പ്രണയാർദ്രമായ്‌ അടച്ച കണ്ണുകൾ ഒരു ചുംബനം കൊണ്ടു തുറക്കുവാൻ കാത്തു നിന്ന അവനു മുൻപിൽ….

by pranayamazha.com
11 views

കടുംകാപ്പി

രചന: ഹൈറ സുൽത്താൻ

~~~~~~~~~~~~~~

ചായ..ചായേയ്…

പൂമുഖത്തു പത്രവും നിവർത്തി അതിരാവിലെ തന്നെ ഉറക്കച്ചടവിൽ ചാരുകസേര യിൽ ആസനമമർത്തി ഇരുന്നു കൊണ്ടു ആദി വിളിച്ചു കൂവി.

ഉമ്മ്…ഇപ്പോൾ കൊണ്ട് വരാം ആദിയേട്ടാ…അകത്തു നിന്നും മൃദുലമാർന്ന ശബ്ദത്തിൽ അവളുടെ കിളിനാദം ഉയർന്നു. അവളുടെ മൃദുല ശബ്ദം കേട്ടതും പുഞ്ചിരിയോടെ ആദി പത്രം ചുരുക്കി, ആവി പറക്കുന്ന നല്ല കണ്ണൻ ദേവൻ മണമുള്ള ചായ നിറഞ്ഞ കപ്പ് അവന്റെ താടിക്കു ചുവട്ടിലേക്ക് അവളുടെ മൃദുലമാർന്ന വെളുത്തു മെലിഞ്ഞ വിരലുകൾ കൊണ്ടു നീട്ടിപിടിച്ചു നില്കുന്നത് അവൻ മനസ്സിൽ കണ്ടു.

ചായ…അവളുടെ സാമീപ്യം അറിഞ്ഞതും മൃദു മന്ദഹാസത്തോടെ കണ്ണടച്ച് കൊണ്ട്, അവൾ നീട്ടിയ ചായക്കപ്പിലെ ചൂടാവിയുടെ സുഗന്ധം നാസികയിലേക്ക് വലിച്ചെടുത്തു കൊണ്ടു, സ്വപ്നം കണ്ടകണക്ക് സ്ത്രീത്വം വിളങ്ങുന്ന, കുളിച്ചു ഈറനണിഞ്ഞു തുളസിക്കതിർ കൂന്തലിൽ ഒളിപ്പിച്ച തന്റെ പ്രിയസഖിയുടെ കവിളിൽ ഒരു ചുടു ചുംബനം നൽകാൻ ഇരുന്ന ഇരിപ്പിടത്തിൽ നിന്നും അവൻ പതിയെ എഴുന്നേറ്റു വന്നു…

പക്ഷെ…എത്ര അകത്തേക്ക് വലിച്ചിട്ടും ആവിയുടെ ഗന്ധം അവന്റെ നാസികയിലെത്തിയില്ല…വലിച്ചു വലിച്ചു മണം പിടിച്ചു കൊണ്ടവൻ അവളുടെ മുഖം വരെ എത്തി നിന്നു. ആവാഹിച്ച ഗന്ധത്തിനു പകരം മറ്റൊരു ഗന്ധം…ടൂത്തുപേസ്റ്റിന്റെ…

പ ട്ടി മണം പിടിക്കുന്ന കണക്ക് അവൻ വീണ്ടും വീണ്ടും മണം പിടിച്ചു. അവളുടെ ചുടുശ്വാസം പേസ്റ്റിന്റെ ഗന്ധം കലർന്ന് കൊണ്ടു അവന്റെ മൂക്കിലേക്ക് കയറിയപ്പോൾ അവൻ കണ്ണു തുറന്നു. എന്റമ്മേ…

പ്രണയാർദ്രമായ്‌ അടച്ച കണ്ണുകൾ ഒരു ചുംബനം കൊണ്ടു തുറക്കുവാൻ കാത്തു നിന്ന അവനു മുൻപിൽ സത്വം കണക്കെ പതയൊലിപ്പിച്ചു കണ്ണു തുറുപ്പിച്ചു, ഒരു സൈഡിൽ ബ്രഷ് ചെരിച്ചു കടിച്ചു പിടിച്ചു നിൽക്കുന്ന ഗൗരിയെ കണ്ടതും അവൻ പിന്നോട്ടു ഞെട്ടലോടെ രണ്ടടി വച്ചു പോയി. പാറി പറന്ന കൂന്തലിനുള്ളിലേക്ക് ഇടതു കൈകൊണ്ട് വിരൽ തിരുകി അവൾ പേനിനെ തിരഞ്ഞു കൊണ്ടു അവനേ നോക്കി.

അയ്യ്ഷ്…എന്തോന്ന് കോലമാണ് ഗൗരി. നിനക്ക് രാവിലെ ഒന്നു എഴുന്നേറ്റ ഉടനെ കുളിച്ചു കൂടെ..? അതൊക്കെ പോട്ടെ..ഈ അകത്തു നിന്നും പല്ല് തെപ്പെങ്കിലും നിറുത്തികൂടെ..? അവൻ വാ കോട്ടി കൊണ്ടു അറപ്പു കലർന്ന സ്വരത്തിൽ ചോദിച്ചു.

ത്ഫൂ…അവൾ വായിൽ നിറച്ചു വച്ച പത മുൻപോട്ടു നീട്ടിത്തുപ്പി. ശേഷം അവനേ നോക്കി ഒന്നു പല്ലിളിച്ചു.

അതേയ്..ഈ പറയുന്ന ആളുടെ വായ നാറ്റം സഹിച്ചിട്ടാണ് ഞാൻ ഇവിടെ നില്കുന്നത് അതറിയാമോ…ആദ്യം പോയി നിങ്ങൾ പല്ല് തേക്ക് എന്നിട്ട് എന്നെ കുളിപ്പിക്കാം…കേട്ടല്ലോ..? ഗൗരി യാതൊരു കൂസലുമില്ലാതെ അവനേ ഇരുത്തി ഒന്നാക്കികൊണ്ട് അകത്തേക്ക് നടന്നു.

അവളത് പറഞ്ഞതും അവനവന്റെ വലതു കയ്യിലേക്ക് കാറ്റൂതി ഒന്നു ശ്വസിച്ചു നോക്കി.

എന്റമ്മോ…അവൾ പറഞ്ഞത് എത്ര ശരിയാ..ഉഫ്..അപാരം…അവൻ തലകുലുക്കി സ്വയം പറഞ്ഞു. പെട്ടെന്നാണ് അവനു ബോധോദയം ഉണ്ടായത്.

അപ്പോ എന്റെ കണ്ണൻ ദേവൻ..?? നടന്നു നടന്നു അടുക്കള വാതിലിനു സമീപമെത്തിയ ഗൗരിയോട് അവൻ വിളിച്ചു ചോദിച്ചു.

ദേ.. മനുഷ്യ..എന്നെ കൊണ്ടു പറയിപ്പിക്കണ്ട..ഇന്നലെ ചായ പൊടി മേടിക്കാൻ പറഞ്ഞപ്പോ നിങ്ങളെന്തും വാങ്ങിയ വന്നത്…?

പിന്തിരിഞ്ഞു പോയ അവൾ സടകുടഞ്ഞു (പാറിപ്പറന്ന കാർക്കൂന്തൽ ഒന്നിളകി മറിഞ്ഞു ) ചോദിച്ചു. ഞാനോ..ഞാൻ..ആദി ഒന്നിരുത്തി ആലോചിച്ചു. ചായ പൊടി തന്നെ ആണല്ലോ..

തേങ്ങേടെ മൂഡ്..ചായപൊടിക്ക് പറഞ്ഞിട്ടു ഉറുമ്പ് പൊടിയും വാങ്ങി വന്നേക്കുന്നു, കലക്കി തരും ഞാൻ..ഹാ..ഞാനൊരു ജോളി ആകാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ടാ കലക്കാഞ്ഞത്..

ഏഹ്..ഉറുമ്പ് പൊടിയോ..അതെങ്ങിനെ..? ആദി അന്തംവിട്ടു. അതേ.. വേണമെങ്കിൽ കലക്കിതരാം വേണോ..?

അയ്യോ..പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവളാ..വേണ്ടായേ..എന്ന് പറഞ്ഞു കൊണ്ടവൻ അവളെ തൊഴുതു. അവളൊന്നും പറയാതെ അടുക്കളയിലേക്ക് തിരിച്ചു കയറി.

കുളിച്ചൊരുങ്ങി വന്നപ്പോൾ, പ്രാതലിനു നല്ല പാലൊഴിച്ച ചായ നിർബന്ധമുള്ള ഞാൻ, മേശപ്പുറത്ത് പുറം പൊളിയുന്ന നിലയിൽ ചൂട് വെള്ളം ഗൗരി അതിഭയങ്കരമായ ശബ്ദത്തിൽ കൊണ്ട് വച്ചു. കാരണം രാവിലെ ചായ കുടിച്ചാൽ മാത്രം വയറിളകുന്ന അവൾക് ഇന്നത്തേ അവസ്ഥ പറയണ്ടല്ലോ.

എന്തായാലും ചായ പൊടി ചോദിച്ചപോൾ ഉറുമ്പ് പൊടി തന്ന കള്ള കണാരനെ ഞാനിന്ന് ചെന്നു നാലു പറയും. നീയാ പൊടിയിങ്ങെടുക്ക് ഗൗരി..ശരിയാക്കികൊടുക്കാം..

ഒരു യുദ്ധത്തിന് പോകുന്ന ശൗര്യത്തോടെ ഞാനവളോട് ഉറുമ്പ് പൊടി പൊതിഞ്ഞു തരാൻ പറഞ്ഞപ്പോൾ…മുപ്പത് പല്ലും കടിച്ചമർത്തി (അത്രയേ വന്നിട്ടുള്ളൂ പ്രായം 22 ആയിട്ടുള്ളു..നാവു നൂറിന്റെയണെന്ന് മാത്രം ) അവൾ തിരിഞ്ഞു നോക്കാതെ അകത്തേക്ക് പോയി.

സാരമില്ല ബാത്‌റൂമിൽ പോകാൻ കഴിയാത്ത ഒരാളുടെ മനോവിഷമം നാമും മനസിലാക്കണം. ഞാൻ തന്നെ പോയി ഇന്നലെ കൊണ്ട് വന്ന പൊതിയഴിച്ച പൊതി കെട്ടി എടുത്തു ഓഫിസിലേക്ക് പോയി. വൈകിട്ട് വരുമ്പോൾ അയാളുടെ തലവഴി ഇട്ടു കൊടുക്കും ഞാൻ ഇത്.

വൈകിട്ട് ഒരാറാറര ആയപ്പോൾ ഞാൻ ഓഫിസിൽ നിന്നിറങ്ങി. നേരെ കണാരേട്ടന്റെ കടയിലേക്ക് തന്നെ ബൈക്ക് തിരിച്ചു. കടയുടെ മുൻപിൽ വിടുവായിത്തരം പറയുന്ന സഖാക്കളും രാഷ്ട്രീയക്കാരും പുകയും വിട്ടു കഥയും പറഞ്ഞിരിക്കുന്നു.

പോക്കറ്റിലെ പൊതി എടുത്തു ഞാൻ നേരെ നടന്നു ചെന്നു. ആ ആദിസാറേ..ഉറുമ്പൊക്കെ പോയോ..??വഴക്കു പറയാൻ നേരെ ചെന്ന എന്നെ നോക്കികൊണ്ട് കണാരേട്ടൻ മുറുക്കിചുവപ്പിച്ചു കൊണ്ടു അത് ചോദിച്ചതും ഞാൻ ആകെ സ്തംഭിച്ചു പോയി.

ഏഹ്..അപ്പോ ഇയാൾ ഉറുമ്പ് പൊടി തന്നെ ആണ് തന്നത്..പക്ഷെ ഞാൻ ചായപ്പൊടി ആണ് ചോദിച്ചത് എന്നെനിക്കുറപ്പാണ്. അതെങ്ങനെ ഉറുമ്പ് പൊടി ആയി..? അവൻ കൂലംകുഷമായി ചിന്തിച്ചു. സാറേ…ചിന്തിച്ചു നിൽക്കുന്ന എന്നെ അയാൾ ഒന്നുകൂടെ വിളിച്ചു.

അല്ല കണാരേട്ട..ഞാൻ ഇന്നലെ ചായ പൊടി അല്ലെ ചോദിച്ചേ..എനിക്കെന്നിട്ടെന്തിനാ ഉറുമ്പ് പൊടി തന്നത്.? എന്ന് സാവധാനം ചോദിക്കാന് തുനിഞ്ഞതും..പെട്ടെന്ന്. ചേട്ടാ…കുറച്ചു ചായ് പൊടി…ഒരു കൊച്ചെറുക്കൻ ഓടി വന്നു അയാളോട് ചോദിച്ചു.

ആഹാ നിന്റെ വീട്ടിലും ഉറുമ്പ് കയറിയോടാ..കണാരൻ കുശലം പറഞ്ഞു കൊണ്ടു അവനു ഉറുമ്പ് പൊടി പൊതിഞ്ഞു കൊടുത്തു. ഏഹ്.. ഇതെന്തൊരു വിരോധാഭാസം ചായ പൊടി ചോദിക്കുമ്പോൾ ഉറുമ്പ് പൊടി കൊടുക്കുന്നു..ഇതെന്താ ഇങ്ങനെ..?

ഞാനാകെ വല്ലാത്തൊരവസ്ഥയിൽ. ആലോചിച്ചിരുന്നിട്ടു കാര്യമില്ല ചോദിക്കുക തന്നെ. അല്ല കണാരേട്ട..ഈ ചായ പൊടിയും ഉറുമ്പ് പൊടിയും തമ്മിൽ വല്ല ബന്ധവുമുണ്ടോ..? എന്റെ സ്വകാര്യ ചോദ്യത്തിൽ കണാരേട്ടൻ അന്തം വിട്ടു..

അതെന്താ കുഞ്ഞേ അങ്ങനെ ചോദിച്ചേ..? അല്ലാ ഞാൻ ചായപ്പൊടി ചോദിച്ചപ്പോഴും അവൻ ചോദിച്ചപ്പോഴും ചേട്ടൻ ഉറുമ്പ് പൊടി ആണ് കൊടുത്തത്.. അതെന്താ അങ്ങനെ..

ഹഹ..ഹ..ഹ..എന്റെ കുഞ്ഞേ…കുഞ്ഞിന്റെ ഒരു കാര്യം..കാര്യഗൗരവത്തോടെ ഞാനൊരു കാര്യം ചോദിച്ചപോൾ ചേട്ടൻ അതു നിസാരമാക്കികൊണ്ട് ചിരിച്ചു തള്ളി. എനിക്ക് ദേഷ്യം വന്നു എന്ന് മുഖഭാവത്തിൽ നിന്നു മനസിലാക്കിയതു കൊണ്ടാകാം അയാൾ എന്റെ അടുത്തേക്ക് ചേർന്നു വന്നു സ്വകാര്യത്തിൽ പറയാൻ തുടങ്ങിയത്..

കുഞ്ഞേ…ഉറുമ്പ് പൊടിക്ക് ചായ് പൊടി എന്നാണ് ഇവിടെ പറയാറ്..അതുകൊണ്ട് കുഞ്ഞിന്നലെ പെട്ടെന്ന് ചായ പൊടി ചോദിച്ചപോൾ കേട്ട എനിക്ക് തെറ്റിയതാണ്..കുഞ്ഞതിങ്ങു തന്നേരെ..ഞാൻ പകരം ചായ പൊടി എടുക്കാം..അയാളത് പറഞ്ഞപ്പോൾ അതെനിക് പുതിയൊരു അറിവായിരുന്നു…

എന്റെ കയ്യിൽ നിന്നും പൊതി വാങ്ങി അയാൾ ചായ പൊടി പൊതിയാൻ തുടങ്ങിയതും..കണാരേട്ട..ഇനി മുതൽ കാപ്പി പൊടി മതി..അയാളൊന്നു കൂടെ ഉറക്കെ ചിരിച് എനിക്ക് കാപ്പിപ്പൊടി പൊതിഞ്ഞു തന്നു.

പിറ്റേന്ന് പ്രഭാതം. പതിവുപോലെ പത്രം നിവർത്തികൊണ്ട് ആദി ചായ..ചായേയ്….വിളിച്ചു പറഞ്ഞുകൊണ്ട് ആവി പറക്കുന്ന ചായയും സ്ത്രീത്വവും സ്വപ്നം കാണാതെ (വെറുതെ കണ്ടിട്ടെന്താ ഒക്കെ പതയാനല്ലേ ) വലിയ വാർത്തകൾ വായിച്ചു കൊണ്ടിരിക്കവേ…

നല്ല കട്ടൻ കാപ്പിയുടെ ചൂടാവിയുടെ മാസ്മരിക ഗന്ധം നാസികയിലേക്ക്… മനം മയങ്ങി കൊണ്ടവൻ കണ്ണടച്ചു പോയി…പക്ഷെ…ഇന്നലെ കണ്ട സ്വപ്നം വ്യര്ഥമായത് ഒരു കൊടുങ്കാറ്റു പോലെ ഓർത്തു കൊണ്ടവൻ കണ്ണു തുറന്നു.

കാപ്പി…നേർത്ത സ്വരത്തിൽ അവളുടെ ശബ്ദം കേട്ടതും അവൻ യാദൃശ്ചികമായി തലചെരിച്ചു…ദേ നില്കുന്നു…കുളിച്ചീറനാലേ മുടിയൊതുക്കി ആവി പറക്കുന്ന ചില്ലു ഗ്ലാസുമായി നാണത്തോടെ തലകുനിച്ചു കൊണ്ടു എന്റെ ഗൗരി.

പത്രക്കെട്ടു താഴേക്കിട്ടു കൊണ്ടു അവൻ ആശ്ചര്യത്തോടെ അവളെ കളം വരയ്ക്കുന്ന പാദം മുതൽക് നെറ്റിയിൽ പടർത്തിയ സിന്ദൂരം വരെ എന്റെ മിഴികൾ കൊണ്ടുഴിഞ്ഞു…അറിയാതെ ഉയർന്നു വന്ന അവന്റെ കരവലയത്തിൽ അവളുടെ ഉയർന്നു പൊങ്ങുന്ന ശ്വാസ നിശ്വാസങ്ങൾ അവനേ ആവേശഭരിതനാക്കി.

ചില്ലു കപ്പ് ഒരു കൈകൊണ്ട് വാങ്ങി മേശപ്പുറത്തു വച്ചുകൊണ്ട് പൂമുഖം ആണെന്നോർക്കാതെ അവളുടെ മജന്ത നിറത്തിലുള്ള അധരങ്ങളെ സ്വന്തമാക്കാൻ അവളുടെ അരികിലേക്ക് ചേർന്നു.

പുലരിയുടെ തണുപ്പിലും വിയർത്തു വന്ന അവളുടെ നാസിക തുമ്പിലേക്ക് അവന്റെ താടി രോമങ്ങൾ ഉരസി അധരങ്ങളിലേക്ക് അവന്റെ ചുംബനം നൽകാൻ തുനിഞ്ഞതും…മൂക്ക് പൊത്തികൊണ്ട് അവളവനെ പിറകിലേക്ക് തള്ളി.

ഞാൻ മാറി…നിങ്ങളിപ്പോഴും പഴയ പോലെ തന്നെ…പല്ല് തേച്ചിട്ടു മതി ഉമ്മ…ഹോ എന്റെ പൊന്നെ…ഒരു കാപ്പി ഇത്രയും മാറ്റങ്ങൾ കൊണ്ട് വരുമെന്ന് അറിഞ്ഞിരുന്നേൽ ഞാനിന്നലെ കിടക്കുമ്പോഴേ പല്ല് തേച്ചു കിടന്നേനെ…നഷ്ടബോധത്തോടെ ആദി നിരാശ ഭാവം നടിച്ചതും…ഒരു പൊട്ടിച്ചിരിയോടെ അവൾ അവന്റെ ചുണ്ട് പൊത്തി പിടിച്ചു, എന്നിട്ട് അവളുടെ കൈക്കു പുറത്ത് ചുംബിച്ചു.

തത്കാലം, പല്ല് തേക്കുന്ന വരെ ഈ മറക്കിപ്പുറം ചുംബനം കൈമാറാം…വന്നിട്ട് മറ മാറ്റം..ട്ടൊ.. നിരാശാകാമുകാ…എന്ന് പറഞ്ഞുകൊണ്ടവൾ അവന്റെ മൂക്കിന് പിച്ചികൊണ്ട് അകത്തേക്ക് ഓടി മറഞ്ഞു. തേച്ചിട്ട്…മാറ്റാൻ പോകുന്ന മറ ഏതാണെന്നു ഞാൻ കാണിച്ചു തരാമെടി കാന്താരീ…അവൾക്കു പിറകെ തന്നെ ആവേശത്തോടെ അവനും ഓടി മറഞ്ഞു…

അങ്ങിനെയൊരു കട്ടൻകാപ്പി (കുടിച്ചില്ലെങ്കിലും ) ഞങ്ങളുടെ മോർണിംഗ് അങ്ങു ഉഷാറാക്കി…എന്നും രാവിലെ ചായ കുടിക്കണ നിങ്ങളും ഒന്നു ചേഞ്ച്‌ ആക്കി നോക്കു ട്ടൊ…അഥവാ..ബിരിയാണി കൊടുത്താലോ

(കല്യാണം കഴിക്കാത്തവർ എന്നെ തിരയേണ്ട…സ്വപ്നം കണ്ടോളു )

You may also like

Leave a Comment