവിളുകളിലൂടെ വിരലുരസി. ആ മാറില്‍ അങ്ങനെ ചേര്‍ന്നു നില്‍ക്കാന്‍ വെറുതേ കൊതിച്ചു. വൈകിട്ട് ഒരു ചെറിയ വിരുന്നും കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞു. അടുത്ത ബന്ധുക്കള്‍ മാത്രം ബാക്കിയായി.

അടുക്കളയില്‍ നില്‍ക്കുകയായിരുന്ന എന്നേയും കൂട്ടി ഒരു ഗ്ലാസ്സ് പാലുമായ് അവന്‍റെ അനിയത്തിക്കുട്ടി വീണ്ടും ആ മുറിയിലെത്തിച്ചു. ഇവിടെ വന്നതിന് ശേഷം കുറേ മുഖങ്ങൾ, എനിക്കു കൈമാറിയ ഓരോ പുഞ്ചിരിയും ഞാന്‍ ഓര്‍ത്തെടുത്തു. പലതിലും വാത്സല്യഭാവമായിരുന്നു. ഓരോ മുഖത്ത് സങ്കടം കാണാനായി. ചിലര്‍ ആശ്വസിപ്പിക്കാനെന്ന പോലെ കൈകളില്‍ പിടിച്ചിരുന്നു. ഞാനെല്ലാം ആസ്വദിക്കുകയായിരുന്നു.

ഇത്ര വല്യോരു ആള്‍ക്കൂട്ടത്തിനിടയിലേക്ക് മുന്‍പ് പോയതേ ഇല്ലായിരുന്നു. മാറി നില്‍ക്കുകയായിരുന്നു എല്ലാത്തില്‍ നിന്നും.

”എല്ലാം കാണുന്നുണ്ട്..പറയുന്നതെല്ലാം കേള്‍ക്കാനും കഴിഞ്ഞിരുന്നു.”

പക്ഷേ…ആരോടും ഒന്നിനും ഒരു മറുപടി പറയാനെനിക്കു കഴിയുമായിരുന്നില്ല…

കുഞ്ഞുന്നാളില്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്….പതിയെ അതിനോട് പൊരുത്തപ്പെടാനും ഇഴുകിചേരാനും പഠിച്ചു. അച്ഛനും അമ്മയും എന്‍റെ കണ്ണുകളിലേക്ക് നോക്കി എല്ലാം വായിച്ചെടുക്കുമായിരുന്നു. പിന്നെ ആ ലോകത്ത് ഒതുങ്ങി ജീവിച്ചു. പതിയേ വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് പോയി. പറയാനുള്ളതെല്ലാം ചായങ്ങളിലൂടെ വരച്ചു വെച്ചു.

അച്ഛനായിരുന്നു എല്ലാം. ഒരുവട്ടം പോലും എന്‍റെ കണ്ണുകള്‍ നിറയാനനുവദിച്ചിട്ടില്ലാ…ആ തണലില്‍ ജീവിക്കാനായിരുന്നു എപ്പോഴും ഇഷ്ടം…അവനേ മാത്രായിരുന്നു അച്ഛന്‍ എന്‍റെ മുന്നിലേക്ക് ആദ്യമായും അവസാനമായും കൊണ്ടുവന്നത്…

“അത്രമേല്‍ അവനെ പഠിച്ചിട്ടുണ്ടാവും അച്ഛന്‍ ഈ അമ്മൂട്ടിക്ക് വേണ്ടി..”

ആ ഓര്‍മ്മകളില്‍ മിഴി നനഞ്ഞു നില്‍ക്കുമ്പോള്‍ പിന്നിലൂടെ വന്നെന്നെ ചേര്‍ത്തു പിടിച്ചു…അതവനാ…അവനിലൊരു ഗന്ധമുണ്ട്…അതിപ്പോഴെന്‍റെ സ്വന്തമാ….എന്നെ പിടിച്ചു ആ മുന്നില്‍ നിര്‍ത്തി…കൈകളാല്‍ മുഖം കോരിയെടുത്ത് അവന്‍ ചുണ്ടുകളാല്‍ എന്‍റെ കണ്‍പീലികളില്‍ മൃദുവായ് ചുംബിച്ചു.

ഇനി ഈ മിഴികള്‍ ഒന്നിനു വേണ്ടിയും നനയ്ക്കില്ല ഞാന്‍. അങ്ങനെ ഒരു വാക്കു കൊടുത്തപ്പോഴാ അച്ഛന്‍ ഈ വിവാഹത്തിന് സമ്മതിച്ചതു തന്നെ. ഞാനും ആ നെഞ്ചില്‍ മുഖം ചേര്‍ത്തു നിന്നു. ഒടുവില്‍ എന്നെ കൂട്ടി കട്ടിലില്‍ ചെന്നിരുന്നു. ആ കണ്ണുകളിലേക്ക് നോക്കി ഞാനും ആ അരികിലിരുന്നു.

ഉറങ്ങേണ്ടേ…? ഞാന്‍ തലയാട്ടി…വാ…ആ മാറോടു ചേര്‍ത്തെന്നെ കിടത്തി…ഒരു പുതിയ ലോകത്ത് ഒരു പുതിയ ജീവിതം തുടങ്ങുകയാണ് ഞാന്‍…ആരോടും വഴക്കിടാനെനിക്കു കഴിയില്ല…അതാണെന്‍റെ ശക്തിയും. ഇവിടുള്ള എല്ലാവരേയും സ്നേഹിക്കാന്‍ എനിക്കു കഴിയും.

എന്‍റെ മിഴികളിലൂടെ എല്ലാം പറയാതെ പറഞ്ഞുകൊണ്ട് നന്ദന്‍റെ അമ്മൂട്ടിയായ് ഇനിയുള്ള കാലം കഴിഞ്ഞോട്ടെ ഞാന്‍…ശബ്ദമില്ലാതെ…പറയാനുള്ളതെല്ലാം നെഞ്ചില്‍ കൂട്ടിവെച്ച് ഈ ആയുസ്സ് തീരും വരെ….!

You may also like

Leave a Comment