അശോകൻ പറഞ്ഞത് കേട്ടതും കല്യാണ ചെക്കനായ ഉണ്ണിയുടെ മുഖത്ത് പൂനിലാവ് ഉദിച്ചതുപോലെ കാണപ്പെട്ടു….

രചന: സുധിൻ സദാനന്ദൻ

——————–

സ്ത്രീധനമായി എന്ത് തരും…?

പെണ്ണ് കാണാൻ വന്ന ചെക്കന്റെ ചോദ്യംകേട്ട് ലക്ഷ്മിയും വീട്ടുകാരും തെല്ലൊന്ന് അമ്പരന്നു. സധാരണ ചെറുക്കന്റെ തലമൂത്ത അമ്മാവനോ കല്യാണ ബ്രോക്കറോ ആയിരിക്കും സ്ത്രീധനത്തെപറ്റി ചോദിക്കല്.

ഇതിപ്പൊ ചെക്കൻ നേരിട്ട്, അതും ഉച്ചത്തിൽ ചോദിച്ചപ്പോൾ എല്ലാവരുടെ മുഖത്തും ആശ്ചര്യം നിറഞ്ഞ് നിന്നിരുന്നു.

തന്റെ ചോദ്യത്തിന് ആരും ഉത്തരം നല്കാത്തതിനാൽ അല്പനേരത്തെ നിശബ്ദതയ്ക്കൊടുവിൽ ചെക്കൻ മൂവാണ്ടൻ മാവിന്റെ തണലിൽ നിർത്തിയിരിക്കുന്ന ലക്ഷ്മിയുടെ അച്ഛൻ അശോകന്റെ ബുള്ളറ്റിലേക്ക് വിരൽ ചൂണ്ടികൊണ്ട് എനിക്ക് ആ ബുള്ളറ്റ് സ്ത്രീധനമായി തരുമോ എന്ന് ചോദിച്ചു.

അശോകൻ ഭാര്യയായ സിന്ധുവിന്റെ മുഖത്തേക്ക് നോക്കി. സിന്ധു, അശോകൻ എന്തായിരിക്കും മറുപടി പറയുക എന്നുള്ള ആകാംക്ഷയിലായിരുന്നു.

ലക്ഷ്മിക്ക് ജാതകദോഷം കാരണം വരുന്ന ആലോചനകളൊന്നും ശരിയായില്ല. സമപ്രായക്കാരുടെ വിവാഹം കഴിഞ്ഞ് കുട്ടികളും ആയി തുടങ്ങി. ലക്ഷ്മിയ്ക്കും എല്ലാവരുടെ മുന്നിലും ഇതുപോലെ ഒരുങ്ങി നിന്ന് മനസ്സിൽ മടുപ്പ് തുടങ്ങിയിരുന്നു.

നിശബ്ദതയെ കീറിമുറിച്ച് ഉറച്ച ശബ്ദത്തിൽ അശോകൻ പറഞ്ഞു…എനിക്ക് ആണായിട്ടും പെണ്ണായിട്ടും ദാ ഇവൾ മാത്രേ ഉള്ളൂ. എനിക്ക് ഉള്ളതെല്ലാം അവൾക്ക് തന്നെയാണ്. ലക്ഷ്മിയുടെ പ്രായം തന്നെയാണ് ദാ അവനും എന്ന് പറഞ്ഞ് അശോകൻ മാവിൻ ചുവട്ടിലേക്ക് ഒന്ന് നോക്കി നെടുവീർപ്പിട്ട് തുടർന്നു…

ലച്ചുവിനെ അവളുടെ അമ്മ പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപാണ് ഞാനിവനെ വാങ്ങുന്നത്. പറയാൻ നിന്നാൽ ഒരുപാട് ഉണ്ട്.

സമ്മതം…കല്യാണ ദിവസം ഞാൻ എന്റെ പടക്കുതിരയെ നിന്നെ ഏൽപ്പിക്കും. അത് പോരെ…

അശോകൻ പറഞ്ഞത് കേട്ടതും കല്യാണ ചെക്കനായ ഉണ്ണിയുടെ മുഖത്ത് പൂനിലാവ് ഉദിച്ചതുപോലെ കാണപ്പെട്ടു.

കുട്ടിയെ ശരിക്കും നോക്കിക്കോളൂ ഉണ്ണി…ഇനി കണ്ടില്ലെന്ന് പരാതി പറയരുത്ട്ടോ…ബ്രോക്കർ അത് ഉണ്ണിയുടെ ചെവിയിൽ പറയുമ്പോഴും ഉണ്ണിയുടെ ദൃഷ്ടി പതിച്ചിരുന്നത് ലക്ഷ്മിയുടെ മുഖത്തായിരുന്നില്ല, ഇലകൾക്കിടയിലൂടെ സൂര്യരശ്മികൾ പതിച്ച് തിളങ്ങുന്ന ബുള്ളറ്റിലായിരുന്നു.

കൺചിമ്മി തുറക്കുന്ന നേരം കൊണ്ട് വിവാഹ നിശ്ചയവും വിവാഹവും കഴിഞ്ഞു. ലക്ഷ്മി അശോകൻ എന്നത് ലക്ഷ്മി ഉണ്ണികൃഷ്ണനായി പരിണാമം സംഭവിച്ചു.

വിവാഹ ചടങ്ങുകളും മറ്റും കഴിഞ്ഞ് മുറ്റത്തിരിക്കുന്ന, ഇനി മുതൽ തന്റെ സ്വന്തമായ ബുള്ളറ്റിന്റെ ടാങ്കിൽ വിരലുകളാൽ ഒന്ന് തടവി ഉണ്ണി മണിയറയിലേക്ക് നടന്ന് നീങ്ങി. കുറച്ചു നേരത്തിന് ശേഷം ഒരു ഗ്ലാസ്സ് പാലുമായി ലക്ഷ്മിയും മുറിയിലെത്തി.

പാൽ നിറഞ്ഞ ഗ്ലാസ്സ് മേശയ്ക്കു മുകളിൽവെച്ച് തിരികെ ചെന്ന് മുറിയുടെ വാതിലടച്ച് പതിയെ കിടക്കയിൽ വന്നിരുന്നു. ലക്ഷ്മിയെ കാത്തിരുന്ന ഉണ്ണി, പതിയെ അവളുടെ അരികിലേക്ക് ചേർന്നിരുന്നു.

ഉണ്ണി പതിയെ ലക്ഷ്മിയുടെ കൈവിരലുകളിൽ തൊട്ടപ്പോൾ ലക്ഷ്മി കട്ടിലിൽ നിന്നും ചാടി എണീറ്റ് ഉണ്ണിയ്ക്ക് അഭിമുഖമായി നിന്നു. എന്റെ ശരീരത്തിലെങ്ങാനും തൊട്ടാൽ തന്റെ കൈ ഞാൻ തല്ലി ഒടിക്കും…

ഇത്രയും ഉണ്ണിയോടായി പറഞ്ഞ് ലക്ഷ്മി കോപത്തിൽ പല്ലിറുമ്മി കണ്ണുകൾ പുറത്തേക്ക് തുറിപ്പിച്ചു ഉണ്ണിയെ ഭയപ്പെടുത്തി. ലക്ഷ്മിയിൽ പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് ഉണ്ണി പേടിച്ച് എന്തോ പിറുപിറുത്ത് കൊണ്ട് കട്ടിലിന്റെ മൂലയിൽ പോയി നിന്നു.

എന്താടോ പിറുപിറുക്കുന്നേ…പറയാനുള്ളത് ഉച്ചത്തിൽ പറയടോ എന്നായി ലക്ഷമിയുടെ ആവശ്യം. ഉണ്ണി ഭയന്ന് വിറച്ച്…അത് പിന്നേ…ഞാൻ നിന്റെ ഭർത്താവ് അല്ലേ…ഞാൻ നിന്നെ സ്പർശിച്ചാൽ എന്താ കുറ്റം…എന്ന് ഒരു വിധത്തിൽ ഉണ്ണി പറഞ്ഞ് ഒപ്പിച്ചു.

ലക്ഷ്മി, ഉണ്ണിയുടെ അടുത്തേക്ക് പാഞ്ഞ് എത്തി…തനിക്ക് തൊടാൻ അത്ര മോഹം ഉണ്ടെങ്കിൽ പുറത്തിരിക്കുന്ന ബുള്ളറ്റിനെ പോയി കെട്ടിപിടിച്ചോ…ബുള്ളറ്റിനെ അല്ലേ താൻ പെണ്ണ് കാണാൻ വന്നത്, എന്നെ ഒന്ന് നോക്കുക പോലും ചെയ്തോ, തനിക്ക് വേണ്ടത് എന്നെ അല്ല ബുള്ളറ്റിനെ ആയിരുന്നു.

എന്നെ തൊടാനോ മറ്റോ വന്നാൽ ഞാൻ കളരി പഠിച്ചിട്ടുണ്ടെന്ന് അറിയാലോ, മർമ്മത്തിനിട്ട് ഇടി കിട്ടും. എന്റെ കൂടെ കിടക്കണ്ട താഴെ പായ വിരിച്ച് കിടന്നാൽ മതിയെന്നും പറഞ്ഞ് ലക്ഷ്മി ചാടി കയറി കട്ടിലിൽ കിടന്നു.

കുറച്ചു നേരം നടന്നതൊന്നും വിശ്വസിക്കാനാവാതെ ഉണ്ണി അവിടെ അങ്ങനെതന്നെ നിന്നു. പിന്നെ താഴെ ഒരു പായ വിരിച്ച് കിടന്നുറങ്ങി.

സിന്ധുവിന്റെ ആവശ്യപ്രകാരം രാവിലെ രണ്ടാളും കൂടി ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിലെ പോവുന്ന വഴിയിൽ ലക്ഷ്മിയുടെ വിരലിൽ പോലും ഉണ്ണി തൊട്ടില്ല. പകൽ ഒരുവിധം തീർന്നു.

ഇനി ഇന്ന് രാത്രി എന്താവും ഉണ്ടാവുക എന്നറിയാതെ ഭയത്തോടെ ഉണ്ണി മട്ടുപ്പാവിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേ ഇരുന്നു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. അവൻ അത് നോക്കി നില്ക്കുമ്പോൾ ലക്ഷ്മി അവിടെ വന്നു.

തന്റെ ബുള്ളറ്റ് താഴെ അതാ മഴ കൊള്ളുന്നു…പോയി അതിനെ പുതപ്പിക്ക്, അല്ലെങ്കിൽ ബുള്ളറ്റിന് പനി പിടിക്കും…പുച്ഛത്തോടെ അവളത് പറയുമ്പോൾ ഉണ്ണി തല താഴ്ത്തി നിന്നു.

മുറിയിൽ കയറി, ഉണ്ണി താഴെ പായ വരിക്കുന്നത്കണ്ട ലക്ഷ്മി, ഉണ്ണിയെ നോക്കി കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ അവിടെ വന്നിരുന്നു.

ബുള്ളറ്റ് മഴ കൊള്ളുന്നത് കണ്ടിട്ട് എന്തേ താഴെ പോവാഞ്ഞത് എന്ന ലക്ഷ്മിയുടെ ചോദ്യത്തിന്, എനിക്ക് ആ ബുള്ളറ്റ് വേണ്ട എന്നവൻ തല താഴ്ത്തി പറഞ്ഞു…

അപ്പൊ എന്നെയോ…എന്നെയും വേണ്ടേ…എന്നുള്ള ലക്ഷ്മിയുടെ മറുചോദ്യത്തിന് വേണം എന്ന അർത്ഥത്തിൽ ഉണ്ണി തല ഉരുവശങ്ങളിലേക്ക് ചെരിച്ച് കാണിച്ചു.

ലക്ഷ്മി അത് കണ്ട് പതിയെ ശബ്ദം പുറത്ത് വരാതെ ചിരിച്ച്, ഉണ്ണിയുടെ കൈളിൽ തൊട്ടപ്പോൾ ഉണ്ണി ഭയന്ന് കൈ പുറകോട്ട് വലിച്ചു. ലക്ഷ്മി പതിയെ അവന്റെ താടി പിടിച്ച് ഉയർത്തി. ഇനി മുതൽ എന്റെ ഒപ്പം ഉണ്ണിയേട്ടൻ കട്ടിലിൽ കിടന്നോട്ടോ…

ലക്ഷ്മി പറഞ്ഞത് വിശ്വസിക്കാനാവാതെ ഉണ്ണി കണ്ണ് മിഴിച്ച് ലക്ഷ്മിയെ നോക്കി. ഭയന്ന് ഭയന്ന് ലക്ഷ്മിക്ക് അരികിൽ അകലംപാലിച്ച് കിടക്കുന്ന ഉണ്ണിയുടെ ചെവിയിൽ ലക്ഷ്മി പറഞ്ഞു…

എനിക്ക് ഇടിമിന്നൽ ഭയങ്കര പേടിയാ എന്നെ കെട്ടിപിടിച്ച് കിടക്കുമോ ഉണ്ണിയേട്ടാ എന്ന്…പറഞ്ഞു തീരുമ്പോഴേക്കും ഒരു ശക്തമായ ഇടിമിന്നിൽ ഭൂമിയിൽ പതിച്ചു.

ഇറുക്കിയടച്ച കണ്ണുകൾ ലക്ഷ്മി തുറക്കുമ്പോൾ ലക്ഷ്മി കിടക്കുന്നത് ഉണ്ണിയുടെ നെഞ്ചിലായിരുന്നു.

അമ്പടാ ബുള്ളറ്റ് കൊതിയാ…എന്നവൾ ഉണ്ണിയുടെ ചെവിയിൽ പറയുമ്പോൾ ഒരു ചെറു ചിരിയോടെ ഉണ്ണി, ലച്ചുവിന്റെ കവിളിൽ ചുണ്ടുകളാൽ പുതിയൊരു കാവ്യം രചിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *