രചന: ദിവ്യ അനു അന്തിക്കാട്
::::::::::::::::::::::::::::::
ലീവിന് നാട്ടിലേക്കുള്ള വരവാണ്…ട്രെയിനിൽ എന്റെ സീറ്റിന്റെ അടുത്ത് രണ്ടു പെൺകുട്ടികൾ.
അതിൽ ഒരാൾ എന്റെ കൂടെ വന്ന കൂട്ടുകാരനോട് നിറയെ സംസാരിക്കുന്നുണ്ട്. അവനാണേൽ അവളെ കുറെ വർഷം പരിചയമുള്ള ഭാവത്തിൽ കത്തിക്കയറുന്നുണ്ട്. മറ്റേ കുട്ടിയാണേൽ യാതൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു. എന്തോ ആ കുട്ടിയിൽനിന്നു കണ്ണെടുക്കാൻ തോന്നുന്നില്ല.
കൂടെയുള്ളവന്മാരെല്ലാം കളിയാക്കുന്നുണ്ട്. ഇരുന്നു വായ് നോക്കാതെ പോയി പരിചയപ്പെടൂ എന്ന്…പക്ഷെ കേറി മിണ്ടാനും തോന്നുന്നില്ല. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു ഉറങ്ങാനും കിടന്നു. പക്ഷെ എനിക്കെന്തോ ഉറക്കം വരുന്നില്ല…
ഡെൽഹിയിൽനിന്നും കയറിയതെന്നറിയാം. പക്ഷെ എവിടെ ഇറങ്ങുന്നു…എന്തുചെയ്യുന്നു…ഒക്കെ ചോദിക്കണം എന്നുണ്ട്. നാളെ രാവിലെ ചോദിക്കാം എന്നൊക്കെ വിചാരിച്ചു എങ്ങനെയോ നേരം വെളുപ്പിച്ചു. ഒന്നുനോക്കി ചിരിച്ചിരുന്നേൽ പരിചയപ്പെടാമായിരുന്നു…എന്തോ നോക്കുന്നു കൂടിയില്ല…
ഉച്ചയാവാറായി ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ഇന്നൊരു ദിവസം കൂടിയേ ഉള്ളു…നാളെ പുലർച്ച കോയമ്പത്തൂർ ഇറങ്ങാനുള്ളതാണ്. എന്തൊക്കെയോ വിൽക്കാൻ ഉള്ള സാധനങ്ങളുമായി ആളുകൾ കയറി ഇറങ്ങുന്നുണ്ട്. കൂടെയുള്ളവന്മാർ എന്തൊക്കെയോ മറ്റേ പെൺകുട്ടിക്ക് വാങ്ങി കൊടുക്കുന്നുണ്ട്. ഞാൻ മനസ്സിലോർത്തു ദൈവം സഹായിക്കാണേൽ ജീവിതം മുഴുവൻ ഞാനവൾക്കു എന്തും വാങ്ങിക്കൊടുക്കും…
പുലർച്ചെ എല്ലാരും ഉറങ്ങാണ്. എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്താറായി. ഞാൻ അവളുടെ സീറ്റിൽ പതിയെ ചെന്നിരുന്നു. ആ കുട്ടി ചാടിയെഴുന്നേറ്റു…ഒച്ചവെക്കരുത്, എന്റെ പേര് മഹി. ഞാൻ ആർമിയിൽ വർക്കുചെയ്യുവാ…തന്നെ കണ്ടപ്പോ തൊട്ടു എന്തോ ഒരടുപ്പം. ഒന്നും വിചാരിക്കില്ലെങ്കിൽ ഇതാ ഇത് വച്ചോളു എന്റെ ഫോൺ നമ്പർ ആണ്. വിളിക്കും എന്ന് പ്രതീക്ഷിച്ചോട്ടെ…നമ്പർ അവൾ വാങ്ങിയില്ല. അവളുടെ സീറ്റിൽ വച്ചിട്ട് ഞാൻ ഇറങ്ങി…
ജനാലയിൽ കൈവച്ചു ഇറങ്ങുന്ന എന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ മനസ്സിലാക്കി എന്റെ മനസ്സ് ആ ട്രെയിനിൽ നഷ്ടപ്പെട്ടെന്ന്…
ഒരാഴ്ച കഴിഞ്ഞു കോയമ്പത്തൂരിലെ ആവശ്യം കഴിഞ്ഞു വീട്ടിലെത്തിയതും അമ്മ പറഞ്ഞു നിന്നെ ഒരു പെൺകുട്ടി വിളിച്ചിരുന്നു ഫ്രണ്ടാണെന്നാണ് പറഞ്ഞത്…നെഞ്ചിൽ എന്തോ ഒന്ന് സംഭവിക്കുന്നപോലെ…ആ കുട്ടി നമ്പർ വല്ലതും തന്നോ…ഇല്ല നമ്പറൊന്നും തന്നില്ല…
രണ്ടുദിവസം കഴിഞ്ഞു വീണ്ടും ഒരു വിളി വന്നു. ഫോണിനടുത്തു ഇരുന്നതുകൊണ്ട് ഞാൻ ഹലോ പറഞ്ഞു…അതെ എന്റെ മനസ്സുംകൊണ്ടു പോയ പെൺകുട്ടി…ഞാൻ അച്ചുവാണ്. മുഴുവൻപേര് അശ്വതി. ഞാൻ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയി വരുവായിരുന്നു അന്ന്…
ആദ്യം ഇയാളെ വിളിക്കണോ എന്നൊന്നും നിശ്ചയം ഇല്ലായിരുന്നു. പിന്നെ ഇയാളെന്നെ ശ്രദ്ദിക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നു. എനിക്കും തന്റടുത്തു എന്തോ ഒരടുപ്പം പോലെ തോന്നി. പക്ഷെ വഴിയിൽ കാണുന്നവരോടൊക്കെ മിണ്ടുന്നത് ശരിയല്ലല്ലോ എന്ന് കരുതി…
ആ വിളികൾ തുടർന്നു. സൗഹൃദം പുറമെ പറഞ്ഞ പേരെങ്കിലും ഉള്ളിൽ പ്രണയം തന്നെ ആയിരുന്നു. പ്രണയം തുറന്നു പറഞ്ഞിട്ട് വർഷം രണ്ടുകഴിഞ്ഞു. ജോലി സ്ഥലവും മാറ്റം ആയി. പ്രണയം പറഞ്ഞപ്പോൾ അവൾ പറഞ്ഞ ഒരേ ഒരു മറുപടി കളിതമാശയല്ല എന്റെ പ്രണയം…തുടങ്ങുന്നേൽ മരണം വരെ കൂടെ ഉണ്ടാകണം പറ്റുമോ എന്ന്…
എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു. ലീവിന് വന്നു അവളെ കാണാൻ മാത്രം. രണ്ടുവർഷം ഫോണിലൂടെ ഉള്ള ബന്ധം. വടക്കുംനാഥന്റെ മുന്നിൽ അവൾക്കുവേണ്ടിയുള്ള കാത്തിരിപ്പ്…
ദൂരെനിന്നും കണ്ടു ബസ്സിറങ്ങി എന്റരികിലേക്കു നടന്ന് വരുന്നു എന്റെ അച്ചു…ഒരുനിമിഷം പരിസരം മറന്നു. അവളെ നെഞ്ചോടു ചേർത്ത് നെറുകയിൽ ചുംബിച്ചു. ആളുകൾ ശ്രെദ്ദിക്കുന്നതു കണ്ട് അവൾ കുതറിമാറി ആലിന്ചുവട്ടിലേക്കു എന്റെ കൈ പിടിച്ചു നടന്നു. സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാത്ത അവസ്ഥ…
തിരിച്ചുപോവുമ്പോൾ അവളുടെ കലപില സംസാരം മാത്രമായിരുന്നു മനസ്സിൽ…ഇരുവീട്ടുകാരും ഒരുപൊടിക്കു സമ്മതിക്കുന്നില്ല. എന്റെ വീട്ടിൽ ആലോചന കൊടുമ്പിരികൊണ്ടു…വീട്ടുകാരുടെ നിർബന്ധത്തിൽ ഒന്നുരണ്ടു പെണ്ണുകാണാൻ പോയി…പക്ഷെ കാണൽ മാത്രമേ നടന്നുള്ളു…
അവൾക്കും ആലോചനകൾ വരുന്നു. കല്യാണം ഉറപ്പിക്കുന്ന വക്കിലെത്തി…ആ ചെറുക്കനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു അച്ചു…രണ്ടുദിവസം എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിൽ അവളെ അമ്മാവന്മാരെല്ലാം ചേർന്ന് അടിച്ചവശയാക്കി…
എന്റെ വീട്ടിൽ സമ്മതിക്കാത്തതിന് ഒരെഒരുകാരണം അവൾ ദരിദ്രയാണ്. എന്റെ ജോലി കാണിച്ചു സ്ത്രീധനം ഒരുപാട് കിട്ടും എന്നുള്ള അമ്മേടെ മോഹം കാറ്റിൽ പറത്തി, അച്ചുന്റെ വീട്ടിൽ ഒറ്റയ്ക്ക് പോയി പെണ്ണ് ചോദിച്ചു. അവർ എനിക്ക് കണ്ട പോരായ്മ ഞാൻ അവരെ പോലെ തറവാടിയല്ല എന്നുള്ളതാണ്.
ആരും സമ്മതിക്കില്ല എന്നുറപ്പായി…അച്ചുനെ വിളിച്ചിറക്കി കൊണ്ടുപോവാം എന്ന് പറഞ്ഞപ്പോൾ അവളും സമ്മതിച്ചു. പക്ഷെ പട്ടാളത്തിന്റെ കാര്യമല്ലേ വിചാരിക്കുമ്പോൾ ലീവ് കിട്ടില്ലല്ലോ…മൊബൈൽഫോണൊന്നും ഇല്ലാത്തതുകൊണ്ട് വിളിച്ചറിയിക്കാനും പറ്റിയില്ല…
രാവിലെ ഒൻപതുമണിമുതൽ ബസ്റ്റോപ്പിൽ കാത്തിരുന്നു എന്റെ അച്ചു…പരീക്ഷക്ക് വീട്ടിൽനിന്നും ഇറങ്ങിയ ആളാണ്. പരീക്ഷ എഴുതാനും പറ്റിയില്ല. എന്റെ കൂടെ വരാനും പറ്റിയില്ല…തിരിച്ചുവീട്ടിൽ എത്തി ഫോൺ വിളിച്ചു. നിന്ന സ്ഥലത്തൊന്നും ടെലിഫോൺ ബൂത്തില്ലായിരുന്നെന്നു. ലീവിന്റെ പ്രശ്നം പറഞ്ഞപ്പോ അവൾ കരയാനും പ്രശ്നത്തിനും ഒന്നും നിന്നില്ല.
ഞാൻ നാളെ വൈകീട്ടത്തെ ബസ്സിന് ചെന്നൈയിലേക്ക് വരുന്നു, മഹിടെ അടുത്തേക്ക്…ബസ്റ്റോപ്പിൽ കാത്തുനിക്കണം. പറഞ്ഞപോലെ അവൾ വീട്ടിൽനിന്നും ഇറങ്ങി. ബസ് എത്തുന്ന സമയം വ്യക്തമായി അറിയാത്തതുകൊണ്ട് ഡ്യൂട്ടി ഹവീൽദാറിനോട് ഒന്ന് അഡ്ജസ്റ്റുചെയ്തു…ജീവിതപ്രശ്നമാണെന്നു കെഞ്ചി. അദ്ദേഹത്തിന്റെ സ്വന്തം റിസ്‌ക്കിൽ എന്നെവിട്ടു.
രാത്രിയൊൻപതുമണിത്തൊട്ടു ബസ്റ്റോപ്പിൽ ഇരുന്നു. വെളുപ്പിന് അഞ്ചുമണിയായി അച്ചു ബസ്സിറങ്ങി എന്റടുത്തുവന്നതും കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരുപാട് തന്റേടം ഉണ്ടായിട്ടൊന്നുമല്ല ഒരാളെ സ്നേഹിച്ചാൽ അയാളെ കെട്ടണം എന്ന വാശിയാണ് എന്നെ ഇവിടെത്തിച്ചത്.
അച്ചുവിനെ ചേർത്തുപിടിച്ചു മുന്നോട്ടുനടന്നു. ഈ പെണ്ണിനെ നഷ്ടപ്പെട്ടിരുന്നേൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നേനെ…അച്ചുവിന്റെ അമ്മയെ ഫോണിൽ വിളിച്ചുപറഞ്ഞു. തറവാടി ഒന്നുമല്ലെങ്കിലും അമ്മേടെമോളെ പൊന്നുപോലെ നോക്കും ഞാൻ.
വർഷങ്ങൾ പിന്നിട്ടു. ജീവിതം ആരിലും ഒരുപടി ഒരുപടിസന്തോഷം കൂടുതലാണ്. ഇരുവീട്ടുകാർക്കും ഏറെപ്രിയപ്പെട്ടവരാണിന്ന് ഞങ്ങൾ…