ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്…

by pranayamazha.com
9 views

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ

———————

നാളികേരം കൊടുത്തു തിരിച്ചു വരുമ്പോളാണ് ഫോൺ റിങ് ചെയ്തത്. ജീപ്പ് സ്പീഡ് കുറച്ചു ഞാൻ ഫോൺ എടുത്തു.

മിഥില രാംദേവ്…

മാഷെവിടെ…?

ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും അവളുടെ സ്വരം. ഇനിയൊരിക്കലും കാണില്ല മാഷേ. എന്നു പറഞ്ഞു കട്ട് ആയ കോൾ ആണ്. പിന്നീട്‌ പലപ്പോഴും വിളിച്ചു നോക്കിയെങ്കിലും സ്വിച്ചഡ് ഓഫ് ആയിരുന്നു.

ഉറക്കമില്ലാത്ത രാത്രികൾ ഭ്രാന്തു പിടിപ്പിക്കുമ്പോൾ, ഫോൺ എടുത്തു പലയാവർത്തി വിളിച്ചു നോക്കും…ഒരിക്കലും കിട്ടില്ല എന്നറിയാം…ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

ഒരു പക്ഷേ എല്ലാവരുടെ ഫോണിലും കാണുമായിരിക്കും അല്ലേ ഇതുപോലെ ഒരു നമ്പർ…വിളിയോ മെസ്സേജോ ഒന്നുമില്ലെങ്കിലും ഡിലീറ്റ് ചെയ്യാൻ പറ്റാതെ കിടക്കുന്ന നമ്പർ…

ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ…എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ…സ്നേഹത്തിൽ ചാലിച്ച പരിഭവങ്ങൾ…കൊച്ചു കൊച്ചു പിണക്കങ്ങൾ…ഓർമകളാണ്…ആ ഓർമകളിൽ കൂടി തന്നെയാണ് ഇന്നും ജീവിതം…

ഒരുപാട് നാളുകൾക്കു ശേഷം അവളുടെ കോൾ കണ്ടപ്പോൾ യാഥാർഥ്യമാണോ എന്നുപോലും തോന്നിപോയി…എന്ത് റിപ്ലൈ കൊടുക്കണം എന്നെനിക്കു ആലോചിക്കേണ്ടി വന്നില്ല…

ഇങ്ങള് കളഞ്ഞു പോയിടത്തു തന്നെയുണ്ട് ടോ ഇപ്പോഴും…

മാഷെ പ്ലീസ്…എന്റെ അവസ്ഥ അറിയായിരുന്നല്ലോ…?

അറിയാടോ…അതുകൊണ്ടു തന്നെയാണ് അന്വേഷിച്ചു വരാതിരുന്നതും…അച്ഛൻ പോയേപ്പിന്നെ രണ്ടു അനിയത്തി മാർക്ക്‌ വേണ്ടി സ്വന്തം സ്വപനങ്ങൾ വേണ്ടാന്ന് വെച്ച തന്നോട് എനിക്കിപ്പോഴും ബഹുമാനം തോന്നിയിട്ടേ ഉള്ളൂ…

അല്ലെങ്കിലും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചു മറ്റുള്ളവരുടെ സ്വപ്ങ്ങൾക്കു നിറം പകരാൻ അത്രത്തോളം നല്ല മനസുള്ളവർക്കേ പറ്റു…ഒന്നിനു മാത്രമേ പരിഭവം ഉള്ളൂ…കാത്തിരിക്കണം എന്നു പറഞ്ഞെങ്കിൽ എത്ര കാലം വേണമെങ്കിലും കാത്തിരുന്നേനെ.

അതൊക്കെ പോട്ടെ…ഇപ്പൊ വിളിക്കാൻ തോന്നാൻ കാരണം…?

എനിക്ക് ജോബ് കിട്ടി മാഷേ…വില്ലേജ് ഓഫിസിൽ…മാഷ്ടെ നാട്ടിലാ പോസ്റ്റിങ്ങ്…

കേട്ടപ്പോൾ മനസിന് ഒരുപാടു സന്തോഷം തോന്നി. ജീവിതത്തിൽ ജയിച്ചേ തീരു എന്ന ആത്മവിശ്വാസത്തിൽ പ്രയത്നിക്കുന്നവർ ജയിച്ചിരിക്കും. ആഹാ എന്നാ ജോയിൻ ചെയ്യണേ…?

തിങ്കളാഴ്ച്ച ജോയിൻ ചെയ്യണം. എനിക്ക് സ്ഥലം പരിജയം ഇല്ലാ. ബുദ്ധിമുട്ടാവില്ലെങ്കിൽ റെയിൽവേ സ്റ്റേഷൻ വരെ വരോ…?

മനസുകൊണ്ട് റെയിൽവേ സ്റ്റേഷൻ വരെ എത്തിയെങ്കിലും…ചുമ്മാ പറഞ്ഞു…തലേന്ന് വിളിക്കു, ഞാൻ ട്രൈ ചെയ്യാം എന്ന്.

എന്നാൽ ശരി മാഷെ ബൈ…

രാവിലെ അവളെ കൂട്ടാൻ പോവുമ്പോൾ മനസു നിറയെ കളഞ്ഞു പോയ എന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. ബുള്ളറ്റ് പാർക്ക് ചെയ്തു നടന്നപ്പോൾ ഫോൺ റിങ് ചെയ്തു, അവളാണ്.

മാഷെ ഒന്നു തിരിഞ്ഞു നോക്കിയേ…ഞാൻ പിന്നിലുണ്ട്.

രണ്ടു വർഷം കൊണ്ട് അവൾ മാറി പോയിരുന്നു. മുഖത്തു നല്ല പക്വത വന്നിരിക്കുന്നു. ഞാൻ വീണുപോയ നുണക്കുഴി കവിളും കഥപറയുന്ന കണ്ണുകളുടെയും ഭംഗി കൂടിയപോലെ…അടക്കിപിടിച്ചതെന്തോ…കണ്ണു നനയിക്കുന്നപോലെ…

എന്താ മാഷേ ആദ്യായിട്ട് കാണുന്നപോലെ…മറുപടികൾക്ക് വാക്കുകൾ കിട്ടാത്ത പോലെ…എന്നാലും പറഞ്ഞു.

ഒന്നൂല്യ മിഥു…ഞാൻ പഴയ പോലെ…

മാഷേ പഴയതൊക്കെ മറന്നില്ലേ ഇപ്പോഴും…?

അങ്ങിനെ മറക്കാൻ പറ്റോ…?

ഞാൻ അതൊക്കെ എപ്പോഴേ മറന്നു, എന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ചങ്കൊന്നു പിടഞ്ഞു. അതു പുറത്തു കാണിക്കാതെഞാൻ പറഞ്ഞു.

മിഥില കയറു….

മിഥു എന്നുള്ള വിളിയിൽ നിന്ന് മിഥില എന്നു വിളിച്ചതിനു, എന്തോ ആ കണ്ണിൽ മിന്നി മാഞ്ഞത് ഞാൻ കണ്ടു. അവളെയും കൊണ്ടു ആ നാട്ടിൻ പുറത്തെ വഴികളിൽ കൂടി ബുള്ളറ്റിൽ പോകുമ്പോൾ, ഞങ്ങൾക്കിടയിൽ മൗനം കൊണ്ട് വേലി തീർത്തപോലെ…മൗനം മുറിച്ചുകൊണ്ടവൾ ചോദിച്ചു.

ഇപ്പൊ എഴുതാറില്ലേ…?

ഇല്ലടോ, അതൊക്കെ നീ കളഞ്ഞിട്ടു പോയപ്പോൾ ഉപേക്ഷിച്ചതാ…അല്ലെങ്കിലും നിനക്കു വേണ്ടിയായിരുന്നില്ലേ എന്റെ എഴുത്തുകളൊക്കെയും. എഴുതാൻ ശ്രമിച്ചിരുന്നു. വരികളൊക്കെ വിരഹത്തിൽ മുങ്ങി നിൽക്കുന്നു.

സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കണം താൻ തന്നെയല്ലേ പറയാറ്‌. മറ്റുള്ളവർക് അതു കഥകളാണ്. പറഞ്ഞാൽ മനസിലാവോ എന്നറിയില്ലടോ…നീ തള്ളിയിട്ടലോകത്തു, ഞാനും നിന്റെ ഓർമകളും മാത്രമേ ഉണ്ടായിരുന്നുള്ളു…

ഒരുതരം മടുപ്പ് എല്ലാത്തിനോടും. ബാങ്കിലെ ജോബ് റിസൈൻ ചെയ്തു കൃഷി പണിയിലേക്ക് ഇറങ്ങി. അമ്മ പെണ്ണുകെട്ടിക്കാൻ ഒരുപാട് നോക്കി. അവസാനം അമ്മ തോൽവി സമ്മതിച്ചു. അവസാനായി ചോദിച്ചു…

എന്റെ കണ്ണടയും മുൻപെങ്കിലും നിനക്കൊരു കൂട്ടായി കാണാൻ പറ്റോ എന്ന്…? അമ്മക്ക് കൊടുക്കാൻ മറുപടി ഒന്നും ഇല്ലായിരുന്നു. അല്ലെങ്കിലും ഇനിയൊരിക്കലും കാണില്ല എന്ന് പറഞ്ഞു പോയവൾക്കു വേണ്ടി കാത്തിരിക്കാ എന്ന്, എങ്ങിനെയാ അമ്മയോട് പറയാ…?

എന്നാലും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. നെയ്തു കൂട്ടിയ സ്വപ്ങ്ങൾക്കു സ്വർണ ശോഭയേകാൻ നീ വരുമെന്ന്…ഞാൻ അതൊക്കെ എപ്പോഴേ മറന്നു എന്ന് പറയുന്ന നിമിഷം വരെ ഉണ്ടായിരുന്നു ആ പ്രതീക്ഷ…

എന്തിനും ഒരു അവസാനം ഉണ്ടല്ലോ…ഇതിന്റെ അവസാനം ഇങ്ങനെയാവണം എന്നായിരിക്കും

കൃഷ്‌ണാപുരം വില്ലേജ് ഓഫീസ് എന്ന് ലെഫ്റ്റ് സൈഡിലേക്ക് ആരോയിട്ട റോഡിലേക്ക് ബുള്ളറ്റ് തിരിഞ്ഞു. നമ്മളിപ്പോൾ തിരിഞ്ഞില്ലേ…അതാണ് ബസ്റ്റോപ്. ഇവിടന്നു ഒരു നൂറു മീറ്റർ കൂടിയുണ്ട് ഓഫീസിലേക്ക്.

താമസം ശരിയാക്കിയേക്കുന്നതു ഒരു കിലോ മീറ്റർ അപ്പുറത്താണ്. ഒരു പാട്ടു ടീച്ചർ ആണ് ഒറ്റക്കെ ഉള്ളു. ജോയിൻ ചെയ്തു കഴിഞ്ഞു ഫ്രീയാവുമ്പോൾ വിളിച്ചാൽ മതി. ഞാൻ കൊണ്ടാക്കാം. അതുകഴിഞ്ഞാൽ പിന്നെ താനന്ന് പറഞ്ഞപോലെ…ഇനിയൊരു കാണൽ ഉണ്ടാവില്ല.

മിററിലൂടെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെടോ…പറഞ്ഞു പോയതാണ്. അവസാനമായി ഒന്നുടെ ചോദിച്ചോട്ടെ…

നീ എന്നെ മറക്കാൻ വേണ്ടിയെങ്കിലും ഓർക്കാറുണ്ടായിരുന്നോ…?

അതിനു മറുപടി…ഒരു ഏങ്ങലയിരുന്നു. അസ്ഥിനുറുങ്ങുംപോലെയുള്ള കെട്ടിപിടുത്തവും. അതെ, ഇങ്ങനെയാണ് ഇതു അവസാനിക്കേണ്ടത്.

കളങ്കമില്ലാതെ സ്നേഹിക്കു…അതിനെ കാലം ചേർത്തുവെച്ചോളും….

You may also like

Leave a Comment