ഉണ്ണിയേട്ടന് നിന്നെ ജീവനായിരുന്നു. സുഹൃത്തായല്ല, ഒരു കൂടപിറപ്പായാണ് ഉണ്ണിയേട്ടൻ നിന്നെ കണ്ടത്…

രചന: സുധിൻ സദാനന്ദൻ

::::::::::::::::::::::::::::

കണ്ണിലെ കത്തുന്ന പക വശ്യമായൊരു പുഞ്ചിരിയിൽ മറച്ചുവെച്ച്, ഗ്ലാസ്സിലെ പാൽ തുളുമ്പി പോവാതെ മണിയറയുടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി.

വരുൺ ജനൽ കമ്പിയിൽ പിടിച്ച് മണ്ണിലേക്ക് പെയ്തിറങ്ങുന്ന പുതുമഴയുടെ ഗന്ധം ആസ്വദിച്ചു നിൽക്കുകയാണ്. ഞാൻ വന്നതുപോലും വരുൺ അറിഞ്ഞിട്ടില്ല. എന്തോ ഗഹനമായ ചിന്തയിലാണ്…

മണിയറയുടെ വാതിൽ അടച്ച്, മുറ്റത്തേക്ക് നോക്കി നില്ക്കുന്ന വരുണിന്റെ ശ്രദ്ധയാകർഷിക്കുവാൻ ഞാനൊന്ന് മുരടനക്കി.

എന്തോ വലിയ ചിന്തയിൽ നിന്ന് ഞെട്ടി തിരിഞ്ഞ് വരുൺ ചുണ്ടിലൊരു മന്ദഹാസവുമായി എന്റെ അരികിലേക്ക് വന്നു.

ഇയാളെന്താ ഇത്ര വൈകിയത്, കാണാതായപ്പോൾ അന്വേഷിച്ച് വരാനിരിക്കുകയായിരുന്നു ഞാൻ. സീത എന്താ ഒന്നും മിണ്ടാത്തത്…? പരസ്പരം നമുക്കെല്ലാം അറിയാവുന്നതല്ലേ. എന്റെ നല്ല പാതിയാവാനായിരിക്കും ദൈവം നിശ്ചയിച്ചിരിക്കുന്നത്….

സീതയുടെ മിഴികൾ ഇനി ഒരിക്കലും നിറയാതെ ഞാൻ നോക്കാം. ഇനി എന്നും നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന് മാത്രമേ സ്ഥാനമുണ്ടാവൂ…ഞാനൊന്ന് കുളിച്ചിട്ട് വരാം. സീത അതുവരെ ആ കാണുന്ന ഷെൽഫിലെ പുസ്തകങ്ങൾ ഏതെങ്കിലും എടുത്ത് വായിക്കൂട്ടോ…

പുസ്തകം വായിക്കുവാൻ സീതയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് ഞാനിത്രയും പുസ്തകങ്ങൾ വാങ്ങി വെച്ചതും, അത് പറഞ്ഞ് വരുൺ ബാത്ത്റൂമിലേക്ക് പോയി.

ഞാൻ വരുണിന്റെ ഷെൽഫിലെ പുസ്തങ്ങൾ ഓരോന്നായി നോക്കുന്നതിനിടയിൽ ഒരു പുസ്തകത്തിൽ കണ്ണുകളുടക്കി നിന്നു. “പ്രിയേ നിനക്കായ്” ഈ നോവൽ വായിക്കുവാൻ വായനശാലയിൽ ചെന്നപ്പോഴായിരുന്നു ഞാനാദ്യമായി ഉണ്ണിയേട്ടനെ കാണുന്നത്.

രാഘവൻ മാഷ് എവിടെയോ പോയതുകൊണ്ട് മാഷിന്റെ കസേരയിൽ ഇരിക്കുന്നത് ഉണ്ണിയേട്ടനായിരുന്നു. കയ്യിലാണെങ്കിൽ ഞാനിത്രയും നാൾ തേടി നടന്നിരുന്ന നോവലും…

ഏത് പുസ്തകമാണ് വേണ്ടതെന്ന് ഉണ്ണിയേട്ടന്റെ ചോദ്യത്തിൽ ദാ ഇതെന്ന് പറഞ്ഞ് ഉണ്ണിയേട്ടന്റെ കയ്യിലിരിക്കുന്ന ബുക്കിലേക്ക് ചൂണ്ടി കാണിക്കുമ്പോൾ ഉണ്ണിയേട്ടൻ ഒരു പുഞ്ചിരിയോടെ ആ പുസ്തകം എനിക്ക് നേരെ നീട്ടികൊണ്ട്,

“മാഷ് പറഞ്ഞിരുന്നു ഈ പുസ്തകത്തിനായി ഒരു കുട്ടി വരൂന്ന്.”

പുസ്തകം വാങ്ങി തിരികെ നടക്കുമ്പോൾ ഉണ്ണിയേട്ടന്റെ സൗമ്യമായ സംസാരവും നെറ്റിയിലെ ചന്ദന കുറിയും എന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞിരുന്നു. പിന്നീട് ആ കണ്ടുമുട്ടൽ നല്ലൊരു സൗഹൃദത്തിലേയ്ക്കും പതിയെ പ്രണയത്തിലേക്കും വഴിമാറി.

ഉണ്ണിയേട്ടൻ മറ്റു ചെറുപ്പക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു. കാവും, കുളവും, വായനശാലയും, അവിടെയാവും ഉണ്ണിയേട്ടനെ കൂടുതലും കാണുക.

അമ്മ മാത്രമുള്ള ഉണ്ണിയേട്ടൻ, അമ്മ തനിച്ചാവാതിരിക്കാൻ ഉയർന്ന ശബളം നല്കാമെന്ന് പറഞ്ഞ് വിദേശത്ത് നിന്നു പോലും ക്ഷണം ലഭിച്ച ജോലി ഉണ്ണിയേട്ടൻ വേണ്ടാന്ന് വെച്ചു.

ഉണ്ണിയേട്ടന് അമ്മയും ഞാനും കഴിഞ്ഞാൽ പിന്നെ കൂടുതൽ ഇഷ്ടം മീനുട്ടിയോടായിരുന്നു. മീനാക്ഷി അതാണ് അവളുടെ പേര്. മീനുവിന് സംസാരിക്കുവാൻ കഴിയില്ല. ക്ഷേത്രത്തിനടുത്ത് പൂക്കൾ വില്ക്കുന്ന ദേവകി ചേച്ചിയുടെ മകൾ…മീനുട്ടിയുടെ പഠന ചെലവെല്ലാം ഉണ്ണിയേട്ടനായിരുന്നു നോക്കിയിരുന്നത്.

കുളത്തിലെ പടവുകളിലിരുന്ന് പലപ്പോഴും ഉണ്ണിയേട്ടൻ പറയാറുണ്ട്. നമ്മുടെ കല്യാണം കഴിഞ്ഞാൽ നമുക്ക് കിടക്കുവാൻ കുഞ്ഞു കട്ടിൽ മതിയെന്ന്…

അതെന്തിനാ എന്ന് സംശയത്തിൽ നോക്കിയ എന്റെ മൂക്കുത്തികല്ലിൽ തട്ടിക്കൊണ്ട്, അത് എന്റെ സീതക്കുട്ടി കുറുമ്പ് കാണിച്ച് പിണങ്ങി കിടന്നാലും എന്റെ അരികിൽ തന്നെ കിടക്കാൻ വേണ്ടിയാണെന്ന്…

ഞാനും ഉണ്ണിയേട്ടനുമായുള്ള വിവാഹനിശ്ചയത്തിന്റെ തലേ രാത്രിയായിരുന്നു എല്ലാം അവസാനിച്ചത്. ഒരു ബൈക്ക് ആക്സിഡന്റിൽ ഉണ്ണിയേട്ടൻ…

സീതേ…താനൊറ്റയ്ക്ക് ഇരുന്ന് ബോറടിച്ചുവോ…?

വരുണിന്റെ ശബ്ദമാണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്.

സീത പഴയതൊന്നും മറന്നില്ലേ…? ഞാൻ നേരത്തെ പറഞ്ഞിരുന്നതല്ലേ, ഇനി പഴയതൊന്നും ഓർത്ത് കണ്ണ് നിറയരുതെന്ന്. ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ് അത് ഓർമ്മ വേണം.

ഞാൻ പഴയ സീതയല്ല വരുൺ. പഴയതൊന്നും ഓർത്ത് കരയുകയും ഇല്ല. പാല് ചൂടാറി തുടങ്ങി, വരുൺ രാത്രി പാല് കുടിയ്ക്കുമെന്ന് അമ്മ പറഞ്ഞിരുന്നു. ഇതാ പാല്…

ഞാൻ പാൽ ഗ്ലാസ്സ് വരുണിന് നൽകി. ആദ്യരാത്രിയിൽ പകുതി പാല് നല്ലപാതിയ്ക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് എനിക്ക് നേരെ പകുതി കുടിച്ച പാല് ക്ലാസ്സ് നീട്ടിയ വരുണിന്റെ കയ്യിൽ നിന്നും ഞാനത് വാങ്ങി മേശയുടെ മുകളിൽ വെയ്ച്ചു.

സീതേ…എനിയ്ക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. നമുക്ക് കിടന്നാലോ…?

ഒരു പൊട്ടിച്ചിരിയോടെ ഞാനവന്റെ കണ്ണിലേയ്ക്ക് നോക്കി…നിന്റെ ഈ ക്ഷീണത്തിന്റെ കാരണം എന്താണെന്ന് അറിയുമോ വരുൺ നിനക്ക്…? നിനക്കായി ഞാൻ പാലിൽ ചേർത്ത വിഷം…

നീ എന്ത് കരുതി വരുൺ…? ആരും ഒന്നും അറിയില്ലെന്നോ, ആരും കണ്ടില്ലായെന്ന് കരുതി നീ ചെയ്തതെല്ലാം, ദൈവം കണ്ടിരുന്നു. എന്റെ മീനുട്ടിയുടെ കണ്ണിലൂടെ, അവളെ അവിടെ വെച്ച് കണ്ട നീ കരുതി, എട്ട് വയസ്സുള്ള ഈ മിണ്ടാപ്രാണി എന്ത് പറയാനാണെന്ന് അല്ലേ…?

നിനക്ക് തെറ്റ്പറ്റി വരുൺ. പേടിച്ച് വിറച്ച് എന്റെ അരികിലെത്തിയ അവൾ, കരിക്കട്ടകൾ കൊണ്ട് ചുമരിൽ വരച്ചിട്ട ചിത്രങ്ങളിലെ എന്റെ ഉണ്ണിയേട്ടന്റെ കൊലയാളിയ്ക്ക് നിന്റെ മുഖമായിരുന്നു…

അന്ന് ഞാൻ ഉറപ്പിച്ചിരുന്നു നിനക്കുള്ള ശിക്ഷ, കണ്ണുകൾ മൂടി കെട്ടിയ നീതിപീഠത്തിന് വിട്ടുകൊടുക്കില്ലെന്ന്…

ഉണ്ണിയേട്ടന് നിന്നെ ജീവനായിരുന്നു. സുഹൃത്തായല്ല, ഒരു കൂടപിറപ്പായാണ് ഉണ്ണിയേട്ടൻ നിന്നെ കണ്ടത്…എന്നെ സ്വന്തമാക്കുവാൻ വേണ്ടിയാണ് നീ എന്റെ പാവം ഉണ്ണിയേട്ടനെ ഇല്ലാതാക്കിയതെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു വരുൺ…

സത്യങ്ങൾ അറിഞ്ഞ എന്റെ ജീവനെടുക്കാൻ നീ ആഗ്രഹിക്കുന്നില്ലേ ഇപ്പോൾ…പക്ഷെ നിന്റെ നാവ് പോലും തളർന്നിരിക്കുന്നു. കൈകാലുകൾ ഇനി ചലിക്കില്ല. ജീവൻ തുടിക്കുന്ന കണ്ണുകൾ മാത്രമായി എല്ലാം കണ്ടും കേട്ടും നരകിച്ച് നീ ജീവിക്കണം. അതാണ് നിനക്കുള്ള ശിക്ഷ…

ആദ്യരാത്രിയ്ക്ക് വേണ്ടി നിന്നെകൊണ്ട് ഈ വിചനമായ പ്രദേശത്തെ നിന്റെ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തതും ഇതിന് വേണ്ടിയായിരുന്നു. സീതയിൽ നിന്നും കണ്ണകിയിലേക്കുള്ള ദൂരം അത് അത്ര ചെറുതായിരുന്നില്ല.

എന്റെ ഉണ്ണിയേട്ടന്റെ ആത്മാവിന് വേണ്ടി…പാവം ഒരമ്മയ്ക്ക് വേണ്ടി ഞാനിത് ചെയ്യ്തു. ഉണ്ണിയേട്ടന്റെ അമ്മയെ ഉണ്ണിയേട്ടന്റെ സ്ഥാനത്ത് നിന്ന് ഞാൻ സ്നേഹിക്കും…അതാണ് ദൈവം എനിയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്…

ജീവിതത്തിൽ തളർന്നു പോവുന്ന ഘട്ടത്തിൽ ഞാനോടി വരും നിന്നെ കാണാൻ…

എന്നിലുറങ്ങികിടക്കുന്ന കണ്ണകിയെ തിരിച്ചറിയാൻ…

Leave a Reply

Your email address will not be published. Required fields are marked *