അവൻ്റെ സന്തോഷം നിമിഷ നേരം കൊണ്ട് രൗദ്രത്തിലേക്ക് വഴി മാറി…എടീ ഷീലേ നീ എന്നാത്തിനാടി കിടന്നു മോങ്ങുന്നേ…

by pranayamazha.com
15 views

സ്നേഹക്കടൽ…

രചന: ശാരിലി
———————

രാവിലെ ചായക്കടയിൽ പോയ കേശു ശരവേഗത്തിൽ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെ അംഗങ്ങളെയെല്ലാം ഒന്നു ഞെട്ടിപ്പിക്കാമെന്ന് വച്ചു കതകു തുറന്നപ്പോൾ അമ്മയുണ്ടടാ താടിക്ക് കൈയ്യും കൊടുത്ത് സോഫയിൽ ഇരിപ്പുണ്ട്. കെട്ടിയോള് തൊട്ടടുത്തായി പൂങ്കണ്ണീര് ഒലിപ്പിച്ചു നിൽപ്പുണ്ട്.

ശബ്ദമില്ലാത്ത കരച്ചിലായിരുന്നാലും കണ്ണീരിന് ക്ഷാമമുണ്ടായിരുന്നില്ല. സാരിത്തലപ്പിന് മേലേയും കീഴേയും ഇറങ്ങാനേ സമയമുണ്ടായിരുന്നുള്ളൂ. ശ്ശെടാ ഇതു നല്ല കൂത്ത് ഒരു സന്തോഷ വാർത്ത പറയാമെന്ന് വെച്ചാൽ വീട് മുഴുവനും ശോകമാണല്ലോ…

അവൻ്റെ സന്തോഷം നിമിഷ നേരം കൊണ്ട് രൗദ്രത്തിലേക്ക് വഴി മാറി…എടീ ഷീലേ നീ എന്നാത്തിനാടി കിടന്നു മോങ്ങുന്നേ…നിൻ്റെയാരെങ്കിലും ച-ത്തോ…

രോക്ഷത്തോടെയുള്ള അവളുടെ നോട്ടത്തിൽ മനസ്സിന് ചെറിയ തളർച്ചയായതു പോലെ തോന്നിയവന്…പറയാൻ വന്ന കാര്യം വിട്ടു പോകുമോ എന്നു വരെ തോന്നിപ്പോയി…

അധികം രോഷം പുറത്തെടുത്താൽ ചെറുപ്പത്തിലെ കേട്ടു മറന്ന തെറി പാട്ടുകൾ ഷീല പാടി കേൾപ്പിക്കുമെന്നവന് നന്നായി അറിയാമായിരുന്നു. നിശബ്ദമായ അന്തരീഷത്തിന് ഒരു പരീക്ഷണം കൂടിയാകാം എന്നു മനസ്സിൽ കരുതി കൊണ്ട് ശബ്ദം അൽപ്പം താഴ്ത്തികൊണ്ടു വീണ്ടും ചോദിച്ചു…

“ശാന്തേടെ കെട്ടിയോൻ സുബ്രൻ പോയതിന് നിങ്ങൾ എന്തിനാ വിഷമിച്ചിരിക്കണേ. അവൻ്റെ ശല്യം ഒഴിഞ്ഞുന്ന് കൂട്ടിയാൽ മതി…ഇനി ക-ള്ളും കുടിച്ചുവെന്ന് ആ പെണ്ണിനെ തെറി പറയില്ലല്ലോ…നമുക്കും സമാധാനമായി കിടന്നുറങ്ങുകയും ചെയ്യാം.”

അതു വരെ നിശബദയായിരുന്ന ഷീല പെട്ടന്ന് ഭ-ദ്രകാ-ളിയുടെ അവതാരമെടുത്ത് അവൻ്റെയടുത്തേക്ക് തുള്ളികൊണ്ടു ചെന്നു.

“അപ്പോ കേട്ടതെല്ലാം സത്യമാണ് അല്ലേ…അവളെ ചീ-ത്ത വിളിക്കുമ്പോൾ നിങ്ങൾക്ക് എന്നാത്തിനെ പൊള്ളുന്നേ…?”

“ശാന്ത ചോറുണ്ടുട്ടാവില്ല…അവൾക്ക് നല്ല ഒരു സാരിയില്ല, അവരുടെ വീട്ടിൽ പട്ടിണിയാണ്, എന്തൊക്കെയായിരുന്നു…ഇപ്പോൾ സമാധാനമായില്ലേ നിങ്ങൾക്ക്….ഇരുമ്പുലക്ക പോലെ ഞാനിവിടെ നിൽക്കുമ്പോൾ അവളുടെ അടുത്തേക്ക് എന്തു കിട്ടുമെന്ന് കരുതിട്ടാ നിങ്ങള് പോയേ…”

ഷീലയുടെ വാക്കുകളിലെ ദ്വയാർത്ഥം മനസ്സിലാക്കാതെ അമ്മയുടെ മുഖത്തും അവളുടെ മുഖത്തും മാറി മാറി അവൻ നോക്കി കൊണ്ടിരുന്നു. ചെറിയ ഇടവേളകൾ അവൾ നൽകിയത് കൂടുതൽ കൂടുതൽ ശക്തിയോടെ സംസാരിക്കാനായിരുന്നുവെന്ന് പിന്നീടാണവന് മനസ്സിലായത്.

“നിങ്ങൾ എന്നാത്തിനാ മനുഷ്യ അമ്മയെ നോക്കുന്നേ…ഈ ത-ള്ളയാണോ നിങ്ങൾക്കിതിനെല്ലാം കൂട്ടുനിന്നേ…”

എതിർത്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഗുഡ്സ് ടെയിൻ പോലെ ഇതിങ്ങിനെ പോയി കേണ്ടേയിരിക്കും. ധൈര്യം ഉണ്ടായിട്ടല്ല, അമ്മ തെട്ടടുത്തിരിക്കുന്ന ഒറ്റ കാരണത്താൽ എവിടെ നിന്നോ കുറച്ച് ധൈര്യം സംഭരിച്ചവൻ ചോദിച്ചു…

ഷീലേ, നിനക്ക് എന്നാത്തിൻ്റെ കേടാ…ച-ത്ത സുബ്രൻ്റെ പ്രേതമെങ്ങാനും നിൻ്റെ ദേഹത്ത് കൂടിയോ…? ചിരിച്ചുകൊണ്ടാണവൻ അവളോട് ചോദിച്ചത്.

ബാധ ആരുടെ ദേഹത്താ കൂടാൻ പോകുന്നതെന്ന് ഇപ്പോൾ അറിയാം. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് അവരിപ്പോൾ എത്തും.

ഇതു നല്ല കൂ-ത്ത്…അവരുടെ വീട്ടിൽ ആരെങ്കിലും ചത്തതിന് ഞാൻ എന്തിനു പേടിക്കണം…?

ചിരിച്ചോ നന്നായി ചിരിച്ചോ…പോലീസിൻ്റെ ഇടികൊള്ളുമ്പോഴും മുഖത്ത് ഈ ചിരി വേണം.

പെട്ടന്നാണ് ചിരിയെല്ലാം അസ്തമിച്ചത്. അവൾ പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് അവനു മനസ്സിലായി. ഇല്ലങ്കിൽ ഇത്രയും അവൾ സംസാരിക്കില്ലായിരുന്നു. അവൻ പതിയെ അമ്മയുടെ അടത്ത് ചെന്നിരുന്നു കൊണ്ടു ചോദിച്ചു…എന്താ അമ്മേ കാര്യം…?

അമ്മ അവളുടെ മുഖത്തേക്ക് നോക്കി സമ്മതം വാങ്ങി കൊണ്ടു പറഞ്ഞു…മോനെ നീ എന്നോടെങ്കിലും സത്യം പറ. അമ്മയും അതേ ചോദ്യം തന്നെയാണ് എടുത്തിട്ടത്.

കാരണമറിയാതെ ഞാനെങ്ങിനെയാ അമ്മേ സത്യം പറയാ…നിനക്കറിയോ സുബ്രൻ എങ്ങിനെയാ ച-ത്തെതെന്ന്…?

ഇല്ല…ഞാൻ ചായ പീടികയിൽ ചെന്നപ്പോൾത്തന്നെ കേട്ടു, സുബ്രൻ ച-ത്തു…കേശുന് ഇനി പേടിക്കേണ്ട എന്ന്…അതു കേട്ടതും ഞാനവിടെ നിന്ന് ഓടി നിങ്ങളോട് പറയാൻ വേണ്ടി.

സുബ്രൻ ച-ത്തതല്ല. കൊ-ന്നതാ…

ആര്…?

ശാന്ത…

എൻ്റെ ഈശ്വരാ…അവൾക്ക് അതിനു മാത്രം ധൈര്യം ഉണ്ടായിരുന്നോ…?

അവളുടെ ധൈര്യം നിങ്ങളല്ലേ…അപ്പോൾ നടന്നില്ലങ്കിലേ അത്ഭുതമുള്ളൂ…നിശബ്ദമായി കേട്ടുകൊണ്ടിരുന്നതിനിടയിലേക്കവളുടെ ഗർജജനം വീണ്ടും അലയടിച്ചു.അതു ശ്രദ്ധിക്കാതെയവൻ അമ്മയുടെ അടുത്ത വാക്കുകൾക്കായി ആകാംഷയോടെ കാതോർത്തിരുന്നു…

ഇന്നലെ രാത്രി പണി കഴിഞ്ഞു വന്നപ്പോൾ അവൾ അവനോട് പറഞ്ഞുവത്രേ…നിങ്ങൾ ഒരച്ചനാകാൻ പോകുന്നുവെന്ന്…അതു കേട്ടതും അവൻ കലിതുള്ളി അവളെ ആക്രമിച്ചു. കേശു ഇവിടെ വരണതും പോണതും എനിക്കറിയാം. വല്ലവൻ്റേയും ഗർഭം എൻ്റെ തലയിൽ കെട്ടിവെക്കാൻ നോക്കാണോടി എന്നു പറഞ്ഞ് ഉന്തും തള്ളുമായി. മൽപിടുത്തതിനിടയിൽ ശാന്ത അവനെ പിടിച്ചൊന്നു തള്ളി. ചെന്നു വീണത് കട്ടിളപടിയിൽ…ക-ളളു കുടിച്ച് ബോധം പോയതാണെന്നാണ് എല്ലാവരും കരുതിയെ…രാവിലെ നാരായണി ഇവിടെ വന്നു പറഞ്ഞപ്പോഴാണ് ഞങ്ങളീ ക്കാര്യം അറിയുന്നത്…അവർ പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.എൻ്റെ യമ്മേ…എനിക്കതിന് കഴിവുണ്ടേൽ ആദ്യം ഇവളല്ലേ പെറേണ്ടത്. എന്നിട്ടല്ലേ…അവള്…ദൈവം അവൾക്കൊരു ഉണ്ണിയെകൊടുത്തതിന് ഞാൻ എങ്ങിനെയാ…അവൻ്റെ കണ്ണുകൾ നിറയുന്നതു കണ്ടപ്പോൾ അവൾ ഓടി വന്ന് അവൻ്റെ അടുത്തിരുന്നു.

കേശു വേട്ടാ…എല്ലാവരും പറഞ്ഞപ്പോൾ…എൻ്റെ സമനില തെറ്റി. അതു കൊണ്ടാ ഞാനിങ്ങിനെയൊക്കെ പറഞ്ഞത്.

സാരമില്ല ഷീലേ…എനിക്കു മോളായിട്ടു നീയും നിനക്ക് മോനായി ഞാനും ഉള്ളപ്പോൾ നമുക്കെന്തിനാ ഇനിയൊരുണ്ണി…ചിലപ്പോൾ ദൈവം നമ്മുടെ സ്നേഹം കണ്ടു അസൂയപ്പെട്ടിട്ടാകും നമുക്ക് ഒരുണ്ണിയെ തരാതിരുന്നത്…

അവളുടെ കയ്യും പിടിച്ചവൻ മുറിയിലേക്ക് നടക്കുമ്പോൾ തൻ്റെ മകൻ്റെ നെഞ്ചിലെ വേദനയോർത്ത് ആ അമ്മ കണ്ണീർ പൊഴിക്കുകയായിരുന്നു.

You may also like

Leave a Comment