ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി…

നെറുകയിൽ ഒരു ഉമ്മ

രചന : അയ്ഷ ജെയ്സ്

——————————

ഏട്ടാ, എനിക്ക് വിശന്നിട്ട് വയ്യ. ആകെ ന്തോ പോലെ…ന്തേലും വാങ്ങി തരു. അവൾ ഇടയ്ക്കു ഇടക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു..

11 മണിക്ക് രണ്ടാളും മാഗ്ഗി കഴിച്ചു ടൗണിലെ പള്ളിയിൽക്ക് ഇറങ്ങിയതാണ്. ഇപ്പോൾ നേരം സന്ധ്യയായി. റോഡ് പണി കാരണം വഴി ഫുൾ ബ്ലോക്ക്‌. എനിക്കും വിശക്കുന്നുണ്ട്. വീടിന്റെ അടുത്തുള്ള ഹോട്ടലിന്നു ബിരിയാണി വാങ്ങാം പാർസൽ. അപ്പൊ വീട്ടിൽ ഇരുന്നു സ്വസ്ഥായി കഴിക്കാലോ…

അവളും സമ്മതിച്ചു…കൂട്ടത്തിൽ ഒരാൾ മാത്രം സമയം തെറ്റാതെ വയറു നിറക്കുന്നുണ്ടാരുന്നു. 8 അര മാസം പ്രായമുള്ള ഞങ്ങളുടെ മോൾ…കുഞ്ഞു വയറു നിറഞ്ഞു ഇപ്പോൾ നല്ല ഉറക്കത്തിൽ ആണ് വാവ…

പ്ലാൻ ചെയ്ത പോലെ തിരിച്ചു വീടിന്റെ അടുത്തു എത്തിയപ്പോൾ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങി…വീട്ടിൽ കയറി ഡ്രസ്സ്‌ മാറി…ഫ്രഷ് ആയി വന്നു. കുഞ്ഞ് എണീറ്റിരുന്നു അപ്പോഴേക്കും…അവൾ കുഞ്ഞിന്റെ ഉടുപ്പൊക്കെ മാറ്റി, ഹാളിൽ പായ വിരിച്ചു അതിൽ ഇരുത്തി…

ഞാൻ അപ്പോഴേക്കും രണ്ടു പ്ലേറ്റ് എടുത്തു ബിരിയാണി വിളമ്പി റെഡി ആക്കി…ഇവൾ ഇതു അടുക്കളയിൽ എന്ത് ചെയ്യാ…ഞാൻ ഉറക്കെ വിളിച്ചു…

അതേ വേഗം വായോ…നല്ല ചൂടുള്ളപ്പോൾ കഴിക്കണം…എന്നാലേ രസമുള്ളൂ…

ഞാൻ ഇപ്പോൾ വരാം ഏട്ടാ…അവൾ മറുപടി ഉറക്കെ പറഞ്ഞു… 10 മിനിറ്റ് കഴിഞ്ഞും അവൾ അടുക്കളയിൽ തന്നെ… വിശന്നു വലയുന്നു എന്ന് പറഞ്ഞ ഇവൾ ഇതു എന്തോന്ന് കാണിക്ക്യ…ശകലം ദേഷ്യം വന്നു…

ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി…കുഞ്ഞിനുള്ള കുറുക്ക്…ഏട്ടൻ കഴിച്ചോളൂ…എന്നെ വെയ്റ്റ് ചെയ്യണ്ട… ഉണ്ണിക്കു കുറുക്കു കൊടുക്കട്ടെ…അവൾക്കു വിശക്കുണ്ടാവും…ഞാൻ അന്തം വിട്ടു…

മണിക്കൂറോളം വിശക്കുന്നേ എന്ന് കാറിൽ ഇരുന്നു പറഞ്ഞവളാ…ട്രാഫിക് കാരണം വഴിയിൽ നിർത്താതെ നേരെ വീട്ടിലേക്കു തിരിച്ചെ…അല്ലെങ്കിൽ വരും വഴി തന്നെ എന്തേലും വാങ്ങി കൊടുത്തേനെ…

അവൾ ദേ ഇപ്പോൾ മിണ്ടാതെ ഇരുന്നു കളിക്കുന്ന കുഞ്ഞിന് കുറുക്കു കൊടുക്കാൻ പോവുന്നു. കുഞ്ഞിനെ ചെയറിൽ ഇരുത്തി ഒരു പരിഭവവും ഇല്ലാതെ അവൾ കുറുക്കു കൊടുക്കാൻ തുടങ്ങി. ഞാൻ ബിരിയാണി പ്ലേറ്റിൽ കയ്യിട്ടു…ഒരു ഉരുള എടുത്തു.

തൊണ്ടയിൽ എന്തോ വിങ്ങുന്ന പോലെ. എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു…”ആ കാണിക്കൂ”… ആ ഉരുള അവളുടെ വായിൽ വച്ചു കൊടുത്തു. അവൾ ചിരിച്ചോണ്ട് അത് കഴിച്ചു…അടുത്ത ഉരുള ഞാൻ എന്റെ വായിലേക്ക് തള്ളി…

അങ്ങനെ ഞങ്ങൾ മൂന്നു പേരും ഒരേ സമയം ഭക്ഷണം കഴിച്ചു…അന്ന് കിടക്കാൻ നേരം കണ്ണടച്ചപ്പോൾ മനസ്സിൽ പൊങ്ങി വന്നത് വായിൽ ഉരുള വച്ചു കൊടുത്തപ്പോൾ പുഞ്ചിരിച്ച അവളുടെ മുഖം ആണ്‌. മാർച്ച്‌ 16 ന് ജനിച്ചത്‌ കുഞ്ഞ് മാത്രമല്ല…നന്മയുടെയും സ്നേഹത്തിന്റെയും പ്രതീകം ആയ ഒരു അമ്മ കൂടിയാണ്…

കണ്ണുതുറന്നു അപ്പുറത്തേക്ക് ഒന്ന് എത്തിനോക്കി…കുഞ്ഞിന് പാൽകൊടുത്തുകൊണ്ടു പാതി മയങ്ങിയ അവളുടെ മുഖം…അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു ഞാൻ വീണ്ടും കണ്ണുകൾ അടച്ചു…ദൈവമേ എല്ലാവർക്കും നല്ലതു വരുത്തണെ…

Leave a Reply

Your email address will not be published. Required fields are marked *