Story By Manju Jayakrishnan
====================
“എന്റെ അമ്മ എന്റെ മാത്രാ…. വേറെ ആർക്കും ആ സ്നേഹം പങ്കു വയ്ക്കാൻ ഞാൻ സമ്മതിക്കില്ല “
ഒരു എട്ടു വയസ്സുകാരിയുടെ ഉറച്ച വാക്കുകൾ ആയിരുന്നു അത്…
ഉമ്മറത്തിരുന്നു ചായ കുടിച്ചവരുടെ മുഖം ഇഞ്ചി കടിച്ച പോലെ ആയി…
“അസത്തു….. തന്തേ കൊന്നിട്ട് ഇപ്പൊ തള്ളേടെ ജീവിതം നശിപ്പിക്കാൻ വന്നേക്കുന്നു “
അമ്മാവന്റെ വാക്കുകൾക്കും എന്റെ വാശി കെടുത്താൻ തക്ക ശക്തി ഇല്ലായിരുന്നു..
ഞാൻ വയറ്റിൽ ആയിരിക്കുമ്പോൾ ആണ് ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അച്ഛൻ മരിക്കുന്നത്… അതെന്റെ ജാതകദോഷമാണെന്ന് വിധി എഴുതാൻ എല്ലാവരും മത്സരിക്കുന്നത് പോലെ തോന്നി…. അച്ഛൻ പോയ ശേഷം അമ്മ തറവാട്ടിലേക്കു പോന്നെങ്കിലും അവിടെയും ഞാൻ അപശകുനം ആയി
“കുട്ടിയല്ലേ… പോട്ടെ “
എന്ന് ഉമ്മറത്തിരുന്നു കട്ടിക്കണ്ണടയുള്ള ആള് പറഞ്ഞെങ്കിലും ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി…
ഒരു ചിരി എനിക്ക് സമ്മാനിച്ചു എങ്കിലും ഞാൻ മുഖം തിരിച്ചു
“ഇതാടീ നിന്റെ അമ്മയെ…. മോൾക്ക് അച്ഛാ എന്ന് വിളിക്കാം “
അമ്മായി പറഞ്ഞുവെങ്കിലും
“എന്റെ അച്ഛൻ ചത്തു പോയതാ…”
എന്ന് പറഞ്ഞു ഞാൻ അമ്മായിടെ കൈ തട്ടിമാറ്റി
“തന്ത ഇല്ലാത്തോണ്ട് ലാളിച്ചു വഷളാക്കി… ഇവളെ കെട്ടിച്ചു വിട്ടാൽ ഞാൻ ശരിയാക്കി എടുത്തോളാം അസത്തിനെ “
എന്ന് അമ്മാവൻ പറഞ്ഞു നിർത്തി
“എനിക്ക് ആശയെ മാത്രം അല്ല… ഈ കുഞ്ഞിനേയും വേണം “
അയാൾ പറഞ്ഞത് കേട്ടു എങ്കിലും ഞാൻ അടങ്ങിയില്ല. അപ്പൊ കയ്യിൽ കിട്ടിയത് മെറ്റിലിന്റെ മുഴുത്ത കഷ്ണം ആണ്…അതു ഞാൻ അയാൾക്കെതിരെ എറിഞ്ഞു… ഒട്ടും ലക്ഷ്യം തെറ്റാതെ അയാളുടെ നെറ്റി പൊട്ടി ചോര വാർന്നോഴുകി..
അമ്മാവൻ വടിയുമായി ഇറങ്ങി എങ്കിലും അയാൾ വേണ്ടാ എന്ന് ആംഗ്യത്തിൽ കാട്ടുന്നുണ്ടായിരുന്നു
“അമ്മ ഈ കല്യാണത്തിന് സമ്മതിച്ചാൽ എങ്കിൽ ഞാൻ അമ്മച്ചിപ്പുഴയിൽ ചാടും “
ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു..
“നല്ല ആളാ….നമുക്ക് പോകാടീ…എന്നെ ഒരുപാട് ഇഷ്ടായിരുന്നു… സാമ്പത്തികം പറഞ്ഞു അന്ന് എല്ലാവരും കൂടി ആ പാവത്തിനെ ഓടിച്ചു “
എന്ന് അമ്മ പറഞ്ഞെങ്കിലും ഞാൻ വിട്ടുകൊടുത്തില്ല
പനിയും പട്ടിണിയും കൊണ്ട് ഞാൻ എല്ലാവരെയും തോൽപിച്ചു
അധികനാൾ അമ്മാവന്റെ വീട്ടിൽ നിൽക്കാൻ കഴിയാതെ ഞാനും അമ്മയും അച്ഛന്റെ വീട്ടിലേക്കു പോയി…അച്ഛൻ ഉണ്ടായിരുന്നപ്പോൾ അമ്മയെ ദ്രോഹിച്ചിരുന്ന അച്ഛമ്മയുടെയും മുത്തച്ഛന്റെയും ദ്രോഹം പതിന്മടങ്ങു വർധിച്ചു
“കാലൻ… ഇവളാ എന്റെ മോനെ കൊന്നത് “
എന്ന് പറഞ്ഞു എനിക്കെതിരെയും അവർ ശാപവാക്കുകൾ ചൊരിഞ്ഞു….
വീട്ടിലെ മുഴുവൻ പണിയും ചെയ്തു തൊഴിലുറപ്പിനു പോയി അമ്മ എന്നെ പഠിപ്പിച്ചു… അമ്മയുടെ കൂട്ടുകാരി വിദ്യാന്റി ആയിരുന്നു അമ്മയ്ക്കുള്ള സപ്പോർട്ട്…
“ഈ കൊച്ചു വലുതാകുമ്പോൾ ഇങ്ങു തന്നേര്.. എന്റെ ചെക്കനെക്കൊണ്ട് ഞാൻ കെട്ടിച്ചോളാം “
എന്ന് പറഞ്ഞു ആന്റി എന്റെയും നന്ദേട്ടന്റെയും ഉള്ളിൽ പ്രണയം നിറച്ചു..
നല്ല കോഴ്സിന് പഠിക്കാൻ ഒക്കെ അമ്മ എങ്ങനെയോ കാശ് ഒപ്പിച്ചു….
അച്ഛമ്മ മരിച്ചതോടെ മുത്തച്ഛനും കിടപ്പിലായി..
ഒടുവിൽ ഞങ്ങളുടെ കല്യാണം തീരുമാനിച്ചു… അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയെ മാറ്റി മറിച്ചു ആന്റി പറഞ്ഞു
“രണ്ടോ മൂന്നോ ദിവസം മോളു ഇവിടെയോ ആശ അവിടെയോ വന്നു നിൽക്കട്ടെ.. സ്ഥിരമായി അങ്ങനെ ഒരുഏർപ്പാട് ശരിയാവില്ല… ഞങ്ങൾക്ക് അവൻ മാത്രെ ഉള്ളൂ… അവർക്കവിടെയും നില്കാൻ പറ്റില്ല “
ഞാൻ ആകെ വിഷമത്തിലായി..
ഒരു ഭാഗത്തു സ്വന്തം ജീവിതം കളഞ്ഞു കൂടെ നിന്ന അമ്മ ആണ്… ഞാൻ ആയിട്ട് ഇല്ലാതാക്കിയ ജീവിതം എന്ന് കൂടി പറയണം…മറുഭാഗത്തു ചങ്കിൽ കൊണ്ട പ്രണയവും
“മോളു നന്ദന്റെ കൂടെ പോയി സുഖമായി ജീവിക്കു…. അമ്മ ഇവിടെ നിന്നോളാം “
എന്ന് കൂടി പറഞ്ഞപ്പോൾ എന്റെ കുറ്റബോധം വല്ലാതെ വേട്ടയാടാൻ തുടങ്ങി
എന്റെ വിദ്യാഭ്യാസത്തിനു പോലും അയാളുടെ സഹായമുണ്ടായിരുന്നു എന്ന് നന്ദേട്ടനിൽ നിന്നും മനസ്സിലാക്കി അയാളെ തിരഞ്ഞിറങ്ങി.
ഒറ്റപ്പെട്ടു ജീവിക്കുന്ന അയാളുടെ ജീവിതം എന്റെ ഉള്ളൂലച്ചു…
“നീ തന്ന സമ്മാനട്ടോ നെറ്റിയിൽ..” എന്ന് പറഞ്ഞു ഒട്ടും ദേഷ്യമില്ലാതെ സംസാരിച്ചപ്പോൾ ആ മനസ്സ് ഞാൻ വായിച്ചു
“തെറ്റ് പറ്റിപ്പോയി “
ഞാൻ സ്വയം പറഞ്ഞു..
“നീ പോയി കണ്ടോ… മാപ്പ് പറഞ്ഞോ… അതിനപ്പുറം ഒന്നും ചിന്തിക്കേണ്ട… വയസാം കാലത്തു അമ്മയ്ക്ക് തുണയുണ്ടാക്കിക്കൊടുക്കാൻ നടന്നാൽ ഞാനും എന്റെ വീട്ടുകാരും അംഗീകരിക്കില്ല “
അതായിരുന്നു നന്ദേട്ടന്റെ വാക്കുകൾ..
സ്വന്തം പ്രണയത്തെക്കാൾ വലുതാണല്ലോ ഉത്തരവാദിത്തം.ഒരിറ്റു കണ്ണീരോടെ എന്റെ പ്രണയത്തെ ഞാൻ നെഞ്ചിലടക്കി ..
ഞങ്ങൾക്ക് താങ്ങായി തണലായി ആ കട്ടിക്കണ്ണടക്കാരൻ വൈകി ആണെങ്കിലും വന്നെത്തി…